തൃശ്ശൂർ നിന്നും കാഞ്ഞാണി പോകുന്ന വഴി അരിമ്പൂർ എന്നൊരു കൊച്ചു ഗ്രാമമാണ് എന്റെ ദേശം. പണ്ട് കാലത്ത്, അതായത് ബസ്സ് റൂട്ട് ഒക്കെ വന്നു തുടങ്ങിയ എഴുപതുകളിൽ ആ വഴി ആകെ മൂന്നു നാല് ബസ്സ് സർവീസുകളേ ഉണ്ടായിരുന്നുള്ളു. ബാക്കി മോട്ടോർ വാഹനങ്ങൾ എന്ന് പറയാനായിട്ട് ആ വഴി ഓടിയിരുന്നത് വിരലിലെണ്ണാവുന്ന ചില സ്വകാര്യ വാഹനങ്ങൾ മാത്രം. ബാക്കിയെല്ലാം കാളവണ്ടിയും, കാൽനടയാത്രക്കാരും ചുരുക്കം ചില സൈക്കിളുകളും.
തൃശ്ശൂർ നിന്നും കാഞ്ഞാണി, അന്തിക്കാട് വഴി തൃപ്രയാർ പോയിരുന്ന ഒരു ബസ്സിലെ (ബസ്സിന്റെ പേര് പറയുന്നില്ല) ഡ്രൈവർ ആയിരുന്നു നമ്മുടെ കഥാനായകൻ രാമേട്ടൻ (പേരും സാങ്കൽപ്പീകം). അത്യാവശ്യം വണ്ടി റിപ്പയറിങ്ങും പിന്നെ നല്ല പോലെ ഡ്രൈവിങ്ങും അറിയാവുന്നതോണ്ടാണ് രാമേട്ടൻ ആ ബസ്സിലെ സ്ഥിരം ഡ്രൈവർ ആയത്. ദിവസവും 5 മണിക്ക് രാവിലെ തൃപ്രയാറിൽ നിന്നും തുടങ്ങി ട്രിപ്പുകൾക്ക് ശേഷം രാത്രി 9.30 ന് തൃപ്രയാറിൽ തന്നെ അവസാനിക്കുന്ന തരത്തിലാണ് ബസ്സിന്റെ ട്രിപ്പ് ചാർട്ട്. ബസ്സിൽ കേറിയാൽ പിന്നെ മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറങ്ങുക. അതിനു മാത്രമേ സമയം കിട്ടാറുള്ളൂ എന്നതാണ് സത്യം. എല്ലാം സമയ ബന്ധിതമാണ്, ഭക്ഷണം പോലും നിശ്ചിത സമയത്തിനുള്ളിൽ കഴിക്കണം എങ്കിലേ അടുത്ത ട്രിപ്പ് സമയത്തിന് എടുക്കാൻ പറ്റൂ. പലപ്പോഴും പ്രാഥമീക ആവശ്യം പോലും നടത്താൻ പറ്റാതെ പോകാറുണ്ടായിരുന്നു. ഇത്രയും കഷ്ടപ്പാട് ഉണ്ടെങ്കിലും ശമ്പളം കൂട്ടി ചോദിച്ചിട്ട് മുതലാളി ഇളിച്ചു കാണിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം പതിവ് പോലെ തൃപ്രയാർ നിന്ന് ബസ്സ് തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു. ബസ്സ് നീങ്ങിത്തുടങ്ങി കുറച്ചായപ്പോഴേക്കും, ഉച്ചക്ക് കഴിച്ച ഭക്ഷണത്തിന്റെയോ അതോ കുടിച്ച രണ്ടു ഗ്ലാസ് മോരിന്റെയോ എന്നറിയില്ല രാമേട്ടന്റെ വയറ്റിൽ ഒരു പെരുമ്പറ മുഴക്കി കൊണ്ട് പ്രകൃതി അതിന്റെ വിളി തുടങ്ങി. പെരിങ്ങോട്ടുക്കര എത്താറായപ്പോഴേക്കും രാമേട്ടൻ ചെറിയ തോതിൽ അധോവായു എന്ന ധൂമകേതു വർഷിക്കാൻ തുടങ്ങിയിരുന്നു. അന്നത്തെ ബസ്സ് സർവീസ് ഇന്നത്തെ പോലെ സെക്കന്റുകൾ ഗ്യാപ്പിൽ അല്ലായിരുന്നത് കൊണ്ട് ഓരോ സ്റ്റോപ്പിലും നിർത്തിയാൽ ആളുകളുടെ സാധനങ്ങൾ വണ്ടിക്ക് മുകളിൽ നിന്നിറക്കുവാനും കയറ്റുവാനും ഒക്കെ അത്യാവശ്യം സമയമെടുത്തിരുന്നു. ഈ നിമിഷങ്ങളത്രയും ഓരോ യുഗങ്ങളായി അനുഭവപ്പെട്ടു ആ പാവത്തിന്.
എന്തായാലും ഇവിടെയൊന്നും കാര്യം സാധിക്കാനാവില്ല. തൃശ്ശൂർ എത്തിയാലെ എന്തെങ്കിലും നിവൃത്തി ഉള്ളൂ. രാമേട്ടൻ വീണ്ടും പ്രകൃതിയുടെ ആ വിളിയോട് മുഖം തിരിച്ചു. സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് (ആ)ശങ്ക അണക്കെട്ട് പോലെ പിടിച്ചു നിർത്തി. വീണ്ടും പ്രയാണം തുടങ്ങി. പവ്വർ സ്റ്റിയറിങ് ഇല്ലാതിരുന്നിട്ടും പുഷ്പം പോലെ എന്നും വണ്ടി ഓടിച്ചിരുന്ന രാമേട്ടൻ അന്ന് വളയം തിരിക്കാൻ നല്ലോണം നീലച്ചു. ക്ലച്ചും, ഗിയർ ഷിഫ്റ്റിംഗും, ബ്രേക്ക് ചവിട്ടലും എല്ലാം രാമേട്ടന് ബാലികേറാമല ആയി തുടങ്ങി. കടുക് മണി വ്യത്യാസത്തിന് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ അനങ്ങിയാൽ രാമേട്ടനും അണക്കെട്ടും തവിടുപൊടി. അന്തിക്കാട് എത്തിയപ്പോഴേക്കും സംഗതി എല്ലാം കൈവിട്ടു പോകും എന്ന അവസ്ഥയായി. സ്ഥിരമായി അവിടുന്നു കയറുന്ന വർക്കി മാപ്ല പതിവുള്ള മുറുക്കാൻ ഓഫർ ചെയ്തിട്ടും രാമേട്ടൻ അനങ്ങിയില്ല. പരമാവധി വേഗത്തിൽ ഓടിച്ചിട്ടും വണ്ടി നീങ്ങാത്തതു പോലെ അനുഭവപ്പെട്ടു ടിയാന്. മൂന്നു കിലോമീറ്റർ ദൂരെ ഉള്ള കാഞ്ഞാണി ഒക്കെ പിന്നേം ദൂരത്ത് കൊണ്ട് വെച്ചോ എന്നൊക്കെ തോന്നിത്തുടങ്ങി രാമേട്ടന്.
രാമേട്ടൻ വളയം പിടിക്കാൻ തുടങ്ങിയിട്ട് കുറെ വർഷമായെങ്കിലും ഇത്രയും ബുദ്ധിമുട്ടി വണ്ടി ഓടിക്കുന്നത് ആദ്യമായിട്ടാണ്. കണ്ടക്ടർ സുകുമാരൻ കുറെ നേരമായി ഇതെല്ലാം ശ്രദ്ധിക്കുന്നു. സുകു വന്ന് രാമേട്ടനോട് ചോദിച്ചു " എന്താ രാമേട്ടാ? എന്തൂട്ടാ പ്രശ്നം? കൊറേ നേരായല്ലോ വല്ലാത്തൊരു വെപ്രാളം!! " നീയൊന്നു പോയേര ശവ്യെ എന്ന് പറയണമെന്നുണ്ടെങ്കിലും, രാമേട്ടൻ ഒന്നും പറഞ്ഞില്ല പകരം മുഖം കൊണ്ട് എന്തോ ഒരു എക്സപ്രഷൻ ഇട്ടു. ഒന്നുമേ മനസ്സിലായില്ലെങ്കിലും സുകു തല ആട്ടിക്കൊണ്ട് ടിക്കറ്റ് കൊടുക്കാൻ പോയി.
കാഞ്ഞാണി കഴിഞ്ഞ് വണ്ടി പിന്നെയും മുന്നോട്ട് കുതിക്കുകയാണ്. രാമേട്ടന് മനസിലായി ഇനിയും പിടിച്ചു നിൽക്കാനാവില്ല പെരുമ്പുഴ പാടം എത്തിയാൽ അവിടെ ഇറങ്ങി കാര്യം സാധിക്കുക തന്നെ. ( പെരുമ്പുഴ പാടം ഏകദേശം ഒരു രണ്ടു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വിജനമായ ഒരു റോഡാണ്. പാടത്തിന് നടുവിലൂടെ ഉള്ള ഒരു നീണ്ട റോഡ്) പക്ഷെ വണ്ടിയിലുള്ളവർ ഇത് അറിയരുത്. അറിഞ്ഞാൽ മാനം പോകണ കേസാണ്, ആ മീൻകാരി സരളയും, പോത്ത് കച്ചോടാക്കാരൻ വർക്കി മാപ്ലയും ഒക്കെ അറിയുന്നതിലും ഭേദം ആകാശവാണിയിൽ കൊടുക്കുന്നതാ ഈ വാർത്ത.
പാടത്തേക് വണ്ടി കയറിയപ്പോൾ രാമേട്ടൻ സുകുവിനോടായി പറഞ്ഞു. " ടാ!!! ഒരു കുപ്പില് കൊറച്ച് വെള്ളോം കൊറച്ച് കോട്ടൺ തുണിയും ഇങ്ങ്ട് എട്ത്തേ വേഗം. " രാമേട്ടൻ വണ്ടി റോഡിൽ തന്നെ നിർത്തി, എഞ്ചിൻ ഓഫ് ചെയ്തില്ല. എന്നിട്ട് എണീറ്റ് നിന്നിട്ട് യാത്രക്കാരോടായി പറഞ്ഞു, " ദേ! ഒറ്റെണ്ണം ദിപ്പൊ ഇരിക്കണോട്ത്ത്ന്ന് എനങ്ങരുത്. വണ്ടിക്ക് എഞ്ചിനില് ലേശം പ്രശ്നംണ്ട്. കൊറച്ചേരായി തൊടങ്ങീട്ട്. ഇത്രേം വരെ ഞാൻ പിടിച്ചു നിന്നു, ഇനീം പറ്റില്ല. ഞാൻ വണ്ടിക്കടീല് ഒറ്റക്കാ പോയിട്ട് അത് ശരി ആക്കീട്ടാ വരാം. ദിവടിരുന്ന് ആരേലും എനങ്ങിയാൽ വണ്ടി തന്നെ കത്തിപോകും. അതോണ്ട് എല്ലാരും പ്രാർത്ഥിക്യാ സഹരിക്യ" ഇത്രയും പറഞ്ഞ് രാമേട്ടൻ വെള്ളവും തുണിയുമായി വണ്ടിക്കടിയിലേക്ക് പോയി.
രാമേട്ടൻ വണ്ടിക്കടിയിൽ പോയി കാര്യം സാധിച്ചു, എല്ലാം കഴിഞ്ഞ് കോട്ടൺ തുണിയും ഇട്ട് (ആ)ശങ്ക എല്ലാം മൂടിയിട്ട്, എല്ലാം കഴുകി തിരിച്ചു വരുമ്പോൾ രാമേട്ടന്റെ മുഖം ഒരു വിജയിയെ പോലെ തിളങ്ങിയിരുന്നു. വണ്ടിക്കടിയിൽ നിന്നും പുറത്ത് വന്ന് രാമേട്ടൻ ബസ്സിന്റെ ബോണറ്റ് തുറന്നു. കുറച്ചു നേരം അവിടെം ഇവിടെം നാല് തട്ട് തട്ടി. പുര നിറഞ്ഞു നിന്നിരുന്ന നാലു പെങ്ങന്മാരെ കെട്ടിച്ചു വിട്ട അത്രയും ആശ്വാസത്തിൽ തിരിച്ചു കയറി വന്ന് രാമേട്ടൻ എല്ലാവരോടുമായി പറഞ്ഞു, " എല്ലാം ഞാൻ ശരിയാക്കീട്ട്ണ്ട്. ഇനി പേടിക്കാനൊന്നുല്ല്യ." യാത്രക്കാരുടെയും കണ്ടക്ടർ സുകുവിന്റെയും മുഖം ആശ്വാസം കൊണ്ട് നിറഞ്ഞു. അവരെല്ലാം തന്നെ ആ വലിയ മനുഷ്യന്റെ തലക്കു ചുറ്റും ഒരു ദിവ്യ പ്രഭാവലയം കണ്ടു. വണ്ടി പിന്നെയും മുന്നോട്ട് നീങ്ങിത്തുടങ്ങി എല്ലാവരും രാമേട്ടന് സ്തുതി പാടാനും.
അത്രയും ജീവൻ രക്ഷിച്ച രാമേട്ടൻ അന്നുമുതൽ നാട്ടുകാരുടെ ചർച്ചാ വിഷയമായി പോരാത്തതിന് കണ്ണിലുണ്ണിയും. രാമേട്ടന്റെ വീരചരിതം പൊടിപ്പും തൊങ്ങലും വച്ച് അന്ന് യാത്ര ചെയ്തിരുന്നവർ പ്രചരിപ്പിക്കാനും തുടങ്ങി. അതോടെ അദ്ദേഹത്തിന് അഞ്ചു രൂപ ശമ്പളത്തിൽ വർദ്ധനവും ഉണ്ടായി. എന്താലേ !!!!!!! ഭാഗ്യം വരുന്ന ഓരോരോ വഴികളേ...
★★ഗിരീഷ്★★
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക