നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ തണുത്ത രാത്രിയിൽ

Image may contain: 1 person

"എടാ....."
ആ അലർച്ചയും അരിച്ചിറങ്ങിയ തണുപ്പും ഒന്നിച്ചാ ഉറങ്ങിക്കൊണ്ടിരുന്ന എന്റെ ചെവിയിലേക്കൂർന്നിറങ്ങിയത്‌.
കിടന്നിടത്ത്‌ നിന്ന് മുകളിലേക്ക്‌ കണ്ണും മിഴിച്ച്‌ നോക്കുമ്പോ മുന്നിലൊരു ഭീകരരൂപം.
‌പിന്നിൽ കത്തിക്കൊണ്ടിരിക്കുന്ന ബൾബിനു മുന്നിൽ അഴിച്ചിട്ട മുടികളും നീളൻ കുപ്പായവുമായി ഒരു സ്ത്രീ രൂപം..
എന്റെ നാവ്‌ ഇറങ്ങി പോയത്‌ പോലെ..ശരീരം അനക്കാൻ സാധിക്കുന്നില്ല...
ചിന്തകൾ പോലും അൽപ്പനേരം സ്തംഭിച്ച്‌ പോയത്‌ പോലെ.
പേടിച്ചരണ്ട്‌ പോയ എന്റെ ബോധത്തെ മെല്ലെ തട്ടി ഉണർത്തി ഞാൻ ചോദിച്ചു.
"ഞാനെവിടെയാ ഉള്ളത്‌"
" നീ പേട്ടക്ക്‌"
അതെ ശരിയാ.. വീട്ടിലെ പുതപ്പും പായയുമല്ല ഇത്‌.അരികിൽ പരതി നോക്കിയപ്പൊ അനിയത്തിയുമില്ല.
ബോധം പറഞ്ഞത്‌ ശരിയാ രണ്ട്‌ ദിവസം മുന്നെ വന്നതാ ഈ പേട്ടയിൽ
( വീരാജ്‌ പേട്ട, കൂർഗ്)
ഞങ്ങളുടെ ഒരു അകന്ന ബന്ധു വീട്ടിൽ.
സ്കൂൾ പൂട്ടിയാൽ അമ്മയെ അവിടത്തേക്ക്‌ വിളിക്കും വീട്ട്‌ ജോലിക്കും മറ്റും അവർക്കൊരു സഹായത്തിനു.
ഭയങ്കര ഇഷ്ടമായിരുന്നു ആ വീടും
അവിടത്തെ തണുപ്പും, വീടിനു പിന്നിലെ തക്കാളി ചെടികളും ,അതിൽ ചുവന്ന് തുടുത്ത്‌ നിൽക്കുന്ന തക്കാളികളും വൈകുന്നേരം കഴിക്കുന്ന "മുദ്ധ"യും തൊട്ട്‌ മുന്നിലെ റോഡിലൂടെ പോകുന്ന കുതിര വണ്ടിയും പന്നികളും ഒക്കെ ഞങ്ങൾ കുഞ്ഞുങ്ങൾക്ക്‌ വലിയ കൗതുക കാഴ്ചകളായിരുന്നു.
"എണീക്കെടാ..."
ഇത്തവണ ശബ്ദം മാത്രമായിരുന്നില്ല.
ട്രൗസറിട്ട തുടയിലൊരു അടിയും വീണു.
"ആ"...
എന്നും പറഞ്ഞ്‌ എന്റെ ബോധം ശരിക്ക്‌ തെളിഞ്ഞു കണ്ണിൽ കാഴ്ചയായി വന്നു.
കുനിഞ്ഞ്‌ നിൽക്കുന്നു ആ പ്രേതം അല്ല അവിടത്തെ ചേച്ചി.
കൈയ്യിലൊരു സ്കെയിൽ.
കൃത്യമായ വണ്ണത്തിൽ എന്റെ തുടയിലും ചെറിയൊരു സ്കെയിൽ.
പിന്നിൽ അനിയത്തി..
"എവിടേടാ ആ പേന"
"ഏത്‌ പേന"
"നീ നേരത്തെ എടുത്ത്‌ കളിച്ച നീല ടോപ്പുള്ള പേന"
"ഞാനെടുത്തില്ലല്ലൊ" ഞാൻ തലയാട്ടി കൊണ്ട്‌ പറഞ്ഞു.
ദേഷ്യത്തോടെ അവർ അനിയത്തിയുടെ മുഖത്ത്‌ നോക്കിയപ്പൊ അവൾ എന്റെ നേർക്ക്‌ വിരൽ ചൂണ്ടി.
"ആ നീ പോയി കിടന്നോ"
ന്ന് കേട്ടപ്പൊ ഒരു കുഞ്ഞു പൂച്ചയെ പോലെ അവൾ സ്ഥലം കാലിയാക്കുന്നത്‌ അന്തം വിട്ട്‌ നോക്കി നിന്നു ഞാൻ.
ഏത്‌ പേനയാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടി കിട്ടിയില്ല. ആ മരം കോച്ചുന്ന തണുപ്പുള്ള രാത്രിയിൽ
ഞാൻ കാണുക പോലും ചെയ്യാത്ത ആ നീല ടോപ്പുള്ള പേനക്ക്‌ വേണ്ടി അവർ എന്നെ കൊണ്ട്‌ ആ വീടിന്റെ മുക്കും മൂലയും അരിച്ച്‌ പെറുക്കിച്ചു.
ഇടക്കിടക്ക്‌ അരിശത്തോടെ സ്കെയിൽ കൊണ്ടുള്ള അടിയും.
അടിയേക്കാൾ വേദന തോന്നിയത്‌ "ഞാൻ കാണുക പോലും ചെയ്യാത്ത ആ പേന ഞാൻ എടുത്ത്‌ കളിച്ചു എന്ന് എന്തിനു അവൾ പറഞ്ഞു എന്ന് ചിന്തിച്ചിട്ടായിരുന്നു.
അന്ന് ഏകദേശം പുലരുന്നത്‌ വരെയും അവരെന്നെ ഈ വിധത്തിൽ ഉപദ്രവിച്ച്‌ കൊണ്ടിരുന്നു.
കരഞ്ഞില്ല ഞാൻ ..
അമ്മ ഇടക്ക്‌ പറയുന്നുണ്ടായിരുന്നു "നാളെ പരതാം നാളെ പരതാം" ന്ന്
അതിൽ കൂടുതൽ അമ്മക്ക്‌ പറ്റുകയുമില്ലായിരുന്നു.
ഇടക്കെപ്പൊഴോ അവർ പോയി കിടന്നപ്പോ ഞാനും സോഫക്ക്‌ താഴത്തെ ആ പുൽപായയിലെ പുതപ്പിലെ ചൂടിലേക്ക്‌ ചുരുണ്ടു.
സാധാരണ കാലത്ത്‌ എഴുന്നേറ്റ്‌ അമ്മയുടെയും അനിയത്തിയുടെയും ഇടയിലെ ചൂടിലേക്ക്‌ ചേക്കേറുന്ന ഞാൻ അന്ന് ആ ഭാഗത്തേക്കേ പോയില്ല.
പല്ലു തേക്കുന്നിടത്തും ചായ കുടിക്കുന്നിടത്തും തക്കാളി പറിക്കുന്നിടത്തും റോഡിലെ കാഴ്ചകൾക്കിടയിലും ഒക്കെ അവളെ ഞാൻ അവളെ കണ്ടില്ലെന്ന് നടിച്ചു.
ഞാൻ ആ മുഖത്തേക്ക്‌ തന്നെ നോക്കിയില്ല.
ചെയ്യാത്ത തെറ്റിനു എന്നെ ശിക്ഷിക്കാൻ കൂട്ട്‌ നിന്ന നീ ഇനി മുതൽ എനിക്ക്‌ അനിയത്തിയല്ല ശത്രുവാണു ശത്രു.
ഇരിക്കുന്നിടത്തും കളിക്കുന്നിടത്തും ഒക്കെയും ഞാൻ അവളെ അവഗണിച്ചു.
വൈകുന്നേരമായി.
സാധാരണ രണ്ടു പേരെയും ഒന്നിച്ചാ അമ്മ കുളിപ്പിക്കുന്നത്‌. ഇന്ന് അവിടെയും ഞാൻ ഒഴിഞ്ഞു നിന്നു.
കുളി കഴിഞ്ഞ്‌ വരുമ്പോ കുളിമുറിയുടെ പുറത്തെ ചെറിയ വരാന്തയിൽ നിന്നൊരു ഇടറിയ ശബ്ദം.
"കുഞ്ഞാട്ടാ..""
ഒറ്റ ചോദ്യമേ എനിക്കുണ്ടായിരുന്നുള്ളൂ..
"നീ എന്തിനാ ഞാൻ പേന എടുത്തൂന്ന് കളവ്‌ പറഞ്ഞത്‌"
"അവരെന്നെ ഉറങ്ങാൻ വിടാതെ ഒരുപാട്‌ നേരം പരതിച്ചു. പേടിച്ചിട്ടാ ഞാൻ കുഞ്ഞാട്ടന്റെ പേരു പറഞ്ഞേ കുഞ്ഞാട്ടനല്ലാതെ പിന്നാരാ എനിക്ക്‌.."
പൂർത്തിയാക്കാൻ കഴിയാതെ അവളെന്നെ കെട്ടി പിടിച്ച്‌ കരഞ്ഞു.
എന്റെ ഉള്ളിൽ അവളോടുള്ള ദേഷ്യമെല്ലാം നിമിഷ നേരം കൊണ്ടലിഞ്ഞില്ലാതായി.
ഞാൻ ഉറങ്ങുമ്പോ അനിയത്തിയെ എന്നെ ചെയ്തത്‌ പോലെ അവർ ഉപദ്രവിക്കുകയായിരുന്നു എന്നാലോചിച്ചപ്പോ എനിക്ക്‌ അവരെ കൊല്ലാൻ വരെ തോന്നി.
അവളെയും കൂട്ടി അകത്തേക്ക്‌ വരുമ്പോ മേശപ്പുറത്ത്‌ അവർ നീല ടോപ്പുള്ള ആ പേന കൊണ്ട്‌ എഴുതുന്നുണ്ടായിരുന്നു. അത്‌ കൂടി കണ്ടപ്പോ ഒരു നിമിഷം പോലും അവിടെ നിൽക്കരുതെന്ന് നിസ്സഹായമായ എന്റെ മനസ്സ്‌ പറഞ്ഞു.
എന്റെ വലിയ വാശിക്കും സമരത്തിനുമൊടുവിൽ അവിടെ നിന്ന് രണ്ട്‌ ദിവസം കൊണ്ട്‌ ഞങ്ങൾ തിരിച്ച്‌ വന്നു.
പിന്നീട്‌ ആ തക്കാളി ചെടികളുടെ തണുപ്പറിയാൻ ഞങ്ങൾ പോയിട്ടില്ല...
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot