Slider

ഒബിറ്റ്യുറി ഭാഗം - 3

0
Image may contain: 1 person

Download and install Nallezhuth Android App for reading all Long Stories

ആനി ചേച്ചി കൊണ്ട് വന്ന ചായ ചൂടോടുകൂടി കുടിക്കുകയായിരുന്നു പ്രിൻസി വല്ലാതെ തലവേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്. ചിന്തകൾ ഇന്നത്തെ ദിവസത്തെ സംഭവങ്ങളിൽ അലഞ്ഞു നടന്നു. ആരാണാ സ്ത്രീ..? താൻ പുറകെ ഓടിച്ചെന്നിട്ടും അവരെ കണ്ടെത്താനായില്ലലോ.. ഇസബെല്ലയുടെ പോലെ ആണവരെന്ന് തനിക്ക് തോന്നിയതാണോ?
നാല്പത് വയസ്സോളം ആ സ്ത്രീക്ക് പ്രായം ഉണ്ടാകണം. ഇസബെല്ല ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ പത്തൊൻപത് വയസ്സ് കാണുള്ളൂ. അപ്പോൾ ഒരു പക്ഷെ അവരുടെ മകൾ ആയിരുന്നിരിക്കും. ഇസബെല്ലക്ക് എന്താണ് സംഭവിച്ചതെന്നറിയണം. ഇനിയൊരിക്കൽ കൂടി അവരെ കണ്ടാൽ എല്ലാം ചോദിക്കണം. പക്ഷെ ഇനിയെങ്ങനെ കാണാൻ കഴിയും എന്നതിന് അവൾക്ക് ഒരു രൂപവുമുണ്ടായില്ല. ആ മുഖം മനസ്സിൽ നിന്നും മായാതിരിക്കാൻ അവൾ ഓർത്തുകൊണ്ടിരുന്നു.
"എന്താ മോളെ ഒരു ആലോചന...?"
ആനി ചേച്ചിയാണ്. തന്റെ ഓരോ ഭാവ ചലനങ്ങളും അവർ നിരീക്ഷിക്കുന്നുണ്ട്. മുഖം ഒന്ന് വാടുമ്പോളെക്കും എന്തെങ്കിലുമായി അവർ അരികിലെത്തും. ഓരോന്ന് പറഞ്ഞ് ചിരിക്കുകയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. അവൾ പലപ്പോഴും അവരെ സമാധാനിപ്പിക്കാൻ ചിരിച്ച് കൊടുത്തു.
"ഒന്നുമില്ല ചേച്ചി. വെറുതെ ഇങ്ങനെ..."
"വെറുതെ ഒന്നുമല്ല. ആ മുഖം കണ്ടാൽ അറിയത്തില്ല്യോ..."
പ്രിൻസി പുഞ്ചിരിച്ചു.
"ഓഫീസിലെ കാര്യങ്ങൾ ഓർക്കുവായിരുന്നു."
"അതിനാണോ ഇത്ര വലിയ ആലോചന..?"
"ഹ്മ്.. ഇന്ന് ഞാൻ അവിടെ ഒരാളെ കണ്ടു. അവരെ എവിടെയോ മുൻപ് കണ്ടിട്ടുണ്ട്. അതോർക്കുവായിരുന്നു. എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല."
"അത്രേ ഉള്ളോ.. അതിപ്പോ മോള് കുറെ പേരെ ദിവസോം കാണുന്നതല്ലേ. ബാങ്കിൽ ഒരുപാട് ആളുകൾ വരുന്നതല്ലേ...അതിൽ ആരെങ്കിലും ആകും. ഇല്ലേൽ അവരുടെ പോലെ തോന്നുന്ന വേറെ ആൾക്കാർ ആരെങ്കിലും ആവും."
ആനി ചേച്ചി പറഞ്ഞതിൽ കാര്യമുണ്ടെന്ന് പ്രിൻസിക്ക് തോന്നി. ഇസബെല്ലയെപോലെ ആ സ്ത്രീയുടെ മുഖം ഉണ്ടെന്നുള്ളതുകൊണ്ട് അവരെ തമ്മിൽ അറിയണമെന്നില്ല. ഒരുപോലെ ഒരുപാട് പേർ കാണുമല്ലോ. അവരെ കണ്ടു കിട്ടിയിരുന്നെങ്കിൽ വെറുതെയെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു. ചിന്തിച്ച് ചിന്തിച്ച് അവൾക്ക് ആ മുഖം ഇസബെല്ലയുടേത് പോലെ തന്നെ ആണോ എന്ന് പോലും സംശയമായി.
******
പള്ളിയും പ്രാർത്ഥനയും ബാങ്കും വീടുമായി പ്രിൻസിയുടെ ജീവിതം നീങ്ങിക്കൊണ്ടിരുന്നു. അവൾക്കതിൽ മടുക്കാനും തുടങ്ങിയിരുന്നു. കുറച്ച് ദിവസം ലീവെടുത്ത് വീട്ടിൽ ഇരുന്നാലോ എന്ന് ആലോചിച്ചു. പക്ഷെ വീട്ടിലിരിക്കുംനേരം എന്തെങ്കിലും ചെയ്യാൻ മനം തുടിച്ചു. ഒറ്റക്കിരിക്കുന്ന നേരം മുഴുവൻ ഇച്ചായന്റെ ചിന്തകൾ ആയിരുന്നു. പതിയെ അത് അടക്കാനാവാത്ത വേദനയായി മാറും. അത്കൊണ്ട് ഒരു മാറ്റം അവൾക്ക് ആവശ്യമായി തോന്നി.
കുറച്ച് ദിവസം ലീവെടുത്ത് അവൾ അമ്മച്ചിയുടെ അടുത്തേക്ക് പുറപ്പെട്ടു. കൂടെ ആനിചേച്ചിയും ഉണ്ടായിരുന്നു. അമ്മച്ചി പ്രിൻസിയുടെ സഹോദരന്റെ കൂടെ ആണ് താമസം. അവിടെ സഹോദരന്റെ ഭാര്യയും മക്കളും കൂടി ഉണ്ട്.
അമ്മച്ചിയെ റോയിച്ചായന്റെ നാല്പത്തൊന്നിനു കണ്ടതാണ്. അന്ന് കൂടെ വരാൻ ഏറെ നിർബന്ധിച്ചതാണ് അമ്മച്ചി. പോയില്ല. പോകാൻ തോന്നിയില്ല. ഇച്ചായന്റെ സാന്നിധ്യമുള്ള വീട് വിട്ട് എങ്ങോട്ടും പോകാൻ തോന്നിയില്ല. ഇപ്പോൾ കാണുമ്പോൾ പരാതി പറഞ്ഞേക്കും. പണ്ടും അമ്മച്ചി അങ്ങനെയാ.. കാണാൻ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതി പറയും. 'ഇങ്ങനെ പരാതി പറയാനാണേൽ എന്തിനാ എനിക്ക് കെട്ടിച്ച് തന്നത്' എന്ന് ഇച്ചായൻ കളിയായി ചോദിക്കുകയും ചെയ്യും. പ്രിൻസി ആ ഓർമ്മകളിൽ പുഞ്ചിരിച്ചു.
വീടിന്റെ ഗേറ്റ് കടന്നതും അമ്മച്ചി ഓടി വരുന്നത് പതിവുള്ളതാണ്. പക്ഷെ കണ്ടില്ല. കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നപ്പോൾ ഷേബാ ചേച്ചി വന്ന് വാതിൽ തുറന്നു. പ്രിൻസി അവരെ നോക്കി പുഞ്ചിരിച്ചു.
"നീയോ...? എന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ..?"
ആ ചോദ്യത്തിൽ എന്തോ ഒരു അലോസരം പ്രിൻസിക്ക് തോന്നാതിരുന്നില്ല. അവൾ ആനിചേച്ചിയെ നോക്കി. അവർക്കും അത് വ്യക്തമായി എന്ന് അവരുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.
"ഞാൻ വെറുതെ വന്നതാ ചേച്ചി. അമ്മച്ചിയെ കണ്ടിട്ട് കുറച്ചായില്ലേ..ഒന്ന് കാണണം എന്ന് തോന്നി."
"അമ്മച്ചി കിടക്കുവാ.. പനിയാ..."
"പനിയോ..?"
ആധിയോടെ അവൾ അമ്മച്ചിയുടെ മുറിക്കകത്തേക്ക് ഓടി. തളർന്നമട്ടിൽ കിടക്കുകയായിരുന്നു അവർ. മകളെ കണ്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി. എഴുന്നേൽക്കാൻ അവർ ശ്രമിച്ചു. അവരുടെ പ്രയാസം കണ്ട് പ്രിൻസി ഓടി ചെന്ന് അവരെ എഴുന്നേൽപ്പിച്ചിരുത്തി. അമ്മച്ചിയുടെ മുഖത്ത് നേരിയതായി ഒരു പുഞ്ചിരി അവൾ കണ്ടു.
അവൾ അമ്മച്ചിയെ നോക്കി. ഓടി നടന്ന് എല്ലാ ജോലികളും ചെയ്തിരുന്ന അമ്മച്ചിയാ... ഇപ്പോൾ ആകെ ക്ഷീണിച്ചിരിക്കുന്നു. വയസ്സ് ഒരുപാട് ആയതുപോലെ. ശരിക്കും വൃദ്ധയായ പോലെ. റോയിച്ചായൻ മരിക്കും മുൻപ് വരെ അമ്മച്ചി ഇങ്ങനെ ആയിരുന്നില്ലെന്ന് അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അമ്മച്ചി കാണാതെ അത് മറയ്ക്കാൻ അവൾ ശ്രമിച്ചു.
"അമ്മച്ചി..."
"എന്റെ മോള് വല്ലാണ്ടായി..."
"അമ്മച്ചിക്കിപ്പോ പനി എങ്ങനുണ്ട്..?"
അമ്മച്ചിയുടെ പരിഭവങ്ങൾക്ക് ഇടം കൊടുക്കാതെ അവൾ ചോദിച്ചു.
"അതൊന്നും അത്രക്കില്ല മോളെ.. അമ്മച്ചിക്ക് എത്രേം പെട്ടെന്ന് പോയാ മതിനായി... ഇങ്ങനെ ഓരോന്ന് കാണണ്ടല്ലോ.."
"വെറുതെ ഓരോന്ന് പറഞ്ഞ് എന്നെക്കൂടി കരയിക്കാതെ അമ്മച്ചി.."
"നീ വരണകാര്യം ആരും അമ്മച്ചിയോട് പറഞ്ഞില്ല മോളെ.."
"ഞാൻ ആരോടും പറഞ്ഞില്ല അമ്മച്ചി.. പെട്ടെന്ന് തോന്നിയതാ വരണമെന്ന്.. അപ്പൊ തന്നെ പുറപ്പെട്ടു."
"നന്നായി.. അമ്മച്ചിക്ക് നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു."
"അതല്ലേ ഞാൻ ഓടി വന്നത്.."
പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു. അമ്മച്ചിയെ സന്തോഷിപ്പിക്കാൻ പ്രിൻസി മനപ്പൂർവം സന്തോഷം അഭിനയിച്ചു. ആനിചേച്ചിയും അതിൽ പങ്കുകൊണ്ടു.
ഏറെ വൈകാതെ അവളുടെ ചേട്ടായി പ്രിൻസ് എത്തി. വന്നപാടെ അവൻ അമ്മച്ചിയുടെ മുറിയിലേക്ക് വന്നു. അമ്മച്ചിക്കുള്ള മരുന്നും കൊണ്ടായിരുന്നു അവന്റെ വരവ്. അപ്രതീക്ഷിതമായി പ്രിൻസിയെ കണ്ടപ്പോൾ അവന് സന്തോഷമായി.
"നീ എപ്പോ വന്നു..?"
"ഉച്ചക്ക്.."
"ആഹ്... ലീവാണോ.."
"ഹ്മ്.."
"ഇരിക്ക്. ഞാൻ വേഷം മാറിട്ട് വരാം."
ആ സമയം പ്രിൻസിന്റെ മുറിയിൽ ഒരു ചർച്ച നടന്നു. പ്രിൻസി എന്നെന്നേക്കുമായി ഇവിടെ നിൽക്കാനുള്ള വരവാണോ ഇത് എന്ന് ഷേബയ്ക്ക് സംശയം തോന്നി തുടങ്ങിയിരുന്നു.
"പെങ്ങളെ കണ്ടില്ലേ...?"
"ഹ്മ്.."
"എന്താ വന്നേ എന്ന് ചോദിച്ചോ.."
പ്രിൻസ് അത്ഭുതത്തിൽ ഷേബയെ നോക്കി.
"അതിപ്പോ എന്താ ചോദിക്കാൻ... അവൾ അമ്മച്ചിയെ കാണാൻ വന്നതല്ലേ..."
"ആവോ.."
"എന്താ ഒരു ആവോ..?"
"അറിഞ്ഞൂടാത്തോണ്ട് തന്നെ."
പ്രിൻസ് മറുപടിയൊന്നും പറഞ്ഞില്ല. ഷേബാ തുടർന്നു.
"ഒരു കാര്യം ഞാൻ ഇപ്പോൾ തന്നെ പറയാം. അവള് ഇവിടെ അധിക ദിവസം നിന്നാൽ അവൾക്ക് വെച്ചുവിളമ്പാൻ ഒന്നും ഞാൻ നിൽക്കില്ല. ഞാൻ എന്റെ വീട്ടിൽ പോകും. പിന്നെ അധികംനാൾ അവളെ ഇവിടെ നിർത്താത്തതാ നിങ്ങൾക്ക് നല്ലത്. കെട്ട്യോനില്ലാത്ത പെണ്ണാ.. മക്കളും ഇല്ല. ഒടുക്കം അവള് നിങ്ങൾക്ക് ബാധ്യത ആവും. വേറെ സഹോദരങ്ങൾ ഇല്ലാത്തോണ്ട് ആർക്കും പങ്ക് വെക്കാനൊന്നും പറ്റത്തില്ല. അവള് വന്നപ്പോ ആ വേലക്കാരിയേംകൊണ്ടാ വന്നിരിക്കുന്നെ. ഇവിടെ സ്ഥിര താമസം ആക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാൻ അപ്പൊ തന്നെ പെട്ടിയെടുക്കും പറഞ്ഞില്ല എന്ന് വേണ്ട.."
ആ തലയിണമന്ത്രം ശരിക്കും ഏറ്റു. അകത്തേക്ക് പോയ പ്രിൻസ് അല്ല തിരികെ വന്നത്. ഗൗരവക്കാരനായ പുതിയ പ്രിൻസ് ആണ് വന്നത്. അവന്റെ ഭാവമാറ്റത്തിന്റെ അർത്ഥം മനസ്സിലാക്കാൻ പ്രിൻസിക്ക് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ചേടത്തിയുടെ സംഭാഷണത്തിൽ നിന്നും അവൾ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
ഒരു രാത്രിയിൽ കൂടുതൽ അവിടെ നിൽക്കാൻ അവൾക്കായില്ല. പിറ്റേന്ന് പോകുകയാണെന്ന് പറയാൻ ചെല്ലുമ്പോളേക്കും അമ്മച്ചി ഉഷാറായിരുന്നു. പോകുകയാണെന്നറിഞ്ഞപ്പോൾ അവർ പിന്നെയും തളർന്നു. കൂടെ വരുന്നോ എന്നവൾ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. അതിനും കാരണം ഉണ്ടാകുമെന്ന് അറിയാമായിരുന്നത്കൊണ്ട് അവൾ നിർബന്ധിച്ചില്ല. മാത്രവുമല്ല, തന്റെ ദുഖത്തിലേക്ക് അമ്മച്ചി കൂടി വേണ്ട എന്നവൾ ഓർത്തു.
തിരികെ വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു. തനിക്ക് എന്ന് പറയാൻ ഇനി അമ്മച്ചിയും ആനിചേച്ചിയും മാത്രമേ ഈ ഭൂമിയിൽ ഉള്ളു എന്നവൾക്ക് തോന്നി.
വീട്ടിൽ എത്തിയിട്ടും അവൾക്ക് ആ ദുഃഖം അടക്കാൻ ആയില്ല. റോയിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് അവൾ ഏറെ നേരം കരഞ്ഞു. പിന്നെ അതും നിലച്ചു. ഒരുതരം മരവിപ്പായിരുന്നു പിന്നീട്. ആ അവസ്ഥ അവളിൽ വല്ലാത്തൊരു ഭീതി ഉണ്ടാക്കി. മനസ്സ് മാറ്റാൻ അവൾ ആ വീടിന്റെ ഓരോ മുറികളിലും കയറിയിറങ്ങി.
അതിനിടയിലാണ് പഴയ ആൽബങ്ങൾ കണ്ണിൽപെട്ടത്. അവൾ ഓരോന്നായി എടുത്ത് മറിച്ചു നോക്കി. കല്യാണ ആൽബത്തിൽ റോയിയുടെ മുഖത്ത് അവൾ വിരലോടിച്ചു, കണ്ണുനീർ ആ കാഴ്ചയെ മറക്കും വരെ.
പഴയ ആൽബങ്ങളിൽ അവൾക്ക് റോയിയുടെ കോളേജ് സമയത്തെ ഒരു ഫോട്ടോ കാണാൻ ഇടയായി. തന്റെ ഇച്ചായൻ എത്ര സുന്ദരനായിരുന്നു എന്നവൾ ഓർത്തു. കീറിത്തുടങ്ങിയ ആ പഴയ ഫോട്ടോയിൽ അവൾ ഉറ്റുനോക്കി. പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. ഇസബെല്ല... ഇച്ചായന്റെ കോളേജ് ഗ്രൂപ്പ് ഫോട്ടോയിൽ അവൾ. ഇസബെല്ല... സംശയത്തെ തീർക്കാൻ അവൾ ആ പഴയ പത്രം എടുത്ത് കൊണ്ടുവന്ന് ഒത്തു നോക്കി. അതെ സംശയമില്ല. ഇതവൾ തന്നെ. രണ്ടു ചിത്രങ്ങളിലേക്കും മാറി മാറി നോക്കിയ പ്രിൻസിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു. ഒന്നിനും ഉത്തരമില്ലാതെ അവൾ ആ ചിത്രങ്ങളിലേക്ക് നോക്കി ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo