The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Friday, October 12, 2018

ചിന്നപ്പയ്യൻ


image

ചിന്നപ്പയ്യൻ ആയ ഞാൻ പാലക്കാട് ഓഫീസിൽ ജോയിൻ ചെയ്ത സമയം, പുതിയ ബോസ്സ് ചാർജ് എടുത്തു, ഐ ആർ ടീ എസ് ഉദ്യോഗസ്ഥൻ, തെലുങ്കൻ ,എന്നെ വലിയ കാര്യം എന്നാണ് വെയ്പ്പ്, ഞാനും സമപ്രയക്കാരൻ ആയ മറ്റൊരു ഉദ്യോഗസ്ഥനും ബോസ്സിനെ സോപ്പ് ഇടാൻ മത്സരിച്ചു കൊണ്ടിരുന്നു, കൂട്ടത്തിൽ കാർട്ടൂൺ വര ,പോസ്റ്റർ ഡിസൈൻ എന്നീ പരിപാടികൾ ഉണ്ടായിരുന്ന എനിക്കായിരുന്നു കുറച്ചൊക്കെ മേൽക്കൈ എന്ന് വേണമെങ്കിൽ പറയാം

ഒരേ ഒരു പ്രശ്നം അങ്ങേരുടെ ഒടുക്കത്തെ ഇംഗ്ലീഷ് മാത്രമായിരുന്നു, മനസിലാവാത്ത എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ ചിരിച്ചു കാണിക്കും, അല്ലെങ്കിൽ മേരി ഹാഡ് എ ലിറ്റിൽ ലാമ്പ് എന്നോ,നോട്ട് ഒണ്‍ലി ബട്ട്‌ ആൾസോ എന്നോ മറ്റോ വേഗം പറയും,

ഒരു തവണ ആണ് ജീവിതം വെറുത്തത്, ബോസ്സ് ടൂർ കഴിഞ്ഞു വന്ന ഉടനെ ,ഡോർ തല കൊണ്ട് ഇടിച്ചു തുറന്നും പരസ്പരം ചവിട്ടിയും മുടിയിൽ പിടിച്ചു വലിച്ചുമെല്ലാം ഞാനും അവനും മത്സരിച്ച് അകത്തു കയറി.ഉടുപ്പൊക്കെ അലങ്കോലമാക്കി മുടി ഒക്കെ എണീപ്പിച്ചു നിറുത്തിയിരുന്ന ഞങ്ങളെ കണ്ട് ബോസ്സ് ചോദിച്ചു ,

ഹായ് ബോയ്സ് , വാട്ട്സ് അപ്പ് ?

അന്ന് നമ്മുടെ വാട്ട്സ്ആപ്പ് ഇല്ലാതിരുന്നത് കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, സം തിങ്ങ്സ്‌ ആർ അപ്പ്, ബട്ട്‌ സം തിങ്ങ്സ്‌ ആർ ഡൌണ്‍ സാർ

ഹഹഹഹ ,സോ ഫണ്ണി അജോയ്

ഓ അങ്ങനെ ഒന്നുമില്ല.,ഐ മോർ ഫണ്ണി സാർ , അവൻ പറഞ്ഞു

ഹൌ തിങ്ങ്സ്‌ ആർ ഗോയിംഗ് ഓണ്‍ ?

ഓണ്‍ ആൻഡ്‌ ഓഫ്‌ എവെരി ഡേ ഫോർ ദി ഹോൾ വീക്ക് ,അവൻ സ്കോർ ചെയ്തു, അപ്പോൾ ഒരു ഫോണ്‍ വന്നത് കൊണ്ട് ബോസ്സ് ഒന്നും പറഞില്ല

അവൻ ഷൈൻ ചെയ്യുന്നത് കണ്ട അസൂയയിൽ പല്ല് കടിച്ചു കൊണ്ട് ഞാൻ നിന്നു, അപ്പോൾ ആണ് ഫോണ്‍ വെച്ചിട്ട് ബോസ്സ് ചോദിച്ചത്,

ബോയ്സ് വാട്ട്‌ ഈസ്‌ ദ ഗ്രേപ്പ് വൈൻ ?

ഹഹഹ സിമ്പിൾ ക്വസ്റ്യൻ, അടിച്ചാൻ കോള് , അവൻ വാ തുറക്കുന്നതിനു മുൻപ് ക്വിസ് പ്രോഗ്രാമ്മിൽ ബസർ അടിച്ച മൽസരാർധിയെ പോലെ അറ്റൻഷനായ ഞാൻ അലറി

ഗ്രേപ്പ് വൈൻ ഈസ്‌ ആൻ ആൽക്കഹോളിക്ക് ബെവറേജ് മെയ്‌ഡ്‌ ഫ്രം ഗ്രേപ്പ്സ് സാർ

അത്രയും പറഞ്ഞു കഴിഞ്ഞ ഉടനെ , കണ്ടോടാ കഴുതേ എന്ന മട്ടിൽ ഞാൻ അവനെ നോക്കി

അവൻ അസൂയ മൂത്ത് ജീവിതം വെറുത്തു നിന്നു, പിന്നെ ഞാൻ ശ്വാസം വിടാൻ നിറുത്തിയ ഗാപ്പിൽ ചാടിക്കയറി പറഞ്ഞു

മൈ മദർ മേയ്ക്ക് ഗുഡ് ഗ്രേപ്പ് വൈൻ സാർ, ഇഫ്‌ സാർ വാണ്ട്‌, ഐ ബ്രിംഗ്,ഹിസ്‌ മദർ നോ മേയ്ക്ക് ഗ്രേപ്പ് വൈൻ, ഒണ്‍ലി ദോശ വട ഇഡലി , കണ്ട്രി ലേഡി

ഷട്ട് അപ്പ്, ബോസ്സ് കസേര പുറകോട്ടാക്കി ചാടി എണീറ്റ്‌ ഒരൊറ്റ അലർച്ച, ഗെറ്റ് ഔട്ട്‌,

നന്നായി ,എന്റെ അമ്മയെ കണ്ട്രി ലേഡി എന്ന് വിളിച്ചത് സാറിനിഷ്ട്ടപ്പെട്ടില്ല, അങ്ങനെ തന്നെ വേണം

ഗെറ്റ് ഔട്ടെടാ, വേഗം ഗെറ്റ് ഔട്ട്‌ , ഞാനും അലറി

യു ആൾസോ, ബോത്ത്‌ ഓഫ് യൂ ഗെറ്റ് ഔട്ട്‌ ഐ സേ

ഞാനും അവനും ഒരു ചാട്ടത്തിനു പുറത്തിറങ്ങി, എന്നെ അപമാനിച്ച അവനെ ഔട്ട്‌ ആക്കിയത് ഓക്കേ, പക്ഷെ ഗ്രേപ് വൈൻ എന്താണെന്ന് കൃത്യം ഉത്തരം കൊടുത്ത എന്നെ എന്തിനു ഔട്ട് ആക്കി ?

ഇനി എങ്ങനെ അകത്തു കയറും എന്ന് ആലോചിച്ചു കൊണ്ട് ഇരുന്ന ഞങ്ങളോട് എല്ലാത്തിനും സാക്ഷി ആയിരുന്ന സൂപ്രണ്ട് വന്നു പറഞ്ഞു

എടെ പിള്ളേരെ ,ഗ്രേപ് വൈൻ എന്ന് വെച്ചാൽ നീ ഒക്കെ മടക്ക് മടക്ക് എന്ന് കുടിക്കുന്ന വൈൻ അല്ല, അതിന്റെ സ്പെല്ലിങ് തന്നെ വേറെ

അതെന്താ അത് ?

അത് ഒരു യൂസേജ് ആണ്, വാട്ട് ഈസ് ത്രൂ ദ ഗ്രേപ്പ് വൈൻ എന്ന് വെച്ചാൽ ,റൂമർ, നുണ, പരദൂഷണം, എന്നൊക്കെ ആണ് അർഥം, അതായതു ഓഫീസിൽ എന്തൊക്കെ ആണ് രഹസ്യ വാർത്തകൾ എന്നാണ് ആ ചോദ്യത്തിന്റെ അർഥം, ഉടനെ വൈൻ എന്താണെന്നു പറഞ്ഞു കൊടുക്കാൻ പോയിരിക്കുന്നു

നാണക്കേടായല്ലോ, ഞങ്ങൾ മലയാളം മീഡിയം ആണെന്ന് ആ മറുതായോട് എങ്ങനെ ഒന്ന് പറഞ്ഞു മനസിലാക്കും സാറെ, ഞങ്ങൾ ചോദിച്ചു

അത് നിങ്ങൾ എങ്ങനെ എങ്കിലും അങ്ങ് പറഞ്ഞെച്ചാ മതി , ഞാൻ പോണു, സുപ്രണ്ട് മുങ്ങി

നീ വാ ,നമുക്ക് വഴി ഉണ്ടാക്കാം, ഞാൻ അവനെയും വിളിച്ചു അകത്തേക്ക് തലയിട്ടു , ഞാൻ സ്ഥലം കൊടുക്കാത്തത് കാരണം അവൻ മുടി മാത്രം ആണ് അകത്തിട്ടത്

വാട്ട്‌?

ദിസ്‌ ഗ്രേപ് വൈൻ ,വീ ഡോണ്ട് നോ,വീ നോ ഒണ്‍ലി ദാറ്റ്‌ വൈൻ,ഡ്രിങ്ക് ആൻഡ്‌ കിക്ക്,സോറി സാർ,

സോ ?

സോ ഹിയർ ഇൻ ദിസ്‌ ഓഫീസ് ദെയർ ആർ ലോട്ട് ഓഫ് ഗ്രേപ് വൈൻ എവെരി വെയർ സാർ , എല്ലാം ഐ വിൽ റൈറ്റ് ആൻഡ്‌ ഗിവ് .ഓൾ നുണാസ്, പരദൂഷണംസ് ഓഫ് ദി കണ്ട്രി മെൻ

നോ നീഡ്‌, താങ്ക്സ്,ഡോണ്ട് കം റ്റു മൈ റൂം ഫോർ എ വീക്ക്‌, ഗിവ് മി സം പീസ്‌ ഓഫ് മൈൻഡ് ,വിൽ യൂ ?

യെസ് സാർ ,വാട്ട്‌ എബൌട്ട്‌ ഹിം സാർ , ദിസ്‌ ഇടിയറ്റ് ? ഞാൻ അവന്റെ മുടി ചൂണ്ടിക്കാണിച്ചു ചോദിച്ചു

ബോത്ത്‌ ഓഫ് യൂ, പ്ലീസ് ഗോ,

യെസ് സാർ ,ഞാൻ തല പുറത്തേക്കു വലിച്ചു

എന്ത് പറഞ്ഞു ?

ഞാൻ നൗ ഗോ എവേ ആൻഡ്‌ കം അഗൈൻ അനദർ ഡേ

എന്ന് വെച്ചാൽ ?

ഞാൻ രണ്ടു ദിവസം കഴിഞ്ഞ് മുറിയിൽ കയറിയാൽ മതി എന്ന്

അപ്പൊ ഞാനോ ?

യൂ ഗോ എവേ ആൻഡ്‌ എവേ ആൻഡ്‌ എവേ

ങേ? അതായത് ?

അതായത് നീ ഇനി മുറിയിൽ കേറുകയെ വേണ്ട , നിന്നെ സാറിനു വെറുത്തു പോയീന്ന്


Ajoy Kumar

No comments:

Post Top Ad

Your Ad Spot