*******************
മോളുടെ അച്ഛൻ ആരെപോലെയാണ്? ഉടൻ വന്നു മറുപടി
കുരങ്ങനെപോലെ
പണ്ട് ഒരു 2 വയസ്സുകാരിയോട് ആരോ ഒരു തമാശപോലെ പറഞ്ഞുകൊടുത്തതാണ്.
നിൻറ്റെ അച്ഛൻ കുരങ്ങനെപ്പോലെയാണെന്നു .നാലഞ്ചു വയസ്സുവരെ അവളോട് ആ ചോദ്യം ചിലരൊക്കെ ചോദിക്കുമായിരുന്നു.
അവളുടെ മറുപടിയും ഇങ്ങനെതന്നെ ആയിരുന്നു.കുരങ്ങനെപ്പോലെ.കാരണം 8 വയസ്സുവരെ അച്ഛനെ അവൾ കണ്ടിട്ടില്ലായിരുന്നു.
അച്ഛന്റ്റെ ഒരു ചിത്രംപോലും.
ഒരിക്കൽപോലും അച്ഛനെ കാണണമെന്ന് അവൾക്കു തോന്നിയതുമില്ല.
എങ്കിലും വളർന്നപ്പോൾ അച്ഛനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു .
അച്ഛൻ തമിഴ് നാട്ടിലാണ്.
അവിടെ ഒരു തുണി ഫാക്ടറിയിൽ ജോലി ചെയ്യുന്നു.
അമ്മയ്ക്കും അവിടെ ആയിരുന്നു ജോലി.
അച്ഛൻറ്റെയും അമ്മയുടെയും പ്രണയവിവാഹം ആയിരുന്നു.
അമ്മ എന്നെ ഗർഭത്തിൽ വഹിച്ചിരുന്നപ്പോൾ പ്രസവത്തിനായി നാട്ടിൽകൊണ്ട് വിട്ടിട്ടു പോയതാണ് അച്ഛൻ.
പക്ഷെ ഞാൻ ജനിച്ചതിനു ശേഷം ഞങ്ങളെ തിരികെ കൊണ്ടുപോകാൻ വിളിച്ചെങ്കിലും അമ്മ പോയില്ല.
കാരണം അമ്മയെ ആരൊക്കെയോ ഉപദേശിച്ചിരുന്നു.
തമിഴ്നാട് വിട്ടു വരാൻ ഇഷ്ടമല്ലാത്ത അച്ഛനെ നാട്ടിൽ വരുത്താനുള്ള മാർഗ്ഗം.
നീയും കുഞ്ഞും ഇവിടെ നിന്നാൽ അവനും നാട്ടിലേക്കു വരും.
നീ ഇവിടംവിട്ടു വരില്ലാന്നു ഉറപ്പിച്ചു പറഞ്ഞാൽ മതി.
പാവം അമ്മ ആ ഉപദേശങ്ങളെയും അച്ഛനെയും കണ്ണടച്ച് വിശ്വസിച്ചു.
അച്ഛന്റ്റെ നാട്ടിലേക്കുള്ള വരവിനായി കാത്തിരുന്നു.
പക്ഷെ അച്ഛൻ വന്നതുമില്ല നാട്ടിലേക്കു വരൂ എന്ന അമ്മയുടെ നിരന്തരമുള്ള എഴുത്തുകൾക്കു മറുപടിയും ഇല്ലാതായി.
ഇതിനിടക്ക് ഉപദേശകർ എന്നെയും വെറുതെ വിട്ടില്ല.
എനിക്കും തന്നു ഉപദേശം.അച്ഛൻ വന്നു വിളിച്ചാൽ കൂടെ പോകരുത്.
അമ്മയോടൊപ്പംതന്നെ നിൽക്കണം.
ഓർമ്മയിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എൻറ്റെ അച്ഛനെക്കാൾ എനിക്കു വിശ്വാസവും സ്നേഹവും എനിക്കു ആഗ്രഹമുള്ളതൊക്കെ വാങ്ങിത്തന്നിരുന്ന എന്നെ കൊഞ്ചിക്കുന്ന ആ ഉപദേശകരെ ആയിരുന്നു.
അച്ഛൻ എന്ന വാക്കിൻറ്റെ മഹത്വമറിയാതെ അച്ഛൻ എന്ന സ്നേഹത്തിന്റ്റെയും വാത്സല്യത്തിൻറ്റെയും വില മനസ്സിലാക്കാതെ കുറച്ചു വർഷങ്ങൾ കടന്നു പോയി.
എനിക്കു 8 വയസ്സ് ആയപ്പോൾ എൻറ്റെ അച്ഛൻ വന്നു എന്നെകാണാൻ.
ആദ്യമായി ഞാൻ എൻറ്റെ അച്ഛനെ കാണുകയാണ്.
എന്തു ചെയ്യണം ,എങ്ങനെ പെരുമാറണം.
ഈ 8 വയസ്സിനിടക്കു ഒരു ഫോട്ടോ കാണിച്ചുപോലും ആരും എന്നോട് പറഞ്ഞിട്ടില്ല ഇതാണ് നിൻറ്റെ അച്ഛനെന്നു.
അതുകൊണ്ട് തന്നെ അടുത്തേക്ക് ചെല്ലാൻപോലും മടി ആയിരുന്നു.
അച്ഛൻ കുറെയേറെ കളിപ്പാട്ടങ്ങളും പലഹാരങ്ങളും പുതുവസ്ത്രങ്ങളുമൊക്കെ കൊണ്ടുവന്നിട്ടുണ്ട്.
അതൊക്കെ വാങ്ങി വച്ചുവെങ്കിലും കൂറ് മുഴുവൻ ഉപദേശകരുടെ സ്നേഹത്തോടാണ്.
സ്വതവേ ഭയങ്കര സംസാരവും ബഹളവുമൊക്കെ ആണെങ്കിലും അപരിചിതരോടുപോലും വളരെ പെട്ടെന്നു അടുക്കുന്ന സ്വഭാവം ആയിരുന്നുവെങ്കിലും അച്ഛന്റ്റെ മുന്നിൽ കൂടുതൽ നിശബ്ദത പാലിച്ചു.
ചോദ്യങ്ങൾക്കു മാത്രം ഒറ്റവാക്കിൽ ഉത്തരം.
ഒരിക്കലും അടുക്കാൻ പറ്റാത്തപോലെയുള്ള അപരിചിതത്വം.
എങ്കിലും എൻറ്റെ നിറവും ഛായയും ആണല്ലോ ഇവൾക്കു എന്ന അച്ഛന്റ്റെ വാക്കുകൾ ഞാൻ അറിയാതെതന്നെ എൻറ്റെ ഹൃദയം സൂക്ഷിച്ചുവച്ചു.
അച്ഛനോടുള്ള എൻറ്റെ അകലം കുറയ്ക്കാനായി അമ്മ കുറെ പരിശ്രമിച്ചു.
അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല.
അച്ഛന്റ്റെ അടുത്തുനിൽക്കുമ്പോഴൊക്കെ അവിടുന്ന് എത്രയും പെട്ടെന്നു രക്ഷപെട്ടു എൻറ്റെ പാവക്കുട്ടിയെ കൊഞ്ചിക്കാനും ഉപദേശകരോടൊത്തു സമയം ചെലവഴിക്കാനുമാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്.
അച്ഛാ എന്നു വിളിക്കാൻ ഒരുപാടു പ്രാവശ്യം അമ്മ പറഞ്ഞുവെങ്കിലും എനിക്കതിനു കഴിഞ്ഞില്ല.
അതു മനപ്പൂർവം അല്ലായിരുന്നു.
അച്ഛാ എന്നു വിളിക്കുമ്പോൾ മാത്രം എൻറ്റെ ശബ്ദം പുറത്തേക്കു വന്നിരുന്നില്ല.
എനിക്കതത്രവല്യ വിഷയമായിരുന്നുമില്ല.
എന്തായാലും ഈ വരവിലും ഞാനും അമ്മയും അച്ഛനൊപ്പം പോയില്ല.
അടുത്തവർഷം നാട്ടിൽ സ്ഥിരമായി നിൽക്കാൻ വരാമെന്നു പറഞ്ഞു അച്ഛനും തിരികെ പോയി.
പക്ഷെ അടുത്ത വർഷവും അച്ഛൻ വന്നില്ല.
അടുത്ത വർഷം വരാം ,അടുത്തവർഷം വരാം ഇങ്ങനെ ഓരോ വർഷവും അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു.
കാലചക്രങ്ങൾ ആരുടെയും ഇഷ്ടത്തിനു കാത്തുനിൽക്കാതെ മുന്നോട്ടുതന്നെപോയി.
അതിനൊപ്പം ഞാനും വളർന്നു.
യാഥാർഥ്യങ്ങൾ കുറച്ചൊക്കെ തിരിച്ചറിയാനും ഉൾകൊള്ളാനും കഴിയുമെന്നായി.
അങ്ങനെ ഹൃദയംകൊണ്ട് ഞാൻ തിരിച്ചറിഞ്ഞ സത്യമായിരുന്നു എൻറ്റെ അച്ഛനെക്കുറിച്ചു.
എനിക്കു നഷ്ടപെട്ട എൻറ്റെ അച്ഛന്റ്റെ സ്നേഹത്തെകുറിച്ചു , ആരൊക്കെയോ ചേർന്നു എനിക്കു നിഷേധിച്ച എൻറ്റെ അച്ഛന്റ്റെ വാത്സല്യത്തെക്കുറിച്ചു.
അരികിലുണ്ടായിരുന്നിട്ടും അറിയാതെയെങ്കിലും ഞാൻ അവഗണിച്ച എൻറ്റെ അച്ഛന്റ്റെ സ്നേഹത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സ് ഇപ്പോൾ വിങ്ങിപൊട്ടാറുണ്ട്.
എങ്കിലും എൻറ്റെ അച്ഛനായി ആയിരമായിരം ഇരട്ടി സ്നേഹത്തെ മനസ്സിൽ കരുതി കാത്തിരുന്നു അച്ഛന്റ്റെ അടുത്തവരവിനായി.
ഞാൻ വളർന്നതിനൊപ്പം ഉപദേശകർക്കും പ്രായമേറി.
ഉപദേശകരുടെ മക്കളും മരുമക്കളുമൊക്കെ ആ വീട്ടിലെ പ്രധാനികൾ ആയി.
പത്താംക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന എൻറ്റെ തുടർപഠനമോഹം അമ്മയൊഴികെ മറ്റെല്ലാവർക്കും ആർഭാടവും അഹങ്കാരവുമായിതോന്നി.
എൻറ്റെ വിവാഹം നടത്താൻ ഞാൻ ഇപ്പോഴേ ജോലി ചെയ്തു തുടങ്ങണം.
അതായിരുന്നു അവരുടെ ആവശ്യം.
അതിൻറ്റെപേരിൽ നല്ല വഴക്കായി.
അന്നാണറിയുന്നത് ആ വീട്ടിൽ എനിക്കും അമ്മയ്ക്കും ഒരു അവകാശവുമില്ലെന്നു.
ഞങ്ങളുടെ ആകെ സമ്പാദ്യമായ എൻറ്റെ കുറെ പുസ്തകങ്ങളും വസ്ത്രങ്ങളുമായി അവിടുന്നു ഇറങ്ങേണ്ടിവന്നു.
ബന്ധങ്ങളുടെ നിസ്സാരത എന്തെന്ന് നന്നായി മനസ്സിലായ കാലമായിരുന്നു അത്.
നിസ്സഹായരായ രണ്ടു പെൺജന്മങ്ങളെ എങ്ങോട്ടെന്നില്ലാതെ ഇറക്കി വിട്ടപ്പോൾ ആ അനീതിയെ ചോദ്യം ചെയ്യാൻപോലും ആരുമില്ലായിരുന്നു.
പക്ഷെ എൻറ്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ.........ആ ഒരു ചിന്തയിൽ എൻറ്റെ ഹൃദയം വിങ്ങിപ്പൊട്ടി.
ഇനിയെങ്ങോട്ടു ? മരണത്തിലേക്കല്ലാതെ യാതൊരു വഴിയും മുന്നിൽ കാണുന്നില്ല.
പക്ഷെ ദൈവം പറഞ്ഞുവിട്ടപോലെ അമ്മയുടെ ഒരു കൂട്ടുകാരി ഞങ്ങളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി.
പിന്നീട് കുറേക്കാലം അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു.
നാലു വർഷത്തോളം.ഈ നാലുവർഷത്തെ സമ്പാദ്യം ആയിരുന്നു ഒരിത്തിരി സ്ഥലവും അതിൽ പണിതീരാത്ത ഒരു വീടും അച്ഛൻ ഇന്നു വരും നാളെവരും എന്നുള്ള പ്രതീക്ഷയും.
ഡിഗ്രി മൂന്നാം വർഷമാണ്.
വീടിൻറ്റെ പണിതീർന്നിട്ടില്ല.
തീർക്കാനുള്ള സാഹചര്യവും ഇല്ല.
അച്ഛൻ വരുമെന്നുള്ള അമ്മയുടെ പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.
എനിക്കും പ്രതീക്ഷയില്ലയെങ്കിലും ഹൃദയത്തിലെവിടെയോ ഒരു മണൽത്തരിയോളം പ്രതീക്ഷ നഷ്ടപ്പെടാതെ കിടക്കുന്നു.
ആ പ്രതീക്ഷയിൽ നിറഞ്ഞ പ്രാർത്ഥനകൊണ്ടാവാം അന്നത്തെ ഓണത്തിനു എനിക്കു കുറെ പുതുവസ്ത്രങ്ങളുമായി എൻറ്റെ അച്ഛൻ വന്നു. അച്ഛനെ കണ്ടപ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു എനിക്ക്.
ഞങ്ങളോട് അനീതി കാട്ടിയവരുടെ മുന്നിലൂടെ എൻറ്റെ അച്ഛനൊപ്പം തലയുയർത്തി അല്പം ഗമയോടെ കുറച്ചു അഹങ്കാരത്തോടെതന്നെ നടന്നു ഞാൻ.പണ്ടത്തെപ്പോലെ ആയിരുന്നില്ല.
ഞങ്ങൾതമ്മിൽ വളരെപെട്ടെന്ന് കൂട്ടുകാരെപ്പോലെയായി.
വീട് പൂർത്തിയാക്കുന്നതിനെക്കുറിച്ചും ഒന്നിച്ചുപോകേണ്ട യാത്രകളെക്കുറിച്ചും എൻറ്റെ കോളേജ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഞാൻ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
പക്ഷെ അവിടെയും ദൈവമെന്നെ പരീക്ഷിച്ചു.
ഇത്രയൊക്കെ സംസാരിക്കുമെങ്കിലും അച്ഛാ എന്ന് വിളിക്കാൻ മാത്രം നാവുപൊങ്ങുന്നില്ല .
ശബ്ദം പുറത്തേക്കു വരുന്നില്ല.അച്ഛൻ വന്നിട്ടു ഒരാഴ്ച്ചയായി.
ഒരിക്കൽപോലും അച്ഛാ എന്ന് വിളിക്കാൻ കഴിഞ്ഞിട്ടില്ല.
അതിൻറ്റെ പേരിൽ അമ്മയെന്നെ വഴക്കുപറഞ്ഞുവെങ്കിലും അച്ഛൻ ആശ്വസിപ്പിച്ചു.
സാരമില്ല മോൾക്ക് വിളിക്കാൻ പറ്റുമ്പോൾ വിളിച്ചാൽ മതി.
അതിനു ഞാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു കരഞ്ഞ എന്നെ ആശ്വസിപ്പിക്കുമ്പോഴും അച്ഛനും സങ്കടമുണ്ടായിരുന്നു.
അന്നൊരു ബുധനാഴ്ച്ച ആയിരുന്നു.
അച്ഛൻ വന്നിട്ടു പത്തു ദിവസം ആയി.
എനിക്ക് പരീക്ഷ തീരുന്ന ദിവസം.
രണ്ടു ദിവസം മുൻപ് അച്ഛമ്മയെ കാണാൻപോയ അച്ഛൻ ഇന്നു തിരികെവരും.
എനിക്കു പരീക്ഷ ആയതുകൊണ്ടാണ് ഞാൻ പോകാതിരുന്നത്.
ആ രണ്ടു ദിവസംകൊണ്ട് ഞാൻ എൻറ്റെ മനസ്സിനെ കുറെ ശകാരിച്ചു അച്ഛാന്നു വിളിക്കാൻ പാകപ്പെടുത്തി.
പരീക്ഷ കഴിഞ്ഞു ഇനി അച്ഛനുമായി കുറെ യാത്ര പോകണം.
അങ്ങനെ വളരെ സന്തോഷവതിയായിട്ടാണ് വീട്ടിൽ എത്തിയത്.
വീട്ടിൽ ചെല്ലുമ്പോൾ അറിഞ്ഞു അച്ഛമ്മയുടെ വീട്ടിവച്ചു അച്ഛനു സുഖമില്ലാതായി.
ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.
അതുകേട്ടു തിടക്കപെട്ടു ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങിയ എന്നെ അടുത്തവീട്ടിലെ ചേച്ചി തടഞ്ഞു.
നീ പോകേണ്ട അച്ഛനു കുഴപ്പമൊന്നുമില്ല .
അച്ഛനെ ഇപ്പോൾ കൊണ്ടുവരും.
ഇത്രയുംനാൾ ഉള്ളിൽകരുതിയ സ്നേഹമെല്ലാമെടുത്തു ഇന്നു അച്ഛാന്നു വിളിക്കണം.
ഇത്രനാളും അങ്ങനെ വിളിക്കാൻകഴിയാത്തതിൽ കാലുപിടിച്ചു മാപ്പുപറയണം.
അച്ഛൻ ഒന്ന് വന്നിരുന്നെങ്കിൽ ഞാൻ അക്ഷമയോടെ കാത്തിരുന്നു.
ആ കാത്തിരിപ്പിനൊടുവിൽ റോഡിൽ ഒരു ആംബുലൻസ് വന്നു നിൽക്കുന്നത് കണ്ടു.
അതിൽനിന്നും പരിചയക്കാരായ അഞ്ചാറുപേർ ഇറങ്ങി വീട്ടിലേക്കു വന്നു.
ചായ്പ്പിൽ കിടന്ന കട്ടിലെടുത്തു പണിതീരാത്ത വീടിൻറ്റെ ഉമ്മറത്തേക്കിട്ടു.
അപ്പോഴേക്കും അയൽക്കാരൊക്കെ വീട്ടിലേക്കു വന്നു തുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുൻപേ ആ കട്ടിലിലേക്കു വെള്ളയിൽപൊതിഞ്ഞു ഒരു ശരീരത്തെകൊണ്ട് കിടത്തിയിരുന്നു.
അപ്പോഴും ഒന്നുംമനസ്സിലാകാത്തതുപോലെ പകച്ചുനിന്ന എന്നെ,രണ്ടുപേർ താങ്ങിപ്പിടിച്ചുകൊണ്ടുവന്ന അമ്മയുടെ നിലവിളി ആയിരുന്നു ബോധത്തിലേക്കു,എൻറ്റെ അച്ഛൻ ജീവനോടെയില്ല എന്ന യഥാർഥ്യത്തിലേക്കു എത്തിച്ചത്.
നെഞ്ചിൽ ഒരാളികത്തൽ,ഉള്ളിലെ വിങ്ങൽ ഒരു തേങ്ങലായി തൊണ്ടയിൽത്തന്നെ കുടുങ്ങികിടന്നു.
ഇനിയെനിക്കെൻറ്റെ അച്ഛനില്ല.
ഞാൻ ഏറെക്കൊതിച്ചു കാത്തിരുന്നു കിട്ടിയ അച്ഛന്റ്റെ സ്നേഹമില്ല.
ഈ ഒരാഴ്ച്ചയായി അച്ഛൻ ഉണ്ണുമ്പോൾ എനിക്കായി വച്ചുനീട്ടുന്ന ആ ചോറുരുളകൾ,മോളെ എന്നുള്ള സ്നേഹവിളി .
ദൈവമേ നീയിത്ര ക്രൂരനാണോ.
എനിക്കു ഒരു പ്രാവശ്യം ഒരേയൊരു പ്രാവശ്യംപോലും അച്ഛാ എന്നു വിളിക്കാൻ അവസരം നൽകാതെ അച്ഛനെ തിരികെ വിളിച്ചതെന്തേ.
ഈ ഒരു ദിവസമെങ്കിലും എൻറ്റെ അച്ഛനെ എനിക്കു മാത്രമായി തരാമായിരുന്നില്ലേ.
വീട് പൂർത്തീകരിക്കുക എൻറ്റെയും അച്ചൻറ്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു. സ്നേഹകൊട്ടാരമാക്കി മാറേണ്ടിയിരുന്ന പണിതീരാത്ത ഈ വീട്ടിലേക്കു എല്ലാ സ്വപ്നങ്ങളെയും,എന്നെയും തോൽപ്പിച്ച് ചേതനയറ്റ അച്ഛൻറ്റെ ശരീരം മാത്രം.
അച്ഛന്റ്റെ തണുത്തുമരവിച്ച കാൽക്കൽവീണു നിശബ്ദമായി അശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുമ്പോൾ ആയിരം തവണ തേങ്ങലോടെ അച്ഛാ എന്നു വിളിക്കുന്നുണ്ടായിരുന്നു.
ആ വിളിയൊക്കെ അച്ഛൻ കേട്ടിട്ടുണ്ടാകും.അത് കേട്ടു സന്തോഷിച്ചിട്ടുണ്ടാകും.
ഈ പത്തുദിവസംകൊണ്ട് ഒരായുസ്സിൻറ്റെ സ്നേഹം നൽകി എന്നെ മോളെ എന്നു വിളിച്ചപ്പോൾ തിരികെ അച്ഛൻ ആശിച്ചപോലെ അച്ഛാ എന്നു ഒരിക്കൽപോലും വിളിക്കാൻ കഴിയാത്തതിൽ എനിക്കു മാപ്പുതരു.
എത്ര സൗഭാഗ്യങ്ങൾക്കിടയിലായാലും ഈ ഒരു കുറ്റബോധം എന്നും എൻറ്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടേയിരിക്കുന്നു.
ഒരിക്കൽക്കൂടി എൻറ്റെ അച്ഛനോട് ഈ മകൾ ഹൃദയംകൊണ്ട് ക്ഷമ ചോദിക്കുന്നു.
റെജി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക