ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോളാണ് ഞാൻ യാദൃശ്ചീകമായി അവളെ വീണ്ടും കാണുന്നത്. ഓപ്പറേഷൻ തിയ്യറ്ററിനു സമീപമുള്ള ഒരു റൂമിൽ ഭർത്താവിനെയും ചാരി ഒരു കട്ടിലിൽ തളർന്നിരിക്കുന്നു. അവളുടെ മകൾ അവളെ കെട്ടിപിടിച്ച് ഇരിക്കുന്നുമുണ്ട്. എന്തോ, ഉള്ളിലൂടെ ആ സമയത്ത് കടന്നു പോയ വിചാരം എന്താണെന്ന് പറയാൻ ഇപ്പോളും എനിക്കാവുന്നില്ല. കാരണം പഠിക്കുന്ന കാലത്ത് കോളേജിലെ വലിയ പ്രണയ ജോഡികൾ ആയിരുന്നു ഞങ്ങൾ. വിധിയുണ്ടായിരുന്നുവെങ്കിൽ ഒന്നിച്ചു ജീവിച്ചു മരിക്കേണ്ടവർ. പക്ഷെ പല കാരണങ്ങൾ കൊണ്ടും ഒന്നിക്കാനാവാതെ പോയി. അവളുടെ കല്യാണത്തിന് ശേഷം ഇന്നാണ് ഞാൻ അവളെ കാണുന്നത്, അതും ഈ ആശുപത്രിയിൽ വച്ച്. ആ മുറിയിലേക്ക് കടന്നു ചെല്ലാനോ, അവളോട് എന്താണ് അസുഖം എന്ന് ചോദിക്കാനോ എന്റെ മനസ്സ് അനുവദിച്ചില്ല. ഒരു തരം ജാള്യതയോ അതോ വിഷമമോ അതല്ല നഷ്ടബോധമോ എന്താണെന്ന് നിർവ്വചിക്കാനാവുന്നില്ല.
ഞാൻ ഫോണെടുത്ത് സാബുവിനെ വിളിച്ചു. "അളിയാ സാബു... എവിടെയാടാ?..... ഞാൻ ദേ ഇവിടെ ഓപ്പറേഷൻ തിയ്യറ്ററിനടുത്തുള്ള ആ മുറികളുടെ അടുത്തുണ്ട്." അവൻ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഫോൺ പോക്കറ്റിലേക്ക് ഇട്ട് അവൾ കിടക്കുന്ന റൂമിനോട് ചേർന്ന് ഇട്ടിട്ടുള്ള വിസിറ്റർസ് ചെയറിൽ ഞാനിരുന്നു. തൊട്ടപ്പുറത്ത് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയവരെ കാത്ത് ബന്ധുക്കൾ ഇരിപ്പുണ്ട്. പ്രാർത്ഥനകളും ആശങ്കകളും എല്ലാം ഓരോരോ മുഖങ്ങളിലും പ്രകടമായി കാണാം. ഇതൊന്നും അലട്ടാത്ത ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ അവിടൊക്കെ ഓടി കളിക്കുന്നുണ്ട്. ഇതൊക്കെ കാണുന്നുണ്ടെങ്കിലും എന്റെ കാതും ശ്രദ്ധയും എല്ലാം അവൾ കിടക്കുന്ന ആ മുറിയുടെ ഉള്ളിലേക്കാണ്. ഒരു നിമിഷത്തേക്ക് ഞാൻ കണ്ണുകളടച്ച് ആ പഴയ കോളേജ് കാലഘട്ടത്തിലേക്ക് പോയി.
സുന്ദരമായ ക്യാമ്പസ്, അവിടെ ഒരു പ്രമുഖ പാർട്ടിയുടെ നേതാവായി ഞാനും, എതിർ പാർട്ടിയുടെ നേതാവായി അവളും. ശെരിക്കും ഒരു സിനിമാ കഥ പോലെ ഞങ്ങളുടെ ഇടയിലെ പ്രണയവും, എല്ലാം കൂടെ ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ പരിചിതമായിരുന്നു ഞങ്ങളുടെ പ്രണയം. പലപ്പോഴും അവർ ചോദിച്ചിട്ടുണ്ട്, രണ്ടു വ്യത്യസ്ത ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെ ഒരുമിച്ചു പോകുന്നു? എന്ന്. അന്ന് അതിനെല്ലാം അവൾ കൊടുത്തിരുന്ന ഒരു മറുപടിയുണ്ടായിരുന്നു. " എനിക്ക് കുറെ ആഗ്രഹങ്ങളുണ്ട്. അതെല്ലാം നടത്തിത്തരാം എന്ന് ഇവന് നേർച്ചയും ഉണ്ട്. അത് കൊണ്ടാണ് ഈ സഖാവുമായി ഇവൻ ഒത്തു പോകുന്നത് ". എല്ലാവരുടെയും അസൂയയോ അതോ പ്രസ്ഥാനങ്ങളുടെ വിഭിന്ന ചിന്താഗതികളുടെ സ്വാധീനമോ എന്നറിഞ്ഞു കൂടാ ,ഡിഗ്രി കഴിഞ്ഞ മൂന്നു മാസം കഴിയുമ്പോളേക്കും ഞങ്ങൾ പിരിയുകയും ചെയ്തു അവളുടെ കല്യാണവും കഴിഞ്ഞു.
അവളുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് കൊടുക്കാൻ പറ്റാത്തതിന്റെ ദുഃഖത്തിൽ ഞാൻ കുറച്ചു നാൾ താടി വളർത്തി നോക്കി. ആ വളർത്തിയ താടിയും തടവി ഇടക്കിടെ അവളുടെ ഓർക്കൂട്ട് പ്രൊഫൈലും നോക്കി ഇരിക്കുമ്പോളാണ്, അവളെന്ന എന്റെ ഓർമകളുടെ ശവപ്പെട്ടിയിൽ ഒരു ആണി കൂടെ അടിക്കപ്പെടുന്നത്. അതായത് അവൾ ഒന്ന് പെറ്റു, ഒരു പെൺക്കുട്ടി. അതോട് കൂടെയാണ് ഇനിയും അവളെ ഓർത്ത് ഇരുന്നാൽ ശരിയാവില്ല എന്ന ബോധോദയം ഉണ്ടാവുന്നത്. അങ്ങനെ എങ്ങനെയൊക്കെയോ ദുബായിൽ ഉള്ള അളിയന്റെ കയ്യും കാലും പിടിച്ച് ഒരു വിസ ഒപ്പിക്കുന്നത്. കിട്ടിയ വിസ എന്ത് കുന്താമാണെന്നൊന്നും നോക്കാതെ അങ്ങോട്ട് കേറി പോയി. അവിടെ ചെന്നപ്പോളാ മനസ്സിലായത് അളിയന്റെ കോഫീ ഷോപ്പിലെ ഡെലിവറി ബോയുടെ വിസ ആണെന്ന്. എന്ത് കുന്തമായാലും അവിടെ കുറച്ച് നാൾ നിന്നു. പിന്നെ നല്ലൊരു കമ്പനിയിൽ ഓഫീസിൽ സ്റ്റാഫ് ആയി കേറി. ആ കമ്പനിയിൽ നിന്നു കൊണ്ട് ഉണ്ടാക്കിയതാ ഇന്ന് ഈ കാണുന്നതൊക്കെ. വലുതായൊന്നും പറയാനില്ലെങ്കിലും, 25 ലക്ഷം രൂപയിൽ കുറയാത്ത വിലമതിക്കുന്ന ഫ്‌ളാറ്റ്, പാർക്കിങ്ങിൽ കിടക്കുന്ന ഫുൾ ഓപ്ഷൻ മാരുതി ബലെനോ, ഒരു 500 CC ബുള്ളറ്റ് പിന്നെ ഭാര്യക്ക് വാങ്ങിക്കൊടുത്ത ഒരു ഹീറോ പ്ലഷർ......പോരെ...
ഹൂ........ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ടാ ഇതിന്റെയെല്ലാം ലോൺ അടക്കുന്നത്. ആ പണി പോയാൽ തെണ്ടിയത് തന്നെ. ഇതൊക്കെ ആലോചിച്ച് ഇരിക്കുമ്പോളേക്കും സാബു വന്നു.
" ഇന്ന് കുറെ അധികം രോഗികൾ ഉണ്ടായിരുന്നു. അതാ വൈകിയേ " അവൻ പറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിക്കണ്ട, അവൻ ഡോക്ടർ ഒന്നുമല്ല ഡോക്ടറുടെ റൂം ക്ലീൻ ചെയ്യന്നവനാ. രോഗികളെ നോക്കി ഡോക്ടർ പോയാലേ അവനു റൂമും ക്‌ളീൻ ചെയ്ത് ഇറങ്ങാൻ പറ്റൂ. ഞാൻ അവളുടെ റൂം ചൂണ്ടിക്കാണിച്ചു കൊണ്ട് ചോദിച്ചു " ഡാ ഈ റൂമിൽ ഉള്ള ആൾക്ക് എന്താ രോഗം? " അവൻ പറഞ്ഞു "അറിഞ്ഞൂടാ, പക്ഷെ ഓപ്പറേഷൻ ഉള്ളവരെയാ ഇവിടെ കിടത്താറുള്ളത്" ഇത്രേം പറഞ്ഞിട്ട് അവൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞ് ആശുപത്രിയുടെ പുറകിലേക്ക് പോയി.
ഞാൻ പിന്നെയും ആ റൂമിലേക്ക് ഒന്ന് പാളി നോക്കി. അവളെ ഓപ്പറേഷൻ ചെയ്യാനുള്ളവർക്ക് ധരിപ്പിക്കുന്ന ഉടുപ്പൊക്കെ ഇടീച്ചിട്ടുണ്ട്. മകളെ കെട്ടിപിടിച്ചു കരയുന്നുണ്ട് അവൾ, ഭർത്താവും അവളുടെ അമ്മയും അവളെ സമാധാനിപ്പിക്കുന്നുണ്ട്. പണ്ടേ വേദന ഭയങ്കര പേടിയാ സഖാവിനു, ഞാൻ ഓർത്തു. പെട്ടന്ന് അവളുടെ അമ്മയും മകളും കൂടെ ഒരു ഫ്‌ളാസ്‌കുമായി പുറത്ത് പോകുന്നത് കണ്ടു. ഒരിത്തിരി ഊളത്തരമാണെകിലും ഞാൻ അവളും ഭർത്താവും കൂടെ സംസാരിക്കുന്നത് മുറിക്ക് പുറത്തിരുന്നു കൊണ്ട് കേൾക്കാൻ ശ്രമിച്ചു. അവൾ അയാളുടെ ദേഹത്ത് ചാരി ഇരുന്നു കൊണ്ട് അവളുടെ ആഗ്രഹങ്ങൾ പറയുകയാണ്, പണ്ട് എന്നോട് പറഞ്ഞിരുന്ന അതേ ആഗ്രഹങ്ങൾ.
അവർ പറയുന്നത് വ്യക്തമല്ലെങ്കിലും, ഏകദേശം ഇത് പോലെ ഒക്കെ ആയിരുന്നു. " ഏട്ടാ... എനിക്ക് നിങ്ങളുടെ കൈപിടിച്ച് തൃശ്ശൂർ പൂരം മുഴുവൻ കാണണം. അത് പോലെ രാത്രിയിലെ വെടിക്കെട്ടും. പിന്നെ നമ്മൾ രണ്ടു പേരും മാത്രമായി നമ്മുടെ സ്വന്തം ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്നു ലോങ്ങ് റൈഡുകൾ പോകണം. ഒരിക്കലെങ്കിലും വിളിക്കാത്ത കല്യാണത്തിന് പോയി വയറു നിറയെ ഭക്ഷണം കഴിക്കണം. പിന്നെ ഞാനും ഏട്ടനും മാത്രമുള്ള തണുത്ത രാത്രികളിൽ...................................(സെൻസർ ചെയ്തതാ). പിന്നെ ഞാനും ഏട്ടനും മോളും മാത്രമുള്ള സ്വർഗത്തിൽ കുറെ വര്ഷം ജീവിക്കണം. ഇതിനെല്ലാം ഞാൻ ഇന്ന് ഈ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചു വരണം. പ്രാർത്ഥിക്കണേ ഏട്ടാ.. അഥവാ എനിക്കെന്തെലും സംഭവിച്ചാലും, നമ്മുടെ മോൾ..." അത്രയും ആയപ്പൊളേക്കും അവൾ പൊട്ടികരഞ്ഞു. അയാൾ അവളെ സമാധാനിപ്പിക്കുന്നുണ്ട്. എല്ലാം കേട്ട എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. എനിക്ക് നടത്തികൊടുക്കാൻ പറ്റാതിരുന്ന എന്റെയും കൂടെ ആഗ്രഹങ്ങൾ....
പെട്ടന്ന് ഒരു നഴ്സ് അവരുടെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു. മുഖം കഴുകാൻ ഞാൻ വാഷ് റൂം തേടിപ്പോയി. ഞാൻ വരുമ്പോൾ അവൾ കിടന്നിരുന്ന മുറി ലോക്ക് ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുൻപിൽ അവളുടെ ഭർത്താവും, മകളും, അമ്മയും, ഉണ്ട്. പതിയെ ഞാൻ അയാളുടെ അടുത്ത് പോയി ഇരുന്നു. പാവം മനുഷ്യൻ!!! എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു. ഞാൻ അയാളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു. " സിജിത്തിന് എന്നെ ഓർമ്മ ഉണ്ടോ? " എവിടെയോ കണ്ടു മറന്നിട്ടുണ്ടെന്ന രീതിയിലുള്ള മുഖഭാവം. ഞാൻ സ്വയം പരിചയപ്പെടുത്തി " രാജേഷ്, സനുവിന്റെ സുഹൃത്താണ്. നിങ്ങളുടെ കല്യാണത്തിന് തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട് ".
മുഖത്തൊരു കൃത്രിമ ചിരി പടർത്തിക്കൊണ്ട് അയാൾ കസേരയിൽ നിന്നും എണീറ്റു, " ആ, ഓർക്കുന്നു." ഞങ്ങൾ പതിയെ നടക്കാനാരംഭിച്ചു. ഞങ്ങൾക്കിടയിലെ മൗനം ഞാൻ തന്നെ ഭഞ്ജിച്ചു."ഐ ഡോണ്ട് നോ, ഈസ് ഇറ്റ് ദി റൈറ്റ് ടൈം ടു ആസ്ക്..... എന്ത് പറ്റി അവൾക്ക്? നേരത്തെ തിയറ്ററിലേക്ക് കൊണ്ട് പോകുന്നത് കണ്ടു ? നിങ്ങളെല്ലാം വളരെ ടെൻസ്ഡ് ആയി കാണുന്നു. എനിതിങ് സീരിയസ്? " അയാൾ ഒന്നും മിണ്ടിയില്ല.ആ മൗനം എന്നെ പിന്നെയും പേടിപ്പിച്ചു. " ഐ ആം സോറി. ഞാൻ ചോദിച്ചത്... സീ..... പെട്ടന്ന്.." ഞാൻ വാക്കുകൾ കിട്ടാതെ വല്ലാതെ ആയിപ്പോയി. അപ്പോൾ അയാൾ പറഞ്ഞു......
" നോ മിസ്റ്റർ രാജേഷ്. അതല്ല എങ്ങനെ പറയും എന്നുള്ള ഒരു ബുദ്ധിമുട്ടു കൊണ്ടാ. സീരിയസ് ഒന്നുമല്ല. അവൾക്ക് മൂലക്കുരുവിന്റെ ഓപ്പറേഷൻ ആണ്. അവളാണേൽ പേടി ഒരൽപം കൂടുതൽ ഉള്ള കൂട്ടത്തിലാണേ.... അതിന്റെ ഒരു ടെൻഷൻ. അത്രേ ഉള്ളു. അല്ല താങ്കൾ എന്താ ഇവിടെ?" ഈ മറുപടി കേട്ടതും ഞാൻ ചിരിക്കണോ അതോ അവൾക് ആ ഓപ്പറേഷൻ തിയ്യറ്ററിൽ പോയി രണ്ടെണ്ണം കൊടുക്കണോ എന്ന ആശയക്കുഴപ്പത്തിലായി. ഞാൻ പറഞ്ഞു " ഞാൻ ഇവിടെ ഒരു പുതിയ സ്കാനിംഗ് മെഷീൻ ഡോണെറ്റ് ചെയ്യാൻ വന്നതാ. യു നോ, ഐ ആം എ ബിഗ് എന്റർപ്രണർ. സൊ ഇടക്ക് ഇങ്ങനെ ഓരോ ചാരിറ്റി ചെയ്യാറുണ്ട്. ഓക്കേ ദെൻ സീ യൂ" ഇത്രേം പറഞ്ഞ ഞാൻ എന്റെ ഡ്യൂപ്ലിക്കേറ്റ് റേ ബാൻ ഗ്ലാസും എടുത്ത് വച്ച് സ്ലോ മോഷനിൽ നടന്നു. എന്റെ പിന്നാലെ ഡ്രെസ്സും മാറി വരുന്ന സാബു " ഡാ രായ്‌ഷെ...., ഡാ രായ്‌ഷെ.... " എന്നും വിളിച്ചോണ്ട് ഓടി വരുന്നുണ്ടാരുന്നു.
-ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക