°°°°°°°°°°°°°°°°°°°°°°°°°°
--ഘോര വിഷമുള്ള സർപ്പങ്ങളും,സിംഹവും പുലിയും ഒക്കെ ഉള്ള കാടാണ്....വിദേശ രാജ്യങ്ങളിൽ,നിങ്ങളൊക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം.
നിങ്ങളേ പോലെയുള്ള ബിസിനസുകാർ ആ വഴിക്കൊന്നും പോകാതിരിക്കുന്നതാണ് നല്ലത്.. വെറുതെ ദൈവ കോപം ഏറ്റു വാങ്ങാൻ നിൽക്കണ്ട...
ഗുരു സ്വാമിയുടെ വാക്കുകളിൽ ഒട്ടും മയമുണ്ടായിരുന്നില്ല.
ദശാബ്ദങ്ങളായി അലയുകയായിരുന്നു,
പണത്തിനു പിറകെ...പല പല നാടുകളിൽ,വലിയ ബിസിനസ് സ്വപ്‌നങ്ങളുമായി.മനസ്സിൽ അത്ര വലിയ ഭക്തിയൊന്നും ഉണ്ടായിരുന്നില്ല, ഗുരു സ്വാമി ഊഹിച്ചത് ശരി തന്നെയാണ്. ആ വശമൊന്നും ചിന്തിക്കാൻ പോലും സമയം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.
കമ്പനിയുടെ ഒരു ബ്രാഞ്ച് കേരളത്തിൽ തുടങ്ങണമെന്ന ആഗ്രഹവുമായിട്ടാണ് ജനിച്ച ഗ്രാമത്തിൽ വീണ്ടും കാലു കുത്തിയത്, അനേക വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം.
കുട്ടിക്കാലത്തു കണ്ടു മറന്ന ഗ്രാമത്തിന്റെ
കാഴ്ചകൾ വീണ്ടും കണ്ണുകളിൽ നിറഞ്ഞപ്പോൾ, ഗ്രാമീണരെയും അവരുടെ നിഷ്കളങ്ക ഭാവങ്ങളെയും കണ്ടറിഞ്ഞപ്പോൾ മനസ്സിൽ ഒരാഗ്രഹം,
ഞാനറിയാതെ തന്നെ ഉടലെടുത്തു.
അടുത്ത ജില്ലയിലെ കാടിനാൽ ചുറ്റപ്പെട്ട മല മുകളിലുള്ള ആ ക്ഷേത്രത്തിൽ ഒന്ന് പോകണം, തൊഴണം.വളരെ ശക്തിയുള്ള പ്രതിഷ്ഠയാണ് അവിടെ എന്ന് ചെറുപ്പം മുതലേ കേട്ടറിവുണ്ടായിരുന്നു.എങ്കിലും ഇതുവരെ പോകാൻ സാധിച്ചിരുന്നില്ല.
അതിനു വേണ്ടിയാണ്, നാട്ടിലെ പ്രമുഖ ആത്മീയ ഗുരുവും, ഗ്രന്ഥ കർത്താവും, പ്രഭാഷകനുമൊക്കെയായ ഗുരു സ്വാമിയെ വീട്ടിൽ ചെന്നു കണ്ടതും മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞതും.
പുച്ഛം കലർന്ന ഒരു ചിരി ചുണ്ടിൽ നില നിർത്തിക്കൊണ്ട് ഗുരു സ്വാമി എന്നെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.
ലോകത്തിൽ എവിടെ ജീവിക്കുമ്പോഴും എന്റെ മനസാക്ഷിക്കനുസരിച്ചായിരുന്നു എന്റെ ഓരോ പ്രവൃത്തികളും. അതിൽ എനിക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല.
മനസ്സിൽ നിരാശ തോന്നിയെങ്കിലും എന്റെ ആത്മാർത്ഥമായ ആഗ്രഹം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞാൻ പരമാവധി ശ്രമിച്ചു.
അദ്ദേഹത്തിന്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഒരു വലിയ തുക സംഭാവനയും വാഗ്ദാനം ചെയ്തു.
അപ്പോൾ ആ മുഖം ഒന്ന് തെളിഞ്ഞു.
പിന്നീട് നീണ്ട ഉപദേശങ്ങളായിരുന്നു. കഠിന വ്രതം എടുക്കണം.മത്സ്യ മാംസാദികൾ, ലഹരി, സിഗരറ്റ്... ഒന്നും തൊട്ടു പോകരുത്...
മനസ്സിൽ പോലും കാമ ചിന്തകൾ അരുത്. ഈശ്വര ചിന്തയല്ലാതെ വേറൊരു ചിന്തയുമരുത്... അങ്ങനെയങ്ങനെ..
എല്ലാം സമ്മതിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കൂടെ വരാമെന്നു അദ്ദേഹവും സമ്മതിച്ചു.വ്രതം തുടങ്ങി.കൊടും തണുപ്പിൽ, പുലർച്ചെ അമ്പലകുളത്തിൽ ഉള്ള കുളിയായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്.
എല്ലാം സഹിച്ചു. ഈശ്വര നാമം മനസ്സിൽ ജപിച്ചുകൊണ്ടേയിരുന്നു,എപ്പോഴും..
വ്രതത്തിൽ എന്തെങ്കിലും പാകപ്പിഴകൾ വന്നാലോ എന്ന ഭയമായിരുന്നു,ഓരോ നിമിഷവും...
ദിവസങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞില്ല.ഒടുവിൽ യാത്ര തുടങ്ങേണ്ട ദിവസവും വന്നെത്തി.
യാത്രയ്ക്കുള്ള സാധനങ്ങളെല്ലാം ശേഖരിച്ചു. ഒരുക്കങ്ങൾ പൂർത്തിയാക്കി. ഗുരു സ്വാമിയുടെ ആരാധകരും സുഹൃത്തുക്കളുമായ നൂറു കണക്കിന് ആൾക്കാരുടെ സാന്നിധ്യത്തിൽ, ഗ്രാമത്തിലെ ക്ഷേത്ര നടയിൽ നിന്ന് ഞങ്ങൾ യാത്ര പുറപ്പെട്ടു.
കാൽ നടയായിട്ടായിരുന്നു യാത്ര. മൂന്നു ദിവസം നടന്നു. ഇടയ്ക്ക് വഴിയിലുള്ള ക്ഷേത്രങ്ങളിൽ വിശ്രമിച്ചു.പിന്നീടുള്ള സഞ്ചാരം കാടിനുള്ളിലൂടെയുള്ള പരമ്പരാഗത മാർഗ്ഗത്തിലൂടെ
യായിരുന്നു. നടക്കാൻ വഴിയൊന്നും ഇല്ലായിരുന്നു. വഴി വെട്ടിത്തെളിച്ചു വേണം മുന്നോട്ടു പോകാൻ.
ഏറെ ദൂരം ഞങ്ങൾ മുന്നോട്ടു പോയി. മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം ദൂരെ ക്ഷേത്ര മുറ്റത്തു ജ്വലിക്കുന്ന അഗ്നി കുണ്ഡം കണ്ടു തുടങ്ങി.നടക്കും തോറും അവിടുത്തെ ദൃശ്യങ്ങൾ കൂടുതൽ തെളിഞ്ഞു വന്നു തുടങ്ങി.
പെട്ടെന്ന് തലയിലേക്ക് കനത്ത ഭാരമുള്ള എന്തോ ഒന്ന് വീണു. പരിഭ്രാന്തനായി നോക്കിയപ്പോൾ ഒരു കൂറ്റൻ പാമ്പ് കാൽക്കൽ വീണു പിടയുന്നു.മുകളിൽ വൃക്ഷ ശിഖരങ്ങളിൽ നിന്ന് വീണതാണ്. മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. പക്ഷെ പാമ്പ് എന്നെ ശ്രദ്ധിച്ചതേയില്ല. അത് സാവകാശം ഇഴഞ്ഞു ഒരു വശത്തേക്ക് മറഞ്ഞു.
ഗുരു സ്വാമി പറഞ്ഞു :
--രാജവെമ്പാലയാണ്.. ഉഗ്ര വിഷമുള്ളത്... കടിക്കാതിരുന്നത് ഭാഗ്യം... വ്രതം നോൽക്കുന്നതിലെ പോരായ്മകളാണ് ഇത്തരം ദുർ നിമിത്തങ്ങൾ ഉണ്ടാകുന്നതിനു കാരണം.ഭക്തിയും ബ്രഹ്മചര്യവും ഉണ്ടെങ്കിൽ ഒരു മുള്ളു പോലും കാലിൽ തറയ്ക്കുകയില്ല.
ഏറെ ആരാധനയോടെ ഞാൻ ഗുരു സ്വാമിയെ നോക്കി. അദ്ദേഹത്തിന്റെ സാധനകളുടെ ശക്തി കൊണ്ടു തന്നെയാകും, പാമ്പ് കടിക്കാതിരുന്നത്.
ഇതുപോലെ ഒരാളെ ഈ യാത്രയിൽ കൂട്ടായി കിട്ടിയത് എന്റെ മഹാ ഭാഗ്യം, മുജ്ജന്മ സുകൃതം...
ആത്മീയ സാധനകൾ കൂടുതൽ ശക്തമാക്കാനും ഭക്തിയും വിശ്വാസവും ദൃഢമാക്കാനും തീരുമാനിച്ചു കൊണ്ട്, അറിയാതെ ചെയ്തു പോയ അപരാധങ്ങൾക്ക് മാപ്പ് ചോദിച്ചു കൊണ്ട്, നാമ ജപത്തോടെ ഞാൻ പതുക്കെ പതുക്കെ മുന്നോട്ടു നടന്നു. പമ്പിന്റെ രൂപം അപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല ; ഭയവും.. അകലെ നിന്ന് കാട്ടനകളുടെ ചിന്നം വിളി കേട്ടു. ഗുരു സ്വാമി കൂടെയുണ്ടല്ലോ, പിന്നെയെന്തിനു ഭയക്കണം. ഞാൻ എനിക്കു തന്നെ ധൈര്യം പകർന്നു.
പെട്ടെന്ന് അരികിലുള്ള കുറ്റിക്കാടുകൾക്കിടയിൽ ഒരു അനക്കവും ശബ്ദവും കേട്ടു. കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളിൽ ഒരു വലിയ പുലി ഗുരു സ്വാമിയുടെ മേൽ ചാടി വീണു. അദ്ദേഹത്തെയും തൂക്കിയെടുത്തുകൊണ്ട് പുലി വനത്തിനുള്ളിലേക്ക് പാഞ്ഞു പോയി.
സംഭവിച്ചത് എന്താണെന്ന തിരിച്ചറിവ് ഉണ്ടാകും മുൻപേ പുലി ഏറെ അകലെ മറഞ്ഞു കഴിഞ്ഞിരുന്നു.
അയ്യോ... ഗുരു സ്വാ...മീ... എന്റെ നിലവിളി തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു...
°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക