ഫേക്ക് ഐഡി ( ഒരു അനുഭവ കഥ)
************************************
************************************
ഈ കഥ ഞാൻ മെമ്പറായിട്ടുള്ള മറ്റൊരു എഴുത്തു ഗ്രൂപ്പിൽ ഞാൻ ഇട്ടതാണ്. ഇത് പ്രസ്തുത ഗ്രൂപ്പിൽ തന്നെ ആദ്യം ഇടാൻ കാരണം എനിക്ക് ഈ അനുഭവം തന്നത് ആ ഗ്രൂപ്പ് ആയതു കൊണ്ടാണ്. ഒരുപാട് തവണ ഇതേ ഗ്രൂപ്പ് വിട്ടു പോയിട്ടും (വേറേം കുറെ ഗ്രൂപ്പിൽ ഉള്ളത് കൊണ്ടും പോസ്റ്റുകളുടെ ബാഹുല്യം കൊണ്ടും ആണേ) എന്റെ കുറെ നല്ല സുഹൃത്തുക്കൾ എന്നെ ഇവിടേക്ക് ആഡ് ചെയ്തു കൊണ്ടേയിരുന്നു (അവർക്കുള്ളത് ഞാൻ പിന്നെ കൊടുത്തോളാം). അങ്ങനെയിരിക്കെ....
എങ്ങന്നെയിരിക്കെ? അതായത് ഈ ഓഫീസ് ടൈമിൽ പോസ്റ്റും ഇട്ട് അതിനു കമ്മൻറ്സും കൊടുത്ത് ഇരുന്നപ്പോൾ ബോസ്സ് പിടിച്ച് ഫൈനൽ വാണിംഗ് തന്നിരിക്കെയാണ് ഈയുള്ളവന്റെ ബുദ്ധിയിൽ ഒരു 60ന്റെ ബൾബ് കത്തുന്നത്. അതെ 'ഫേക്ക് ഐഡി' അതായിരുന്നു ആ ബൾബ്. ഒരു ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ നിന്നും പോസ്റ്റ് ചെയ്യാം. അപ്പോൾ പിന്നെ ആരും അറിയുകയും ഇല്ല.
ഉടനെ തന്നെ ലാപ്ടോപ്പ് തുറന്ന് ഒരു ഫേക്ക് ഐഡി ഉണ്ടാക്കി. സ്ത്രീ സംവരണം ഉറപ്പാക്കാനും പിന്നെ പോസ്റ്റുകൾക്ക് ഒരു റീച് കിട്ടാനും വേണ്ടി പിന്നെയും ബുദ്ധിയിൽ തെളിഞ്ഞ ഒരു 100ന്റെ ബൾബ് കൂടെ എടുത്തിട്ടു. മനസ്സിലായില്ല അല്ലെ? അതായത് ഉണ്ടാക്കിയ ഐഡിയിൽ നോം ഒരു ദീനിയായ പെണ്കുട്ടിയാണെന്നു വെച്ചങ്ങു കാച്ചി. പതിയെ എല്ലാവരും ചെയ്യുന്ന പോലെ ഒരു പൂവ് എടുത്ത് പ്രൊഫൈൽ പോട്ടം ആക്കി. പിന്നെ തോന്നി പൂവ് ശരിയാവില്ല, പോട്ടം മാറ്റി ഒരു പെണ്കിടാവിന്റെ ഓയിൽ പെയിന്റിംഗ് ആക്കി( വീണ്ടും ബൾബ്
😊). ആഹാ എന്റെ കഴിവിൽ ഞാൻ തന്നെ അഭിമാനിച്ചു. ആകെ മൊത്തം ആ അഭിമാനത്തിന്റെ ബൾബ് അടക്കം ആ പ്രൊഫൈൽ ഒരു 1000 വാട്ടിൽ വെട്ടി വെളുത്തു നിന്നു.
അങ്ങനെ ഐഡി ഉണ്ടാക്കി. ഇനിയെന്തേലും എഴുതി പോസ്റ്റേണ്ടേ എന്നാലോചിച്ചിരിക്കുമ്പോളാ ഓഫീസിലെ ഒരുത്തന്റെ ഫോണിൽ ഒരു ഫെമിനിസ്റ്റ് ചേച്ചിയുടെ പ്രസംഗം കേൾക്കാൻ ഇടയായത്. എന്റെ ദൈവമേ എനിക്ക് വയ്യ ദേ പിന്നേം ബൾബ് കത്തണ്. ഉടനടി കുത്തിപിടിച്ചിരുന്നെഴുതി ദൈവത്തിന്റെ സൃഷ്ടികളെ പറ്റി. ആണിനേയും പെണ്ണിനേയും പിന്നെ ഭിന്നലിംഗക്കാരെയും ഒക്കെ പറ്റി ഒരു ചെറിയ ചിന്ത. എഴുതിയ പാടെ എടുത്തിട്ട് അറിയാവുന്ന ഒന്ന് രണ്ടു ഗ്രൂപ്പുകളിൽ കൊണ്ട് ചെന്നിട്ടു. മഹാമനസ്ക്കരായ അഡ്മിൻ ചങ്ങാതിമാർ സ്നേഹപൂർവ്വം അതെല്ലാം അപ്രൂവ് ചെയ്തു തന്നു. പിന്നെ കട്ട വെയ്റ്റിംഗ് ആയി ലൈക്കിനും കമന്റ്സിനും വേണ്ടി.
ഈ സമയത്താണ് ആളെ കൊല്ലാനായിട്ട് വീക്കിലി റിവ്യൂ മീറ്റിംഗ് വന്നത്. സകല ബോസ്സുമാരെയും പ്രാകി മീറ്റിംഗിൽ പോയിരുന്നുറങ്ങി. ഫോൺ ഓഫ് ചെയ്യണം എന്നുള്ളത് കൊണ്ട് പോസ്റ്റിന്റെ നോട്ടിഫിക്കേഷൻസ് ഒന്നും ഫോണിലും അറിയാനും വഴിയില്ല. എങ്കിലും ഇരുന്നുറങ്ങിയ ആ നേരം കൊണ്ട് ഞാൻ കണക്കു കൂട്ടി ഒരു 100 ലൈക് കടന്നിട്ടുണ്ടാകണം. പിന്നെ ചുരുങ്ങിയത് ഒരു 30 കമന്റ്. ഹോ!!! ആദ്യ പോസ്റ്റുകൊണ്ട് തന്നെ ഞാനൊരു പ്രമുഖനാകും. അയ്യോ!!!! ഞാനല്ലലോ ഫേക്ക് അല്ലേ പ്രമുഖയാവുക???? ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു രണ്ട് വെള്ളിടി വെട്ടി. പെട്ടന്ന് കണ്ണ് തുറന്നു വാച്ചിൽ നോക്കി; മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു, മീറ്റിംഗ് തീരാറായി ചായയും ബിസ്കറ്റും വന്നിട്ടുണ്ട്. ആ സാരമില്ല ഫേക്ക് പ്രമുഖ ആയാലും അത് വഴി ഞാൻ തന്നെയല്ലേ പ്രമുഖനാകുന്നത് എന്ന് എന്നെ തന്നെ പറഞ്ഞു പറ്റിച്ചു ഞാൻ. ചായ കുടിച്ച് ഉറക്ക ക്ഷീണം ഒക്കെ കളഞ്ഞ് വീണ്ടും വന്ന് ലാപ്ടോപ്പ് തുറന്നു ഫേക്കിൽ ലോഗിൻ ചെയ്തു.
അക്കൗണ്ട് തുറന്ന എന്റെ എല്ലാ ബൾബും അടിച്ചു പോയ അവസ്ഥ ആയി. പോസ്റ്റിന് ആകെ കിട്ടിയത് ആകെ എട്ട് ലൈക്ക്. പക്ഷെ ; എഴുപതിമൂന്നേമുക്കാൽ ചില്ല്വാനം ഫ്രണ്ട് റിക്വസ്റ്റ്. നാൽപതു മെസ്സേജ്‌സ് ഫ്രം പതിനേഴു പീപ്പിൾ. എന്റെ ഫേക്ക് പരമ്പര ദൈവങ്ങളേ... യുക്തിവാദിയായ ഞാൻ അറിയാതെ വിളിച്ചു പോയി. ആഹ് എന്തായാലും കുറച്ചു പേരെ കൂടെ ചേർത്തേക്കാം എന്ന് കരുതി ആൾക്കാരെ ഒക്കെ നോക്കി.
ഒടിയനും, ചാത്തനും, മായവിയും, ലുട്ടാപ്പിയും എന്ന് വേണ്ട എല്ലാവരും ഉണ്ട്. പലരെയും അങ്ങനെ കൂടെ കൂടിയപ്പോൾ അതാ വരുന്നു ഈ കൂട്ടിയവന്മാരുടെ വക അപ്രീസിയേഷൻ. 'കഥ നന്നായിരുന്നു മോളു, സൂപ്പർ, നന്നായി എഴുത്തുന്നുണ്ടല്ലോ? കല്യാണം കഴിച്ചതാണോ? ' അങ്ങനെ അങ്ങനെ നീളുന്നു. ഈ പറഞ്ഞവന്മാരൊന്നും എഴുതിയ പോസ്റ്റിനു ലൈക്കോ കമന്റോ ഒന്നും തന്നിട്ടില്ല എന്നിട്ടാണ് ഇൻബോക്സിൽ വന്ന് അവാർഡ് തരുന്നത്. അങ്ങനെ ആരെയും പിണക്കണ്ട എന്ന് കരുതി എല്ലാവരോടും ' സന്തോഷം, നന്ദി ' എന്നീ വാക്കുകൾ വാരി വിതറി ഞാൻ മാനേജ് ചെയ്തു.
അങ്ങനെ അന്നത്തെ ഓഫീസിലെ കയിലുകുത്തതെല്ലാം കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി കുളിച്ച് ഫ്രെഷായി ലാപ്ടോപ്പ് എടുത്ത് എഴുതാൻ കുത്തിയിരുന്നപ്പോൾ അതാ വരുന്നു നേരത്തെ പറഞ്ഞ ഒടിയനും ചാത്തനുമൊക്കെ. ഇപ്പോൾ ചാറ്റിന്റെ രീതി ഒക്കെ മാറി തുടങ്ങിയിരിക്കുന്നു.അത് അത്ര കണ്ട ശരിയാവില്ല എന്ന് കണ്ടപ്പോൾ പതുക്കെ ഞാൻ ആ മാരണങ്ങളെ ഒക്കെ അൺഫ്രണ്ട് ഹോമം നടത്തി സുക്കറണ്ണന്റെ വാളിൽ തറച്ചു. തീർന്നെന്നു കരുതി ഇരിക്കുമ്പോൾ അതാ വരുന്നു അതിലൊരു പ്രതികാര ദാഹിയായ ആത്മാവിന്റെ വിലാപം. ' യഥാർത്ഥ സ്നേഹം, അത് ആർക്കും വേണ്ട. സ്നേഹം തേങ്ങായാണ് മാങ്ങയാണ് വറീതേട്ടന്റെ കടയിലെ ചുക്കുണ്ടായാണ് ' എന്നൊക്കെ പറഞ്ഞ്. പിന്നേം ആ വിലാപം തുടർന്നപ്പോൾ ഫേസ്ബുക്കത്തൂർ ബ്ലോക്കാടൻ തിരുമേനിയെ വിളിപ്പിച്ച് ഒരു ബ്ലോക്ക് ക്രിയ അങ്ങ് നടത്തി ബ്രഹ്മത്തിങ്കലാക്കി.
ഇനി ഒരു രക്തരക്ഷസ്സും ശല്യപ്പെടുത്താതിരിക്കാൻ "ഇത് ഞമ്മന്റെ ഫേക്ക് ഐഡി ആണ്. എയുത്തിന്റെ അസുഖം ഉള്ളൊണ്ട് എയ്താൻ ബേണ്ടിട്ട് ഇണ്ടാക്കീതാ ഈ ഐഡി. ബെർതെ അങ്ങളമാരാരും സൗഹൃദ നിവേദനം എടുത്തോണ്ട് ബരണ്ടാന്നും പറഞ്ഞ്" ബോർഡും ബച്ചു. പറഞ്ഞിട്ടെന്താ പഴേ നായ, അതിന്റെ വാല്, അതേ കൊഴല് ഒന്നിനും ഒരു മാറ്റവുമില്ല. ശല്യങ്ങളെ എല്ലാം കൂടെ ഒഴിവാക്കിയപ്പോളേക്കും തൊണ്ടയിലെ വെള്ളം വറ്റി. ഇത്തിരി വെള്ളം എടുത്ത് കുടിച്ച് പുതിയ പോസ്റ്റിന്റെ പണിപ്പുരയിലേക്ക് കടന്നു. അപ്പോളും ആങ്ങളമാരുടെ ഇൻബോക്‌സ് കൗതുകം തുടർന്നുകൊണ്ടേയിരുന്നു.
എല്ലാം അവഗണിച്ച് പിന്നേം ഒരു പോസ്റ്റിട്ടു. ആ പോസ്റ്റും വെള്ളം കിട്ടാതെ ചത്തു. പക്ഷേ അപ്പോളും ചില ഇൻബോക്‌സ് ലൈക്കുകളും കമന്റുകളും കിട്ടിയിരുന്നു ആ കഥക്കും. പിന്നെ ഈ ആങ്ങളമാരുടെ കൗതുകം ഞാനും ഒന്ന് ഏറ്റു പിടിച്ചു. ചിലർക്ക് ഞാൻ റിപ്ലൈ കൊടുത്തു തുടങ്ങി. അറിയാണമല്ലോ വണ്ടി ഏത് ഡിപ്പോ വരെ പോകുമെന്ന്. ആദ്യം എല്ലാവർക്കും ഫാമിലി ഡീറ്റൈൽസ് ഒക്കെ അറിയണം. ചിലർ ഞമ്മന്റെ ഫേക്ക് ഐഡിടെ പേര് കണ്ടിട്ടാകണം ഞമ്മളെ തട്ടമിടാൻ പഠിപ്പിക്കാനും ബുർഖയുടെ മഹത്വം പഠിപ്പിക്കാനൊക്കെ തുടങ്ങി. മറ്റു ചിലരാകട്ടെ നമ്മുടെ സൗഹൃദം പളുങ്ക് പോലെ പരിശുദ്ധവും വളരെ ആത്മാർത്ഥവും അതെ സമയം ഭർത്താവ് അറിയാതെയും വേണം എന്ന് ചിണുങ്ങുന്നുണ്ടായിരുന്നു.
എല്ലാം കൂടെ കണ്ടപ്പോൾ ഈ ഫേക്ക് പരിപാടി കുട്ടൂസനും കൂട്ടരും കൂടി മായവിയെ പിടിച്ച് ചില്ലു കുപ്പിയിൽ കേറ്റുന്ന പോലെ ആകും എന്നെനിക്കു തോന്നി. എങ്ങനെ ബുദ്ധിപരമായി ചെയ്താലും അവസാനം മായാവി കുപ്പിയും പൊട്ടിച്ച് പോകും. അതോണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു. സകല കീടങ്ങളെയും അൺഫ്രണ്ട് ഫ്യുരാടാൻ അടിച്ച് പുറത്താക്കി. അൽപ്പം ചാണക വെള്ളം തളിച്ച് അക്കൗണ്ട് ശുദ്ധമാക്കി. എന്നിട്ട് അക്കൗണ്ട് വിൽപ്പനക്ക് എന്ന പുതിയൊരു ബോർഡും തൂക്കി.
ഇനി സ്വന്തം അക്കൗണ്ടിൽ നല്ല ജൈവകൃഷി ആകാം, നല്ല പോസ്റ്റ് അമിനോആസിഡ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്തായാലും ഫേക്ക് ഐഡിയിൽ ഇട്ട് ചീഞ്ഞ രണ്ടു പോസ്റ്റുകൾ (നല്ല പോസ്റ്റുകൾ ആയിരുന്നു, പക്ഷെ ആരും മൈൻഡ് ചെയ്തില്ല) വരുന്ന നല്ല പോസ്റ്റുകൾക്ക് വളമാകും എന്ന പ്രതീക്ഷയിൽ ഇനി ഒറിജിനൽ ഐഡിയിൽ നിന്നും പോസ്റ്റുകൾ വരും.
വാൽക്കഷ്ണം:- ഒരു സ്ത്രീ ഫേക്ക് ഐഡിയിലെ എനിക്ക് ഇത്രേം ശല്യമാണെങ്കിൽ എന്തായിരിക്കും ശരിക്കും ഉള്ള നമ്മുടെ സ്ത്രീജനങ്ങളുടെ അവസ്ഥ? അറപ്പു തോന്നുന്നു, ത്ഫൂ..... നാണമില്ലാതെ കുറെ ജന്മങ്ങൾ. അവർക്കെല്ലാം എന്റെ നടുവിരൽ നമസ്ക്കാരം.
- ഗിരീഷ് -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക