നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.....എന്റെ അപ്പൂപ്പൻ....

.....എന്റെ അപ്പൂപ്പൻ......
സമീപത്തെ എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞ് വന്നേയുള്ളൂ ഞാൻ.
എന്റെ പേര് ആരവ്.....
ഒന്നാം വർഷ എഞ്ചിനീയറിങ്സ്റ്റുഡൻറ് ആണ് ഞാൻ....
സെമസ്റ്റർ അവധിയായത് കൊണ്ട് ഒരാഴ്ചയായി നാട്ടിലെ കൂട്ടുകാരോടൊപ്പവും വീട്ടിൽ അപ്പൂപ്പനോടൊപ്പവും കളിച്ച് ആഘോഷിക്കുകയാണ്...
സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോവുന്നത് പലപ്പോഴും തടയാൻ പറ്റുമെങ്കിലും അപ്പൂപ്പന്റെയും എന്റെയും കളിതമാശകളെ തടയാൻ കഴിയാത്ത അരിശത്തിലാണ് എന്റെ അമ്മയും അച്ചനും.....
അച്ചൻ മോഹൻകുമാർ കെ എസ് ഇ ബി യിൽ എഞ്ചിനീയർ... അമ്മ രേവതി ബി എസ് എൻ എല്ലിൽ എഞ്ചിനീയർ.... അതു കൊണ്ട് തന്നെ ഏക മകനെ കുറിച്ച് അവർക്ക് അമിത പ്രതീക്ഷകളാണ്......
കളി കഴിഞ്ഞ് വന്ന് നേരെ പോയത് അപ്പൂപ്പന്റെ റൂമിലേക്കാണ്.അപ്പുപ്പനെ കൈ പിടിച്ച് സിറ്റൗട്ടിൽ കൊണ്ടിരുത്തി അന്നത്തെ ഗ്രൗണ്ടിലെ വിശേഷങ്ങളും വാട്സാപ്പിലും ഫെയിസ് ബുക്കിലും കണ്ട കാര്യങ്ങളെല്ലാം വിശദമായി തന്നെ ഞാൻ അപ്പൂപ്പനെ പറഞ്ഞ് കേൾപ്പിക്കാറുണ്ട്.. ഒപ്പം അപ്പൂപ്പന്റെ കയ്യും കാലുമൊക്കെ തിരുമ്മി ചൂടാക്കുന്നുമുണ്ട്....
ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ നിന്നു തുടങ്ങിയതിൽ പിന്നെ അവധിക്ക് വരുമ്പോൾ മാത്രമാണ് അപ്പൂപ്പനെ സിറ്റൗട്ടിലേക്കിറക്കുന്നത് തന്നെ... അല്ലാത്തപ്പോൾ മുഴുവൻ സമയവും ഒരേ കിടപ്പാണ്....
ഒന്നു രണ്ടു പ്രാവശ്യം അമ്മ വന്ന് നോക്കുന്നതും പിറുപിറുത്തു കൊണ്ട് പോവുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു.... അതു കാര്യമാക്കാതെ ഞാൻ ചെയ്തു കൊണ്ടിരുന്നത് തുടർന്നു...
ഞാൻ എൻട്രൻസ് എക്സാം എഴുതുന്ന സമയം മുതൽ അമ്മ പറയുന്നുണ്ട് അപ്പൂപ്പനെ വൃദ്ധസദനത്തിലാക്കുന്ന കാര്യം...
അന്നു അപ്പൂപ്പനോടൊപ്പം കളിച്ചു നടന്ന് ഞാൻ പഠിക്കുന്നില്ലെന്നായിരുന്നു അമ്മയുടെ പരാതി...
എന്നാൽ ഞാൻ പരീക്ഷ എഴുതുന്നില്ലെന്ന നിലപാടെടുത്തപ്പോഴാണ് ആ തീരുമാനം മാറ്റിവെച്ചത്.....
ഇപ്പോൾ അച്ചനും അമ്മക്കും ജോലിക്കു പോവുന്നതിനിടക്ക് അപ്പൂപ്പനെ ശ്രദ്ധിക്കാൻ പറ്റുന്നില്ലത്രെ...
അതു കൊണ്ട് അടുത്താഴ്ച ഏതോ അഭയകേന്ദ്രത്തിൽ കൊണ്ടാക്കാൻ പോവാന്ന് ഇന്നലെ അമ്മ പറഞ്ഞത് കേട്ടു...
രാത്രി ഭക്ഷണം കഴിക്കാൻ ടേബിളിൽ വന്നിരുന്നപ്പോൾ അന്തിമ തീരുമാനമെന്നോണം അമ്മ വീണ്ടും പറഞ്ഞു.
നാളെ ഞാൻ പോയി കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ അപ്പൂപ്പനെ അഭയകേന്ദ്രത്തിൽ കൊണ്ടാക്കുമെത്രേ...
ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാത്തത് കൊണ്ട് ഞാൻ എണീറ്റ് കൈ കഴുകി...
നിശബ്ദനായി തല താഴ്ത്തി ഇരിക്കുന്ന മകനെ നിർവികാരഭാവത്തോടെ നോക്കി ഇരിക്കുന്ന അപ്പൂപ്പനെ പിടിച്ചെഴുന്നേൽപ്പിച്ചു റൂമിൽ കൊണ്ടുപോയി....
അപ്പൂപ്പന് മരുന്ന് കൊടുത്ത് കിടത്തി അരികിൽ പറ്റി ചേർന്ന് കിടന്നു....
ഓർമ്മ വച്ച നാൾ മുതൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുക്കാണ് താൻ കിടന്നിരുന്നത്.
തന്നെ കുളിപ്പിച്ചൊരുക്കിയതും ഭക്ഷണം തന്നതും പാട്ടു പാടി ഉറക്കിയതുമെല്ലാം അവരായിരുന്നു.......
ജോലിക്കാരായ അച്ചനുമമ്മ ക്കും അതിനൊന്നും സമയമുണ്ടായിരുന്നില്ല....
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ബസിൽ നിന്നും ഇറങ്ങി ഓടി വന്ന തന്നെ പിടിക്കാൻ അപ്പുറത്തു നിന്നും ഓടി വന്ന അമ്മൂമ്മ പാഞ്ഞു വന്ന ഒരു ടിപ്പർ ലോറിക്കടിയിൽപ്പെട്ടു തന്റെയും അപ്പൂപ്പന്റെയും മുന്നിൽ കിടന്നാണ് മരിച്ചത്.....
പലരോടും അച്ചനും അമ്മയും ഒരു വീരസാഹസികകഥ പറയുന്ന പോലെ മകന്റെ ജീവൻ രക്ഷിക്കാൻ അമ്മൂമ്മ മരണത്തിലേക്കോടിയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്..... പക്ഷേ എനിക്കും അപ്പൂപ്പനും അതൊരു തീരാനഷ്ടമായിരുന്നു....
മാസങ്ങൾക്ക് മുമ്പ് ഹോസ്റ്റലിൽ പോയി നിക്കുന്നതു വരെ അപ്പൂപ്പൻ തന്നെയായിരുന്നു തന്റെ എല്ലാം.....
ഇല്ല അപ്പൂപ്പനെ കണ്ണീരൊഴുക്കാൻ മാത്രം വിധിക്കപ്പെട്ട കുറെ വൃദ്ധരുടെ കൂടെ കാണാൻ ഒരിക്കലും എനിക്ക് പറ്റില്ല.... തന്റെ ശരീരത്തിലൂടെ ചുറ്റിയ അപ്പൂപ്പന്റെ കൈ പതിയെ എടുത്ത് മാറ്റി അവൻ എണീറ്റു....
അച്ചന്റെയും അമ്മയുടെയും മുറിക്ക് മുമ്പിലെത്തി അവരെ വിളിച്ചുണർത്തി...
അച്ചാ... അമ്മേ...
എനിക്കു രണ്ടു പേരോടുമായി ഒരു കാര്യം പറയാനുണ്ട്....
നീ ഇതുവരെ ഉറങ്ങീല്ലേ...?
"നിനക്കു രാവിലെ പോവേണ്ടതല്ലെ മേനേ"
എന്ന അമ്മയുടെ ചോദ്യത്തിനു മറുപടി എന്നോണം പറഞ്ഞു തുടങ്ങി...
ഞാൻ ഇനി പോവുന്നില്ലമ്മേ....
പോവുന്നില്ലേ..?
നിനക്കെന്താ ഭ്രാന്തായോ.? എന്ന് അമ്മ ചോദിച്ചപ്പോഴും അച്ചൻ ചോദ്യഭാവത്തിൽ നോക്കിയതെയുള്ളൂ....
ഭ്രാന്തല്ലമ്മേ.... എനിക്കിപ്പോ ഇരുപത് വയസ്സല്ലേ ആയുള്ളൂ.... പഠിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്.... അപ്പൂപ്പനെ നോക്കാൻ നിങ്ങക്കു രണ്ടു പേർക്കും സമയമില്ല... ഒരു ഹോം നഴ്സിനെ വച്ചു നോക്കാൻ പോലും നിങ്ങൾ തയ്യാറുമല്ല... അതു കൊണ്ട് ഞാൻ നോക്കാൻ തീരുമാനിച്ചു...
പിന്നെ അച്ചാ ..നാളെ മുതൽ അപ്പൂപ്പന്റെ പുരയിടത്തിൽ നിന്നുള്ള ഒരു ആദായവും അച്ചനെടുക്കണ്ട..... നാളെ മുതൽ ഞാനാണ് അതൊക്കെ നോക്കുന്നത്.. ഞാൻ ഒരു ഹോം നഴ്സിനെ വെക്കാനും തീരുമാനിച്ചിട്ടുണ്ട്..... അപ്പൂപ്പൻ സമ്പാദിച്ച മുതലുകൊണ്ട് അപ്പൂപ്പനെ ഞാൻ നോക്കിക്കോളാം.... എനിക്ക് വേണ്ടി അതൊന്നും കരുതിവെക്കണ്ട.......
തരിച്ച് നിക്കുന്ന അച്ചനെയും അമ്മയെയും നോക്കി മറുപടിക്കു കാക്കാതെ അവൻ തിരിഞ്ഞ് നടന്നു....
റൂമിലെത്തി തന്റെ സ്വന്തമായ വർഷങ്ങളായി തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അപ്പൂപ്പനെ ചേർത്ത് പിടിച്ച് കിടക്കുമ്പോഴും അവന് നഷ്ടബോധമൊന്നും തോന്നിയില്ല......
അച്ചനുമമ്മ ക്കും വർഷങ്ങളായി അവനെ നോക്കാനുള്ള ഒരു വേലക്കാരൻ മാത്രമായിരുന്നു അപ്പൂപ്പൻ.... ശമ്പളമില്ലാത്ത പണിക്കാരൻ...
പക്ഷേ തനിക്ക് അമ്മയും അച്ചനും മുത്തശ്ശനും മുത്തശ്ശിയും കൂട്ടുകാരനുമെല്ലാം അപ്പൂപ്പനായിരുന്നു.....
കൈകളിലൂടെ അപ്പൂപ്പന്റെ കണ്ണീർ നനവ് ഒലിച്ചെറങ്ങിയപ്പോഴാണ് അവന്റെ ചിന്തകൾ മുറിഞ്ഞത്....
അയ്യേ... എന്റപ്പൂപ്പൻ കരയുന്നോ??? ഈ കണ്ണ് ഒരിക്കലും നിറയാതിരിക്കാനല്ലെ ഞാൻ അമ്മയോടും അച്ചനോടും അങ്ങനൊക്കെ പറഞ്ഞെ?
"സന്തോഷം കൊണ്ടാ മോനൂട്ടാ "
എന്ന് പറഞ്ഞ് അപ്പൂപ്പൻ എന്റെ നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ ഇതിലും വലിയ പുണ്യമൊന്നും ഒരു വിദ്യാഭ്യാസവും തനിക്ക് നൽകില്ലെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു....
Rinna Jojan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot