Slider

തേപ്പ്

0

Image may contain: 1 person, closeup


രാവിലെ, മുട്ടയിട്ടു കഴിയുമ്പോൾ ഉണ്ടാകുന്ന കോഴിയുടെ ബഹളം കേട്ടിട്ട്, വെളുപ്പാൻ കാലത്തെ മനോഹരമായ സ്വപ്നം തടസ്സപ്പെട്ടതിന്റെ അരിശത്തിൽ, കോഴിക്ക് മുട്ടയിടാൻ കണ്ട നേരം എന്നു പിറുപിറുത്തു കൊണ്ടാണ്, ഹരി, ഇഷ്ടമില്ലാഞ്ഞിട്ടും കണ്ണു വലിച്ചു തുറന്നത്.
അപ്പോൾ, കണി കണ്ടത്, പെരുന്നാൾക്കും , ഉത്സവങ്ങൾക്കും കെട്ടുന്ന അരിങ്ങു മാതിരി , മുറിയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ വലിച്ചു കെട്ടിയിരിക്കുന്ന അയയിൽ , ഹാങ്കറിൽ തൂക്കിയിട്ടിരിക്കുന്ന പാന്റുകളും, ഷർട്ടുകളുമാണ്. ഇത് പതിവില്ലാത്തതാണ്. അയേൺ ചെയ്തു മടക്കി അലമാരയിൽ ആണ് ശ്യാമ വയ്ക്കാറുള്ളത്.
ജോലിക്ക് പോകുമ്പോൾ അലമാരയിൽ നിന്ന് ചുളിവില്ലാതെ തേച്ചു മടക്കി വച്ച ഷർട്ടും പാന്റും ഇട്ടിട്ട് , രാവിലെ എഴുന്നേല്ക്കുമ്പോൾ കൂടെ എഴുന്നേല്ക്കാത്ത ആത്മവിശ്വാസം, കണ്ണാടിയിൽ നോക്കി, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു , കുറച്ചു നേരം നോക്കി നിന്നിട്ടാണ് വരുന്നതു തന്നെ.
അതൊക്കെ ഓർത്ത്, അപ്പോൾത്തന്നെ ശ്യാമയെ ഹരി വിളിച്ചു.
ശ്യാമേ... എടി ശ്യാമേ....
ശ്ശെടാ... അവൾ എവിടെ പോയി കിടക്കുന്നു. ഹരി ഒന്നു കൂടെ ഉറക്കെ വിളിച്ചു അല്ല അലറി വിളിച്ചു,
ശ്യാമേ.... മേ.... നീ എവിടെപ്പോയി കിടക്കാ..?
അപ്പോഴും ശ്യാമയുടെ ശബ്ദം കേട്ടില്ല .
ഹരി അരിശപ്പെട്ട് എണീറ്റ് , മുണ്ട് മടക്കി കുത്തി, ശ്യാമയെ അന്വേഷിച്ചു അടുക്കളയിലേക്ക് പോയി. ശ്യാമ അവിടെയുണ്ടായിരുന്നില്ല. ഗ്യാസ് സ്റ്റൗവിൽ പാല് തിളച്ചു പൊന്തി വരുന്നുണ്ടായിരുന്നു. ഹരി ഓടി വന്ന് സ്റ്റൗ ഓഫാക്കി.
ഇവളെവിടെ പോയി കിടക്കാ...?
ശ്യാമേ.. എടി ശ്യാമേ... ഈ പെമ്പ്രന്നോള് വിളി കേൾക്കത്തില്ലേ.. പിറുപിറുത്തു കൊണ്ട് അടുക്കള വാതില്ക്കലേക്ക് വന്നിട്ട് മുറ്റത്തേക്ക് നോക്കി.
അപ്പോൾ ശ്യാമ, കോഴിക്കൂട്ടിൽ കോലെടുത്ത് , അകത്തേക്ക് ഇട്ട് മുട്ട തോണ്ടി എടുക്കാനുളള ശ്രമത്തിലാണ്.
അതിൽ വിജയിച്ച ശ്യാമ മുട്ടയെടുത്തിട്ട് തിരിഞ്ഞപ്പോൾ അടുക്കള വാതില്ക്കൽ നില്ക്കുന്ന ഹരിയെ കണ്ടു.
എന്താണ് ഹരിയേട്ടാ തുറിച്ചു നോക്കുന്നേ..?
എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു ..? നിനക്ക് വിളി കേൾക്കാൻ മേലേ...? ഹരി ദേഷ്യപ്പെട്ട് കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.
ഞാൻ കൂട്ടിൽ നിന്ന് മുട്ടയെടുക്കാൻ പോയതല്ലായിരുന്നോ... എടുക്കാൻ വൈകിയാൽ ആ കള്ള കാക്ക അത് കൊത്തിക്കൊണ്ടു പോകും, അതോണ്ടല്ലേ... ഇനി പറ, ഹരിയേട്ടനെന്തിനാ എന്നെ വിളിച്ചെ ...? ഹരിയുടെ ദേഷ്യത്തോടെയുള്ള തുറിച്ചു നോട്ടവും, ചോദ്യവും കണ്ട് ശ്യാമയുടെ ഉള്ളിന്റെ ഉള്ളിൽ നാഗവല്ലി ഉണർന്നെങ്കിലും, അതിനെ സമാധാനിപ്പിച്ച് , വാക്കുകളിൽ തേൻ പുരട്ടി കൊണ്ട് ശ്യാമ ഹരിയോട് ചോദിച്ചു.
എടീ ശ്യാമേ... ഞാൻ ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നു നോക്കിയപ്പോൾ , തോരണങ്ങൾ തൂക്കിയിട്ടിരിക്കുന്നതാണല്ലോ കണി കണ്ടത്..?
തോരണങ്ങളോ ..?
എടീ, എന്റെ ഷർട്ടുകളും, പാന്റുകളും...
ആ .. അതാണോ കാര്യം..?
അതെ , അതു തന്നെ കാര്യം.. ഇതു പതിവില്ലാത്തതല്ലേ... സാധാരണ ഞാൻ അലമാരിയിലേ തേച്ചു വച്ച ഡ്രസ്സുകൾ കാണാറുള്ളൂ .
ങ്ഹാ... ഇന്നു മുതൽ പതിവങ്ങനെ മാറ്റി. ഇനി അലമാരയിൽ കാണണമെന്നുണ്ടെങ്കിൽ തന്നെത്താനെ അയേൺ ചെയ്തു വച്ചോ .. എന്നെക്കൊണ്ട് പറ്റുകേല. ശ്യാമ അങ്ങനെപ്പറഞ്ഞു കൊണ്ട് അകത്തേക്ക് കേറിപ്പോയി.
ആഹാ.. അത്രയ്ക്കായോ, ടി ശ്യാമേ.., നീ ഈ നിലപാട് എടുക്കുന്നത് ശരിയല്ലാട്ടോ ..?
എന്തു നിലപാട്..?
ഇപ്പം നീ പറഞ്ഞത്..
ആഹാ .. ഞാൻ പറയുന്നതാണ് കുഴപ്പം അല്ലേ. ? ഇന്നലെ രാത്രി നിങ്ങൾ എന്തൊക്കെയാ പറഞ്ഞത് .? ശ്യാമയുടെ ഉള്ളിൽ നാഗവല്ലി എന്തിനും തയ്യാറായിക്കഴിഞ്ഞു.
ഞാനെന്തു പറഞ്ഞൂന്നാണ് നീ പറയുന്നത്..? രാത്രി നടന്ന കാര്യങ്ങൾ ഹരി കൂലങ്കഷമായി ചിന്തിച്ചു .
ഇന്നലെ ഒരു റിട്ടയർമെന്റ് ഫങ്ക്ഷനുണ്ടായിരുന്നു. സഹപ്രവർത്തകർ നിർബന്ധിച്ചപ്പോൾ, കുറച്ചു അല്ല അല്പം കൂടുതൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സ്വന്തം വീട് കണ്ടു പിടിച്ചു വരാനുള്ള ബോധമൊക്കെ ഉണ്ടായിരുന്നു.
വീട്ടിലേക്ക് വന്നപാടെ ശ്യാമ എന്തെക്കെയോ ചോദിച്ചു, എന്തൊക്കെയോ മറുപടി പറഞ്ഞു. പിന്നെ വസ്ത്രം മാറി കിടന്നതു വരെ ഓർമ്മയുണ്ട്. പിന്നെ ഒന്നും ഓർമ്മയില്ല.
വെള്ളമടിച്ചു വന്നിട്ട് നിങ്ങൾക്ക് ഒന്നും ഓർമ്മയില്ലല്ലേ..? നിനക്ക് ഈ വീട്ടിൽ എന്തു പണിയാണ് ഉള്ളത് എന്നു ചോദിച്ചില്ലേ... മനുഷ്യാ..? നിങ്ങൾ എനിക്കു തന്ന രണ്ടു തൈകളെയും, നിങ്ങളേയും... ഞാനെങ്ങിനെയാ പരി പാലിക്കുന്നത് എന്ന് ഓർത്തിട്ടുണ്ടോ... മനുഷ്യാ..? നിങ്ങൾക്ക് രാവിലെ ചായയും പലഹാരങ്ങളും, ഉച്ചയ്ക്ക് പൊതിച്ചോറും തന്നു വിടുമ്പോൾ , ഇതൊക്കെ എങ്ങനെയുണ്ടാകുന്നു എന്നോർത്തിട്ടുണ്ടോ മനുഷ്യാ...? രാത്രി അത്താഴം കഴിഞ്ഞാൽ എല്ലാവരുടേയും എച്ചിൽ പാത്രങ്ങളും , അടുക്കളയും മറ്റും വ്യത്തിയാക്കി ' ശ്യാമ' എന്നു വിളിപ്പേരുള്ള ഈ ഞാൻ എപ്പോഴാണ് വന്നു കിടക്കുന്നത് എന്നു ശ്രദ്ധിച്ചുണ്ടോ മനുഷ്യാ...? ശ്യാമ കൊടുങ്കാറ്റായി വീശി കൊണ്ടിരിക്കുകയാണ്.
ഇത്രയും നാളും എന്നെ ഹരിയേട്ടാ .. എന്നേ തേൻ പുരട്ടി വിളിച്ചിട്ടുള്ളൂ. ദേ അതെല്ലാം പോയി.. മനുഷ്യാ.. എന്നുള്ള വിളി വന്നു കഴിഞ്ഞു. ഇനി അധികനേരം നിന്നാൽ മനുഷ്യാ.. എന്നുള്ള വിളി മാറി വേറെ വല്ലതുമൊക്കെ , വേണ്ടിവന്നാൽ വിളിക്കാൻ തയ്യാറായി നില്ക്കുകയാണ് അവൾ. നാട്ടാരും, അയല്വക്കത്തുള്ളോരും ശ്രദ്ധിക്കുന്നതിനു മുന്നേ ഇവിടെ നിന്നും സ്കൂട്ടാവണം എന്ന് ചിന്തിച്ചു കൊണ്ട് ഹരി വേഗം ശ്യാമയുടെ അടുത്തു നിന്നും മുങ്ങി.
ഹൊ! രാവിലെത്തന്നെ വയറു നിറഞ്ഞു. പല്ലുതേച്ചു, നാക്കു വടിച്ചു, മുഖം ഒന്നു കഴുകിയേച്ചു വന്നു, അയയിൽ തൂക്കിയിട്ടിരിക്കുന്ന തോരണങ്ങൾ കണ്ടപ്പോൾ, ഹരി, ഇതൊക്കെ എനിക്കു വളരെ നിസ്സാരം എന്നു പറഞ്ഞു, ഒരെണ്ണമെടുത്തു തേക്കുവാൻ തുടങ്ങി.
അത് തേച്ചു കഴിഞ്ഞപ്പോൾ തന്നെ ഹരിക്ക് മടുത്തു തുടങ്ങി.
ഹൊ. .ആവിയെടുക്കുന്നു, കാല് കഴക്കുന്നു. അപ്പോൾ ശ്യാമ എത്ര ബുദ്ധിമുട്ടിയായിരിക്കും , എന്റേയും, പിള്ളേരുടേയും ഡ്രസ്സുകൾ തേക്കുന്നുണ്ടാവുക, എന്ന് ഓർത്തുകൊണ്ട്, ഹരി അടുത്ത ഷർട്ട് തേക്കാനെടുക്കുമ്പോൾ ഒരു മൂളിപ്പാട്ടു മൂളി,
" തേച്ചില്ലെ പെണ്ണേ, തേച്ചില്ലെ പെണ്ണേ
തേപ്പുപ്പെട്ടി പോലെ വന്നിട്ടെന്നെ "
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo