Slider

ദി മൊയന്ത്

0
Image may contain: 1 person
*************
(കഥ വായിച്ച് അർത്ഥം മനസ്സിലാക്കാവുന്നതാണ്)
ഇത് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്നൊരു കഥയാണ് ... കൃത്യമായി പറഞ്ഞാൽ ആറേഴ് മാസം തലസ്ഥാന നഗരിയിലെ ഓഫീസിൽ ജോലി ചെയ്ത ഞാൻ, പുതുതായി ആരംഭിച്ച കൊല്ലം യൂണിറ്റിലേക്ക് സ്ഥലം മാറി എത്തിയ കാലത്ത് നടന്നൊരു കഥ...! യൂണിറ്റ് പുതുതായ് ആരംഭിച്ചത് കൊണ്ട് അങ്ങ് പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള ആളുകൾ അവിടെ അന്നുണ്ടായിരുന്നു... അത് കൊണ്ട് തന്നെ... ഭാഷാ പ്രശ്നം അതീവ ഗുരുതരമാണ് താനും...! ചില ഭക്ഷണ സാധനങ്ങൾക്കൊക്കെ തെക്കുളളവർ പറയുന്ന പേര് കേട്ടാൽ വടക്കന്മാർ '' നിന്ന നിൽപിൽ ചൂളി വെടക്കാകും"... തിരിച്ചുള്ള സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല!.
അങ്ങനെ ഞങ്ങൾ കൊണ്ടും കൊടുത്തുമൊക്കെ മുന്നേറുമ്പോൾ... ഒരു ദിവസം കണ്ണൂരുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞു ... "ഡാ ഒരു "മൊയന്ത്" ആടന്ന് ഇങ്ങോട്ടേക്ക് വരുന്നുണ്ട്... നിന്റെ റൂമിൽ താമസിക്കാൻ ഓന് സ്ഥലം കൊടുക്കണം."
അവൻ "ആടന്ന് " പറഞ്ഞത് ... ജമുനാ പ്യാരിയോ, മലബാറിയോ ഒന്നും അല്ലെന്നും... അവിടെ നിന്നും ഇങ്ങോട്ടേക്ക് വരും എന്നുള്ളത് കണ്ണൂർ ഭാഷയിൽ പറഞ്ഞതാണെന്നും, എനിക്ക് മനസ്സിലായി. പക്ഷെ ഈ "മൊയന്ത്... " അതെന്താണ് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല!.
ഞാൻ അവനോട് തന്നെ ചോദിച്ചു.. " ചങ്ങാതി ഈ മൊയന്തെന്ന് പറഞ്ഞാൽ എന്താ...?" എന്റെ അജ്ഞത മനസ്സിലാക്കിയ അവൻ... തന്റെ ശബ്ദത്തിൽ അതീവ ജാഗ്രത കലർത്തി എന്നോട് പറഞ്ഞു.
" ഈ മൊയന്ത് ഒരു സംഭവമാണ് മോനേ... അന്നേക്കാളും പൊക്കവും, വണ്ണവും ഒക്കെ ഉള്ള ഒരു ഭീകരൻ... ഇയ്യ് സൂക്ഷിച്ചോ..?"
ഇതു കേട്ടതും ഞാൻ ഒന്ന് വിരണ്ടു.. അല്ലെങ്കിലും കണ്ണൂര് കാർ എന്ന് പറയുമ്പോൾ വിറക് കീറാൻ വരെ "ബോംബ്" പൊട്ടിക്കുന്ന ആൾക്കാരായാണ് പൊതുവെ വയ്പ്...! ഇതിപ്പം ഒരു ഭീകരനും...ആ മൊയന്തിനെയാണ് ഞാൻ കൂടെ താമസിപ്പിക്കേണ്ടത് ... അന്ന് രാത്രി ഉറക്കത്തിൽ ബോംബ് പൊട്ടുന്നത് സ്വപ്നം കണ്ട ഞാൻ മീശമാധവനിലെ ദിലീപിനെ പോലെ കിതച്ച് കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നിട്ട് ഇങ്ങനെ പറഞ്ഞു "പൊട്ടിക്കരുത് മൊയന്തേ.. പ്ലീസ് ... പൊട്ടിക്കരുത് …! ഞാൻ പാവമാണ്... മാഫിയത്രി, മാഫിയത്രി ... " എന്നിട്ട് കട്ടിലിൽ നിന്നും ഉരുണ്ട് നിലത്തേക്ക് വീണ് അവിടെത്തന്നെ കിടന്നുറങ്ങി.
പിറ്റേ ദിവസം ആകെ ചിന്താവിവശനായി ഓഫീസിൽ ചെന്ന എന്റെ മുന്നിലേക്ക് ... പത്ത് മണിയോടടുപ്പിച്ച് കഥാനായകൻ ആഗതനായി...!. ആറടിയിലേറെ പൊക്കം ... ഒത്ത വണ്ണം ... നല്ല ബ്ലാക്ക് ഓഫ് സൈഡ് നിറം ... പറ്റെ വെട്ടിയ മുടി... ആകെ ഒരു ഭീകരരൂപം ...! ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ തനി 'കാലകേയൻ' പക്ഷെ എന്തോ ഒരു ചെറിയ വശപ്പിശക് ആളെ കണ്ടപ്പോൾ തന്നെ എനിക്ക് അനുഭവപ്പെട്ടു...!
ടിയാനെ കണ്ട കാഴ്ചയിൽ ശ്വാസം വിറങ്ങലിച്ച് നിന്ന് പോയ... എന്നെ ചൂണ്ടിക്കാട്ടിയിട്ട്, കണ്ണൂര്കാരൻ സുഹൃത്ത് അയാളോട് എന്തോ പറഞ്ഞു... അത് കേട്ടതും കാലുകൾ ഒരു പ്രത്യേക താളത്തിൽ മുന്നോട്ട് വെച്ച്... കനത്ത പദചലനത്തോടെ കക്ഷി എന്റെ അടുക്കലേക്ക് നടന്നടുത്തു ... എന്നിട്ട് ദയനീയമായ മുഖ ഭാവത്തോടെ...തന്റെ രൂപത്തിന് ഒട്ടും ചേരാത്ത...അതിലോലമായ കിളിനാദത്തിൽ എന്നോട് ഇങ്ങനെ ചോദിച്ചു "ചങ്ങായി ഈ മൂത്രം പുര എവിടാ...? "... ആ ഭീമാകാര ശരീരത്തിൽ നിന്നും പുറപ്പെട്ട ഈ കിളി ശബ്ദം കേട്ട് എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സകല കിളീം കൂട് വിട്ട് ചിറകടിച്ച് പറന്ന് പൊങ്ങി...! അത് വരെ അമർത്തിപ്പിടിച്ച ഭയാശങ്കൾ ഒരു പൊട്ടിച്ചിരിയായ് പുറത്ത് വന്നെങ്കിലും ഞാനതിനെ ചവച്ചരച്ചു വിഴുങ്ങി വയറ്റിലാക്കി.
അന്ന് രാത്രി മുതൽ എന്റെ സഹമുറിയനായ് മാറിയ ആ ശുദ്ധാത്മാവ് ...അന്നത്തെ ഉറക്കത്തിൽ കണ്ട സ്വപ്നത്തിലാവണം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു... "ഇങ്ങള് ഒട്ടും ബേജാറാകാണ്ട... ഇങ്ങള് പറഞ്ഞ പോലല്ല കാര്യങ്ങൾ ... ചങ്ങായി മാരൊക്കെ നല്ല സഹായികളാ!”. പിന്നീട് മൂന്ന് വർഷത്തേക്ക് എന്നോടൊപ്പം ഉണ്ടായിരുന്ന ടിയാൻ...ടിപ്പർ ലോറി കയറ്റം കയറും പോലെ കൂർക്കം വലിച്ച് പതിവായ് എന്റെ ഉറക്കം കെടുത്തുകയും ... ''മൊയന്ത്" എന്ന വാക്കിന്റെ നിർവ്വചനം എന്നെ പഠിപ്പിച്ച് ആ കാലമത്രയും എന്റെ ജീവിതത്തിൽ ചിരി വിതറുകയും ചെയ്തു!.
അങ്ങനെ ഇരിക്കെ ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കി. എല്ലാവർക്കും എ.ടി.എം കാർഡും വിതരണം ചെയ്തു... കാർഡിന്റെ ഉപയോഗത്തെക്കുറിച്ച് പഠിപ്പിക്കാനായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ ... ഇംഗ്ലീഷിൽ "We can communicate with this machine very easily" ...എന്ന് വിശദീകരണത്തിനിടെ പറഞ്ഞത്, നമ്മുടെ കക്ഷിക്ക് ശരിക്കും അങ്ങോട് മനസ്സിലായില്ല...! ടിയാൻ സംശയ നിവാരണത്തിനായി പോയി കണ്ടത് നമ്മുടെ പഴയ കണ്ണൂർക്കാരൻ സുഹൃത്തിനെയാണ് ... ഈ പാവത്തിനെ പറ്റിക്കാനായി അന്ന് അവൻ... കമ്മ്യൂണിക്കേഷൻ എന്ന് പറഞ്ഞാൽ സംസാരിക്കുക എന്നാണെന്നും, പൈസാ എടുക്കാനായ്, ആവശ്യം വരുമ്പോൾ കാർഡ് മെഷീനിൽ ഇട്ടശേഷം... വേണ്ട തുക മെഷീനോട് പറഞ്ഞാൽ പൈസാ കിട്ടുമെന്നുമാണ് അയാൾ പറഞ്ഞതെന്നും അവനെ ധരിപ്പിച്ചു.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞ്... ഒരുച്ച നേരം, വെയിലത്ത് നടന്ന് തളർന്ന നമ്മുടെ കക്ഷി വിയർത്ത് കുളിച്ച് എന്റെ അരികിലെത്തി... എന്നിട്ട് എന്നോട് പറഞ്ഞു ... "രക്ഷ ഇല്ല മോനേ... രക്ഷ ഇല്ല ആകെ ചൊറയായി!... എന്റെ ഒച്ച ആ പണ്ടാരത്തിന് മനസ്സിലാകുന്നില്ല ...! നീ ഒന്ന് സഹായിക്കണം... നീ എന്റെ കൂടെ ആ എ.ടി.എം വരെ ഒന്ന് വരണം... എന്നിട്ട്... നല്ല ബാസില് " മൂവായിരം വേണം" എന്നൊന്ന് ആ പണ്ടാരത്തിനോട് പറയണം.
തന്റെയാ... കിളിനാദത്തിൽ മൂവായിരം, മൂവായിരം എന്ന് പലവുരു പറഞ്ഞ് തളർന്ന ആ ചങ്ങാതിയുടെ മുഖത്തേക്ക് ദൈന്യതയോടെ നോക്കിയ ഞാൻ... മനസ്സിലിങ്ങനെ പറഞ്ഞു... എന്നാലും എന്റെ മൊയന്തേ...?!.
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo