Slider

പ്രണയം പൂക്കുന്ന ഇടങ്ങൾ

0
Image may contain: 1 person, beard, hat, closeup and indoor

ഓഫീസിൽ തിരക്കൊഴിഞ്ഞ ഒരു മധ്യാഹ്നത്തിൽ കോട്ടുവായിട്ടുകൊണ്ട് മുന്നിലെ കടലാസിൽ കയ്യിലിരുന്ന പെൻസിൽ കൊണ്ട് ഡിങ്കനെ വരച്ചുകൊണ്ടിരുന്നപ്പോഴാണ് ഞാൻ അവളുടെ നേർക്ക് ആ ചോദ്യമെറിഞ്ഞത്..
... നിന്നെ വരക്കട്ടെ. ?
തട്ടം ഒന്നൊതുക്കി അവൾ എന്നെ നോക്കി.. കണ്ണുകളിൽ അമ്പരപ്പ്..
എന്നെയോ... ?
നീ അത്രക്കായോ എന്നായിരുന്നോ അവളുടെ മനസ്സിലപ്പോൾ.. ?
..ഉം..
പതറാതെ ഞാൻ മൂളി..
ഓഫീസ് ജനാല വഴി പുറത്തേക്ക് നോക്കി അവൾ മിണ്ടാതിരുന്നു.
മൗനം സമ്മതമായെടുത്തു് ഞാൻ വര തുടങ്ങി.
തട്ടമിട്ട അവളുടെ വട്ടമുഖം.
ലിപ്സ്റ്റിക്ക് പുരട്ടി തിളങ്ങുന്ന ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
ജനാലവഴി കടന്നുവരുന്ന സൂര്യവെളിച്ചത്തിൽ അവൾക്ക് പൊന്നിന്റെ നിറം.
ചുണ്ടിൽ മായാത്ത പുഞ്ചിരി.
ചിത്രപ്പണികളുള്ള തട്ടത്തിലെ ഗിൽറ്റുകൾ ഓഫീസിലെ ട്യൂബ് ലൈറ്റിൽ തിളങ്ങുന്നു..
താടിക്കു താങ്ങിയ നീണ്ട വിരലുകൾ..
മെലിഞ്ഞ കൈത്തണ്ടയിൽ കിലുങ്ങുന്ന കുപ്പിവളകൾ...
വലിയ കണ്ണുകൾ കൊണ്ട് അവൾ ഇടക്ക്
എന്റെ മുന്നിലെ കടലാസിലേക്ക് ആകാംഷാഭരിതയായി നോക്കുന്നത് ഞാൻ കണ്ടു..
കൈ വിറക്കാതെ ഞാൻ വരച്ചുകൊണ്ടിരുന്നു.
അവളുടെ കയ്യിലെ കുപ്പിവളകൾ കടലാസിലേക്ക് പകർത്തിയപ്പോൾ കണ്ണുകളിൽ വിടർന്ന കൗതുകം ഞാൻ കണ്ടില്ലെന്നു നടിച്ചു.
അവസാനം കണ്ണുകൾ പകർത്തേണ്ട സമയം ആഗതമായി..
എന്റെ നേരെ നോക്കാൻ പറഞ്ഞ് ഞാൻ തുടങ്ങി..
പിടക്കുന്ന മിഴികളിൽ രാവിലെയെഴുതിയ കണ്മഷിയുടെ നനവ് ഇപ്പോഴുമുണ്ട്.
അതിന്റെ നിറം കറുപ്പാണോ അതോ കറുപ്പ് കലർന്ന നീലനിറമാണോ എന്ന് ഞാൻ ആലോചിച്ചു കൊണ്ടിരുന്നു.
ഒരുനിമിഷം നോട്ടങ്ങൾ കൊരുത്തു..
എന്റെ വിരലുകൾ നിശ്ചലമാകുന്നു പോലെ..
അന്തരീക്ഷത്തിനു ചൂട് കൂടുന്നു..
പുറത്തെ ചെറുകാറ്റു പോലും മൗനത്തിലാണ്ടു.
എന്റെ ശ്വാസോച്വാസത്തിന്റെ ശബ്ദം പുറത്ത് കേൾക്കാൻ തുടങ്ങി..
ഒരു പ്രണയം തുടങ്ങുന്നത് ഇങ്ങനെയാണോ.. ?.
അത് തുറന്നിട്ട ജനാല വഴിയും കടന്ന് വരുമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞത് ഞാനോർത്തു..
അവളുടെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു തിളക്കം...
കവിളുകളിൽ നാണം..
ഒരുനിമിഷം ഞാനെന്റെ നാട്ടിലെ പ്രണയം ഓർത്തു പോയി..
മാഞ്ചോട്ടിൽ നിന്ന് വീണുകിട്ടിയ മാമ്പഴം ആരെയും കാട്ടാതെ എനിക്ക് കൊണ്ടുത്തന്ന അവൾ പൊടുന്നനെ മനസ്സിലേക്ക് ഇടിച്ചു കയറിവന്നു
കണ്ണാരം പൊത്തിക്കളിച്ചപ്പോൾ വേറെവിടെയും ഒളിക്കുന്നില്ല പക്ഷെ നിന്റെ കൂടെ മാത്രമെന്ന് ശഠിച്ച അവൾ...
പുഴയിൽ കുളിക്കുമ്പോൾ മറവിനിപ്പുറത്തു നീ തന്നെ കാവലിരിക്കണമെന്ന് നിർബന്ധം പിടിച്ചവൾ....
കല്യാണാലോചനകൾ വന്നപ്പോൾ എനിക്കൊരു പയ്യനെയുള്ളൂ എന്നവരുടെ മുഖത്ത് നോക്കി പറഞ്ഞവൾ..
അത് നീയാണ് എന്ന് എന്റെ നെഞ്ചിൽ തൊട്ട് മെല്ലെ ഉരുവിട്ടവൾ ..
അവസാനം ജോലി തേടി പുറം രാജ്യത്തു് പോകാൻ നേരം വിതുമ്പിക്കൊണ്ട് .. എപ്പോളെന്നെ കൊണ്ടുപോകുമെന്ന് ചോദിച്ചവൾ ..
ജാലകത്തിനടുത്തു നിന്ന് നിറഞ്ഞ മിഴികളോടെ കാത്തിരിപ്പിന്റെ അനന്തത എന്ന തലക്കെട്ടോടെ സ്റ്റാറ്റസ് ഇട്ടവൾ ..
ഞാൻ പെൻസിൽ താഴ്ത്തി..
മുന്നിലെ കടലാസിൽ പകുതിയായ പെണ്ണിന്റെ ചിത്രം ഒറ്റക്കണ്ണുകൊണ്ട് എന്നെ നോക്കി..
അവളും..
പിന്നൊരിക്കലാകട്ടെ.. സുഖമില്ലെന്നു പറഞ്ഞ് മേശയിൽ നിന്നും ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾഫ്രണ്ട് എടുത്ത് അവൾക്ക് വായിക്കാൻ കൊടുത്തു് ഞാൻ ഓഷോ രജനീഷിന്റെ
പുസ്തകത്തിൽ മുഖം പൂഴ്ത്തി...
...........................................
അങ്ങ്..
ദൂരെ അലകടലിനുമപ്പുറം വീട്ടിലെ ജനാലക്കരികിൽ , കുങ്കുമനിറം ചാർത്തിയ ആകാശച്ചെരുവിൽ എങ്ങോട്ടോ പറക്കുന്ന വിമാനത്തെ നോക്കി അവൾ നിറകണ്ണുകളോടെ നിൽക്കുകയായിരുന്നു..
എന്നെ മാത്രം പ്രതീക്ഷിച്ചു്....
..........................................
ഇവിടെ..
കയ്യിലെ ബുക്കിൽ മിഴിയും മനവും ഉറക്കാതെ തട്ടത്തിൻ മറയത്തിലൂടെ എന്നെ ഒളികണ്ണിട്ട് അവൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..
ഒന്നും തിരിച്ചു് പ്രതീക്ഷിക്കാതെ....
Sreejith govind
22/12/2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo