നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നന്ദി സൗദി അറേബ്യ നന്ദി !

Image may contain: 1 person

ഇന്ന് നേരത്തെ എഴുന്നേറ്റു. മനസ്സിന് വല്ലാത്തൊരു ഭാരം. സൗദിയിൽ എന്റെ അവസാനത്തെ പുലരിയാണിത്. സജിയേട്ടന് ചെന്നൈയിലേക്ക് ഒരു ട്രാൻസ്ഫർ ഏറെ ആഗ്രഹിച്ചതായിരുന്നു. കിട്ടിയപ്പോൾ ഒരുപാട് സന്തോഷിക്കുകയും ചെയ്തു. എന്നിട്ടും സൗദിയിലെ അവസാന മണിക്കൂറുകളിലൂടെ കടന്നു പോകുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നു.
ഫ്ളാറ്റിനോട് ഇത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ദിയക്കുട്ടി ആദ്യമായി മുട്ടിലിഴഞ്ഞത്.. പിടിച്ചു നിന്നത്... പിച്ച വെച്ചത്... അവൾക്ക് ആദ്യത്തെ പല്ല് വന്നത്... പിറന്നാളുകൾ.. കുറെയേറെ വീഴ്ചകൾ.. കരച്ചിലുകൾ.. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമ്മകൾ !ആഘോഷങ്ങളും കളിചിരികളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഞങ്ങൾ 3 വർഷങ്ങൾ ജീവിച്ചത് ഇവിടെ ആയിരുന്നില്ലേ..
ബെഡ്റൂമിലെ ജനലിലൂടെ പുറത്തേക്കു നോക്കി. രണ്ടു പാകിസ്‌ഥാനികൾ നടന്നു പോകുന്നു.അടുപ്പിച്ചു പാർക്ക്‌ ചെയ്തിരിക്കുന്ന കുറെയേറെ കാറുകൾ. സ്‌ഥിരം കാഴ്ചകൾ തന്നെ. എത്രയോ വൈകുന്നേരങ്ങളിൽ ദിയക്കുട്ടിയുടെ കരച്ചിൽ മാറ്റാൻ ഈ ജനലരികിൽ അവളെയുമെടുത്തു പുറത്തേക്കു നോക്കി നിന്നിട്ടുണ്ട്.. ! ഇനിയെല്ലാം ഓർമ്മകൾ..
ഇന്ന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. പാക്കിംഗ് എല്ലാം ഇന്നലെ തന്നെ കഴിഞ്ഞു. ബ്രേക്ഫാസ്റ്റ് ബീന തയ്യാറാക്കി കൊണ്ടു വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. ബീന. ഇവിടെ നിന്നു പോകുമ്പോൾ മിസ്സ്‌ ചെയ്യാൻ പോകുന്ന ആളുകളിൽ ഒരാളാണ് ബീന. വല്ലപ്പോഴും സംസാരിച്ചിരിക്കാനും ഇടയ്ക്കു സ്പെഷ്യൽ ഭക്ഷണം വല്ലതും തയ്യാറാക്കിയാൽ അത് പങ്കു വെക്കാനും ഇവിടെ കുറച്ച് സുഹൃത്തുക്കൾ ഉണ്ടെനിക്ക്. ബീന.. തസ്‌നി.. ഷെഫിൻ.. നസ്രീൻ...എല്ലാവരുമായും ഉള്ള സൗഹൃദം ഫോണിലൂടെ നില നിർത്താമെന്നു പ്രത്യാശിക്കുകയെ ഇനി നിവൃത്തിയുള്ളു.
ഫ്ലാറ്റ് പൂട്ടിയിറങ്ങുമ്പോൾ കണ്ണ് നനഞ്ഞോ? അതെയെന്ന് തോന്നുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി. ആദ്യത്തെ വളവു തിരിയുമ്പോൾ ഞങ്ങളുടെ പൊടി പാർക്ക്‌ !!!(പേര് അറിയില്ല. മണൽ ആയതു കൊണ്ട് ഞങ്ങൾ കൊടുത്ത പേരാണ് പൊടി പാർക്ക്‌ )മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ വരാറുണ്ടായിരുന്നു. ദിയക്കുട്ടിയുടെ പുറകെ ഓടിയോടി ഞാൻ ഭാരം കുറച്ചത് ഇവിടെ വെച്ചാണ് എന്ന് വേണമെങ്കിൽ പറയാം. കണ്ടപ്പോൾ ഒന്നുകൂടെ അവിടെയൊക്കെ ഒന്ന് നടക്കാൻ തോന്നിപ്പോയി. വൈകുന്നേരമായാൽ കുറെ സുഹൃത്തുക്കൾ വരാനുണ്ട് എനിക്കവിടെ. ഇന്ത്യക്കാർ മാത്രമല്ല. പാകിസ്‌ഥാനികൾ, ശ്രീലങ്കക്കാർ., അഫ്‌ഗാനികൾ.. എല്ലാവരും എത്ര സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഒക്കെ വെച്ച് ആ സൗഹൃദ സംഭാഷണങ്ങളിൽ ഞാനും പങ്കു ചേർന്നിരുന്നു. അവരെയൊന്നും ഇനിയൊരിക്കലും കാണില്ലായിരിക്കും പലരോടും യാത്ര പറയാൻ പോലും പറ്റിയില്ല.
പാർക്കിൽ സിമന്റ്‌ ബെഞ്ചുകൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു.നല്ല വെയിലാണ്. ഈ സമയത്തൊന്നും ആരും വരില്ല. എന്നാലും ആ സിമന്റ്‌ ബെഞ്ചുകളിലൊന്നിൽ സജിയേട്ടന്റെ അടുത്തിരുന്ന് പോപ്‌കോൺ കഴിച്ചു കൊണ്ട് വർത്താനം പറയാൻ.... ദിയക്കുട്ടി തിടുക്കപ്പെട്ടു സ്ലൈഡിൽ കയറുമ്പോൾ ഓടിച്ചെന്ന് അവളെ പിടിക്കാൻ.. എന്റെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു. ഇല്ല ഇനി കഴിയില്ല. ഇനി ഈ പാർക്ക്‌ ഞങ്ങളുടേത് അല്ലല്ലോ..
ആദ്യമായി വന്നിറങ്ങിയപ്പോൾ വല്ലാത്തൊരു ആകാംഷയോടെ നോക്കി കണ്ട എയർപോർട്ട് അതേ വികാരം കണ്ണിൽ നിറച്ചു ഞാൻ നോക്കി കണ്ടു. ഡിയർ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ഞങ്ങളുടെ പേരുകൾ അവസാനമായി നിങ്ങളുടെ കമ്പ്യൂട്ടറിൽ പതിയുകയാണ് !ഞാൻ മനസ്സിൽ പറഞ്ഞു. ഫ്ലൈറ്റിൽ കയറിയിരുന്ന് ആർത്തിയോടെ ഞാൻ പുറത്തേക്കു നോക്കി. ഇനിയൊരിക്കൽ കൂടി കാണാനാവില്ലെന്ന് മനസ്സിലോർത്തുകൊണ്ട് ആ മണലാരണ്യത്തിന്റെ സൗന്ദര്യം ഞാൻ കണ്ണിലൊപ്പിയെടുത്തു.
നാട്ടിലേക്കു തിരിച്ചു പോവണം എന്ന ആഗ്രഹവുമായി വെറും മൂന്നു വർഷങ്ങൾ മാത്രം ഇവിടെ ജീവിച്ച ഞാൻ മടങ്ങാനൊരുങ്ങുമ്പോൾ ഇത്രയ്ക്ക് വിഷമം അനുഭവിക്കുന്നെങ്കിൽ.. ആയുസ്സിലേറെയും ഇവിടെ ചെലവിട്ടു മടങ്ങുന്ന ആളുകളെ കുറിച്ച് ഞാൻ ഓർത്തു പോയി.
കണ്ണുകൾ അടച്ചു !മനസ്സിൽ റെഡ് സാൻഡിലെ ഡെസ്സേർട്ട് ഡ്രൈവുകളും.. കിങ്ഡം ടവറിനു മുകളിലെ ഉയരക്കാഴ്ചകളും നിറഞ്ഞു. നാട്ടിൽ കിട്ടാത്ത അറേബ്യൻ രുചികളെ മനസ്സിൽ താലോലിച്ചു.. മാളുകളിലൂടെ ദിയക്കുട്ടിയുടെ കൈ പിടിച്ചു സജിയേട്ടനൊപ്പം ഒന്നൂടെ നടന്നു.." പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ്‌ ബെൽറ്റ്‌ മാഡം.. "എയർ ഹോസ്റ്റസ് സുന്ദരി എന്നെ ചിന്തകളിൽ നിന്നുണർത്തി. ഒരു പുഞ്ചിരി മറുപടിയായി നൽകി ഞാനും പറക്കാൻ തയ്യാറായി. ദിയക്കുട്ടി സന്തോഷത്തിലായിരുന്നു. എട്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സജിയേട്ടന്റെ മുഖത്ത് സന്തോഷമാണോ സങ്കടമാണോ എന്ന് മനസിലാക്കാൻ പറ്റാത്തൊരു ഭാവം !"ഇവിടെ നിന്നും മടങ്ങുമ്പോൾ സൗദിയോട് നന്ദി പറയേണ്ടേ നമുക്ക്..? അഭയം തന്നതിന്.. ജോലി തന്നതിന്... "അദ്ദേഹം ചോദിച്ചു. ശെരിയാണ്. നന്ദി സൗദി അറേബ്യ.. നന്ദി !എല്ലാറ്റിനും.

Aiswarya Sajeesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot