നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐശ്വര്യചരിതം ( ഒറ്റ ഭാഗമേ ഉള്ളു!! )കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്.
വൻ മൃഗസ്നേഹിയായ അച്ഛൻ ഗൾഫീന്ന് ലീവിന് നാട്ടിൽ വരുമ്പോഴെല്ലാം ആ പരിസരത്തെ, സനാഥരും അനാഥരുമായ മൃഗങ്ങൾക്കെല്ലാം ഓണക്കാലം വന്ന പോലെയാണ്‌. അവറ്റകൾക്കു വയറു നിറയെ ആഹാരം കൊടുക്കും അച്ഛൻ. പ്രാവ്, കാക്ക, കോഴി, കുഞ്ഞാറ്റക്കിളി, അണ്ണാറക്കണ്ണൻ, പട്ടി, പൂച്ച, പശു, ആട് അങ്ങനെ നീളും അച്ഛന്റെ ഫ്രണ്ട്സ് ലിസ്റ്റ്.
അങ്ങനെ ഒരവധിക്കാലത്തു അച്ഛൻ നാട്ടിൽ വന്ന സമയത്തിങ്കൽ,
ന്റെ അച്ഛനെന്ന അടാർ ഐറ്റത്തെക്കുറിച്ചു , മറ്റേതോ പട്ടി പറഞ്ഞറിഞ്ഞത് പ്രകാരം, ഒരു നാൾ ഒരു ചാവാലി പട്ടി,ഞങ്ങടെ വീട്ടിലെത്തി. വെള്ള നിറത്തിൽ ബ്രൗൺ പുള്ളികൾ ഉള്ള ഒരു ലോക്കൽ പട്ടി.
വെറ്റിനറി കോളേജിലെ പിള്ളേര് കണ്ടാൽ, പട്ടികളുടെ അനാറ്റമി പഠിക്കാൻ വേണ്ടി അവളെ തട്ടിക്കൊണ്ടു പോവും. അത്രമേൽ എല്ലും തോലുമായ ആ പട്ടി പടി കടന്നു വന്നപ്പോൾ ഒട്ടും അമാന്തിക്കാതെ ഒരു മുട്ടൻ കല്ലെടുത്ത്‌ അവളെ എറിയാനായി ഒരു കണ്ണടച്ചു പിടിച്ചു ചൂണ്ടു വിരൽ അവൾക്ക് നേരെ പിടിച്ച് ഉന്നം പിടിക്കുന്ന ന്റെ അമ്മയോട് അച്ഛൻ അലറിവിളിച്ചു കൊണ്ടു പറഞ്ഞു.
"കല്ല് താഴെയിടടി!! നിന്റെ അച്ഛൻ.. സോറി.. നിന്റെ കെട്ട്യോനാടി പറയണേ.കല്ല് താഴെയിടാൻ."
അമ്മ അതു കേട്ടപ്പോൾ വളരെ നല്ല അനുസരണയോടെ കല്ല് താഴെ ഇട്ടിട്ടു ഒലക്ക എടുക്കാൻ വേണ്ടി വടക്കേ പുറത്തേക്കു പോയി.
അച്ഛൻ വളരെ സ്നേഹത്തോടെ ആ ചാവാലിപ്പട്ടിയുടെ അരികിലെത്തി.തലയിൽ സ്നേഹത്തോടെ തലോടി.അവൾ വിനയാന്വിതയായി വാലാട്ടി നിന്നു.
അച്ഛൻ അടുക്കളയിലേക്ക് പോയി. എന്നിട്ട് ഞങ്ങൾ മക്കൾക്ക്‌ തിന്നാൻ, അമ്മ മീൻചട്ടിയിൽ പെരട്ടിയെടുത്തു വച്ച മീൻചോറും പിന്നെ ഒരു മുഴുത്ത അയല വറുത്തതും എടുത്തു നേരെ വീടിന്റെ മുന്പിലെ സിമന്റ്‌ തറയിൽ കൊണ്ടു വന്നു വച്ചു.
ചാവാലി പട്ടിയുടെ കണ്ണുകൾ നിറഞ്ഞോ? ആ.. ആവോ.. അതറിയാന്മേല.
പക്ഷെ ജീവിതത്തിലാദ്യമായി ഭക്ഷണം കണ്ട പോലേ അവൾ ആക്രാന്തത്തോടെ വെട്ടി വിഴുങ്ങന്നതു കണ്ട് ന്റെ അച്ഛൻ കരഞ്ഞു പോയി.
അവളെ നോക്കി അച്ഛൻ വിളിച്ചു.. "ഐശ്വര്യേ"..
"ഐഷ, അമൃത", എന്ന് തൻ്റെ സ്വന്തം മക്കൾക്ക്‌ പേരിട്ട അതേ സന്തോഷത്തിൽ, അതേ സംതൃപ്തിയിൽ, അതേ മുഖഭാവത്തോടെ അച്ഛൻ വീണ്ടും രണ്ടു പ്രാവശ്യം കൂടി നീട്ടി വിളിച്ചു.
"ഐശ്വര്യേ, മോളെ ഐശ്വര്യേ"
അമ്മയ്ക്കും എനിക്കും അനിയത്തിക്കും ലവളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവൾക്ക് ഞങ്ങളെയും അങ്ങോട്ട്‌ പിടിച്ചില്ല. ന്റെ അമ്മയുടെ ക്രൂരത നാട്ടിലെ എല്ലാ ജന്തുക്കൾക്കുമിടയിൽ പാട്ടായതു കൊണ്ടാവണം, അച്ഛനില്ലാത്ത സമയം അവൾ ഞങ്ങളുടെ വീടിന്റെ ഏഴയലത്തു പോലും വരില്ലായിരുന്നു.
ഐശ്വര്യ, ദിവസം കഴിയുന്തോറും അച്ഛൻ കൊടുക്കുന്ന ഭക്ഷണം തിന്ന് കൊഴുത്തു ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന, സൗന്ദര്യധാമമായി മാറി. അവൾക്ക് ഒടുക്കത്തെ ആരാധകവൃന്ദമായി നാട്ടിൽ.
മനോജേട്ടന്റെ വീട്ടിലെ ചൊക്ലി ടോമി മുതൽ,മിലിറ്ററി ഹരിയേട്ടന്റെ വീട്ടിലെ അല്സേഷിയൻ വരെ ഐശ്വര്യയുടെ പിന്നാലെ മണപ്പിച്ചു നടപ്പായി. അന്ന് ട്വിറ്ററും മറ്റുമുണ്ടാരുന്നെങ്കിൽ ഇന്റർനാഷണൽ ലെവലിൽ വരെ ഫോള്ളോവെർസ് ഉണ്ടായേനെ ആ മുതലിന്.
ആ ദിവസങ്ങളിൽ, മുഖം മുഴുവൻ പൌഡർ പൊത്തി തലയുടെ രണ്ടു ഭാഗത്തേക്കായി മുടിമെടഞ്ഞിട്ടു അങ്ങട്ടും ഇങ്ങട്ടും തട്ടി, ഒരു കിലോമീറ്ററോളം നടന്നു, ബസ്റ്റോപ്പിലെത്തി, പിന്നെ ബസ്സിൽ കയറി ട്യൂഷന് പോകുന്ന ഈ പാവം എന്നെ മനുഷ്യരാരും നോക്കുന്നില്ലെന്നതോ പോട്ടെ,
ഐശ്വര്യയുടെ ഒരു ജാതി ഏഷണി കാരണം എന്നെ കാണുമ്പോൾ അവളുടെ ആരാധകരുടെ വക ഒടുക്കത്തെ കുരയും!! എനിക്ക് അവളോടുള്ള പക ഇരട്ടിക്കാൻ അതും ഒരു കാരണമായി!
ദിവസങ്ങൾ കടന്നു പോയി. അന്നൊരു ഞായറാഴ്ച ആയിരുന്നു. പുലർച്ചെ നാലു മണി നേരത്ത് ചീച്ചി മുള്ളാൻ എഴുന്നേറ്റ ഞാൻ പുറത്തെ കോലായിൽ എന്തോ ശബ്ദം കേട്ട് ജനലിൽകൂടി എത്തി നോക്കി.
ശ്ശോ, അടൾട്ട്സ് ഓൺലി സീൻ !! നായിക ഐശ്വര്യ. നായകൻ ആ ഏരിയയിൽ അന്ന് വരെ കാണാത്ത ഏതോ ഒരു ഭീമാകാരൻ ക്രോസ്സൻ ശുനകൻ. അന്ന് എന്റടുത്തു ഒരു കാമറ മൊബൈൽ ഉണ്ടാരുന്നെങ്കിൽ വീഡിയോ എടുത്തു, അവളെ ബ്ലാക്ക് മെയിൽ ചെയ്തു നാട് കടത്തിയേനെ. അലവലാതി ഡോഗ്ഗി.
ഞാനീ വിവരം അമ്മയോടും അനിയത്തിയോടും പറഞ്ഞു. ഞങ്ങൾ മൂന്നാളും എത്ര ആണയിട്ടു പറഞ്ഞിട്ടും അച്ഛൻ അതൊന്നും വിശ്വസിച്ചില്ല. രഞ്ജിനി ഹരിദാസിന് പിറക്കാതെ പോയ അച്ഛനാണച്ചാ അച്ഛൻ !!!
അച്ഛനെ കാണുമ്പോൾ ഐശ്വര്യ നിഷ്കു ഭാവത്തോടെ തല കുനിച്ചു വാലാട്ടും.ഞങ്ങളെ കാണുമ്പോൾ അവൾ പല്ലിളിച്ചു കോക്രി കാണിക്കും. അമ്പടി കേമി.
അങ്ങനെ അവധി തീർന്ന് അച്ഛൻ തിരിച്ചു ഗൾഫിലേക്ക് പോകാറായി.
മോളെ ഐശ്വര്യേ! അച്ഛൻ പോട്ടെ ട്ടോ,ഇനി അടുത്ത കൊല്ലം വരുമ്പോൾ കാണാം. അമ്മ പറയുന്നത് കേട്ട് നല്ല കുട്ടിയായിരിക്കണം ട്ടോ. അച്ഛൻ നിറകണ്ണുകളോടെ അവളോടും യാത്ര പറഞ്ഞു.
അച്ഛന്റെ വണ്ടി,തിരിവ് കഴിഞ്ഞു പോയതും, ഭയങ്കരമായ അലർച്ച കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.
"ദെ, ഈ നിക്കണ രണ്ടു മൂശേട്ടോളുടെ അമ്മ കൂടാതെ ഇനി നിന്റെ കൂടെ അമ്മ ആവാൻ എന്റെ പട്ടി വരും.
അവളുടെ ഒരച്ഛനും അമ്മയും. കോലായി വൃത്തിയാക്കി ഞാൻ മടുത്തു.പോടി കൊടിച്ചിപ്പട്ടി അവടന്നു."
ഒരു പിടി പച്ചീർക്കിൽ ഒരു ചെറിയ ചൂടി കയറു കൊണ്ടു വലിച്ചു മുറുക്കി കെട്ടിയ മാരകായുധം കൊണ്ടു അമ്മ അവളെ അറഞ്ചം പൊറഞ്ചം തല്ലി.അവൾ കരഞ്ഞു കൊണ്ടു അപ്പുറത്തെ കണ്ടം വഴിയോടി.പിന്നീട് കുറേ കാലം അവളെ ആ വഴിക്ക് കണ്ടില്ല.
ഒരു ദിവസം വൈകുന്നേരം, നാരായണി ചേച്ചി വീട്ടിൽ വന്നു പറഞ്ഞപ്പോഴാ ഞങ്ങൾ ആ വാർത്ത അറിഞ്ഞത്. ഐശ്വര്യ ഗർഭിണി ആയിരുന്നെന്നും, കുറച്ചീസം മുൻപ് പ്രസവിച്ചെന്നും, ആറു കുട്ടികൾ ഉണ്ടെന്നും.
അതു മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്.
ആറു പിള്ളേർക്കും ആറു ഛായയാത്രേ. അവളുടെ ദുർനടപ്പിനുള്ള ഏറ്റവും വലിയ തെളിവ്!!
നേരെ ചൊവ്വേ ആഹാരം കിട്ടാതെ വീണ്ടും എല്ലും തോലുമായ അവളെ ഇപ്പൊ പഴയ കാമുകന്മാരൊക്കെ ഉപേക്ഷിച്ചു. സ്വന്തം കുട്ടികളെ ഒരു നോക്ക് കാണാൻ പോലും അവരാരും പോയില്ലത്രേ.
നാരായണി ചേച്ചി പോയി കഴിഞ്ഞപ്പോൾ അമ്മ ഒന്നും പറയാതെ അടുക്കളയിലേക്കു ചെന്നു.
തിരിച്ചു ഹാളിലെത്തിയ അമ്മയുടെ കയ്യിൽ ഒരു വലിയ ടൈഗർ ബിസ്ക്കറ്റ് പാക്കറ്റ്!!
"ടീ ഐഷു, നീ വാ. നമുക്ക് പാടത്തിന്റെ മോട്ടോർ ഷെഡ് വരെ ഒന്ന് പോവാം."അമ്മ പറഞ്ഞു.
എനിക്ക് കാര്യം മനസ്സിലായി. ഞങ്ങൾ വാതിലും പൂട്ടിയിറങ്ങി.
ഷെഡിനടുത്തെത്തിയപ്പോൾ, ദെ കിടക്കുന്നു ഐശ്വര്യയും കുട്ട്യോളും. ഞങ്ങളെ കണ്ടാൽ അവൾ ഉപദ്രവിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ സ്നേഹത്തോടെ എഴുന്നേറ്റു, വാലാട്ടിക്കൊണ്ട് ഞങ്ങളുടെ അടുത്തു വന്നു. പിന്നെ അവളുടെ കുട്ടികളോട് ചേർന്നു നിന്നു. ഞങ്ങൾക്ക് അവരെ കാണിച്ചു തരാനെന്നോണം.
എന്റെ അമ്മയാണെങ്കിൽ ആറു പേരക്കുട്ടികളെ ആദ്യമായ് കണ്ട മുത്തശ്ശിയുടെ ഭാവത്തിൽ, സന്തോഷത്തോടെ അവരെ ലാളിക്കാൻ തുടങ്ങിയെന്നു മാത്രമല്ല ആറെണ്ണത്തിനും ചറ പറാന്ന് ഓരോ പേരിട്ടു. കറുമ്പൻ, വെളുമ്പൻ, ബ്രൗണി,പോമി, ലവ്ലി, ബൂട്ടോ!!!
ടൈഗർ ബിസ്‌ക്കറ്റൊക്കെ കൊടുത്തതിനു ശേഷം മൂന്നു പിള്ളേരെ ഞാനും മൂന്നു പിള്ളേരെ അമ്മയും ഒക്കത്തെടുത്തു കൊണ്ടു അവശയായ ഐശ്വര്യയേയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് നടന്നു.
വഴിയിലുടനീളം അമ്മമ്മേടെ ചക്കരേ മുത്തേ പൊന്നേ എന്നൊക്കെ ന്റെ അമ്മ ആ അരുമശ്വാനക്കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്നത്‌ കേട്ട് ചിരിക്കണോ കരയണോന്നോർത്തു ഞാനും ഒപ്പം നടന്നു.
അല്ല, ബന്ധം പറഞ്ഞു വരുമ്പോൾ ഞാൻ അവറ്റോളുടെ വല്യമ്മയായി വരുമെങ്കിലും, വല്യമ്മയെന്നു വിളികേൾക്കാൻ മാത്രം എനിക്ക് പ്രായവും ആഗ്രഹവുമില്ലാത്തതിനാൽ ഞാൻ നീട്ടി വിളിച്ചു.."ചേച്ചീടെ ബ്രൗണിക്കുട്ടാ..!!"
അതേ സമയം ഐശ്വര്യയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞതു ഞങ്ങളാരും കണ്ടില്ല.
*************************

By: Aisha Jaice

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot