നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Behind the soul



image

ഞാൻ ഹവീൽദാർ അനിൽ കുമാർ.എല്ലാവരും സ്നേഹത്തോടെ അനി എന്നു വിളിക്കും.ഒരു കാലത്ത് ഇന്ത്യൻ ആർമിയിലെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന കേണൽ മോഹൻദാസിന്റെ മകൻ.ലൈൻ ഓഫ് കണ്ട്രോൾ ഭേദിച്ചു നുഴഞ്ഞു കയറിയ ഇരുപത്തഞ്ചോളം പാക് ഭീകരരെ ഒറ്റക്ക് നേരിട്ടു വിശിഷ്ട സേവനത്തിനു പരമ വീര ചക്രം കരസ്ഥമാക്കിയ ഒരു ധീരനായ പട്ടാളക്കാരന്റെ മകൻ.അന്നത്തെ കാലത്ത് ജീവിച്ചിരിക്കെ ഈ ബഹുമതി കരസ്ഥമാക്കിയ ചുരുക്കം പട്ടാളക്കാരിൽ ഒരാൾ.രാജ്യത്തിന്റെ തന്നെ ഹീറോ ആയിരുന്നു അച്ഛൻ.അതുകൊണ്ട് തന്നെ അച്ഛൻ എന്നതിലുപരിയായി അദ്ദേഹത്തെ ഒരു ഹീറോയെ പോലെ കാണാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.നാൾക്കുനാൾ അച്ഛനെ പോലെ ഒരു ഹീറോ ആവണം എന്നു ഞാൻ തീരുമാനമെടുത്തു.

അച്ഛനോടുള്ള ആരാധനയും അച്ഛന്റെ രാഷ്ട്ര സേവനത്തിലുള്ള ആർപ്പണബോധവും കണ്ട് ഞാൻ അച്ഛന്റെ പാത തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.എന്നെയോർത്തു അച്ഛൻ അഭിമാനം കൊണ്ട നിമിഷം.അതിന്നും ഓർമയിലുണ്ട്.അങ്ങനെ ചോരക്കു ചൂട് പിടിച നാളുകളിൽ തന്നെ ഞാനൊരു പട്ടാളക്കാരനായി.കർശനമായ പരിശീലനത്തിന്റെ നാളുകൾ…അത് മനസ്സിനും ശരീരത്തിനും പകർന്നു തന്ന ഊർജ്ജം ചെറുതൊന്നുമായിരുന്നില്ല.പക്ഷെ… ഞാൻ ആകെ അസ്വസ്ഥനായിരുന്നു.എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല എന്നൊരു തോന്നൽ.ക്യാമ്പിലെ അല്ലറ ചില്ലറ പണികളുമൊക്കെയായി തള്ളി നീക്കിയ കുറെ മാസങ്ങൾ.എന്റെ അമർഷവും വിഷമങ്ങളും ഞാൻ അച്ഛനെഴുതുമായിരുന്നു.അപ്പോഴെല്ലാം എനിക്ക് വന്നത് ഒരേയൊരു മറുപടി മാത്രമായിരുന്നു….

"നീ ഒരു പട്ടാളക്കാരനായത് ഒരിക്കലും നിനക്ക് വേണ്ടിയല്ല,..ഈ രാജ്യത്തിനു വേണ്ടിയാണ്.നിനക്ക് നിന്റെ മാതൃരാജ്യത്തോട് ചില കടമകളുണ്ട്.ആ കടമകൾ നിറവേറ്റാനുള്ള അവസരം നീ പോലും വിചാരിക്കാതെ നിന്നിലേക്ക് വന്നു ചേരും.ക്ഷമയോടെ കാത്തിരിക്കുക."

ആ വാക്കുകൾ ആയിരുന്നു എന്നെ എല്ല പ്രശ്നങ്ങളിൽ നിന്നും അതിജീവിക്കാൻ പ്രേരിപ്പിച്ചത്.നാളുകൾക്ക് ശേഷം ഞാൻ ഒരു ഹവീൽദാറായി.ഹവീൽദാർ അനിൽകുമാർ.അങ്ങനെയിരിക്കെയാണ് എനിക്ക് സിയാച്ചിനിലെ ബേസ് ക്യാമ്പിലേക്ക് ഡ്യൂട്ടി കിട്ടുന്നത്.സിയാചിൻ….മഞ്ഞു മൂടിയ കാരക്കോറം മലനിരകളിൽ സ്ഥിതി ചെയ്യുന്ന വാർ ഫീൽഡ്.ശത്രു രാജ്യത്തിങ്ങളുടെ അധിനിവേഷങ്ങളിൽ നിന്നു ഇന്ത്യയെ കാത്തു സൂക്ഷിച്ച പോർക്കളം. ഇവിടെ പട്ടാളക്കാർ രണ്ട് കാര്യങ്ങളോട് യുദ്ധം ചെയ്യേണ്ടി വരും,ഒന്നു ഏതു നിമിഷവും മുന്നിൽ ചാടി വീണേക്കാവുന്ന ശത്രുവിനോടും ഒപ്പം ചോര വരെ മരവിച്ചു പോകുന്ന അവിടുത്തെ കൊടും തണുപ്പിനോടും.

അവിടെയാണെങ്കിൽ എപ്പോഴും സംഘർഷഭരിതമായ അവസ്‌ഥ. സീസ് ഫയർ മേഖല ആയിരുന്നിട്ടു കൂടി പലപ്പോഴും പാക് അതിർത്തിയിൽ നിന്നും ബുള്ളറ്റുകൾ ഇന്ത്യൻ പട്ടാളക്കാരുടെ ജീവനെടുത്തിരുന്നു.അത് കൂടാതെ ചെറിയ ചില കമാന്റോ ഓപ്പറേഷനുകളിൽ കൂടി എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞു.ഞാൻ ക്രമേണ സന്തുഷ്ടനായി.എന്റെ രാജ്യത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ എന്നെ കൊണ്ടാവും വിധം ഞാൻ ചെയ്യുന്നുണ്ട് എന്നൊരു തോന്നൽ എനിക്കുണ്ടായി.

ആ സമയത്താണ് സിയാച്ചിൻ വാർ ഫീൽഡിലെ ഒരു പിക്കറ്റിൽ എനിക്ക് ഡ്യൂട്ടി കിട്ടുന്നത്.അവിടെ എന്നെ കൂടാതെ മറ്റു രണ്ടു പേർ കൂടെ ഉണ്ടായിരുന്നു.ഒരു ഗുർവീന്ദർ സിങ്ങും പിന്നെ ഒരു നിധിൻ പട്നായിക്കും.കണ്ണിമ ചിമ്മാതെ ഞങ്ങൾ ഓരോരുത്തരും ഇന്ത്യയിലെ കോടിക്കണക്കിനു മക്കളുടെ ജീവനും സ്വത്തിനും രാവെന്നോ പകലെന്നോ ഇല്ലാതെ കാവൽ നിന്ന ദിനങ്ങൾ.ബേസ് ക്യാമ്പിലുണ്ടായിരുന്നതിന്റെ പകുതി ടെൻഷൻ ഇവിടെയില്ല.ചുറ്റിലും മഞ്ഞു മൂടി കിടക്കുന്ന കുന്നുകൾ,ഇടതൂർന്ന പൈൻ മരക്കാടുകൾ,ഒരു കമ്പി വേലിക്കപ്പുറം പാകിസ്ഥാൻ,ഇവിടുന്ന് ഏകദേശം പത്തുമണിക്കൂർ നടന്നു വേണം ബേസ് ക്യാമ്പിലെത്താൻ.മഞ്ഞു മൂടി കിടക്കുന്ന താഴ്‌വരകളും കുന്നുകളും ഉള്ളതിനാൽ റോഡ് മാർഗം ഒരു ഗതാഗത സൗകര്യം ഇല്ലായിരുന്നു.പിന്നെ അടിയന്തിര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ മാത്രമാണ് ഏക വഴി.

ഒരു തരത്തിൽ പറഞ്ഞാൽ ബോർഡർ ഡ്യൂട്ടി ഞങ്ങൾ ആസ്വദിക്കുകയായിരുന്നു.ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ചവിട്ടിത്തേക്കലിനെക്കാൾ നല്ലത് ഈ മഞ്ഞത്ത് തീയും കാഞ്ഞിരിക്കുന്നതാണെന്നു ഞങ്ങൾക്ക് തോന്നി തുടങ്ങി.പ്രശ്നങ്ങൾ ഒന്നുമില്ലാതെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.ഒരു രാത്രി പിക്കറ്റിന് വെളിയിൽ തീ കാഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ.അവിടുത്തെ കനത്ത തണുപ്പിൽ നിന്നുമുള്ള ഏക ആശ്വാസമാണ് ഈ തീ കായലും പിന്നെ കമ്പിളിയും.ഹിമവാന്റെ മലമടക്കുകളിലൂടെ വന്ന ഒരു ശീതക്കാറ്റ് ഞങ്ങളെ തഴുകി പോയി.അത് മഞ്ഞു വീണ് കിടന്ന പൈൻ മരത്തിന്റെ ഇലകളെ തട്ടി തടഞ്ഞു പോയി.തീയുടെ വെളിച്ചം പൈൻ മരക്കാടുകളിൽ തട്ടി പ്രതിഫലിച്ചു.ചായ കെറ്റിലിനു മുകളിൽ താളം പിടിച്ചു ഗുർവീന്ദർ ഒരു പാട്ടിനു തുടക്കമിട്ടു.

"ഹേ ദോസ്‌തീ…. ഹം നഹീ തോടെകെ….
തോടെകെ ദം അഗർ തെരെ സാത് നാ ചോടെകെ…"

കയ്യിലെ തോക്ക് ഒരു ഗിറ്റാർ കണക്കെ പിടിച്ചു നിധിനും പാട്ടിനു താളം പിടിച്ചു.പെട്ടെന്ന് എവിടെ നിന്നോ ഒരു വെടിശബ്ദം കേട്ടു.ഒരു നിമിഷം ഞങ്ങൾ ഞെട്ടിത്തരിച്ചു പോയി.ഞങ്ങൾ ഇരു വശത്തേക്കും ഒഴിഞ്ഞു മാറി മണൽ ചാക്കുകൾ കൊണ്ട് തീർത്ത ബങ്കറിന് പിന്നിൽ മറഞ്ഞിരുന്നു.പക്ഷെ…. നിധിൻ,അവൻ അനങ്ങാതെ ഇരുന്ന പോലെ തന്നെ ഇരിക്കുന്നു.ഒന്നു രണ്ട് ബുള്ളറ്റ് അവന്റെ നെഞ്ചിലൂടെ കടന്നു പോയി. ഞങ്ങൾ നോക്കി നിൽക്കെ അവൻ പിന്നിലേക്ക് മറിഞ്ഞു വീണു.ഒന്നും മനസ്സിലാവാതെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു.അവൻ വീണുകിട്ടുന്നിടത്തെ മഞ്ഞിന്‌ നിറം ചുവപ്പായി തുടങ്ങി.ആദ്യം വന്ന ബുള്ളറ്റ് അവന്റെ ശിരസ്സ് തുളച്ചാണ് കടന്നു പോയതെന്ന് ഞങ്ങൾക്കപ്പോഴാണ് മനസ്സിലായത്.കൗണ്ടർ അറ്റാക്കിനായി ഞങ്ങൾ സജ്ജമായി.പക്ഷെ… ആക്രമണം വന്നതെവിടെ നിന്നെന്ന ഒരു പിടിയും ഞങ്ങൾക്കില്ലായിരുന്നു.തീ കായാൻ ഇരുന്നിടത്തെ വെളിച്ചത്തിൽ ഞങ്ങളുടെ ചുറ്റുപാടും ഇരുളിൽ ഇരുന്നു വ്യക്തമായി ആർക്കും കാണാൻ പറ്റുമെന്ന് ഞങ്ങൾക്ക് മനസ്സിലായി.

ഞങ്ങൾ ഇരുളിലിരിക്കുന്ന ശത്രുവിനെ വെളിയിൽ ചാടിക്കാനായി തന്ത്രം മെനഞ്ഞു.ശത്രുവിന്റെ ശ്രദ്ധ തിരിക്കുക എന്നത് തന്നെ.ഞങ്ങൾ രണ്ടായി തിരിയാൻ തീരുമാനിച്ചു.ഒരാൾ മൂവ് ചെയ്യുമ്പോൾ ആ ഭാഗത്തേക്ക് അക്രമണമുണ്ടാകും.ആ സമയം മറ്റെയാൾക്ക് ശത്രുയിരിക്കുന്നിടം മനസ്സിലാക്കാനും ആ ദിശയിലേക്ക് നിറയൊഴിക്കാനും സാധിക്കും.ഞങ്ങളുടെ പ്ലാൻ വിജയം കണ്ടു തുടങ്ങി.പക്ഷെ… അവിടുന്നുള്ള ആക്രമണത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.അവർ വലിയൊരു പട തന്നെയുണ്ടെന്നു ഞങ്ങൾക്ക് മനസ്സിലായി.കാരണം നാലോ അഞ്ചോ നുഴഞ്ഞു കയറ്റക്കാർ ആണെങ്കിൽ ഈ നേരം തീരേണ്ടതാണ്.ചുരുങ്ങിയത് ഒരു ഇരുപതിനും മുപ്പത്തിനും ഇടയിൽ ആളുകൾ ഉണ്ടാകും.എത്ര നേരം ഞങ്ങൾ രണ്ടു പേർക്ക് പൊരുതി നിൽക്കാൻ സാധിക്കും എന്നറിയില്ല.എത്രയും വേഗം ഈ വിവരം ബേസ് ക്യാമ്പിൽ അറിയിക്കണം.ഇത്തരത്തിൽ ഒരു ആക്രമണത്തെ കുറിച്ചു യാതൊരു വിധ മുന്നറിയിപ്പും ബേസ് ക്യാമ്പിൽ നിന്നില്ലായിരുന്നു.

ഞങ്ങൾ വാക്കി ടോക്കിയിൽ ബേസ് ക്യാമ്പുമായി ബന്ധപ്പെടാൻ ശ്രമിച്ചു.പക്ഷെ നിരാശയായിരുന്നു ഫലം.അവരുടെ അറ്റാക്കിങ് സ്ട്രേറ്റജി പതിയെ ഞങ്ങൾക്ക് മനസ്സിലായി.ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ഇത്രയും വലിയൊരു അറ്റാക്ക് ഉണ്ടായാൽ അതിനെ ചെറുക്കാൻ ബേസ് ക്യാമ്പിലെ സേനക്ക് കഴിഞ്ഞെന്നു വരില്ല.പിന്നെ ആർമി ഹെഡ് ക്വർട്ടെഴ്സിൽ നിന്നും കൂടുതൽ സൈന്യം വരുമ്പോഴേക്കും അവർ ബേസ് ക്യാമ്പും അത്രയും പ്രദേശങ്ങളും പിടിച്ചെടുത്തിട്ടുണ്ടാകും.സിയാച്ചിനിലെ ബേസ് ക്യാമ്പ് പിടിച്ചെടുത്താൽ അവർക്ക് പാക് അതിർത്തിയിൽ നിന്നും എളുപ്പത്തിൽ സൈന്യത്തെ ഇറക്കാൻ സാധിക്കും.

പെട്ടന്ന് എന്തോ ഒരു ഒന്നു ഞങ്ങളുടെ മുന്നിലേക്ക് വന്നു വീണു.അതൊരു ഷെല്ലായിരുന്നു.എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അത് പൊട്ടിത്തെറിച്ചു.കണ്ണടയാൻ തുടങ്ങുന്നതിനു മുന്നേയുള്ള അവസാന കാഴ്ച ഒരു വലിയ തീഗോളം എന്നെ വിഴുങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നതാണ്.

ചുറ്റും ഇരുട്ട് നിറഞ്ഞിരിക്കുന്നു.എനിക്കൊന്നും കാണാനോ കേൾക്കാനോ സാധിക്കുന്നില്ല.ചെവിയിൽ ഒരു മൂളൽ മാത്രം.ഞാൻ ഒരു അഗാധമായ ഗർത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്നു എനിക്ക് തോന്നി.പെട്ടന്ന് ഞാൻ എന്തിലോ തട്ടി നിന്നു.ശക്തമായ ഒരു വെളിച്ചം എന്റെ കണ്ണിലേക്കടിച്ചു.ഞാൻ പതിയെ കണ്ണു തുറന്നു.ഞാൻ എന്റെ അമ്മയുടെ മടിയിലാണ്.അമ്മയുടെ മുഖം സൂര്യതേജസ്സാൽ പ്രകാശിച്ചു നിൽക്കുന്നു.രക്തം പുരണ്ട എന്റെ കൈകളാൽ ഞാൻ അമ്മയെ തൊടാൻ ശ്രമിച്ചു.ഒരൊറ്റ നിമിഷം എല്ലാം മാറി മറിഞ്ഞു…. ഞാൻ അമ്മയുടെ മടിയിൽ നിന്നും ഊർന്നു വീണു അഗാധ ഗർത്തിലേക്ക് വീണ്ടും കൂപ്പു കുത്തിക്കൊണ്ടിരുന്നു.ആരുടൊക്കെയോ കൈകൾ എന്നെ പിടിച്ചു കയറ്റാനായി എന്റെ നേരെ നീണ്ടു വരുന്നുണ്ട്.ആ കൈകളിൽ പലതും എനിക്ക് പരിചിതമായ കൈകൾ തന്നെയായിരുന്നു.അച്ഛന്റെ,ചേട്ടന്റെ,കൂട്ടുകാരുടെ അങ്ങനെ പലരുടെയും….

എന്റെ കണ്ണുകൾ പതിയെ അടഞ്ഞു…..ശ്വാസം നിലച്ചു തുടങ്ങുന്നു…..
-------------------- -------------------- -------------------

"അച്ഛാ…. അച്ഛനൊരിക്കലും മരണത്തെ കുറിച്ചു പേടി തോന്നിയിട്ടില്ലേ…"

വെറും പത്തു വയസ്സുകാരൻ അനിൽ അച്ഛന്റെ പോക്കറ്റിൽ തൂങ്ങി കിടന്ന പരമ വീര ചക്ര പുരസ്കാരം നോക്കി അത്ഭുതത്തോടെ ചോദിച്ചു.

"ഒരു പട്ടാളക്കാരൻ ഒരിക്കലും സ്വന്തം ജീവനെയോർത്തു പേടിക്കാൻ പാടില്ല.അവൻ പേടിക്കണം തങ്ങളെ വിശ്വസിച്ചു രാത്രി ഉറങ്ങാൻ കിടക്കുന്ന ഓരോ ഭരതീയന്റെയും ജീവനെയോർത്തു,അവരുടെ ജീവന്റെ ഉത്തരവാദിത്വം തനിക്കാണെന്നുള്ള പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം.എല്ലാത്തിലുമുപരി താനൊന്നു തോറ്റാൽ സ്വന്തം മാതൃരാജ്യത്തിന്റെ അന്തസ്സും അഭിമാനവും ശത്രു രാജ്യത്തിനു മുന്നിൽ അടിയറവു വെക്കേണ്ടി വരുമല്ലോ എന്നോർത്തു ഭയക്കണം.ഈ പേടികളിൽ ആണ് ഓരോ പട്ടാളക്കാരന്റെയും അതിജീവനം."

അഭിമാനത്തോടെ ആ കൊച്ചു കുട്ടി അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു.അപ്പൊ അവന്റെ കയ്യിൽ ആ ബഹുമതി വെച്ചു കൊടുത്തിട്ട് ആ അച്ഛൻ പറഞ്ഞു.

"യതാർത്ഥ പട്ടാളക്കാരൻ തന്റെ മരണത്തിലും ധീരനായിരിക്കും.അവന്റെ മൃതദേഹം കണ്ടാൽ പോലും ശത്രുവിന്റെ കണ്ണിൽ ഭയം വരണം…"

---------------- --------------------- ------------------

ഞാൻ ശ്വാസം ഒന്നു ആഞ്ഞു വലിക്കാനുള്ള ശ്രമം നടത്തി.അതു വിജയം കണ്ടു.ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ കണ്ണു തുറന്നു.ശരീരമാസകലം മഞ്ഞിൽ മൂടി കിടക്കുന്നു.ചങ്കിൽ നിന്നും മറ്റും ചോര കിനിയുന്നുണ്ട്.ഷെല്ലിന്റെ ചീളുകൾ ചങ്കിൽ തറച്ചു കയറിയിട്ടുണ്ട്.ഒന്നു എഴുന്നേൽക്കാൻ ഒന്നു രണ്ട് വട്ടം ശ്രമം നടത്തി നോക്കി.അപ്പോൾ അങ്ങു ദൂരെ മലയുടെ മുകളിൽ നിന്നും വെടിയൊച്ച കേട്ടാണ് ഞാൻ ചുറ്റുപാടും ശ്രദ്ധിക്കുന്നത്.എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാനിപ്പോൾ താഴ്‌വാരത്തിൽ എത്തിയിരിക്കുന്നു.അതായത്,… പിക്കറ്റിൽ നിന്നും ഏകദേശം അഞ്ചു മണിക്കൂർ കൊണ്ട് നടന്നെത്തുന്ന ദൂരം ഞാൻ പിന്നിട്ടിരിക്കുന്നു.അങ്ങു മലയുടെ മുകളിൽ ഒരു പൊട്ടു പോലെ എന്റെ പിക്കറ്റിലെ തീ വെളിച്ചം കാണാം.ഇന്നവർ ആഘോഷിക്കുകയായിരിക്കും.പിക്കറ്റ് പിടിച്ചെടുത്തിന്റെ സന്തോഷം…..ത്ഫു… വായിൽ നിന്നും കട്ട പിടിച്ച ചോര പുറത്തേക്ക് വീണു.അത് മഞ്ഞിൽ ചെറിയ ചില രൂപങ്ങൾ തീർത്തു.

എത്രയും വേഗം ബേസ് ക്യാമ്പിൽ എത്തണം.ഇനിയും അഞ്ചു മണിക്കൂർ കൂടി വേണം അവിടെയാത്താൻ.അതുവരെ എന്നെ കൊണ്ട് നടന്നെത്താൻ കഴിയുമോ എന്നു സംശയമാണ്.കാരണം ശരീരത്തിന്റെ പല ഭാഗത്തും ആഴത്തിൽ മുറിവുകളുണ്ട്.അതിലൂടെയെല്ലാം തന്നെ രക്തം പോയിക്കൊണ്ടിരിക്കുന്നു.എങ്കിലും തോറ്റു പിൻവാങ്ങാൻ ഞാനില്ല.കാരണം ഞാനൊരു ഇന്ത്യൻ സൈനികനാണ്.ഞാൻ തോറ്റാൽ അതെന്റെ രാജ്യം ശത്രുവിന് മുന്നിൽ മുട്ടു മടക്കിയ പോലെയാണ്.കാലുകൾ ആഴത്തിൽ മഞ്ഞിൽ ആണ്ടു പോകുന്നു.ആ മഞ്ഞിലൂടെ നടന്നു നീങ്ങാൻ ഞാൻ നന്നെ ബുദ്ധിമുട്ടി.പലയിടത്തും അരഭാഗം വരെ ശരീരം മഞ്ഞിൽ ആണ്ടു പോകുന്നു.ഒരു വിധം കയറി വരുമ്പോഴേക്കും എന്റെ കണ്ണുകൾ തളർച്ച കൊണ്ട് അടഞ്ഞു പോകുന്നു.ഹിമാലയത്തിന്റെ താഴ്‌വാരത്തിലെ ശക്തിയായ ഹിമക്കാറ്റ് പലപ്പോഴും എന്നെ തള്ളി താഴെയിട്ടു.ഞാൻ വന്ന വഴിയത്രയും ചോര ചാലുകൾ വീണിരിക്കുന്നു.

പല തവണ തളർന്നു വീണപ്പോലും ഏതോ ഒരു അജ്ഞാത ശക്തി എന്നെ താങ്ങി പിടിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി.ഇതെല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.കാരണം….എനിക്ക് ചുറ്റും എന്തെല്ലാമോ അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്.എനിക്കിപ്പോൾ അങ്ങു ദൂരെ ബേസ് ക്യാമ്പ് കാണാം.

ഇത് വിശ്വാസിക്കാനെ സാധിക്കുന്നില്ല. കാൽനടയായി ചുരുങ്ങിയത് പത്തു മണിക്കൂർ എങ്കിലും വേണം ബേസ് ക്യാമ്പിൽ നിന്നും എന്റെ പിക്കറ്റിലേക്കെത്താൻ.ഊഹം ശെരിയാണെങ്കിൽ അറ്റാക് ഉണ്ടായത് രാത്രി പത്തിനാണ് ഇപ്പോൾ ഏകദേശ സമയം രാത്രി പന്ത്രണ്ട് മണി ആയിട്ടുണ്ടാകും.ഇനി ഒരു അര മണിക്കൂർ കൂടി നടന്നാൽ ക്യാമ്പിലെത്തും.അതായത് പത്തു മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം നാലോ അഞ്ചോ മണിക്കൂർ കൊണ്ട് ഞാൻ പിന്നിട്ടിരിക്കുന്നു.പക്ഷെ… അത് ആലോചിച്ചു നിൽക്കാൻ ഇവിടെ സമയമില്ല.നഷ്ടപ്പെടുന്ന ഓരോ നിമിഷത്തിനും ഓരോ ജീവന്റെ വിലയാണ്.

ക്യാമ്പ് കണ്ടതും നടത്തത്തിന്റെ വേഗത കൂടി അത് പിന്നെ ഒരു ഓട്ടമായി.വേച്ചു വേച്ചു നടന്ന കാലുകൾക്ക് പതിവില്ലാത്തതിലും വേഗത വന്നത് പോലെ.പെട്ടന്ന് തന്നെ ക്യാമ്പിലെത്തി.ചോരയൊലിപ്പിച്ചു എന്നെ കണ്ടപ്പോ തന്നെ അവർക്ക് അപകടം മണത്തു.ഒരു ഫസ്റ്റ് എയ്ഡ് പോലും എടുക്കാൻ നിൽക്കാതെ ഞാൻ ചീഫ് കമാണ്ടർ സിൻഹ സാബിന്റെ മുറി ലക്ഷ്യമാക്കി ഓടി.എന്റെ പിന്നാലെ ആ ക്യാമ്പ് മുഴുവൻ ഉണ്ടായിരുന്നു.

എന്നെ കണ്ടതും സാബ് എന്റടുത്തേക്ക് വന്നു….

"അനിൽ…. എന്ത് പറ്റി….?"

"സാബ്… നമ്മുടെ പിക്കറ്റ്…. അവർ പിടിച്ചെടുത്തു."

"ഓഹ് ഷിറ്റ്…. അനിൽ തെളിച്ചു പറയു.എന്താ സംഭവിച്ചത്…?"

"അവർ ചുരുങ്ങിയത് ഒരു മുപ്പതോളം പേരെങ്കിലും കാണും.ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഞങ്ങൾ പിടിച്ചു നിന്നു.പക്ഷെ….കഴിഞ്ഞില്ല….നിധിനും ഗുർവീന്ദറും….."

"എന്തൊക്കെയാണ് അനിൽ നിങ്ങൾ പറയുന്നത്.ഇന്ന് വൈകുന്നേരം കൂടി നിധിൻ ക്യാമ്പിലേക്ക് വിളിച്ചു റിപ്പോർട്ട് ചെയ്തതാണല്ലോ…."

"സാർ വിശ്വസിക്കുമോ എന്നറിയില്ല….പക്ഷെ വിശ്വസിച്ചേ പറ്റു. ഈ അറ്റാക്ക് നടന്നിട്ട് ഇപ്പോൾ ഏകദേശം നാലര മണിക്കൂർ മാത്രമേ ആയിട്ടുള്ളു…"

സിൻഹ സാബും മറ്റു പട്ടാളക്കാരും എന്നെ ഒരു കൗതുക വസ്തുവിനെ പോലെ നോക്കിക്കൊണ്ട് നിന്നു.ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

"അനിൽ…. പത്തു മണിക്കൂർ യാത്രയുണ്ട് നിങ്ങളുടെ പിക്കറ്റിൽ നിന്നും ഈ ക്യാമ്പിലേക്ക്.അങ്ങനെയുള്ളപ്പോ കേവലം നാലോ അഞ്ചോ മണിക്കൂർ മുന്നേ നടന്ന അറ്റാക്ക് താൻ ഇവിടെ വന്നു റിപ്പോർട്ട് ചെയ്യുന്നു എന്നത് ഞാൻ എങ്ങനെ വിശ്വസിക്കും.അത് മാത്രമല്ല അനിൽ….ഇങ്ങനെയൊരു അറ്റാക്കിനെ പറ്റി നമുക്ക് ഇന്റലിജൻസ് റിപോർട്ട് പോലുമില്ല…."

"ഞാൻ പ്രാന്ത് പറയുകയാണെന്നു തോന്നുന്നുണ്ടോ സർ….എന്റെ ശരീരത്തിൽ നിന്നൊഴുകുന്ന രക്തത്തിൽ നിങ്ങൾക്ക് സംശയമില്ലെങ്കിൽ ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം…."

സിൻഹ സർ എന്റടുക്കൽ കുറച്ചു നേരം നിന്നിട്ട് മറ്റു പട്ടാളക്കാരോട് പറഞ്ഞു.

"എവെരിബഡി ഗെറ്റ് റെഡി…..വി ആർ മൂവിങ്….ഇദ്ദേഹത്തെ എത്രയും വേഗം ആർമി ഹോസ്പിറ്റലിൽ ആക്കു.ഹി ഈസ് ഹൈലി ബ്ലീഡിങ്.."

ഞാൻ ഒരു നിമിഷം നടുങ്ങി.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് സിൻഹ സാബിന്റെ മുന്നിലേക്ക് ചെന്നു.

"സർ….ഞാൻ ഹോസ്പിറ്റലിൽ പോകില്ല സർ.എനിക്കറിയാം പോയില്ലെങ്കിൽ എന്റെ അവസ്‌ഥ മോശമാകുമെന്ന്,..എന്നാലും എനിക്ക് ഈ ഓപ്പറേഷനിൽ സാബിനെ അസ്സിസ്റ്റ് ചെയ്യണം.കാരണം എനിക്ക് ചർജുള്ള പിക്കറ്റിലെ പിക്കറ്റിലെ അവസാനത്തെ പട്ടാളക്കാരൻ ആണ് ഞാൻ.അപ്പൊ അവിടെ നടക്കുന്ന കമാണ്ടോ ഓപ്പറേഷനിൽ പങ്കെടുക്കുക എന്നത് എന്റെ ദൗത്യമാണ്."

"അനിൽ…. ഞാൻ പറയുന്നത് ഒന്നു കേൾക്കു.നിങ്ങൾ ഇപ്പൊ സഹകരിച്ചില്ലെങ്കിൽ അത് ഒരു പക്ഷെ നിങ്ങളുടെ ജീവനെ തന്നെ അപകടത്തിൽ ആക്കിയേക്കാം."

"എന്റെ മരണത്തെ പറ്റിയാണ് സാബ് പറഞ്ഞതെങ്കിൽ ആ മരണത്തോടുള്ള പേടി എന്റെ പത്താം വയസ്സിൽ എനിക്ക് കൈമോശം വന്നതാണ്.പിന്നീട് ഇന്ന് വരെ ഞാൻ മരണത്തെ ഭയന്നിട്ടില്ല.ഞാൻ ഭയന്നെതെല്ലാം ഈ രാജ്യത്തിന്റെ എന്നിൽ ആർപ്പിതമായ സുരക്ഷയെ ഓർത്തു മാത്രമാണ്.എന്നിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു പിഴവിനാൽ എന്റെ രാജ്യത്തിനൊരു അപകടം വന്നേക്കുമോ എന്നോർത്തു മാത്രമാണ്."

സിൻഹ സാബ് എന്തോ പറയാൻ തുടങ്ങി.പക്ഷെ… ഞാൻ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് തുടർന്നു.

"എനിക്ക് നല്ല ഉറപ്പുണ്ട് സാബ്.ഈ ഓപ്പറേഷന് ഞാൻ വന്നാൽ അത് എന്റെ ജീവന് എത്രത്തോളം അപകടമാണെന്ന്.പക്ഷെ… ഞാൻ വരും സാബ്. കാരണം ഹവീൽദാർ അനിൽ കുമാർ മരിക്കേണ്ടത് ഇവിടെ ആർമി ഹോസ്‌പിറ്റലിൽ ഏതേലും ഒരു കിടക്കയിൽ കിടന്നല്ല,..മറിച്ച്, അവിടെ ആ വാർ ഫീൽഡിൽ എന്റെ രാജ്യത്തേക്ക് അതിക്രമിച്ചു കയറി എന്റെ സഹപ്രവർത്തകരുടെ ജീവനെടുത്ത ശത്രുക്കളിൽ ഒരുത്തനെയെങ്കിലും കൊന്നിട്ടാണെങ്കിൽ ആ മരണത്തിലാണ് സാബ് ഞാൻ സന്തോഷം കാണുന്നത്."

പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞില്ല.ഒരു എമർജൻസി മെഡിക്കൽ ചെക്കപ്പിന് ശേഷം ഞാൻ ടീമിൽ ജോയിൻ ചെയ്തു.ഞങ്ങളെ കാത്തു ക്യാമ്പിനു പുറത്തു ഇന്ത്യൻ ആർമിയുടെ ഏറ്റവും പുതിയ പടക്കുതിരകളായ ബ്ലാക്ക്‌ ഹോക്ക് ഇനത്തിൽ പെട്ട ചീറ്റ ഹെലിക്കോപ്റ്ററുകൾ മൂന്നെണ്ണം കിടക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം പോലും പാഴാക്കാതെ അവ ഞങ്ങളെയും കൊണ്ട് കുതിച്ചു പാഞ്ഞു.

അരമണിക്കൂറിന് മുകളിൽ വേണ്ടി വന്നില്ല ഞങ്ങൾക്ക് അവിടെയെത്താൻ.ഒട്ടും പ്രതീക്ഷിക്കാത്ത ഞങ്ങളുടെ ആക്രമണം അവരെ ആകെ അമ്പരപ്പിച്ചു.ഞങ്ങളുടെ തോക്കുകൾ ശബ്‌ധിച്ചു.വെടിയുണ്ടകൾ തലങ്ങും വിലങ്ങും പാഞ്ഞു.ഞങ്ങൾ ആക്രമിച്ചു മുന്നേറി കൊണ്ടിരുന്നു.അൽപ സമയത്തെ അമ്പരപ്പിന് ശേഷം അവരും കൗണ്ടർ അറ്റാക്ക് തുടങ്ങി.ഞങ്ങൾ സ്പ്ലിറ്റ് ചെയ്തു ഫയർ ചെയ്യാൻ തുടങ്ങി.അതിനിടയിൽ പലതായി തിരിഞ്ഞ ഞാനുൾപ്പെടുന്ന ഒരു അഞ്ചു പേരുടെ ടീമിന്റെ മേലേക്ക് അവരിൽ ചിലർ ചാടി വീണു.അതിൽ ഒരുവൻ എന്നെ ചവിട്ടി വീഴ്ത്തി.ഞാൻ വന്നു വീണത് തീ കായാൻ കൂട്ടിയ തീയുടെ അരികിലായിരുന്നു.അരയിൽ നിന്ന് വലിച്ചൂരിയ കത്തിയുമായി എന്റെ നേർക്ക് ചാടാൻ നിന്നവൻ ഒരു നിമിഷം ഭയന്നു വിറച്ചു.അയാൾ എന്നെ തന്നെ നോക്കി നിന്നു.അയാളുടെ മുഖം ഭയത്താൽ കോടി പോകുന്നത് ഞാൻ കണ്ടു.അയാളുടെ ശരീരമാകെ വിറക്കുന്നത് എനിക്ക് കാണാമായിരുന്നു.പെട്ടന്ന് തന്നെ അവന്റെ ചങ്ക് തുളച്ചു കൊണ്ട് ഒരു വെടിയുണ്ട പാഞ്ഞു പോയി.മറിഞ്ഞു വീണ അവന്റെ പിന്നിൽ സിൻഹ സാബ് ഉണ്ടായിരുന്നു.

മഞ്ഞു കണങ്ങൾ ചുവന്നു തുടങ്ങി.അവരിൽ ഓരോരുത്തരായി വീണു കൊണ്ടിരുന്നു.അങ്ങനെ അവസാനത്തെ ശത്രുവും മരിച്ചു വീണപ്പോഴേക്കും ഹിമവാന്റെ മടിത്തട്ടിൽ നിന്നും രക്തവർണമണിഞ്ഞു കൊണ്ട്‌ സൂര്യൻ ഉദിച്ചുയർന്നു.ഒരു പുതിയ പുലരി അവിടെ തുടങ്ങുകയായി.പ്രഭാത കിരണങ്ങൾ പതിയെ അവിടമാകെ പടരാൻ തുടങ്ങി.കൊല്ലപ്പെട്ട ശത്രുക്കളുടെ ബോഡിയെല്ലാം ഒരിടത്തേക്ക് കൂട്ടിയിട്ടു. ചെറിയ പരിക്കുകളെല്ലാം ഒഴിച്ചാൽ ടീമിൽ ആർക്കും ഒന്നും പറ്റിയിട്ടില്ല.എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം.നിധിന്റെ ബോഡി കുറച്ചു പേർ സ്ട്രെച്ചറിൽ എടുത്തുകൊണ്ട് ചോപ്പറിന് അടുത്തേക്ക് പോയി.ഗുർവീന്ദറിന്റെ ശരീരവഷിശ്ട്ടങ്ങൾ ചിതറി കിടക്കുന്നു.ഒരു നിമിഷം എന്റെ കണ്ണിൽ നിന്നും കണ്ണീർ വാർന്നു.അവൻ അവസാനമായി പാടിയ പാട്ട് എന്റെ കാതിൽ മുഴങ്ങി.സിൻഹ സാബ് എന്നെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

പെട്ടന്ന് ഒരു പട്ടാളക്കാരന്റെ അലറിയുള്ള നിലവിളിയാണ് ഞങ്ങൾ കേട്ടത്.നോക്കിയപ്പോ ബങ്കറിന് അപ്പുറം മഞ്ഞിൽ പുതഞ്ഞു ഒരു ബോഡി കിടക്കുന്നു.എല്ലാവരും അതിന്റെ ചുറ്റും കൂടി നിൽക്കുവാണ്.യൂണിഫോം കണ്ടാലറിയാം അതൊരു ഇന്ത്യൻ പട്ടാളക്കാരന്റെയാണ്.കൂടെയുള്ള എല്ലാവരും സേഫ് ആണെകിൽ പിന്നെ ഇതാരുടെ ബോഡിയാണ്.ഞങ്ങൾ അങ്ങോട്ടേക്ക് നടന്നടുക്കുന്തോറും എല്ലാവരും ഭയന്നു പിന്നോട്ട് മാറുന്നു.അവരുടെ മുഖത്തൊരു ഭയം എനിക്ക് കാണാമായിരുന്നു.

അങ്ങോട്ടു ചെന്ന എന്റെ ശരീരത്തിലൂടെ ഒരു വൈധ്യുത പ്രവാഹം കടന്നു പോയി.എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.ആ മഞ്ഞിൽ പുതഞ്ഞു കിടന്ന പാതി കത്തിയ ശരീരം…..അത്…… അത് ഞാൻ തന്നെയായിരുന്നു.
സൂര്യന് പ്രഭാവം കൂടിക്കൂടി വന്നു.…ആ പ്രകാശത്തിൽ എന്റെ ശരീരം പതിയെ എരിഞ്ഞു തുടങ്ങുന്നത് ഞാൻ കണ്ടു.അവരെല്ലാം അത്ഭുതത്തോടെയും തെല്ലൊരു ഭയത്തോടെയും അത് നോക്കി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.അവസാനം ഞാൻ പൂർണ്ണമായി അനന്തതയിൽ ലയിക്കുന്നത് വരെ അവർ അങ്ങനെ തന്നെ നിന്നു.…. ശേഷം…. എന്റെ ശരീരവുമായി അവർ യാത്ര തുടർന്നു……

മരിച്ചു പോയ സൈനികന്റെ ആത്മാവ് രാജ്യത്തെ രക്ഷിച്ച കഥ രാജ്യമാകെ പരന്നു. അസംബന്ധമായും അത്ഭുതമായും പലരും പല തരത്തിൽ ആ സംഭവത്തെ എടുത്തു.വീര നായകൻ ഹവീൽദാർ അനിൽ കുമാർ എന്ന എനിക്ക് മരണാനന്തര ബഹുമതികൾ പലതും കിട്ടി,എന്റെ പേരിൽ നാട്ടിൽ സ്മാരകങ്ങളും വയനശാലകളും വന്നു.ധീരനായ അച്ഛന്റെ അതീവ ധീരനായ മകൻ….. എന്റെ ശരീരം ചിതയിലേക്കെടുക്കുമ്പോഴും എന്റെ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമോ എന്നു ഞാൻ ഭയന്നു.ഇല്ല…. അദ്ദേഹം കരഞ്ഞില്ല….മകനെയോർത്തു ഓരോ നിമിഷവും അദ്ദേഹം അഭിമാനം കൊണ്ടു.എത്ര വലിയ ബഹുമതികൾ ലഭിച്ചാലും ഓരോ പട്ടാളക്കാരനും മനസ്സിൽ ആഗ്രഹിക്കുന്ന ഒരു ബഹുമതിയുണ്ട്…സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതി വീരമൃത്യു വരിക്കുക എന്നത്.അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തെ സംബന്ധിച്ചു ഈ മകൻ എത്രയോ ഉയരത്തിലാണ്.

ഞാൻ ഇപ്പോഴും ആലോചിക്കും ശരീരം പാതി കരിഞ്ഞിട്ടും ജീവൻ നഷ്ടപെട്ടിട്ടും ഞാൻ എങ്ങനെ പൊരുതിയെന്നു…അതിനു ഒരു ഉത്തരമേ ഉള്ളൂ…. മരണത്തെ ഒരു തോൽവിയായി എന്റെ ശരീരം ഉൾക്കൊണ്ടപ്പോൾ അതിനെ ഉൾക്കൊള്ളാൻ എന്റെ മനസ്സ് തയ്യാറായില്ല.ഒരു പരാജിതനായി മരിക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.അതായിരുന്നു എന്നെ മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിച്ച ഊർജ്ജം…..

ക്യാമറ കണ്ണുകൾക്ക് മുന്നിലും,വെള്ളയും വെള്ളയുമിട്ടും,ഖദർധാരികളിലും നിങ്ങൾ ഒരുപാട് കപട രാജ്യ സ്നേഹികളെ കണ്ടിട്ടുണ്ടാകാം.നിങ്ങൾക്ക് ഒരിക്കലെങ്കിലും യഥാർത്ഥ രാജ്യ സ്നേഹം ഉള്ളവനെ കാണണോ...?

എങ്കിൽ നിങ്ങൾ അതിർത്തിയിലേക്ക് ഒന്നു നോക്കു.അവിടെ കറകളഞ്ഞ അണയാത്ത രാജ്യ സ്നേഹവുമായി രാവെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാതെ നമ്മൾ ഓരോ ഇന്ത്യക്കാർക്കും വേണ്ടി കുറെ പേർ കാവൽ നിൽക്കുന്നുണ്ട്.നമ്മുടെ രാജ്യത്തിന്റെ രക്ഷകർ,….. നമ്മുടെ ഇന്ത്യൻ പട്ടാളക്കാർ…..

ദേശ സ്നേഹം രക്തത്തിൽ അലിഞ്ഞവർ ജീവൻ കൊടുത്തും രാജ്യത്തെ കാത്തു സൂക്ഷിക്കും,….എന്നാൽ ദേശ സ്നേഹം ആത്മാവിൽ അലിഞ്ഞു ചേർന്നവർ ജീവന്റെ അവസാന തുടിപ്പ് നിലച്ചാൽ പോലും രാജ്യത്തിനു വേണ്ടി പോരാടും.
രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ഓരോ ഇന്ത്യൻ പട്ടാളക്കാരനെയും ഈ അവസരത്തിൽ അഭിമാനത്തോടെ സ്മരിക്കുന്നു.

ജയ് ഹിന്ദ്…..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot