നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറയാൻ മറക്കരുതാത്തത്


" അഞ്ജലി നിനക്കൊരു വിസിറ്റർ " സ്നേഹ വന്നു പറഞ്ഞപ്പോൾ അഞ്ജലി തന്റെ മുന്നിലെ കുട്ടികളോട് പറഞ്ഞു കൊടുത്ത ചുവടുകൾ ഒന്ന് കൂടെ നോക്കാൻ പറഞ്ഞിട്ടു നൃത്ത അക്കാദമിയുടെ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു.
തന്നെ കാത്ത് നിൽക്കുന്ന ആളെ കണ്ടു അവളുടെ ഉള്ളിൽ വെറുപ്പ് നുരഞ്ഞു
" അർഷാദ് " ബാലുവിന്റെ കൂട്ടുകാരൻ
.. " ഹായ് അഞ്ജലി " ഫോണിൽ കിട്ടുന്നില്ല അതാണ്‌ "അയാൾ കുറുക്കന്റെ മാതിരി ഒരു ചിരി ചിരിച്ചു '
" അർഷാദ് പലതവണ ഞാൻ പറഞ്ഞതാണ് എനിക്ക് താല്പര്യം ഇല്ല എന്ന്. ബാലുവിന്റെ സുഹൃത്തായതു കൊണ്ടാണ് ഞാൻ ഇത്രയും മര്യാദ കാണിയ്ക്കുന്നത് അല്ലെങ്കിൽ ഞാൻ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യുമായിരുന്നു " അവൾ വെറുപ്പോടെ പറഞ്ഞു
അയാൾ ഒന്ന് ചിരിച്ചു
" പോലീസ് ഒക്കെ കോമഡി അല്ലെ മോളെ ..ഞാൻ എന്താണ് ചെയ്യുന്നത് ?എനിക്ക് തന്റെ സുഹൃത്തായിരിക്കാൻ ഇഷ്ടം ആണ് . തന്നെ എനിക്ക് വലിയ ഇഷ്ടം ആണ് ...ജസ്റ്റ് കുറച്ചു ടൈം ഒന്നിച്ചു ചെലവഴിക്കണം ഒരു കോഫീ. ഒരു സിനിമ . വല്ലപ്പോളും ഒരു ഔട്ടിങ് ..ഇത് ബാലു അറിയുമോ ? അവനു തിരക്കല്ലേ ?' സത്യത്തിൽ നീയും ഇതൊക്കെ ആഗ്രഹിക്കുന്നില്ലേ അഞ്ജലി? അവൻ നിന്നെ പുറത്തു കൊണ്ട് പോയിട്ടു എത്ര നാളായി എന്ന് എനിക്ക് അറിയാം ."
"ദാറ്റ് ഈസ് നൺ ഓഫ് യുവർ ബിസിനെസ്സ് " അഞ്ജലി പൊട്ടിത്തെറിച്ചു
"ചൂടാവല്ലേ ? എന്തിനാണ് ഈ ദേഷ്യം ? ഇതൊക്കെ എല്ലായിടവും നടക്കുന്നതാണ് ..വീണ്ടും പറയുന്നു എനിക്ക് നിന്നെ വലിയ ഇഷ്ടമാണ് ..നിന്റെ കണ്ണുകൾ നിന്റെ ചിരി ദേ ഈ ദേഷ്യം പോലും "
അഞ്ജലി പെട്ടന്ന് തിരിഞ്ഞു നടന്നു അവളുട കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .എന്തൊരു അപമാനമാണ് ഇത് ?
വിവാഹം കഴിഞ്ഞ നാളുകളിലെ ബാലുവിൽ നിന്ന് ഇന്നത്തെ ബാലു ഒരു പാട് മാറിപ്പോയിരിക്കുന്നു
ബിസിനെസ്സ് കൂടി. തിരക്കുകൾ കൂടി .തന്നെ ശ്രദ്ധിക്കാൻ നേരമില്ലാതായി.
അവൾ പണ്ടത്തെ ബാലുവിനെ ഓർത്തു .തമാശകൾ പറഞ്ഞ്, പാട്ടുകൾ പാടി ,കഥകൾ വായിച്ചു കേൾപ്പിച്ച് ,,,തന്നെ കൊച്ചു കുഞ്ഞിനെ പോലെ ലാളിച്ച്‌ ..തന്റെ കാൽവിരൽതുമ്പുകളെ ഉമ്മകൾ കൊണ്ട് മൂടുന്ന പ്രാണയാർദ്രനായ ബാലു ...പാചകം ചെയ്തു തന്നെ ഊട്ടുന്ന ..തനിക്കു പുടവ ചുറ്റി തന്ന്, നീളൻ മുടിയിൽ മുല്ലപ്പൂ വച്ചു തന്ന് ...തന്നെ ഒരുക്കുന്ന തന്റെ ബാലു ...താൻ നൃത്തം ചെയുമ്പോൾ ആരാധനയോടെ നോക്കിയിരിക്കുന്ന ഒടുവിൽ തളരുമ്പോൾ വാരിയണച് തഴുകുന്ന ...ആ ബാലു ഇപ്പോൾ എവിടെയാണ് ?
ബാലു മാറിപ്പോയെങ്കിലും താൻ ഇന്നും നിന്നിടത്തു തന്നെ നിൽക്കുകയാണ് ..ബാലുവിനെ മാത്രം ഓർത്ത്. സൂര്യനെ ധ്യാനിക്കുന്ന സൂര്യകാന്തി പൂ പോലെ.
ബാലു വരുമ്പോൾ അഞ്ജലി എത്തിയിട്ടില്ല .മീറ്റിംഗുകൾ ക്യാൻസൽ ചെയ്തത് കൊണ്ട് അവൻ ഇന്ന് നേരെത്തെ പോരുന്നു .അഞ്ജലിയുമൊത്തു ഒന്ന് പുറത്തു പോയിട്ടു മാസങ്ങളായി .പാവം താൻ അവളെ അവഗണിക്കുന്നതായി അവൾക്കു തോന്നുണ്ടാകുമോ ? ഈയിടെയായി താൻ ഒരു മുരടനായി മാറി.ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ .അവൻ സെറ്റിയിൽ ഇരുന്നു .ഒന്ന് കൂടെ വിളിച്ചു നോക്കി അവളുട മൊബൈൽ ടീപ്പോയിൽ കിടന്നു ബെൽ അടിക്കുന്നത് അവൻ കണ്ടു .ഓ മറന്നു അതാണ് .അവൻ വെറുതെ കൗതകത്തിനു അതെടുത്തു നോക്കികൊണ്ടിരുന്നു
ലോക്കൊന്നുമില്ല .ഒരു മെസേജ് വന്നപ്പോൾ അവൻ വെറുതെ ഓപ്പൺ ചെയ്തു . പരിചയം ഇല്ലാത്ത നമ്പർ ആണ് .അവൾ അത് ആഡ് ചെയ്തിട്ടില്ല .
" എന്റെ പുതിയ നമ്പർ ആണ് അഞ്ജലി ..നീ എന്നെ എങ്ങനെ ഒക്കെ ബ്ളോക് ചെയ്താലും എനിക്ക് നിന്നിലേക്ക്‌ വരാൻ സാധിക്കും ..ഞാൻ വരിക തന്നെ ചെയ്യും കാരണം എനിക്ക് നിന്നെ അത്ര ഇഷ്ടം ആണ് ..നീ എന്തിനാണ് ആ ബോറനെ സഹിക്കുന്നത് .?...." ബാലു പെട്ടെന്ന് ബാക്കിയുള്ള നമ്പറുകൾ സ്ക്രോൾ ചെയ്തു നോക്കി .അർഷാദിന്റെ മെസ്സേജുകൾ അവൻ കണ്ടു ..ഒന്നിനോടും അഞ്ജലി പ്രതികരിച്ചിട്ടില്ല .അർഷാദ് മാത്രമല്ല ഫേസ് ബുക്കിൽ വന്ന പ്രണയാഭ്യര്ഥനകൾ ..മധുരവാചകങ്ങൾ ..ഏതു പെണ്ണും വീണു പോയേക്കാവുന്ന അലിവ് നിറഞ്ഞ പ്രണയം നിറഞ്ഞ വാചകങ്ങൾ
അയാൾ ഫോൺ അവിടെ വെച്ചിട്ട് അനങ്ങാതെ ഇരുന്നു .അർഷാദ് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ .അവൻ തന്നോട്......ബാലുവിന് ശരീരം തീ പിടിച്ച പോലെ തോന്നി .കീ എടുത്തു എണീൽക്കാൻ തുടങ്ങിയപ്പോളാണ് അഞ്ജലി വന്നത്. മനസ്സും ശരീരവും തണുത്ത് പോലെ അവൻ അൽപനേരം അവളെ നോക്കി നിന്ന്
" ഇപ്പൊ വരാമേ ചായ ഇട്ടു തരാം "
അവൾ മുറിയിലേക്ക് പോയി
അടുക്കളയിൽ കടന്നു ചായ ഇടുമ്പോൾ ബാലു പിന്നിലൂടെ വന്നു അവളെ കെട്ടിപ്പുണർന്നു .അഞ്ജലി മെല്ലെ അവന്റെ കൈകൾ പിടിച്ചു മാറ്റി
" പ്ലീസ് ബാലു എനിക്കൊരു മൂഡില്ല "
ബാലു സ്തബ്ദ്ധതയോടെ ആ വാക്കുകൾ കേട്ടു
പലകുറി താൻ അവളോട് പറഞ്ഞിട്ടുള്ളത് ..
അവൻ തിരികെ മുറിയിലേക്ക് പോരുന്നു
" " ഈ ചുരിദാർ നന്നായിട്ടുണ്ടോ ബാലു ?"
" ബാലു ഇന്ന് നമ്മുക്ക് പുറത്തു നിന്ന് കഴിക്കാം "
" ഈ കേക്ക് എങ്ങനെ ഉണ്ട് ?'
"ഇന്ന് നമുക്കു ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ "
" ഞാൻ ഒരു പുതിയ പല്ലവി പഠിച്ചതു ചെയ്തു കാണിക്കട്ടെ ?"
" ബാലു എന്റെ ഫ്രണ്ട് സുജ പറഞ്ഞു ഞാൻ മെലിഞ്ഞു എന്ന് ശരിയാണോ "?
" ബാലു എന്നെ ചേർത്ത് പിടിച്ചൊരു ഉമ്മ തന്നെ എനിക്ക് തണുക്കുന്നു "
അവളുട കൊഞ്ചലുകൾ. എല്ലാത്തിനും താൻ കൊടുത്തതു ഒരേ ഒരു ഉത്തരമാണ്
" ഒന്ന് മിണ്ടാതിരിക്കുമോ അഞ്ജു ..എനിക്കൊരു മൂഡില്ല ."ഓരോ പ്രോജെക്ടിന്റെയും പ്രഷർ, ടെൻഷൻ, ഇതിനിടയിൽ ഒന്നിനും മൂഡുണ്ടായിരുന്നില്ല.
" കോഫീ " അഞ്ജലി പിന്നിൽ
" വേണ്ട " അവൻ മെല്ലെ പറഞ്ഞു
അഞ്ജലി ആ വാടിയ മുഖത്തെ സങ്കടത്തിലേക്ക് നോക്കി. അവളുടെ ഉള്ളലിവാർന്നു.
" ഒരു തവണ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ബാലുവിന് നൊന്തു അല്ലെ "? അപ്പോൾ എന്നെ ഇത്ര നാൾ അവഗണിച്ചപ്പോൾ ഞാൻ എത്ര വേദനിച്ചു ബാലു ? ബാലുവിനറിയുമോ അർഷാദ്..."
ബാലു ആ ചുണ്ടിൽ കൈ വെച്ചു
" അവനുള്ളത്‌ ഞാൻ കൊടുത്തോളം ."" ഉയർന്നു പോയ ശബ്ദം സാധാരണ പോലെയാക്കാൻ അവൻ ദീർഘമായി ശ്വാസം കഴിച്ചു
അഞ്ജലി എന്റെ തിരക്കുകൾ കൊണ്ടാണ് ഞാൻ അങ്ങനെ. അതെന്റെ പ്രകൃതം ആണ് സ്നേഹമില്ലായ്മാ അല്ല .."
"അറിയാം പക്ഷെ ബാലു ...പക്ഷെ പെണ്ണിന് ഇടയ്ക്കെങ്കിലും ഈ ചുമൽ വേണം ഒന്ന് വീണു പോകുമ്പോൾ തല ചായ്ക്കാൻ ...അവളോട് നിന്നെ ഞാൻ സ്‌നേഹിക്കുന്നുണ്ടെന്ന് ഇടയ്ക്കെങ്കിലും ഒന്ന് പറയണം ..നിന്റ കൊച്ചു കാര്യങ്ങൾ പോലും ഞാൻ കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും പറയണം ..ബാലുവിനോട് എന്നെ ഒന്ന് സ്നേഹിക്കു എന്ന് ഞാൻ എങ്ങനെ കെഞ്ചും ? എനിക്ക് ഒരു ഉമ്മ തരു ബാലു എന്ന് പറയേണ്ടി വരിക എത്ര സങ്കടം ആണ് ?'അഞ്ജലി വേദനയോടെ പറഞ്ഞു ബാലു ആ സങ്കടത്തിലേക്ക് നോക്കി കൊണ്ടിരുന്നു. പിന്നെ ആ മുഖത്തു തൊട്ടു. കവിളിൽ മെല്ലെ ചുംബിച്ചു.
"അങ്ങനെ എന്തിനാ മോളെ കരുതുന്നത് ? നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങൾ ഇല്ല .നീ എന്നോട് അങ്ങനെ കൊണ്ട് നീ ചെറുതാകുന്നില്ല ....നിനക്ക് പറയാം ബാലു എനിക്ക് നിന്റെ തിരക്കുകൾ എനിക്ക് സഹിക്കാനാവുന്നില്ല ...എനിക്ക് നിന്നെ വേണം ..എന്ന് ശാസിക്കാം. പകരം നീ എന്തിനാ ഒഴിവായി പോകുന്നത്? ..നീ എന്റെയും ഞാൻ നിന്റെയും ആയിരിക്കെ എന്റെ സ്വഭാവത്തിന്റെ കുറവുകൾ നിനക്കെന്നോട് പറയാം ..നിനക്കാവശ്യമുള്ളതെന്തും എന്നോട് ചോദിക്കുകയും ചെയ്യാം "
അഞ്ജലി നിശബ്ദയായി അവനെ നോക്കിയിരുന്നു .ബാലു നിലത്തിരുന്നു അവളുടെ കാലുകൾ കൈകളിൽ എടുത്തു .താൻ അവളെ സ്നേഹിക്കും പോലെ ഭൂമിയിൽ ഒന്നിനെയും സ്നേഹിക്കുന്നില്ല എന്ന് ഉറക്കെ പറയാൻ അവനു തോന്നി.
"ബാലു ..പുരുഷൻ അകന്നു പോകുന്നു എന്ന് തോന്നുമ്പോളാണ് അർഷാദിന്റെ പോലെയുളളവർ അതൊരു അവസരമാക്കുന്നത്..ചില അഞ്ജലിമാർ എങ്കിലും അതിൽ വീണു പോകുന്നത് "
ബാലു അവളുടെ കാൽ വിരലുകളിൽ ചുംബിച്ചു
" അഞ്ജു എന്നിട്ട് ..നീ എന്താണ് അതിൽ വീണു പോകാഞ്ഞത് ? ബാലു അത്ര മേൽ നിന്നെ സ്നേഹിക്കുന്നു എന്ന് നിനക്കയറിയാവുന്നതു കൊണ്ടല്ലേ ?
അവന്റ കുസൃതി നിറഞ്ഞ ചിരിയിലേക്കു നോക്കി ഇനി എന്ത് പറയണം എന്നറിയാതെ അഞ്ജലി ഇരുന്നു
അത് സത്യമായിരുന്നു .തിരക്കുകളിൽ ബാലു അകലുന്നു നിന്നും തോന്നുമ്പോളും അവൻ തന്ന സ്നേഹത്തിന്റെ തീ എന്നും ഉള്ളിലുണ്ടായിരുന്നു ...നിറദീപം കണക്കെ അത് പ്രകാശിച്ചിരുന്നു ..അത് കൊണ്ടാണ് അത് കൊണ്ടാവും മറ്റൊരു പുരുഷന്റെ യും സ്നേഹ മന്ത്രങ്ങൾ തന്നെ തൊടാതെ പോയത്.
അവൾ കണ്ണുകളടച്ചു.ബാലുവിന്റെ സ്നേഹലാളനകൾക്കു കീഴടങ്ങി .പെണ്ണ് മിക്കപ്പോളും അങ്ങനെയാണ്. ഭർത്താവിന്റെ ഒരു സ്നേഹ സ്പർശം അവളുടെ പരിഭവങ്ങളുടെ മഞ്ഞു കണങ്ങളെ ഉരുക്കി കളയും. അത് വരെ അവൻ തന്നോട് ചെയ്തതെല്ലാം മറന്നവൾ അവനോടു ചേർന്നലിയും. പക്ഷെ അതിന് നല്ല ഒരു അടിസ്ഥാനം പുരുഷൻ കെട്ടിയിട്ടുണ്ടെങ്കിൽ മാത്രം. സ്നേഹത്തിന്റെ നല്ലൊരു അടിസ്ഥാനം.

By: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot