നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരേതൻ

Image may contain: Joby George Mukkadan, eyeglasses, beard, selfie and closeup

Joby George Mukkadan
കഴിഞ്ഞ ആഴ്ച്ച ഞാൻ ഇട്ട കഥ വായിക്കുകയും,ആഗ്രഹച്ചതിലും മേലെ വിജയിപ്പിക്കുകയും ചെയ്ത നല്ലെഴുത്തിലെ എല്ലാ നല്ല വായനക്കാർക്കും,അതൊപ്പം ക്രിയാത്മകമായ നിർദേശങ്ങൾ തന്നവർക്കും ഹൃദയംഗമമായ നന്ദി രേഖപെടുത്തിക്കൊണ്ട് പുതിയൊരു കഥ പോസ്റ്റ് ചെയ്യുന്നു ..

കഥാകാരന്റെ ജന്മം കൊണ്ട് പുണ്യഭൂമി ആയി മാറിയ ഹൈറേഞ്ചിലെ ഒരു സിറ്റി ആണ് കഥാപശ്ചാത്തലം .. അതിപ്പോ നാല് കടയും ഒരു ചായക്കടേം ഒരു വാകമരവും കൂടി ചേർന്നാൽ ഞങ്ങൾ ഹൈറേഞ്ച്കാർക്ക് സിറ്റി ആയി .. വലിയ ആർഭാടങ്ങൾ ആഗ്രഹിക്കുന്ന അല്പന്മാരല്ല ഞങ്ങൾ ...
സമയം രാവിലെ ഒരു പതിനൊന്ന് ആയി കാണും സിറ്റിയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനത്തിലെ സാബു ചേട്ടൻ നാരങ്ങ വെള്ളം ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് .. ഒരു നാരങ്ങായിൽ നിന്നും എട്ടു നാരങ്ങ വെള്ളം എങ്ങനെ ഉണ്ടാക്കാം എന്നതാണ് അടുത്ത ടാർഗെറ്റ് .. ആറെണ്ണം ഒക്കെ ഉണ്ടാകുന്നതിൽ സാബുച്ചേട്ടന് ത്രില്ല് നഷ്ടപ്പെട്ടിരുന്നു ..
സാബുച്ചേട്ടന്റെ കടയിലെ ഫോൺ ബെല്ലടിച്ചു ..
നാരങ്ങാ പിഴിഞ്ഞപ്പോൾ വായിൽ ഊറിയ വെള്ളം കൊണ്ടാകും ഫോണെടുത്തപ്പോൾ ഹലോക്ക് ഉണ്ടായ ജാരസന്തതി പോലെ വേറെന്തോ വാക്കാണ് പുറത്തുവന്നത് .. ഒപ്പം ലേശം പനിനീരും ...
ഫോൺ വച്ച സാബുച്ചേട്ടൻ വേഗം പുറത്തേയ്ക്ക് നോക്കി നീട്ടിവിളിച്ചു "ഡാ ഏതേലും ഓട്ടോ വേഗം ശിവൻചേട്ടന്റെ വീട്ടിലേയ്ക്ക് ചെല്ല് , എന്തോ ആശുപത്രി കേസ് ആണ് , വേഗം ചെല്ല് "
ചായക്കടയിൽ ബോണ്ടയും ആയി മല്ലയുദ്ധത്തിൽ ആയിരുന്ന ഓട്ടോക്കാരൻ ആയുധം വച്ചു കീഴടങ്ങി,മിച്ചം വന്ന ബോണ്ട വഴിയേ പോയ പട്ടിയെ ഉന്നം വച്ചെറിഞ്ഞു ... ഉൽക്കാപതനം ഏറ്റ പട്ടി,നിലവിളിയോടെ ജില്ല വിട്ടുപ്പോയി ...
പുറത്തേയ്ക്കിറങ്ങി,ഓടുന്നതിനിടയിൽ ഓട്ടോക്കാരൻ പറഞ്ഞു ,
"ചേട്ടാ എഴുതിയേരെ കേട്ടോ"
എഴുതിയിട്ടെന്തിനാ കയ്യക്ഷരം നന്നാവാൻ ആണോ എന്ന് ചായക്കടക്കാരൻ പിറുപിറുത്തു ..
ഓട്ടോറിക്ഷ ശിവൻചേട്ടന്റെ വീട് ലക്ഷമാക്കി പറന്നു ...
“സാബുച്ചേട്ടാ എന്താ പ്രശ്‌നം "
സാബുച്ചേട്ടൻ നോക്കുമ്പോൾ നമ്മുടെ കഥയിലെ അതിപ്രധാനമായ റോൾ വഹിക്കുന്ന വിദ്യാധരൻ ദിനേശ് ബീഡിയുടെ പുകമറ നീക്കി പ്രത്യക്ഷൻ ആയി ..
"എന്താന്നറിയില്ല ശിവൻചേട്ടന്റെ മോളാണ് വിളിച്ചത് പുള്ളിക്ക്എന്തോ സുഖം ഇല്ലാന്ന് "
"ഏതു നമ്മടെ കർത്താവ് ശിവനോ "? വിദ്യാധരന്റെ മനസ്സിൽ വെള്ളിടി വെട്ടി ..
നാട്ടിലെ പൗരപ്രമുഖൻ ആണ് ശിവൻ ചേട്ടൻ , അനുവാചകരെ ആനന്ദത്തിൽ ആറാടിക്കുന്ന വാറ്റുകാരൻ .. അദ്ദേഹത്തിന്റെ കരവിരുതിൽ വിരിയുന്ന വാറ്റടിക്കുന്നവർ മൂന്നാം നാൾ മാത്രേ ഉയിർത്തെഴുന്നേൽക്കാറുള്ളു , അങ്ങനെ ആണ് കർത്താവ് ശിവൻ എന്ന സെക്യൂലർ പേരുണ്ടായത് ...
ശിവൻ ചേട്ടന് വേണ്ടി കർത്താവിനോടാണോ സാക്ഷാൽ ശിവനോടാണോ പ്രാര്ഥിക്കേണ്ടത് എന്ന കൺഫ്യൂഷനിൽ വിദ്യാധരൻ നില്കുമ്പോളാണ് ,ഓട്ടോറിക്ഷ ശിവൻ ചേട്ടനേം വഹിച്ചു കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു കടന്നു പോയത് ..
ഓട്ടോറിക്ഷയിൽ ശിവൻ ചേട്ടൻ ഇരവിഴുങ്ങാൻ തുടങ്ങുന്ന പെരുമ്പാമ്പിനെ പോലെ വാ പൊളിച്ചിരിക്കുന്നത് കണ്ടു വിദ്യാധരൻ ഞെട്ടി....
..
"സാബുച്ചേട്ടാ എന്തോ കാര്യമായ പ്രശ്നം ഉണ്ട് .. കണ്ടിട്ട് അത്ര പന്തി അല്ല കാര്യം "
വിവരം കാട്ട് തീ പോലെ സിറ്റി മൊത്തം പടർന്നു,അല്ല വിദ്യാധരൻ പടർത്തി ...
സമയം ഇഴഞ്ഞു നീങ്ങി ഹോസ്‌പിറ്റലിൽ പോയാലോ എന്ന് ചിലർ സംഘമായി ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഓട്ടോറിക്ഷ തിരിച്ചു വരുന്നത് കണ്ടത് .. ഇത്തവണ ശിവൻ ചേട്ടൻ വായ അടച്ചിട്ടുണ്ട് പക്ഷെ തലക്ക് ചുറ്റും ശവത്തിനു കെട്ടുന്നത് പോലെ ഒരു വെളുത്ത ബാൻഡേജിന്റെ കെട്ടുണ്ട് .. ചുണ്ടിന്റെ ഒരു സൈഡിൽ എരിയുന്ന തെറുപ്പുബീഡിയും ...
(ഇത്രയും പറയുമ്പോൾ വായിക്കുന്ന നിങ്ങൾ ഓർക്കും ആ ഓട്ടോക്കാരനെയോ മറ്റോ ഒന്ന് മൊബൈലിൽ വിളിച്ചു ചോദിച്ചാൽ കാര്യം അറിയത്തില്ലേ എന്ന് .. ഇത് പഴേ കാലം ആണ് ഹേ .. നമ്മടെ ലാലേട്ടന് ഒരു മൊബൈൽ ഇല്ലാത്തതു കൊണ്ട് മാത്രം ഗാഥയെ നഷ്ടപെട്ട കാലം .. അതുകൊണ്ട് കൊനഷ്ട് ചോദ്യം ചോദിച്ചു കഥേടെ ഫ്‌ളോ കളയല്ല് ... പുല്ല് .. )
ഇനിയും പിടിച്ചു നിൽക്കാൻ ദുർബലഹൃദയൻ ആയ വിദ്യാധരന് ആകുമായിരുന്നില്ല, പുള്ളി ഒരു ഓട്ടോറിക്ഷ വിളിച്ചു ,മറ്റുചില കർത്താവ് ആരാധകരും കൂടെ കയറി ...
"സ്വന്തം തള്ള ചാകാൻ കിടന്നപ്പോൾ ഒരു ഓട്ടോറിക്ഷ വിളിക്കാതെ ആനവണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയവനാ .. ഇപ്പൊ ശുഷ്‌കാന്തി കണ്ടില്ലേ " സാബുച്ചേട്ടൻ നിറഞ്ഞ കണ്ണുകൾ തുടച്ചു .
വിദ്യാധരനും സംഘവും എത്തുമ്പോൾ വീട്ടിൽ ചാരുകസേരയിൽ ഇരിക്കുകയാണ് പരേതനെ പോലെ ശിവൻ ചേട്ടൻ !!!
വിദ്യാധരന്റെ മനസ്സിൽ ധനം സിനിമയിൽ ലാലേട്ടൻ ഡെഡ്ബോഡി കൊണ്ട് പോകുന്ന രംഗം ഓർമവന്നു ..
"ഇതെന്ത് പറ്റി ശിവൻചേട്ടാ "
"അച്ഛന് എന്തോ ജോയിന്റ് തെറ്റി പോയതാ .. റെമ്പറോ ആന്റിബലർ എന്നോ മറ്റോ പറഞ്ഞു ഡോക്ടർ" താടിയെല്ലിന്റെ ജോയിന്റ് തെറ്റിയതാ " മകൾ ആണുത്തരം പറഞ്ഞത് ..
വിദ്യാധരൻ ശിവൻചേട്ടന്റെ ആ മുന്തിയ ഇനം വാറ്റിനെ ഒന്ന് കൊതിയോടെ നോക്കി .. കണ്ണുകൾ കൊണ്ട് കഥയെഴുതി .... കഥക്ക് തലക്കെട്ടും ഇട്ടു , "വാറ്റുകാരന്റെ മകൾ !!!".. അന്ന് നല്ലെഴുത്തില്ലാത്തതിനാൽ പോസ്റ്റ് ചെയ്തില്ലന്നേയുള്ളു .. വേണേൽ വിശ്വസിച്ചാ മതി ...
വിദ്യാധരനും സംഘവും പരേതനെ നോക്കി ചിരിക്കണോ കരയണോ എന്ന് സംശയിച്ചു നില്കുവാണ് ..
"അതിനെന്തിനാ ഈ പണ്ടാരം കെട്ട് മനുഷ്യൻ പേടിച്ചു പോയി" എന്നും പറഞ്ഞു വിദ്യാധരൻ തലക്ക് മുകളിലെ ബാൻഡേജിന്റെ കെട്ടിൽ ഒന്ന് പിടിച്ചു വലിച്ചു ..
അയ്യോ അഴിക്കല്ലെടാ എന്ന് പറയാൻ വന്നതാ ശിവൻചേട്ടൻ, അയ്യൊ പറയാനായി വാ പൊളിച്ചതും കെട്ട് അഴിഞ്ഞതും എല്ലാം ഒരുമിച്ചായിരുന്നു ...
അയ്യോക്ക് പകരം വന്നത് ആ എന്നൊരു അലർച്ച ആയിരുന്നു ... അതോടു കൂടി മിസ്റ്റർ ടെമ്പറോ മാൻഡിബുലാർ ജോയിന്റ് വീണ്ടും ആന പിണങ്ങുന്നത് പോലെ പിണങ്ങി ....
ശിവൻ ചേട്ടൻ ഇര വിഴുങ്ങാൻ വീണ്ടും റെഡി ആയി !!!..
ശിവൻചേട്ടന്റെ കടവായിൽ കൂടി തൊട്ടു മുൻപ് കുടിച്ച കഞ്ഞിവെള്ളത്തിന്റെ ബാക്കി ഒലിച്ചിറങ്ങി ..
മുന്തിയ വാറ്റ് പെട്ടെന്ന് വീര്യം കൂടി വിദ്യാധരനെ ഒന്ന് നോക്കി ....
പിന്നെ ടിയാനെ കാണുന്നത് വാകമരചുവട്ടിൽ ബീഡി വലിച്ചിരിക്കുന്ന സീനിൽ ആണ് !!!
വിദ്യാധരനും സംഘവും വന്ന ഓട്ടോറിക്ഷ ശിവൻ ചേട്ടനെയും കൊണ്ട് ഹോസ്പ്പിറ്റൽ ലക്ഷ്യമാക്കി വീണ്ടും പാഞ്ഞു...
*******. ********
ഈ സമയത്താണ് ശിവൻ ചേട്ടന്റെ ബിസ്സിനെസ്സ് ഡെവലപ്മെന്റ് ആവശ്യത്തിനായി കുറച്ചു പൈസ സംഘടിപ്പിക്കാൻ സ്വന്തം വീട്ടിൽ പോയി മടങ്ങിവന്ന മിസ്സിസ് ശിവൻചേട്ടൻ സിറ്റിയിൽ ബസിറങ്ങുന്നത് ..
"ചേച്ചിയേ ശിവൻ ചേട്ടനെന്തോ ചെറിയ വയ്യഴിക ആയിട്ട് ഹോസ്പ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട് കേട്ടോ "
ഒന്നുമറിയാത്ത പാവത്തെ പോലെ നമ്മടെ വിദ്യേട്ടൻ പറഞ്ഞു .
നാരായണിചേച്ചി അടുത്ത ഓട്ടോറിക്ഷ വിളിച്ചു ഹോസ്പിറ്റലിൽ ചെന്നു ,
റിസപ്ഷനിൽ ചോദിച്ചപ്പോൾ അങ്ങനൊരാൾ അഡ്മിറ്റ് ആയിട്ടില്ല ചേച്ചിയൊന്നു ക്യാഷ്യലിറ്റിയിൽ ചോദിക്കു എന്ന് അവിടിരുന്ന ആൾ പറഞ്ഞു ..
ഇനിയാ വൃത്തികെട്ട വിദ്യാധരൻ തന്നെ കൊതിപ്പിച്ചതാണോ എന്ന് ചേച്ചിക്ക് തോന്നി ..
"സിസ്റ്ററെ ശിവൻ എന്നൊരാളെ ഇപ്പൊ ഇവിടെ
"കൊണ്ട് വന്നാരുന്നോ "
ദാ അവിടെ കിടപ്പുണ്ട് എന്ന് കർട്ടനു പുറകിലുള്ള ബെഡ് ചൂണ്ടി ക്യാഷ്യലിറ്റിയിലെ നേഴ്സ് ചെറുചിരിയോടെ പറഞ്ഞു ..
കർട്ടൻ മാറ്റി നോക്കിയ നാരായണിചേച്ചിയുടെ നെഞ്ചിലൂടെ ഒരു കുളിർകാറ്റ് കടന്നു പോയി ..
തലക്ക് ചുറ്റും ഒരു കെട്ടുമായി പ്രിയതമൻ കിടക്കുന്നു ...
ഒരു നിമിഷം കൊതിയോടെ നോക്കിനിന്ന നാരായണിച്ചേച്ചി പെട്ടെന്ന് സന്ദർഭത്തിനൊത്തുയർന്നു ...
“അയ്യോ എന്നെ ഇട്ടേച്ച് പോയോ...,,?”
അലർച്ചയോടെ നാരായണി ചേച്ചി ശിവൻചേട്ടന്റെ നെഞ്ചത്തേയ്ക്ക് വീണു ...
"അയ്യോ"
ശിവൻചേട്ടന്റെ ആ നിലവിളി പാതിയിൽ നിന്നു ...
വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ: ശിവ :
കെട്ടഴിഞ്ഞ് വീണ്ടും ഇരവിഴുങ്ങാൻ തയ്യാറായി ഇരിക്കുന്ന ശിവൻചേട്ടനെയും, തലക്ക് ചുറ്റും കെട്ടിയിരുന്ന ബാൻഡേജും കയ്യിൽ പിടിച്ചിരിക്കുന്ന നാരായണിചേച്ചിയെയും കണ്ട നഴ്‌സുമാരിൽ നിന്നും അറിയാതെ ഒരു പൊട്ടിച്ചിരി ഉയർന്നു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot