നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 9


"നീ എന്താ പറഞ്ഞെ??"ദേവി പറഞ്ഞത് കേട്ട് വിശ്വാസം വരാതെ എബി ചോദിച്ചു.
"എന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?"ദേവി തിരിച്ച് ചോദിച്ചു.
"നിങ്ങൾ ആവശ്യപ്പെട്ടത് പോലെ സത്യങ്ങൾ എല്ലാം ഞാൻ തുറന്ന് പറയാം.പക്ഷെ അതിന് മുൻപ് നിങ്ങൾ എന്റെ മുൻപിൽ വെച്ച് തന്നെ ഈ അലക്സിനെ കൊല്ലണം.പറ്റുമോ?"ദേവി ചോദിച്ചു.എബി അവളെ സൂക്ഷിച്ച് നോക്കി.
"പറ്റില്ല അല്ലെ?അല്ലെങ്കിലും എന്നെ ഇവിടെ കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്യാൻ നിങ്ങളെ ഏർപ്പാടാക്കിയ ആളെ ഇല്ലാതാക്കാൻ   ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് അനുസരിക്കാൻ പറ്റില്ലല്ലോ അല്ലെ.."ദേവി പറഞ്ഞത് കേട്ട് എബി സ്തബ്ധനായി!
"എങ്ങനെ മനസ്സിലായി എന്നായിരിക്കും.എന്റെ കൂടെ ആ മുറിയിൽ ഉണ്ടായിരുന്നപ്പോ അലക്സിന്റെ വലത് കൈയിൽ കെട്ടിയിരുന്ന ആന വലുപ്പത്തിൽ ഉള്ള ബാൻഡേജ് ഇപ്പൊ എങ്ങനെയാ ഇടത് കൈയിൽ വന്നതെന്ന് നിങ്ങളിൽ ആരെങ്കിലും പറഞ്ഞ് തന്നാൽ നല്ലതായിരുന്നു.
"അലക്സ് ഇങ്ങ് എഴുന്നേറ്റ് പോരെ..ഇനി വെറുതെ അവിടെ നിലത്ത് കിടക്കണ്ട.."ദേവി അലക്സിനെ നോക്കി പുച്ഛത്തോടെ വിളിച്ച്  പറഞ്ഞു.
എബി അലക്സിനെ നോക്കി.
അലക്സ് പെട്ടെന്ന് തിരിഞ്ഞ് കിടന്നു.എബിയെ നോക്കി തന്റെ കൈയിലെയും കാലിലെയും  കെട്ടുകൾ അഴിക്കാൻ ആംഗ്യം കാട്ടി!
എബി ഓടി ചെന്ന് അവന്റെ കൈയിലെ കെട്ടുകൾ അഴിച്ച് കൊടുത്തു.എഴുന്നേറ്റ് നിന്നതും അലക്സ് നേരെ ദേവിയുടെ അടുത്തേക്ക് പാഞ്ഞു!
"അലക്സ് വേണ്ട!"എബി അവനെ തടഞ്ഞു.
"വിട് എബിച്ചാ..ഇവളെ ഇന്ന് ഞാൻ ശരിയാക്കും!"അലക്സ് ദേഷ്യം കൊണ്ട് വിറച്ചു.അലക്സിന്റെ അതുവരെ കാണാത്ത ഒരു മുഖമായിരുന്നു അത് !
"അലക്സിനെ വിട്ടേരെ എബിച്ചാ.നിങ്ങളെ അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല.പക്ഷെ വയസ്സിൽ ഒരുപാട് മൂത്തവരെ   പേര് എടുത്ത്  ഞാൻ വിളിച്ചിട്ടില്ല."ദേവി എബിയെ നോക്കി പറഞ്ഞു.എബി അവളെ ദേഷ്യത്തോടെ നോക്കി.
"കൊല്ലാനല്ല അലക്സീ ഇവളെ നമ്മളിങ്ങോട്ട് കൊണ്ടുവന്നത്.നിനക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ അതാവാം.അല്ലാതെ ദേഹോദ്രപം വേണ്ട!"എബി പറഞ്ഞതുകേട്ട് അലക്സ് ഒന്നടങ്ങി.
അവളുടെ മുൻപിലുള്ള കസേരയിൽ അലക്സ് അവൾക്കഭിമുഖമായി ചെന്നിരുന്നു.
"എന്നാലും നിങ്ങളുടെ അഭിനയം ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു അലക്സ്! ഈ മുറിയിൽ എത്തി നിങ്ങളെ കാണുന്ന ഈ നിമിഷം വരെ എനിക്ക് മനസ്സിലായില്ല നിങ്ങൾ ഇത്ര നല്ലൊരു അഭിനേതാവായിരുന്നു എന്ന്." ദേവി അവനെ പുച്ഛത്തോടെ നോക്കി.
"നിങ്ങൾ ഒരു മനുഷ്യനാണോ?ഞാൻ ഇട്ടിരിക്കുന്ന ഈ വേഷം കണ്ടോ?നിങ്ങൾ എന്നെ ഇവിടെ പിടിച്ചുകൊണ്ട് വന്ന അന്ന്  തൊട്ട് ഞാൻ ഈ വേഷം മാറിയിട്ടില്ല.ഒരു മുറിക്കുള്ളിൽ ഞാൻ ഈ ലോകത്ത് ഏറ്റവും ഭയക്കുന്ന ഒരു ജീവിയുടെ കൂടെ നിങ്ങൾ എന്നെ പൂട്ടിയിട്ടു. കഴിഞ്ഞ എത്രയോ ദിവസങ്ങളായി ഞാൻ പല്ല് തേച്ചിട്ടില്ല.കുളിച്ചിട്ടില്ല.നേരാംവണ്ണം ആഹാരം കഴിച്ചിട്ടില്ല.ഇത് ഏത് മാസമാണെന്നോ ഏത് ദിവസമാണെന്നോ സമയം  എന്താണെന്നോ എന്നെനിക്ക് ഒരു ബോധവുമില്ല..എന്നിട്ടും ഞാൻ മാനസികമായി തളരുന്നില്ല എന്ന് കണ്ടപ്പോൾ നിങ്ങൾ സ്വയം കോർട്ടിലേക്ക് ഇറങ്ങി.നിങ്ങളോടുള്ള  എന്റെ ഇഷ്ടം രാഖി പറഞ്ഞ് നിങ്ങൾ അറിഞ്ഞിരുന്നു.അത് മുതലെടുത്ത് എന്നിൽ നിന്നും സത്യങ്ങൾ മനസിലാക്കാമെന്ന് നിങ്ങൾ വ്യാമോഹിച്ചു.അതേപോലെ പാമ്പുകളോടുള്ള എന്റെ ഭയവും  രാഖി പറഞ്ഞ് നിങ്ങൾക്ക് അറിയാമായിരുന്നു.വേറേതൊരാൾ ആയിരുന്നുവെങ്കിലും ഈ ഒരവസ്ഥയിൽ മാനസികമായി തളർന്ന് ഭ്രാന്ത് പിടിച്ചേനേം.പക്ഷെ ഞാൻ പിടിച്ച് നിന്നു.എനിക്ക് പിടിച്ച് നിന്നേ പറ്റു!അത് ജീവിക്കാനുള്ള കൊതികൊണ്ടല്ല.നിങ്ങൾ അന്ന് പറഞ്ഞതുപോലെ രാഖി മരിച്ചതിൽ പിന്നെ നിങ്ങളുടെ ജീവിതം  മാത്രമല്ല ഇരുട്ടിലായത്.എന്റെയും കൂടി ആണ്.അവൾ എന്റെ ആരായിരുന്നുവെന്ന് നിങ്ങൾക്കറിയില്ല.നിങ്ങൾ എന്നോട് നേരിട്ട്  വന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ ഒരു പക്ഷെ എല്ലാം തുറന്ന് പറഞ്ഞേനേം.പക്ഷെ സത്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ കളിച്ച വൃത്തികെട്ട നാടകം! അത് കുറച്ച് കൂടിപ്പോയി!"ദേവി കിതപ്പോടെ  പറഞ്ഞ് നിർത്തി.
"ഒരു നിമിഷത്തെ അശ്രദ്ധ! അല്ലായിരുന്നുവെങ്കിൽ നീ ഇപ്പൊ തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞേനേം!"അലക്സ് അവളെ നോക്കി പല്ല് കടിച്ചു.
"സത്യമാണ്.എന്റെ മൗനം നിങ്ങളുടെ ജീവന് ഭീഷണി ആണെന്ന് കണ്ടപ്പോൾ എന്റെ നിസ്സഹായാവസ്ഥ മറന്ന് ഒരുപക്ഷെ ഞാൻ എല്ലാം പറഞ്ഞേനേം അലക്സ്.കാരണം എനിക്ക് നിങ്ങളെ ജീവനാണ്.എന്റെ രാഖിക്ക് വേണ്ടിയാണ് എനിക്ക് നിങ്ങളോടുള്ള ഇഷ്ടം ഞാൻ  കുഴിച്ച് മൂടിയത്.പക്ഷെ നിങ്ങൾ അത് മുതലെടുത്തു."ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
"ഇഷ്ടം! ആ വാക്കിന്റെ അർത്ഥം  അറിയുമോടി നിനക്ക്?അങ്ങനെ എങ്കിൽ എന്റെ രാഖി ഇന്നും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവുമായിരുന്നു.മറ്റെന്തിനേക്കാളും അവൾ നിന്നെ സ്നേഹിച്ചിരുന്നു.എന്നിട്ടും നീ അവൾക്ക് നൽകിയതോ? മരണം! " അലക്സ് ദേഷ്യത്തോടെ പറഞ്ഞു.എബി അവന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
"സത്യങ്ങൾ അറിയില്ലെങ്കിൽ ചോദിക്കണം.അല്ലാതെ ഇല്ലാക്കഥ മെനഞ്ഞെടുക്കുകയല്ല വേണ്ടത്!"ദേവി ദേഷ്യത്തോടെ  പറഞ്ഞു.
"ആണോ എങ്കിൽ  പറയണം എന്റെ രാഖിക്കെന്താ സംഭവിച്ചത്?"അലക്സ് ദേവിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് രണ്ടുപേർ അകത്തേക്ക് വന്നു.
അവരെ കണ്ട് ദേവി ഞെട്ടി! അവളുടെ ദേഹം മുഴുവൻ ഒരു വിറയൽ പടർന്നു!
ശിവയും റോബിനും ആയിരുന്നു അത്.
"ഇവരെ നീ മറന്ന് കാണാൻ വഴിയില്ലല്ലോ!"അലക്സ് പറഞ്ഞു.
"എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ ആവട്ടെ നിന്റെ കുമ്പസാരം."അലക്സ് പറഞ്ഞു.ദേവി കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാനാവാതെ ഇരുന്നു.
"തെറ്റ് ചെയ്തവർ അല്ലെ അലക്സ് കുമ്പസ്സരിക്കേണ്ടത്.ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.അതുകൊണ്ട് എനിക്കൊന്നും കുമ്പസ്സരിക്കാനില്ല."ദേവി അലക്സിനോട് പറഞ്ഞു.
"അപ്പൊ നിനക്ക് ഒന്നും തുറന്ന് പറയാൻ ഉദ്ദേശം ഇല്ല അല്ലെ.എബിച്ചാ ഇവളെ തിരികെ ആ മുറിയിൽ തന്നെ കൊണ്ടിട്ടെക്ക്.അവിടെ ഗ്ലാസ് ടാങ്കിൽ ഇവൾക്ക് കൂട്ടിന് ആളുമുണ്ടല്ലോ.സത്യം തുറന്ന് പറയുന്നത് വരെ ഇവൾക്ക് പച്ച വെള്ളം കൊടുത്തുപോവരുത്!"അലക്സ് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.
"മോനെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?"എബി ചോദിച്ചു.ശിവയും റോബിനും പരസ്പരം നോക്കി.
"എനിക്ക് ഒന്നും ആലോചിക്കാനില്ല.ഇവളിനി  പുറംലോകം കാണില്ല!"അലക്സ് ദേഷ്യത്തോടെ ദേവിയെ നോക്കി.
ദേവി ഒന്നും മിണ്ടാതെ തല താഴ്ത്തി. എബി അവളുടെ കണ്ണുകൾ കെട്ടി.അവൾ ഒന്നും മിണ്ടാതെ അയാളുടെ  കൂടെ ചെന്നു .തിരികെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു.
"നീ ഇതെന്ത് ഭാവിച്ചാ?എത്ര ദിവസമായി അവളെ ഇവിടെ കൊണ്ടുവന്നിട്ട്?അതിന്റെ കോലം നീ കണ്ടോ?നീ അതിനെ ഉപദ്രവിച്ചോ?"റോബിൻ ദേഷ്യപ്പെട്ടു.
" എന്റെ അവസ്ഥ  നീ കാണുന്നുണ്ടോ ?എന്റെ രാഖി പോയതിൽ പിന്നെ ഞാൻ ചത്ത് ജീവിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ?രാഖി സൂയിസൈഡ് ചെയ്ത അന്ന് മുങ്ങിയതാ  ഇവൾ.ഒരുപാട് നാളത്തെ   അന്വേഷണത്തിനൊടുവിലാ   ഇപ്പൊ ഇവളെ കണ്ടെത്തിയത്.ഇവളെ ഞാൻ വിടില്ല! എത്ര കഷ്ടപ്പെട്ടാണെങ്കിലും ഇവളെ കൊണ്ട് ഞാൻ സത്യം  പറയിപ്പിക്കും. എന്റെ രാഖിക്ക് എന്താ സംഭവിച്ചതെന്ന് എനിക്കറിഞ്ഞേ പറ്റു!"അലക്സിന്റെ മുഖം വലിഞ്ഞു മുറുകി.
റോബിനും ശിവയും ഒന്നും മിണ്ടിയില്ല.
"ഞാൻ ഇവിടെ  ഉണ്ടെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു?"അലക്സ് ചോദിച്ചു.
"എബിച്ചനെ നിന്റെ കൂടെ ഈ പരിസരത്ത് കണ്ടുവെന്ന് നമ്മുടെ സണ്ണി റോബിയോട് പറഞ്ഞു."ശിവ പറഞ്ഞു.
"ഞാൻ എബിച്ചനെ വിളിച്ചു.പുള്ളിയുടെ സംസാരം കേട്ടപ്പഴേ എന്തോ പന്തികേടുണ്ടെന്ന് തോന്നി.കൂടുതൽ ചോദിച്ചപ്പൊ  പുള്ളി എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ നേരെ ഇങ്ങ് വിട്ടു."റോബിൻ പറഞ്ഞു.
"പപ്പയും മമ്മിയും ഒന്നുമറിയരുത്."അലക്സ് പറഞ്ഞു.റോബിനും ശിവയും തലയാട്ടി.
ദേവി മുറിയിൽ കരഞ്ഞ് തളർന്ന്  ഇരിക്കുകയായിരുന്നു..
അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾക്കെങ്ങോട്ടെങ്കിലും ഓടി ഒളിക്കണമെന്ന്   തോന്നി.ഇനി ഇവിടുന്ന് ഒരു രക്ഷപെടൽ ഇല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു...
"നീ  മമ്മിയെ ഒന്ന് വിളിക്ക്.ആ പാവം അവിടെ പേടിച്ച് വിറച്ചിരിക്കുവാ നിനക്കെന്തൊ പറ്റിയെന്നോർത്ത്."റോബിൻ പറഞ്ഞു.
"ഞാൻ വിളിക്കാം."അലക്സ്  പറഞ്ഞു.അലക്സ് ഫോണുമായി വെളിയിലേക്ക് ഇറങ്ങി.
"മമ്മി.."അലക്സിന്റെ ശബ്ദം കേട്ടതും ലിസമ്മ സന്തോഷം കൊണ്ട് കരഞ്ഞു.
"എന്റെ മക്കളെ..നീ എന്താടാ ഇത്ര ദിവസമായിട്ടും വിളിക്കാതിരുന്നേ..അങ്ങോട്ട് വിളിച്ചിട്ടാണെങ്കി നിന്റെ ഫോൺ എടുക്കുന്നുമില്ല."ലിസമ്മ സങ്കടം പറഞ്ഞു..
"അത് ഇവിടെ റേഞ്ച് ഇല്ല മമ്മി.."അലക്സ് കള്ളം പറഞ്ഞു.
"ആഹ് റോബി പറഞ്ഞായിരുന്നു മക്കളെ..അവൻ പറഞ്ഞായിരുന്നു എന്നെ വിളിക്കാൻ നിന്നോട് പറയാമെന്ന് ."ലിസമ്മ പറഞ്ഞു.റോബിൻ താൻ  വിളിച്ചുവെന്ന് മമ്മിയോട് കള്ളം പറഞ്ഞിരുന്നു  എന്ന് അലക്സിന് മനസ്സിലായി.
"എന്നാ മക്കളെ ഇങ്ങോട്ട് തിരികെ വരുന്നത്?"ലിസമ്മ ചോദിച്ചു .
"എനിക്കറിയില്ല  മമ്മി..കുറച്ച് കാര്യങ്ങൾ ചെയ്ത്  തീർക്കാനുണ്ട്..അത് കഴിഞ്ഞ് ഞാൻ അങ്ങ് വന്നേക്കാം "അലക്സിന്റെ തൊണ്ട ഇടറി.
"റോബീം  ശിവയും നിന്നെ കാണാനാ  മോനെ വന്നേക്കുന്നത്.അവര് പോവുന്നെന് മുൻപ് മക്കള് തിരികെ എത്തുമോ?ഇപ്പൊ രണ്ടാളും എങ്ങോട്ടോ പോയേക്കുവാ.രണ്ട് ദിവസം കഴിഞ്ഞേ തിരികെ വരത്തൊള്ളു   എന്ന് പറഞ്ഞു."ലിസമ്മ പറഞ്ഞു.
"ഞാൻ നോക്കട്ടെ മമ്മി.പിന്നെ വിളിക്കാമെ.കുറച്ച് തിരക്കാ.."അലക്സ് പെട്ടെന്ന് കാൾ കട്ട് ചെയ്തു.അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.ശബ്ദമടക്കി പിടിച്ച് അവൻ കരഞ്ഞു.
ദേവി തറയിൽ കിടക്കുകയായിരുന്നു.പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു.മുൻപിൽ  നിൽക്കുന്ന ആളെ കണ്ട് അവളുടെ ശരീരം വിറച്ചു!
"കുറച്ച് വർഷങ്ങൾ കൊണ്ട് നീ അങ്ങ് മിനുങ്ങിയല്ലോടി പെണ്ണെ!" ശിവയുടെ ശബ്ദം അവളുടെ കാതുകളിൽ ചാട്ടുളി പോലെ തറച്ചു! അവൻ പെട്ടെന്ന് വാതിൽ അടച്ചു.
"ഇറങ്ങി പോവുന്നുണ്ടോ അതോ ഞാൻ അലറി വിളിക്കണോ?"ദേവി ഭയം പുറത്ത് കാട്ടാതെ ചോദിച്ചു.
"ഞാൻ പൊക്കോളാം പക്ഷെ അന്ന് സംഭവിച്ചതെന്തെങ്കിലും ഇവിടെ ആരോടെങ്കിലും പറഞ്ഞാൽ അറിയാമല്ലോ! മറ്റവള് ചത്ത് മണ്ണടിഞ്ഞന്നെന്നൊന്നും ഞാൻ നോക്കില്ല.കുഴിച്ച് മൂടിയതൊക്കെ അങ്ങനെ തന്നെ ഇരിക്കുന്നതാണ് എല്ലാവർക്കും  നല്ലത്! ഓർത്താൽ നന്ന്!"ശിവ പറഞ്ഞതുകേട്ട് ദേവി അവനെ കത്തുന്നകണ്ണുകളോടെ  നോക്കി.
ശിവ അവളെ ആർത്തിയോടെ ഒന്ന് നോക്കിയിട്ട് തിരികെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി അത് ലോക്ക് ചെയ്തു..എന്ത് ചെയ്യണമെന്നറിയാതെ ദേവി  നിലത്തേക്ക് വീണു! തന്റെ ദുർവിധി ഓർത്ത് അവൾ അലറിവിളിച്ച് കരഞ്ഞു.ആരോടും ഒന്നും പറയാൻ ആവാതെ അവൾ വെന്തുരുകി.
എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്ന് തന്നെ രക്ഷിക്കാൻ അവൾ മനസ്സ് നൊന്ത് പ്രാർത്ഥിച്ചു.രാത്രിയായപ്പോൾ ആരോ വാതിൽ തുറക്കുന്ന ശബ്ദം  കേട്ടു! ടോർച്ച് കൈയിൽ പിടിച്ച് അത് ഓൺ ചെയ്യാതെ ഭിത്തിയുടെ ഓരം ചേർന്ന് അവൾ ഭയന്ന് വിറച്ച് ഇരുന്നു.മുറിക്കകത്തേക്ക് ആരോ കയറുന്നതും  വാതിൽ അടയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു!

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot