Slider

പേട്ടതുള്ളലും വെള്ളിവീഴലും..

0
Image may contain: Anish Kunnathu, smiling
കേരള-തമിഴ്നാട് അതിർത്തിയിലെ ഒരുകൂട്ടം തമിഴ് സ്വാമിമാരുടെ ശബരിമല ഓട്ടത്തിന് വേണ്ടി ഒരു ട്രാവലറുമായി ചെന്നതായിരിന്നു ഞാൻ. വൈകുന്നേരം മൂന്ന് മണിയോടെ യാത്ര തിരിച്ചു.ശരണം വിളിയും റിക്കാർഡും ആഘോഷമായ്ട്ട് തന്നെ ഉണ്ടായിരുന്നു. വണ്ടിയേലും വലിയ രണ്ട് സ്പീക്കർ കെട്ടിവച്ചു.നിറയെ വാഴയും തോരണങ്ങളും ,അടക്കാമരവും എല്ലാം വച്ച്കെട്ടിയിട്ടുണ്ട്. ഭയങ്കര ഭക്തി. ശരണം വിളി,പാട്ട് എല്ലാം മുറക്ക് നടക്കുന്നുണ്ട്...
അര മണിക്കൂർ കൂടുമ്പോൾ നാല് തവണ എങ്കിലും വണ്ടി നിർത്തിക്കും. സമയം വെറുതെ കളയാൻ.. എനിക്ക് ദേഷ്യം വന്ന് തുടങ്ങി.... ആകെ ബോറടിച്ചു.. ശരണം വിളി ആദ്യത്തെ അത്രയും ഇല്ല. കുറഞ്ഞു വന്നു...
അപ്പോൾ പെരിയ സാമി ഒന്ന് മൂപ്പിച്ചു..
" ഡേയ്... ശരണം വിളിങ്കെടാ ചാമീ ... "
ശരണം വിളി വീണ്ടും തുടങ്ങി. ഇത്തവണ ഏതോ വെളിവില്ലാത്ത ഒരു ചാമി... ശെ സാമി ഊർജിതമായി വിളി തുടങ്ങി...
"സാമിയേയ്...ശരണം അയ്യപ്പാ..."
"അയ്യപ്പനേയ്..... ( ഏറ്റു വിളിച്ചുകൊണ്ടിരുന്ന സാമിമാർ പരസ്പരം നോക്കി)
ശരണം അയ്യപ്പാ.. "
വില്ലാളിവീരനേയ്.......ശരണമയ്യപ്പാ....
വീര കണി മണ്ടനേയ് .....
പെരിയസാമി വരെ ചിരിച്ചു പോയി..
എന്റെ സകല നിയന്ത്രണവും വിട്ടു.
ചിരി നിർത്താൻ പറ്റാതെ വന്നപ്പോ ഒരു തേങ്ങാക്കൊത്ത് എടുത്ത് കടിച്ച് പിടിച്ചു.
പിന്നെ അവിടന്ന് വിളിച്ചത് പായസം കൂട്ടി ഉള്ള വിളിയായിരുന്നു ...
പായസ പ്രിയനേയ്.....
കടും പായസ പ്രിയനേയ് ....
കൂട്ടു പായസ പ്രിയനേയ്....
പാൽപായസ പ്രിയനേയ്.....
സേമിയ പായസ പ്രിയനേയ്...എന്ന് വരെ വിളിച്ചു....
അവസാനം ഞാൻ ശരണം വിളിച്ചു..
സാമിയേയ്.... ആ സാമിയെ ഒന്ന് നല്ല ബുദ്ധി കൊടുക്കണേ എന്ന്.
അവസാനം ഏതോ സാമി അവന്റെ വായ പൊത്തിപ്പിടിച്ചു.അപ്പോഴാണ് കുറച്ചു സമാധാനമായത്.
സമയം സന്ധ്യയാവാറായി.വാഹനം നേര്യമംഗലം എത്തി. സ്വാമിമാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. പെരിയ സാമി
ഒരു നാളികേരത്തിന് മേലെ കർപ്പൂരം കത്തിച്ച് ദീപാരാധന നടത്തി. സാമിമാർ ശരണം വിളിച്ച് ദീപം തൊഴുതു. ഞാൻ വീരമണിയുടെ " പള്ളിക്കെട്ട് ശബരിമലക്ക് "എന്ന മനോഹരമായ ഭക്തിഗാനം വച്ചു.
ഒരു സാമി വന്ന് എന്നോട് വോളിയം കൂട്ടാൻ ആവശ്യപ്പെട്ടു. ഞാൻ ശബ്ദം കൂട്ടി. വലിയ സന്തോഷമായി അവർക്ക്....
അപ്പോൾ ആദ്യം ശരണം വിളിച്ച വെളിവില്ലാത്ത സാമി ചെറിയതായിട്ട് തുള്ളലിന് തുടക്കമിട്ടു. ബാക്കി സാമിമാരും ആ കൂടെ കൂടി.
മറ്റൊരു സാമി വണ്ടിയുടെ ഉള്ളിൽ നിന്നും ചെണ്ടയും എടുത്തു വന്നു.
പിന്നെ ഒന്നും പറയണ്ട...ചെണ്ടയടിയും മേളവും,, തുള്ളലും തകൃതി മേളം. ഇനിയൊരു സ്വാമി ചാഞ്ഞു നിന്ന ഒരു മരക്കൊമ്പിൽ നിന്നും നാലഞ്ച് ചെറിയ ശിഖരങ്ങൾ ഒടിച്ച് എടുത്തു വന്നു....
പിന്നെ കണ്ടത് എരുമേലി പേട്ടതുള്ളൽ മാറിനിൽക്കുന്ന തരം തുള്ളലായിരുന്നു. കൊമ്പും ഇലയും എല്ലാം വച്ച് അങ്ങോടും ഇങ്ങോട്ടും അടിയും തുള്ളലും.. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞില്ല... തുള്ളല് നിന്നു.കൊമ്പും ഇലയും എല്ലാം കളഞ്ഞു എല്ലാവരും. തുള്ളൽ മാത്രമായി.
ചെണ്ടകൊട്ടിക്കൊണ്ടിരുന്ന സാമി
ചെണ്ട ഊരി എറിഞ്ഞിട്ട് തുള്ളുന്നത് കണ്ട്
എനിക്കെന്തോ പന്തികേട് തോന്നി.. ഞാൻ ഉടനെ പാട്ട് നിർത്തി ഇറങ്ങി ചെന്നു.....
"ങേ....പാട്ട് നിർത്തിയിട്ടും തുള്ളലോ ...? "
ഞാൻ ആലോചിച്ചു.
ഇപ്പോ ചെറിയതായിട്ട് നിലവിളിയുടെ അകമ്പടിയോടെയാണ് തുള്ളൽ... ഒരു സാമീനെ പിടിച്ച് നിർത്തി ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.ഞാൻ തുള്ളലാണെന്ന്
തെറ്റിദ്ധരിച്ചതായിരുന്നു.സാമി ഒടിച്ചെടുത്ത ചുള്ളിക്കമ്പിന്റെ ഇലയുടെ അടിയിൽ
മൊത്തം ചൊറിയൻ പുഴുക്കളായിരുന്നു...
ചൊറിഞ്ഞിട്ട് ചാടിയതാണ്.അവിടന്ന് എല്ലാത്തിനേം ഒരു കനാലിൽ
ഇറക്കി കുളിയെല്ലാം കഴിഞ്ഞ് വീണ്ടും യാത്രതിരിച്ചു......
ആ യാത്രയിൽ വിളിച്ച ശരണംവിളികൾ ആത്മാർഥതയുള്ളതായിരുന്നു ...
Anish kunnathu -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo