നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരിശുദ്ധ പ്രണയം

Image may contain: 1 person, smiling

Download Nallezhuth Android App and get updated with new posts

തണുപ്പുള്ള ആ രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവളാണെങ്കില്‍ ചുമരിനോട് ചേര്‍ന്ന് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു.
പെട്ടെന്നാണ് തൊട്ടിലില്‍ കിടന്ന മോന്‍ കരഞ്ഞതും , അവള്‍ ഞെട്ടിയുണര്‍ന്നതും.
എണീറ്റപാടെ അവളാദ്യം നോക്കിയത് എന്നെയാണ്. എന്നിട്ടൊരു ചോദ്യം , നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാന്ന്.
ഞാനാ മുഖത്തേക്ക് ദയനീയമായി നോക്കി.
നോട്ടം കണ്ടപ്പോള്‍ ഒരു ദയയുമില്ലാതെ അവള്‍ പറഞ്ഞു , എന്നോടൊന്നും പറയണ്ട , ഞാന്‍ സമ്മതിക്കൂല്ലാന്ന്....!
നിരാശനായി തിരിഞ്ഞു കിടന്ന എന്‍റെ നേര്‍ക്ക് വീണ്ടും ആ വായയില്‍ നിന്നും മണി മുത്തുകളൊഴുകി.
'' കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ ഞാന്‍ നിങ്ങളോട് പറഞ്ഞതാണ് , അന്ന് നിങ്ങള്‍ സമ്മതിക്കുകയും ചെയ്തതാണ്, ഇനിയെങ്ങാനും വാക്കു മാറ്റിയാല്‍ ''
പറഞ്ഞ് മുഴുമിക്കാത്ത ആ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ പുതപ്പാല്‍ മുഖം മൂടി.
ഓര്‍മ്മകള്‍ ഒരു വര്‍ഷം പുറകിലേക്കോടുകയായിരുന്നു.
അന്നൊരു തുലാ മാസത്തിലായിരുന്നു ഞങ്ങളുടെ കല്ല്യാണം.
ആദ്യരാത്രിയില്‍ എന്നരികിലേക്ക് വരുമ്പോള്‍ എന്തൊരു നാണമായിരുന്നു അവള്‍ക്ക്....!
പക്ഷെ ആ നാണം അധിക നേരം നീണ്ട് നിന്നില്ല.
പാല്‍ ഗ്ലാസ്സ് എന്‍റെ നേര്‍ക്ക് നീട്ടി അവളൊരൊറ്റ ചോദ്യമായിരുന്നു , ചേട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന്.
കള്ളം പറഞ്ഞാല്‍ കണ്ണില്‍ കുരു വരുമെന്ന് പഠിപ്പിച്ച വിലാസിനി ടീച്ചറുടെ മുഖമായിരുന്നപ്പോ മനസ്സില്‍.
ജാള്യതയോടെ ഞാന്‍ പറഞ്ഞു , ഉണ്ടായിരുന്നു എന്ന്.
അത് കേട്ടപ്പോള്‍ ഒരു ഭാവ മാറ്റവും ആ മുഖത്ത് കണ്ടില്ല.
അല്പ നേരത്തെ നിശബ്ദതക്കൊടുവില്‍ നിരാശയോടെ അവള്‍ പറഞ്ഞു , എനിക്കും ഉണ്ടായിരുന്നു ചേട്ടാ ഒരു പ്രണയമെന്ന്.....!
കുടിച്ച പാല് ഒരു നിമിഷത്തേക്ക് എന്‍റെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു.
തങ്ങിയ പാല് മെല്ലെ, മെല്ലെ ഇറക്കി പാല്‍ ഗ്ലാസ്സ് ഞാന്‍ അവള്‍ക്ക് നീട്ടി.
ഒരു നിമിഷം നിശബ്ദമായിരുന്നു ആ മുറി.
പെട്ടെന്നാണ് എന്‍റെ സകല നാഡീഞരമ്പുകളും തളര്‍ത്തും വിധം അവള്‍ ഒരാഗ്രഹം പറഞ്ഞത് .
' നമുക്കുണ്ടാവുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അയാളുടെ പേരിടണമെന്ന് '....!
എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. അവളപ്പോ കട്ടിലില്‍ വിതറിയ മൂല്ലപ്പൂവിലേക്ക് നോക്കിയിരുന്ന് പതിയെ കിതക്കുകയായിരുന്നു.
ആ മുഖത്ത് വേദനയും നിരാശയും ഞാന്‍ കണ്ടു.
അവളുടെ ചേഷ്ടകള്‍ ഞാന്‍ സാകൂതം വീക്ഷിച്ചു.
പെരുമാറ്റത്തിലെന്തോ പന്തികേടുള്ളത് പോലെ തോന്നി.
വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞാലോന്നാലോചിച്ചു. നാണക്കേടോര്‍ത്തപ്പോള്‍ അത് വേണ്ടാന്ന് വച്ചു.
അവളുടെ കൂടെ ഒരു കട്ടിലില്‍ കിടക്കുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മെല്ലെ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങാന്‍ ശ്രമമാരംഭിച്ചു.
അതിനിടയില്‍ നിഷ്കളങ്ക ഭാവത്തോടെ അവള്‍ പറഞ്ഞു , പെണ്‍കുട്ടിയാണ് ഉണ്ടാവുന്നതെങ്കില്‍ ചേട്ടന്‍റെ കാമുകിയുടെ പേരിട്ടോ എന്ന്.....!
അതും കൂടി കേട്ടപ്പോള്‍ ഞാനവിടെ തരിച്ചിരുന്ന് പോയി.
പെട്ടെന്നാണ് അവളുടെ കയ്യിലുള്ള കുപ്പി ഗ്ലാസ്സ് കണ്ണില്‍പ്പെട്ടത്. തഞ്ചത്തിലത് വാങ്ങി. സുരക്ഷിതമായി ടേബിളിലേക്ക് വച്ചു.
ഈ സമയത്ത് സംയമനം പാലിക്കലാണ് ഫലപ്രദമായ വഴിയെന്ന് മനസ്സിലാക്കിയ ഞാന്‍ എല്ലാം സമ്മതമാണെന്ന മട്ടില്‍ തലയാട്ടി .
മെല്ലെ കട്ടിലിന്‍റെ മൂലയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോഴും ചെവി രണ്ടും കൂര്‍പ്പിച്ച് വെക്കാന്‍ ഞാന്‍ മറന്നില്ല.
പക്ഷെ ആദ്യരാത്രിയില്‍ കണ്ട ആളേ ആയിരുന്നില്ല പിന്നീടുള്ള ദിവസങ്ങളില്‍ . ചായ കൊണ്ടു തരുന്നു , പേസ്റ്റും ബ്രഷും കൊണ്ട് തരുന്നു , തലയില്‍ എണ്ണയിട്ട് തരുന്നു , നടുപ്പുറത്ത് സോപ്പ് തേച്ച് തരുന്നു , തലയില്‍ മസ്സാജ് ചെയ്ത് തരുന്നു . ഒന്നും പറയണ്ട , സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും അവളെന്നെ ശരിക്കും ഞെട്ടിക്കുകയായിരുന്നു.
അതിനിടയില്‍ ഇങ്ങനെയൊരു ഭാര്യയെ ഗര്‍ഭിണിയാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം പൂ നുള്ളണ പോലെ എളുപ്പമമായിരുന്നു......!
മസാലദോശയും എരിവുള്ള ബിസ്ക്കറ്റും തിന്ന് , തിന്ന് ഒമ്പതാം മാസം തന്നെ പ്രസവം നടന്നു.
എന്‍റെ ഈ കയ്യിലേക്ക് ഒരാണ്‍കുഞ്ഞിനെ സമ്മാനിച്ച അവളുടെ നെറ്റിയെ ഞാന്‍ ചുംബനം കൊണ്ട് മൂടി.
കളിയും ചിരിയും കുറുമ്പുമായി അവന്‍ ഞങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാക്കി.
ഞങ്ങളവനെ മത്സരിച്ച് സ്നേഹിച്ച് തുടങ്ങിയ സമയത്താണ് പേരിടല്‍ ചടങ്ങ് നടത്തണമെന്ന് കാരണവന്‍മാര് പറഞ്ഞത്.
പണിക്കരുടെ അടുത്ത് പോയി ചടങ്ങിന് തീയ്യതി കുറിച്ച് വാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ എല്ലാവരും കൂടി കൊലായിലിരുന്ന് പേര് കണ്ട് പിടിക്കുന്ന തിരക്കിലായിരുന്നു.
പക്ഷെ അവളെ മാത്രം ആ കൂട്ടത്തില്‍ കണ്ടില്ല .
മുറിയിലേക്ക് ചെന്ന് കാര്യമന്യേഷിച്ചപ്പോള്‍ അഴിച്ചിട്ട മുടിയാലേ ഉറഞ്ഞ് തുള്ളി അവള്‍ ചോദിച്ചു , പേരിന്‍റെ കാര്യം പണ്ട് ഞാന്‍ പറഞ്ഞതല്ലേ , എല്ലാം നിങ്ങള്‍ മറന്നോ എന്ന്....!
ഉമിനീരിറക്കി ഞാന്‍ കണ്ണ് തുറിച്ച് നിന്നു....!
ആദ്യരാത്രിയില്‍ പറഞ്ഞ കാര്യം അവളിപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ എനിക്കത്ഭുതം തോന്നി.
സ്നേഹം കൊണ്ടെന്നെ പൊതിയുമ്പോഴും അവളുടെ മനസ്സില്‍ ആദാനുരാഗത്തിന്‍റെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് എന്നെ തെല്ലൊന്ന് തളര്‍ത്തി.
പുറകെ നടന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാനാണീ പുതപ്പ് തല വഴി മൂടി കിടക്കുന്നത് എന്ന ബോധം എന്നെ ഓര്‍മ്മകളില്‍ നിന്ന് തട്ടിയുണര്‍ത്തി.
നാളെയാണ് പേരിടല്‍ ചടങ്ങ്.
പുതപ്പ് മാറ്റി ഞാന്‍ ഒന്നൂടെ അവളെ നോക്കി . മോനെ തൊട്ടിലിലിട്ടുറക്കി അവളും ഉറങ്ങി കഴിഞ്ഞിരുന്നു.
ബന്ധുക്കാരും അയല്‍ക്കാരും രാവിലെ തന്നെ എത്തി.
നിലവിളക്കും നിറപറയും അലങ്കരിച്ച പുല്‍പ്പായയില്‍ കുഞ്ഞിനെ മടിയിലിരുത്തി കാരണവര് ഇരുന്നു . അരികിലായി അവളുമുണ്ടായിരുന്നു.
മുഹൂര്‍ത്തമായപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അവളിലേക്കായി . അവളെന്നെ ഒന്ന് നോക്കി. മെല്ലെ കുഞ്ഞിന്‍റെ കാതോരം ചെന്നവള്‍ ചുണ്ട് ചേര്‍ത്തു . പതിയെ മന്ത്രിച്ചു ,
' അരുണ്‍ കുമാര്‍ ' എന്ന്.
പേര് ചൊല്ലി എണീറ്റ അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു . ആ ചുണ്ടുകള്‍ വിറകൊള്ളുന്നതും കണ്ടു.
കാതോരം ചുണ്ടു ചേര്‍ന്ന നിര്‍വൃതിയില്‍ സന്തോഷത്തോടെ കുഞ്ഞ് കൈകാലിട്ടടിച്ചു
എന്‍റെ ചങ്കൊന്ന് പിടഞ്ഞു...!
അരുണ്‍ കുമാര്‍ എന്ന പേര് എന്‍റെ ഈ ചെവിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.
സകലരും ഏറ്റു ചൊല്ലി ആ പേര് .ആ മുഖങ്ങളിലെല്ലാം സന്തോഷം കളിയാടി...
അവളെന്നെ ഒളികണ്ണാലേ നോക്കുന്നുണ്ടായിരുന്നു.
സന്തോഷം മുഖത്ത് വരുത്താന്‍ പാടുപെടുന്നതിനിടയിലാണ് മോന്‍റെ കരച്ചില്‍ കേട്ടത്.
വാരിയെടുത്ത് ലാളിച്ചിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.
അത് കണ്ടപ്പോള്‍ വല്ല്യമ്മ അവളോട് പറഞ്ഞു , അരുണ്‍ കുമാറിന് ഇച്ചിരി പാല് കൊടുക്ക് മോളേന്ന്.......!
എന്താന്നറിയില്ല, അത് കേട്ടതും ചെക്കന്‍ കരച്ചില്‍ നിര്‍ത്തി ചിരിക്കാന്‍ തുടങ്ങി....!
എന്‍റെ കയ്യില്‍ നിന്ന് മോനെ വാങ്ങാന്‍ കൈ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് നാണവും വിമ്മിഷ്ടവും കണ്ടു.
എന്‍റെ മുഖത്ത് നോക്കാതെ മോനെയുമെടുത്ത് പാല് കൊടുക്കാനായി അവള്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ നിന്നു....!
എന്നും എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങാറുള്ള ചെക്കന്‍ അന്ന് മുതല്‍ എന്‍റെ തലവെട്ടം കണ്ടാല്‍ അപ്പോ കരയാന്‍ തുടങ്ങും.
അഥവാ അവനെയൊന്നെടുത്താല്‍ അപ്പോള്‍ തന്നെ ദേഹത്ത് ഒന്നും രണ്ടും സാധിക്കും.
എണ്ണതേച്ച് കുളിപ്പിക്കുമ്പോഴെങ്ങാനും ഞാനൊന്ന് നോക്കിപ്പോയാല്‍ ചെക്കനപ്പോ കാറി വിളിക്കും.
എങ്കിലും ഞാനവനെ കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ചു.
അവളാണേല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും അമ്പിനും വില്ലിനും അടുത്തില്ല....!
പതിവായി ഞാന്‍ കൊണ്ട് കൊടുക്കാറുള്ള പരിപ്പു വടയും പഴം പൊരിയും പശൂന്‍റെ കാടി വെള്ളത്തില്‍ കിടക്കണത് കണ്ട് പലവട്ടം എന്‍റെ അണ്ണാക്കിലെ പിരി വെട്ടി.
ഒരു പെണ്‍കുഞ്ഞ് കൂടി വന്നാലേ , ആ കുഞ്ഞിന് എന്‍റെ പഴയ കാമുകിയുടെ പേരിട്ടാലേ ഈ വീട്ടില്‍ സമത്വം പുലരുകയുള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.
അതിനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്....!
രണ്ടാമതൊരു കുട്ടിയുടെ ആവശ്യകതയെ കുറിച്ച് ഞാന്‍ എപ്പോ പറയാന്‍ തുടങ്ങിയാലും അപ്പോഴേക്കും അവള്‍ കൂര്‍ക്കം വലിച്ചുറങ്ങിയിട്ടുണ്ടാവും.
ഗത്യന്തരമില്ലാതെ ഞാന്‍ തറയില്‍ കിടന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പാതി സമ്മതം മൂളി.
പിന്നീടങ്ങോട്ടുള്ള രാത്രികള്‍ കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു.
ചെക്കനാണേല്‍ നിര്‍ണ്ണായക സമയം നോക്കി ഉണര്‍ന്നിട്ടുറക്കെ കരയാന്‍ തുടങ്ങും....!
അവളാണേല്‍ ആ കരച്ചില്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നത് പോലെയാണ്.....!
പിന്നെ താരാട്ട് പാട്ടായി, ലാളിക്കലായി, പാലൂട്ടലായി.
ഞാനാ സമയം ചുമരില്‍ കറങ്ങണ ഫാനും നോക്കി കമിഴ്ന്ന് കിടന്നുറങ്ങും.
ഇവര് രണ്ടു പേരും തമ്മിലുള്ള ഒത്തുകളിയാണോ ഈ കരച്ചില്‍ എന്ന് പലപ്പോഴും ഞാന്‍ സംശയിച്ചിട്ടുണ്ട്.
പക്ഷെ ഞാന്‍ തളര്‍ന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ കര്‍മ്മമേഖലയില്‍ വ്യാപൃതനായി.
ഒരു ദിവസം അമ്മികല്ലിന്‍റെ അരികില്‍ നിന്ന് അവള്‍ ഓക്കാനിക്കുന്നത് കണ്ടപ്പോഴാണ് കഷ്ടപ്പാടിന് ഫലമുണ്ടായി എന്ന് ഞാന്‍ മനസ്സിലാക്കിയത്.
പിന്നീടങ്ങോട്ട് ഞാനുരുളാത്ത അമ്പലങ്ങളില്ല , ചെയ്യാത്ത വഴിപാടില്ല....!
അവളുടെ വയറ് കണ്ടിട്ട് വല്ല്യമ്മയാണ് പറഞ്ഞത് , ഇത് പെണ്‍കുട്ടി തന്നെയാന്ന്.
അത് കേട്ടതിന് ശേഷം എന്നും രാത്രി അവളുറങ്ങി കഴിഞ്ഞാല്‍ ഞാന്‍ മെല്ലെ അവളുടെ വയറ്റിനരികിലേക്ക് ചെന്ന് ചെവിയോര്‍ക്കും.
ചവിട്ടും കുത്തും ഇല്ലാതെ വളരെ ശാന്തമായിരുന്നു അവിടം .അതെന്നെ അനന്ദചിത്തനാക്കുമായിരുന്നു.
ഒടുവില്‍ ഒമ്പതാം മാസത്തില്‍ തന്നെ അവളെ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി വരാന്തയില്‍ വെപ്രാളം പൂണ്ട് നടന്ന എന്‍റെ മുന്നിലേക്കാണ് മാലാഖയെ പോലെ ആ നേഴ്സ് വന്ന് പറഞ്ഞത് , ഭാര്യ പ്രസവിച്ചു , പെണ്‍കുട്ടിയാണെന്ന്.
വീണ്ടും ഞാന്‍ അവളുടെ നെറ്റിയെ ചുംബനം കൊണ്ട് മൂടി.
സന്തോഷം ഇരട്ടിയായ നാളുകളായിരുന്നു പിന്നീട്.
പക്ഷെ ഓരോ ദിവസം കഴിയും തോറും എന്‍റെ പ്രിയതമയുടെ മുഖത്തൊരു മ്ലാനത തെളിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു.
അവള്‍ അപ്പോഴേക്കും മകളെ അമ്മു എന്ന് ഓമനപ്പേരിട്ട് വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്നെ കാണുമ്പോള്‍ ആ വിളി കൂടി.....!
അധികം വൈകാതെ മകള്‍ടെ പേരിടല്‍ ചടങ്ങും സമാഗതമായി. പണിക്കരുടെ അടുത്ത് പോയി സമയം കുറിച്ചു.
വീണ്ടും നിലവിളക്കും നിറപറയും പുല്‍പ്പായയില്‍ ഒരുങ്ങി . കാരണവര് മകളെ മടിയിലിരുത്തി. തൊട്ടരികില്‍ ഊഴം കാത്ത് ഞാന്‍ നിന്നു.
എല്ലാവരുടേയും ശ്രദ്ധ എന്‍റെ നേര്‍ക്കായിരുന്നു.ഞാനവളെ ഒന്ന് നോക്കി. അവളെന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
സമയമായപ്പോള്‍ ഞാനരികിലേക്ക് ചെന്നു. ആ കാതോരം ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു ,
' പാര്‍വ്വതി' എന്ന്.....!
എന്താന്നറിയില്ല , ആ പേര് ചൊല്ലിയപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിറകൊണ്ടു.....!
മെല്ലെ വന്നവള്‍ മകളെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
പക്ഷെ മകള്‍ ഉറക്കെ കരഞ്ഞ് എന്‍റെ നേര്‍ക്ക് ചാടുകയായിരുന്നു.
അത് കണ്ട് വല്ല്യമ്മ എന്നോട് പറഞ്ഞു , പാര്‍വ്വതിയെ കൊണ്ട് പോയി ഉറക്ക് മോനേന്ന്.....
ഞാനീ നെഞ്ചില്‍ ചേര്‍ത്ത് വച്ച് മൂളിപ്പാട്ട് പാടിയുറക്കുമ്പോള്‍ ദൂരെ നിന്ന് രണ്ട് കണ്ണുകള്‍ പരിഭവത്തോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
പിന്നെ മോളെന്നും എന്‍റെ ഈ നെഞ്ചില്‍ കിടന്നേ ഉറങ്ങാറുള്ളൂ.
പാര്‍വ്വതിയുടെ കാലില്‍ ഒരു വെള്ളിക്കൊലുസ്സ് ഞാന്‍ കെട്ടിക്കൊടുത്തു.
എന്നും പുലര്‍കാലെ പാര്‍വ്വതിയുടെ പാദങ്ങളില്‍ ഞാന്‍ ചുംബിച്ചു.
അതിനിടയില്‍ പ്രതിസന്ധികളും പ്രയാസങ്ങളുമായി ജീവിതം മുന്നോട്ട് പോയി. താങ്ങും തണലുമാവുമെന്ന് കരുതിയ ആരെയും ആ വഴിക്ക് കണ്ടില്ല. എന്നും എന്നെയും കാത്ത് ഉമ്മറപ്പടിയിലിരിക്കാന്‍ എന്‍റെ പ്രിയതമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തീരെ തളര്‍ന്നെന്ന് തോന്നുമ്പോള്‍ അവളെന്നെ ചേര്‍ത്ത് പിടിക്കും . ഒരു കൊച്ചു കുഞ്ഞിനെ പോലെന്‍റെ മുടിയില്‍ തലോടും. ഒട്ടും പതറാതെ എന്‍റെ കണ്ണില്‍ നോക്കി ധൈര്യം തരും. എന്‍റെ കാലിടറുമ്പോള്‍ കൈതാങ്ങാവും.
എല്ലാ പ്രതിസന്ധിയിലും അതൊന്നുമറിയിക്കാതെ മക്കളെ ഞങ്ങള്‍ രാജകുമാരനും രാജകുമാരിയുമായി വളര്‍ത്തി.
കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ച എന്‍റെ മോനെ എന്ന് മുതലാണ് ഞാന്‍ അരുണ്‍ എന്ന് വിളിച്ച് തുടങ്ങിയത് എന്നെനിക്കോര്‍മ്മയില്ല.......!
അമ്മു എന്ന് ഓമനപ്പേരിട്ട് വിളിച്ച മോളെ അവള്‍ എന്ന് മുതലാണ് പാര്‍വ്വതി എന്ന് വിളിച്ച് തുടങ്ങിയതെന്നും എനിക്കോര്‍മ്മയില്ല.....!
പക്ഷെ ആ പേരുകളെ പതിയെ പതിയെ ഞങ്ങള്‍ സ്നേഹിച്ച് തുടങ്ങുകയായിരുന്നു.
എന്‍റെ നെഞ്ചിലുറങ്ങാന്‍ രണ്ടു മക്കളും മത്സരമായിരുന്നു. അതു കാണുമ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ അവളും ഇത്തിരി സ്ഥലം തേടി എന്നരികിലേക്ക് വരും.
ഒരു നിലാവുള്ള രാത്രിയില്‍ ഞാനവളോട് ചോദിച്ചു , നീ ഇപ്പോഴും അയാളെ ഓര്‍ക്കുന്നുണ്ടോന്ന്..... ?
അതെ എന്നായിരുന്നു മറുപടി .......!
എന്നില്‍ മൗനം നിറഞ്ഞു . ഒരു ദീര്‍ഘനിശ്വാസത്തില്‍ ഞാനെന്‍റെ വേദനയെ ഒതുക്കി.
അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു . പതിയെ അവളെന്‍റെ കാതില്‍ വന്ന് പറഞ്ഞു , എന്‍റെ സ്നേഹം തിരിച്ചറിയാതെ പോയ അയാളോട് എനിക്ക് സ്നേഹം മാത്രമല്ല , കടപ്പാട് കൂടിയുണ്ട് , അയാളങ്ങനെ ചെയ്തത് കൊണ്ടല്ലേ എനിക്കെന്‍റെ ഈ ഏട്ടനെ കിട്ടിയതെന്ന്.....!
അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആഭിമാനത്താല്‍ എന്‍റെ കണ്ണും നിറയാന്‍ തുടങ്ങിയിരുന്നു.
പരിശുദ്ധമായ എന്‍റെ പ്രണയം തട്ടിത്തെറിപ്പിച്ച് പോയ പാര്‍വ്വതിയോട് എനിക്കിന്നും സ്നേഹമാണ് , തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എന്ന് എനിക്കും പറയണമെന്നുണ്ടായിരുന്നു.
പക്ഷെ ഞാന്‍ പറഞ്ഞില്ല.
പകരം ഞാനെന്‍റെ പ്രിയതമയുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു
പറയാനുള്ളത് എന്‍റെ കണ്ണുകളില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാവണം അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.
അപ്പോഴേക്കും വികൃതികള്‍ രണ്ടും ഉണര്‍ന്നിരുന്നു. കുറുമ്പു കാട്ടി രണ്ടാളും എന്‍റെ നെഞ്ചിലേക്ക് ചാടി കയറിയപ്പോള്‍ പൊട്ടിച്ചിരിയോടെ ഞാന്‍ നാലു പേരേയും ചേര്‍ത്ത് പുതപ്പാല്‍ മൂടി.
ആ പുതപ്പിനുള്ളില്‍ ഞങ്ങളും ഞങ്ങളുടെ പരിശുദ്ധ പ്രണയവും സ്നേഹവും വാത്സല്ല്യവുമായി പുനര്‍ജ്ജനി തേടുകയായിരുന്നു.........!

By: Magesh Boji

1 comment:

  1. പഴയ കാല ഓർമകളിലേക്ക് കൊണ്ടുപ്പോയ സുഹൃത്തിന് ഒരുപാടൊരുപാട് നന്ദി.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot