നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സീനരാവിലെ ചായ കുടിച്ചിരുന്നപ്പോഴാണ് സീന വിളിച്ചത്.... സീന എന്റെ ഒരു പരിചയക്കാരിയാണ്... വേണേൽ കൂട്ടുകാരിയെന്നും പറയാം....
രാത്രി ജേക്കബ് ഡോക്ടറുടെയും ജെസ്സി ചേച്ചിയുടെയും വിവാഹവാര്ഷികത്തിനു പോകുന്ന കാര്യം പറയാനാണ് വിളിച്ചത്.... അത് മാത്രമല്ല അതിനൊപ്പം ക്ലബ്ബിന്റെ മീറ്റിങ്ങും അവിടെവച്ചാണ്....
ഞാൻ ഈ വക പൊങ്ങച്ച പരദൂഷണം പാർട്ടികൾക്ക് പോവാറില്ല... കെട്ടിയോനാണ് പോകാറ്...
"എനിക്ക് തന്നെ പോകാൻ വയ്യ... അവിടെ ഞാൻ ഒറ്റപെട്ടുപോകും... നീ കൂടി വായോ "അവൾ കേണു..... സീന ഒരു പാവമാണ്.... ഒരു നിഷ്കു... വീട്, കുഞ്ഞ്, അമ്പലം അതാണ് പുള്ളിക്കാരിയുടെ ലോകം.... വളരെ ഒതുങ്ങിയ ഒരു പാവം.... സുന്ദരി...
ഈ പോകുന്നത് കെട്ടിയോന്റെ നിർബന്ധം കാരണമാണ്.... ഇതുവരെ പാർട്ടിക്ക് പോയിട്ടില്ല... അതിന്റെ ഒരു ചമ്മലുണ്ട്... അതുകൊണ്ടാണ് ചമ്മൽ ഇല്ലാത്ത എന്നെ കൂട്ടുവിളിക്കുന്നതു... പല ഒഴിവും പറഞ്ഞിട്ടും സീന സമ്മതിച്ചില്ല... ഒടുവിൽ ഞാൻ വരാമെന്നേറ്റു....
വൈകുന്നേരം ആയപ്പോൾ തന്നെ ഹസ് മേക്കപ്പ് തുടങ്ങിയിരുന്നു... പാർട്ടിക്ക് പോകാനാണ്... "ഇന്ന് ഞാനും ഉണ്ട്".. എന്റെ പറച്ചില് കേട്ടു പുള്ളി ഒന്ന് നടുങ്ങി... പിന്നെ വിശ്വാസം വരാതെ കുറേ നേരം നോക്കിനിന്നു... "അതിനു നിനക്ക്‌ അവരെയൊക്കെ പിടിക്കുമോ".. ഹസ് അമ്പരപ്പ് മാറാതെ ചോദിച്ചു...
"ഇഷ്ടമുണ്ടായിട്ടല്ല സീനക്ക് കൂട്ടാവട്ടെ എന്നു കരുതി "
"അപ്പൊ ഇന്ന് സീനയും ഉണ്ടോ "ഹസ് വീണ്ടും അമ്പരന്നു... "ആയിക്കോട്ടെ നിന്റെ ഇഷ്ടം"പുള്ളി മേക്കപ്പ് തുടർന്നു.....
ഞാൻ പാർട്ടിക്ക് പോകുന്നുവെന്നറിഞ്ഞ മദർ ഇൻ ലോ അലമാരയിൽ നിന്നും ഒരു പട്ടുസാരിയും അഞ്ചാറ് മാലകളും എടുത്തുവച്ചു.... മഹിളാസമാജം ചേച്ചിമാരുണ്ടെൽ അവർക്ക് അസൂയ വരണം അതിനാണ്.....
റെഡിയായി ഇറങ്ങിയ എന്നെ കണ്ടു ഹസ്നു ചിരിയും മദർ ഇൻ ലോ യ്ക്ക് കലിയും വന്നു.....
"എന്താടി ഇത്... പട്ടാളക്കാരുടെ യൂണിഫോം ആണോ "എന്റെ കുപ്പായം കണ്ടു അമ്മ അലറി.... "മനുഷ്യനെ നാണം കെടുത്താനായിട്ടു.... ദൈവമേ ആളുകള് വിചാരിക്കുവല്ലോ ഇവളുടെ കയ്യിലും കഴുത്തിലും ഉള്ളതൊക്കെ ഞങ്ങള് വിറ്റു തിന്നെന്ന് ".... അമ്മ എണ്ണിപ്പറക്കൽ തുടങ്ങി... "ആ തല മുടിയെങ്കിലും ഒന്ന് കെട്ടിവെക്കാൻ മേലേ.... അതെങ്ങനെ വല്ല ചൊല്ലുവിളിയും ഉണ്ടോ... തോന്ന്യവാസം അല്ലേ.... എന്തേലും കാണിക്ക് "അമ്മ മുറിയിൽ കേറി വാതിലടച്ചു....
ജെക്കബ് സാറിന്റെ വീട്ടിലെത്തിയപ്പോൾ സമയം ഏഴുമണി കഴിഞ്ഞു.. പാർട്ടി തുടങ്ങാൻ പോകുന്നു.... കേക്ക് മുറിക്കലാണ്... രണ്ടു പേരും ഒരുമിച്ചു മുറിച്ചു പരസ്പരം തീറ്റിച്ചു സെൽഫി, വീഡിയോ ഒക്കെ എടുത്തു....
ഞാനും സീനയും ഒരു ഒഴിഞ്ഞ മൂല കണ്ടുപിടിച്ചു അവിടെ ഇരിപ്പായി.. അല്ലെങ്കിലും കെട്ടിയോൻ പോരാൻനേരം പറഞ്ഞിരുന്നു 'ദേഷ്യം പാടില്ല.... എല്ലാരോടും പുഞ്ചിരിച്ചു സംസാരിക്കുക.... ' ഇത് മനസ്സിൽ വച്ചു ചുണ്ടിൽ ഞാൻ ഒരു പുഞ്ചിരി ഒട്ടിച്ചിരുന്നു....
പാർട്ടി സമയം പോകുന്തോറും അതിന്റെ പൂർണതയിൽ എത്തിത്തുടങ്ങി.... അവിടെയുള്ള മഹിളാരത്നങ്ങൾ എല്ലാം വെട്ടിത്തിളങ്ങുന്നു.... എല്ലാരും സന്തോഷത്തിൽ....
"ഇതെന്താ ഇയാളിവിടിരിക്കുന്നെ... കണ്ടിട്ട് കുറേ ആയല്ലോ.... അല്ലെങ്കിലും നമ്മളെ പോലുള്ള പാവങ്ങളെ ആര് ഓർക്കാൻ "മരിയ ഐസക് ആണ്.... കൈയിൽ ഹണീബീ.... ഞാൻ പുഞ്ചിരിച്ചു.... "ഇതാരാ " എന്റെ അടുത്തിരുന്ന സീനയെ നോക്കി ചോദിച്ചു....
"ഇത് സീന.... പുതിയ ആളാണ്.... ആ ബ്യൂട്ടി ഷോപ്പിന്റെ.... "
"ഓ കൈലാഷിന്റെ വൈഫ്‌ "....ഞാൻ മുഴുമിപ്പിക്കുന്നതിനു മുന്നേ മരിയ ഐസക് ചാടി കൈ കൊടുത്തു....
കൈലാസൻ എന്ന സീനയുടെ കെട്ടിയോൻ എന്നാ കൈലാഷ് ആയതെന്നു എനിക്ക് മനസ്സിലായില്ല... കുറെ മാറി കൈലാഷ് സൂസൻ ഡോക്ടറോട് തമാശ പറഞ്ഞു ചിരിക്കുന്നത് കണ്ടു....
"ചേട്ടായിനെ ആണോ അവര് കൈലാഷ് എന്നു പറഞ്ഞേ "സീനനിഷ്കു എന്നോട് ചോദിച്ചു....
എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല...
കുറേ കഴിഞ്ഞപ്പോൾ ആരോ സീനയെ പരിചയപ്പെടുത്താൻ വിളിച്ചുകൊണ്ടു പോയി.... ഞാൻ അവിടെ എല്ലാരേം നോക്കി പോസ്റ്റായി ഇരുന്നു..... സമയം പോകുന്നത് ഞാൻ ഒഴികെ ആരും അറിഞ്ഞില്ല...
കുറച്ചു കഴിഞ്ഞു ഒരു തിരുവാതിര പാട്ടു കേട്ടു... "ഇതാരപ്പാ ഈ പാതിരാത്രി തിരുവാതിര കളിക്കുന്നെ" ഞാൻ എന്നോട് തന്നെ ചോദിച്ചു... പാർട്ടി നിശബ്ദമായിരിക്കുന്നു.... ഞാൻ ഹസിനെ നോക്കി... പുള്ളി അനക്കമില്ലാതെ നിൽക്കുന്നു....
തിരുവാതിര കുമ്മിയടിയിൽ എത്തി.... ഞാൻ അങ്ങോട്ടേക്ക് ചെന്നു... എന്റെ കണ്ണിന്റെ കുഴപ്പമാണോ എന്തോ.... സീനനിഷ്കു തിരുവാതിര കളിക്കുന്നു... അതും തനിയെ....
ആരോ നിഷ്ക്കുവിന് ഹണീബീ കൊടുത്തിരിക്കുന്നു.... മിറാണ്ടയും ഹണിബീയും തിരിച്ചറിയാത്ത ആ നിഷ്കു അത് കുടിച്ചിട്ടാണ് തിരുവാതിര കളിക്കുന്നത്.... തിരുവാതിര ഒരു നാടൻ ആയതു കൊണ്ടാണോ എന്നറിയില്ല എല്ലാരും നിശ്ശബ്ദരാണ്.... വല്ല ഇംഗ്ലീഷ് ഡാൻസും ആണേൽ ഇപ്പൊ എല്ലാം കിടെന്നു ചാടിയേനെ....
"വീരനാം നളന്റെ ഭാര്യ സുന്ദരി ദമയന്തി ".....നിഷ്കു തകർക്കുകയാണ്.... ഇനി ഞാനെങ്ങാനും അഭിനന്ദിച്ചു കൈയ്യടിക്കുമോ എന്നു പേടിച്ചു ഹസ് എന്റെ കയ്യിൽ ബലമായി പിടിച്ചു...
കൈലാഷ് ബലമായി ഭാര്യയെ പിന്തിരിപ്പിക്കാൻ ചെന്നു... അവൾ തിരുവാതിര നിർത്തി കുരവയിടാൻ തുടങ്ങി.... "അവള് നായന്മാരുടെ മാനം കാത്തു.... നല്ല അസ്സല് കുരവ"....എന്റെ പറച്ചില് കേട്ടു ഹസ് കാറിന്റെ താക്കോൽ കയ്യിൽ തന്നു... "നീ പൊക്കോ ഇത് തീരാൻ വൈകും.. ഞാൻ വന്നേക്കാം "...എന്നെ പറഞ്ഞയക്കാൻ ഹസ് തിടുക്കപ്പെട്ടു....
തിരികെ വരുമ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു സീനക്ക് ദക്ഷിണ കൊടുത്തു തിരുവാതിര പഠിക്കാൻ....പറ്റിയാൽ കുരവയും

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot