നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കോയമ്പത്തൂർ കഥ

Image may contain: Rajesh Attiri, smiling

എഴുതിയത് - രാജേഷ് ആട്ടീരി - താനൂർ
"അച്ഛൻ വിരമിച്ചു . എത്രയും പെട്ടെന്ന് നീ ഒരു ജോലി കണ്ടെത്തണം !"-
അച്ഛന്റെ സുഹൃത്തും ബന്ധുവുമായ അയാളുടെ വാക്കുകൾ ശശിയുടെ മനസ്സിൽ അലയടിച്ചു .
എന്ത് ചെയ്യണം ?
ഒരു ബിരുദം മാത്രമേ യോഗ്യതയായുള്ളൂ ! അതിന്റെയാണെങ്കിൽ ഫലവും പ്രസിദ്ധീകരിച്ചിട്ടില്ല !അല്ല ! കോമേഴ്‌സ് അല്ലേ പ്രീ-ഡിഗ്രിക്ക് പഠിച്ചത് ? അപ്പോൾ ക്ലാർക്ക് എങ്കിലും ആകാൻ പറ്റുമല്ലോ ?
അവൻ്റെ മനസ്സിൽ "നാടോടിക്കാറ്റ് " എന്ന സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് കേറി വന്നു :
"പ്രീഡിഗ്രിയും അത്ര മോശം ഡിഗ്രിയൊന്നുമല്ല !"
അവൻ പത്രമെടുത്തു നോക്കി .
"ജോലി ആവശ്യമുണ്ടോ ? ഞങ്ങളെ സമീപിക്കൂ !"
-കോഴിക്കോട്ടെ ഒരു സ്ഥാപനത്തിന്റെ പരസ്യം !
അവനും അച്ഛനും കൂടി ആ സ്ഥാപനത്തിലെത്തി .
"വിഷമിക്കേണ്ട ! കോയമ്പത്തൂരിൽ ഒരു സ്ഥാപനത്തിൽ ഒഴിവുണ്ട് . ഇവിടെ ആയിരം രൂപ തന്നു രെജിസ്റ്റർ ചെയ്യുക ! ഇത് കോയമ്പത്തൂരിലെ
ഒരു സ്ഥാപനത്തിന്റെ കാർഡ് ആണ് , അവരെ ചെന്ന് കണ്ടാൽ എല്ലാം ശരിയാകും !"
പ്രതീക്ഷയോടെ അവിടെ നിന്നിറങ്ങി .
കോയമ്പത്തൂർ ! വാക്കുകളിൽ മാത്രം കേട്ടിട്ടുള്ള നഗരം !
എന്ത് ജോലിയായാലെന്താ ? നാട്ടിലല്ലാതെയിരുന്നാൽ നാട്ടിലേക്കു വരുമ്പോൾ വലിയ വിലയാണല്ലോ ? ആ നാട്ടിൽ അടിമയായാലും ഈ നാട്ടിൽ പൂജിച്ചിടും !
കോയമ്പത്തൂരിലെ സ്ഥാപനം . അവരും വിഴുങ്ങി ആയിരം രൂപാ !
സ്ഥാപനത്തിൽ ഇരിക്കുന്ന ആൾ ആർക്കോ ഫോൺ ചെയ്തു . അല്പസമയത്തിനു ശേഷം ഒരു തടിമാടനായ തമിഴൻ വന്നു .
"ഇന്ത ആളുടെ കമ്പനിയിൽ താൻ ഉങ്കളുക്കു വേലൈ .കൂടെ പോകലാം !"
യജമാനനെ പിന്തുടരുന്ന നായയെപ്പോലെ ശശി അയാളെ പിന്തുടർന്നു .
ഒരു ഓഫീസ് . കുറേ ആൾക്കാർ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട് .
"ഇവിടെയായിരിക്കും എൻ്റെ ജോലി !" ശശി വിചാരിച്ചു .
"നാളെ കാലയിലെ ഇങ്കെ വന്തിട് ! ഏയ് , മുനിയാണ്ടി , അവനുക്ക് ലോഡ്ജ് കാട്ടിക്കൊട് !"
മുനിയാണ്ടിയുടെ കൂടെയായി പിന്നെ ശശിയുടെ യാത്ര .
ഏതൊക്കെയോ ഊടുവഴികളിലൂടെ ബസ്സ് നീങ്ങുന്നുണ്ട് .
അവസാനം അവർക്കിറങ്ങേണ്ട സ്ഥലമെത്തി .
"ഇന്ത സ്റ്റോപ്പുക്കു പേരെന്ന ?"- ശശി ബുദ്ധിമുട്ടി തമിഴ് ഒപ്പിച്ചു ചോദിച്ചു .
"പാൽക്കാരൻ തോട്ടം !"
അവിടെയുള്ള ഒരു അരിക്കടയിലേക്കാണ് മുനിയാണ്ടി ശശിയെ കൂട്ടിക്കൊണ്ടു പോയത് .
കടക്കാരൻ മറ്റൊരു തടിമാടൻ !
"ആയിരം രൂപാ അഡ്വാൻസ് കൊട് . വാടക നാനൂറ് രൂപ . നമ്മ പയ്യൻ വന്ത്
വാടക കളക്ട് പണ്ണിടുവേ !"
ഇത്രയും തടിച്ച ആളുകൾ കഥകളിൽ മാത്രമേ ഉണ്ടാകൂ എന്നാണ് ശശി കരുതിയിരുന്നത് .ഇവരൊക്കെ ഭീമന്റെ അവതാരങ്ങളാണോ ?
ശശി പണം എണ്ണി കൊടുത്തു .
പിന്നേയും ചളി നിറഞ്ഞ വഴികളിലൂടെ നടന്നു ലോഡ്ജിലെത്തി .
പിറ്റേ ദിവസം പുലർന്നു . ഒട്ടുന്ന വെള്ളത്തിൽ കുളിച്ചൊരുങ്ങി , ചളിവെള്ളങ്ങൾ ചാടിക്കടന്നു അവൻ ബസ്റ്റോപ്പിലെത്തി .
അതാ പൊടിപാറിച്ചുകൊണ്ടു (വേഗതയല്ല ) ഒരു ബസ്സ് വരുന്നു ! കാൽ വെയ്ക്കാൻ പോലും സ്ഥലമില്ല ! പക്ഷേ , ബസ്സ് അവിടെ നിർത്തി ! അവസാനം അവൻ ബസ്സിന്റെ പിന്നിലുള്ള കോണിയിന്മേൽ തൂങ്ങിനിന്നു .
ഓഫീസ് . പലരും കയറി വരികയും പോവുകയും ചെയ്യുന്നുണ്ട് . അതിൻ്റെ
മുന്നിൽത്തന്നെ നിൽക്കുന്ന തന്നോട് എന്തിനാണ് വന്നതെന്ന് പോലും ചോദിക്കാത്തതു എന്ത് കൊണ്ടെന്നോർത്തു അവൻ അന്തം വിട്ടു നിന്നു .
അപ്പോഴേക്കും തലേ ദിവസം ഓഫിസിലേയ്ക്ക് കൊണ്ട് വന്ന തടിമാടൻ
അവിടെ പ്രത്യക്ഷപ്പെട്ടു .
"പോക ലാം !"
"എങ്കെ ?"
"വേലൈ പാക്കിറ ഇടത്തിലേക്ക് !"
"ഇന്ത ഓഫീസ് .....?"
"വേലൈ തേടി വരുന്തവർക്കു ഇന്ത ഓഫീസ് കാണിച്ചു കൊടുത്തിടും !"
വീണ്ടും "നായ " നടന്നു .
ഒരു കടയിലേക്കാണ് ശശി എത്തിച്ചേർന്നത് ."പുള്ളി " വിൽക്കുന്ന കടയാണെന്നു ബോർഡിന്മേൽ എഴുതി വെച്ചിട്ടുണ്ട് .
"പുള്ളി ,പുള്ളിക്കാരൻ എന്നീ പദങ്ങളൊക്കെ ഭാര്യമാർ ഭർത്താക്കന്മാരെക്കുറിച്ചു ഉപയോഗിക്കുന്ന വാക്കുകളാണല്ലോ ? ഭർത്താക്കന്മാരെ വിൽക്കുകയോ ?"- ശശി വിചാരിച്ചു .
"അന്തം വിട്ടു നിൽക്കാതെ കയറിപ്പോര് !"- ഒരു മലയാളിയുടെ ശബ്ദം !
ആ കടയിലെത്തന്നെ ഒരു പണിക്കാരനാണ് ആ ശബ്ദത്തിന്റെ ഉടമ - പേര് പ്രമോദ് .
ശശി കടയിൽ കയറി .
വലിയ വലിയ കുറേ ചക്രങ്ങൾ അവിടെ കാണുന്നുണ്ട് . അരിമില്ലിലെ യന്ത്രത്തിൽ കാണുന്ന ചക്രങ്ങളാണ് ഈ "പുള്ളികൾ "!
"അന്ത വലിയ പുള്ളിയെടുത്തു ഇങ്കെ വാ !"- തടിമാടൻ ആജ്ഞാപിച്ചു .
ശശി പുള്ളിയെ ഉയർത്താൻനോക്കി . പൊന്തുന്നില്ല ! അല്ലെങ്കിലും ആയാസമുള്ള ജോലികൾ നാട്ടിൽ നിന്നും ചെയ്തിട്ടുള്ള ശീലം മലയാളികൾക്കില്ലല്ലോ ?
അപ്പോൾ അതിവേഗം പ്രമോദ് വന്ന് അത് എടുത്തുകൊണ്ടു പോയി .
"പേടിക്കേണ്ട ! കനമുള്ളത് ഞാനെടുത്തോളം !"- പ്രമോദ് പറഞ്ഞു .
തടിമാടൻ ശശിയെ തുറിച്ചു നോക്കി . ശശി തല താഴ്ത്തി നിന്നു .
ഉച്ചസമയം . ശശിയും പ്രമോദും കൂടി ഊണുകഴിക്കാൻ ഹോട്ടലിൽ കയറി .
"നിങ്ങൾ എത്രകാലമായി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ?"- ശശി ചോദിച്ചു .
"പത്തുവർഷം !"
"എന്ത് കിട്ടും !"
"നാലായിരം രൂപയും ആട്ടും തുപ്പും !"
"എനിക്കെന്തു കിട്ടാൻ സാദ്ധ്യതയുണ്ട് ?"
"ആയിരം രൂപയും ആട്ടും തുപ്പും !"
"എന്തായാലും നിന്നല്ലേ പറ്റൂ ! ശ്രമിച്ചു നോക്കാം !"- ശശി പറഞ്ഞു .
രണ്ടു മൂന്നു ദിവസം കടന്നുപോയി .
എല്ലുകൾ നുറുങ്ങുന്നു ! ശരീരമെല്ലാം കുഴയുന്നു !
ആ ദിവസങ്ങളിൽ അവനു നേരത്തെ പോകാൻ സാധിച്ചു .
"ഇത് തന്നെയായിരിക്കും എൻ്റെ ജോലിസമയം !"- ശശി വിചാരിച്ചു .
അവിടെയും ശശി , ശശിയായി !
പിറ്റേദിവസം രാത്രി ഒമ്പതു മണിക്ക് ശേഷമാണ് അവന് കടയിൽ നിന്ന്
ഇറങ്ങാൻ പറ്റിയത് !
കൈയ്യിൽ ടോർച്ചും കരുതിയിട്ടില്ല !
പാൽക്കാരൻതോട്ടത്തിൽ ഇറങ്ങിയപ്പോൾ വൈദ്യുതി പണിമുടക്കിയ സമയമായിരുന്നു .
എങ്ങോട്ടു പോകണമെന്ന് മനസ്സിലാകുന്നില്ല !
തപ്പിപ്പിടിച്ചു നടക്കാൻ തുടങ്ങി .
അതിനിടയിൽ ചളിയിലൊന്നു വീണു .
എഴുന്നേറ്റു നടത്തം തുടർന്നു .
എന്തിലോ ചെന്നിടിച്ചുവോ ?
അപ്പോൾ അതിൻ്റെ കരച്ചിൽ അവൻ കേട്ടു !
കുറേ എരുമകളെ കെട്ടിയിട്ടതിന്റെ ഇടയിലാണ് അവൻ ചെന്ന് പെട്ടത് !
എരുമകൾ കൂട്ടത്തോടെ കരയാൻ തുടങ്ങി . ശബ്ദം കേട്ട് ഒരു സ്ത്രീ കാറിവിളിക്കാൻ തുടങ്ങി :"തിരുടൻ ! തിരുടൻ !"
ശശി എങ്ങോട്ടെന്നില്ലാതെ ഓടി . അങ്ങകലെ എവിടെയോ ഒരു വെളിച്ചം കാണുന്നു !
ഭാഗ്യം ! അത് അവൻ താമസിക്കുന്ന ലോഡ്ജ് തന്നെയാണ് !
പിറ്റേ ദിവസം അവൻ ജോലിക്കിറങ്ങിയത് ബാഗുമായിട്ടാണ് .
"എന്തിനാ ബാഗ് ?"- സഹമുറിയൻ ചോദിച്ചു .
"അതൊക്കെയുണ്ട് !"- അവൻ നടന്നകന്നു .
നടക്കുമ്പോൾ അവൻ തന്നോടു തന്നെ ആ ചോദ്യം ചോദിച്ചു .
ഇവരുടെ ഭാഷയിൽ ക്ലാർക്കിന് "കറക്ക് " എന്നാണോ അർത്ഥം ?
ബസ്സിന്റെ കോണിയിൽ തൂങ്ങി പൊടി പാറിയുള്ള ആ യാത്രയിൽ അവൻ്റെ ആദ്യജോലിയുടെ സ്വപ്‌നങ്ങൾ അവസാനിച്ചു !
കോയമ്പത്തൂർ നഗരമേ വിട !

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot