ഇളയമ്മ
...........................
...........................
അച്ചുവേട്ടാ മതി ഉറങ്ങീത് ഈ മോളെയൊന്ന് പിടിച്ചേ...
അമ്മ കുറെ നേരമായി വിളിക്കുന്നു.
ഓ..... ഒരു ഞായറാഴ്ചയെങ്കിലും ഞാനിത്തിരി ഉറങ്ങട്ടെ ടീ... നിന്റമ്മക്കിത് എന്തിന്റെ കേടാ നേരം വെളുത്തില്ല അതിനു മുന്നേ....
നേരം വെളുത്തില്ലാന്നോ... സമയം അച്ചുവേട്ട നെണീക്കാൻ കാത്തു നിക്കുവാന്നാണോ വിചാരം.. 9 മണിയായി... എന്നും പറഞ്ഞ് മോളെ നെഞ്ചത്ത് കേറ്റി വെച്ച് അവള് ഫോണും പിടിച്ചങ്ങ് പോയി....
ഫോൺ വിളി കഴിഞ്ഞ് വന്നപ്പഴും അച്ചനും മോളും ബെഡിൽ കിടന്ന് കളിക്കുന്നു...
അച്ചുവേട്ടാ ഇതുവരെ എന്നീറ്റില്ലേ? ഒന്നു വേഗം എണീറ്റ് കുളിച്ച് റെഡിയായിക്കേ.... ഒരു സ്ഥലം വരെ പോവാനുണ്ട്....
എങ്ങോട്ട് പോവാൻ ??എന്തിനാ അമ്മ വിളിച്ചത്... കാര്യം പറയഭീ....
അതേയ് അച്ചുവേട്ടാ ഇളയമ്മയെ അപ്പു ഇന്നലെ രാത്രി വീട്ടീന്ന് എറക്കി വിട്ടൂ ത്രെ....
ഇപ്പോ അടുത്ത വീട്ടില് പോയി ഇരിക്കാണെന്ന്.... അറിഞ്ഞിട്ട് നമുക്കത് കണ്ടില്ലാന്ന് നടിക്കാൻ പറ്റില്ലച്ചുവേട്ടാ... നമുക്ക് പോയി വിളിച്ചു നോക്കാം....
രാവിലെ തന്നെ എന്നെ പ്രാന്ത് പിടിപ്പിക്കല്ലെ അഭീ...
ഞാൻ പറഞ്ഞതാ നിൻറ ട്ത്ത് ആ തള്ളേടകാര്യം എന്നോട് പറഞ്ഞേക്കര്തൂന്ന്....
എനിക്കത് കേൾക്കണ്ട... അവരെവിടെ പോയാലും വേണ്ടില്ല ഇങ്ങോട്ട് ഞാൻ കൊണ്ട് വരില്ല....
കഴിഞ്ഞതെല്ലാം മറന്ന് ക ളയച്ചേട്ടാ... നമ്മള് നമുക്ക് ചെയ്യാനുള്ളത് ചെയ്യണം.... അല്ലെങ്കിൽ പിന്നെ നമ്മളും അവരും തമ്മിലെന്താ വിത്യാസം... എണീറ്റേ.... പോയി കുളിച്ച് റെഡിയാവ്... ഞാനപ്പഴേക്കും ഭക്ഷണം എടുത്ത് വെക്കാം....
എന്തൊക്കെ പറഞ്ഞാലും അമ്മയല്ലെ അച്ചുവേട്ടാ.....
അച്ചൻ അവസാനം പറഞ്ഞതും അതുതന്നെയായിരുന്നു.... നിൻറമ്മയും അനിയനുമാ നോക്കിക്കോണേന്ന്.....
ആറാം വയസ്സിൽ അമ്മയാണെന്ന് പറഞ്ഞ് ഇളയമ്മയെ കൊണ്ട് വന്നപ്പോ ഇത് നിന്റെ മോനാണ് അവനെ നന്നായി നോക്കിക്കോണേന്ന് അച്ചൻ പറഞ്ഞത് ഞാൻ കേട്ടില്ലായിരുന്നു....
ഒരു ദിവസം പോലും എന്റെ അമ്മയാവാൻ അവർ ശ്രമിച്ചിട്ടില്ലല്ലോ?
അമ്മ മരിക്കുന്നത് വരെ അച്ചന്റെ രാജകുമാരനായിരുന്ന എന്നെ ഇളയമ്മ വന്നപ്പോഴും അപ്പു ജനിച്ചപ്പോഴുമൊക്കെ ഒരു വേലക്കാരനായി കണ്ടപ്പോൾ പോലും അച്ചൻ പറഞ്ഞില്ലല്ലോ ഇതും നിന്റെ മോനാന്ന്..?
പിന്നെന്തിനാ ഇപ്പോ എനിക്കൊരമ്മ?
അഭീ നിന്നോട് ഞാൻ പറഞ്ഞതല്ലേ പത്താം വയസ്സിൽ അച്ചച്ചന്റേം അമ്മമ്മേടെം കൂടെ ഇങ്ങോട്ട് വരുന്നത് വരെ ഞാനെന്ത് മാത്രം അനുഭവിച്ചിട്ടുണ്ടെന്ന്....
അന്ന് അച്ചച്ചൻ അച്ചനോട് വഴക്കിട്ടാ എന്നേം കൊണ്ട് പോന്നത്... പിന്നെ അച്ചൻ മരിക്കുമ്പഴാ ഞാനാ വീട്ടിൽ കേറിച്ചെന്നത്...
അന്നു പോലും ഇളയമ്മയും അപ്പുവും എന്നെ ശ്രദ്ധിച്ചു പോലുമില്ല....ചടങ്ങുകൾ കഴീണ വരെ ഞാനും അച്ചമ്മയും അവിടെ നിന്നത് അന്യരെ പോലെയാ... അതൊക്കെ ഞാൻ മറക്കണോ???
ഇപ്പോ ഒന്നും മറക്കണ്ടാ.... ആദ്യം പോയി നമുക്ക് ഇളയമ്മയെ കൊണ്ട് വരാം ........അതിന് ശേഷം മറക്കണോ വെറുക്കണോന്നൊക്കെ
തീരുമാനിക്കാം... ഇപ്പോ മോൻ പോയി കുളിക്ക്... ചെല്ല് ചെല്ല്.... എനിക്കും മോളെ കുളിപ്പിച്ചൊരുക്കണം.....
തീരുമാനിക്കാം... ഇപ്പോ മോൻ പോയി കുളിക്ക്... ചെല്ല് ചെല്ല്.... എനിക്കും മോളെ കുളിപ്പിച്ചൊരുക്കണം.....
ബാത്ത് റൂമിൽ കയറിയപ്പോഴും മനസ്സിൽ കഴിഞ്ഞ കാലങ്ങളായിരുന്നു....
അച്ചൻ പെട്ടെന്നൊരു ദിവസം ബൈക്ക് ആക്സിഡന്റിൽ മരിക്കുമ്പോൾ അപ്പുവിന് 18 വയസ്സുണ്ട്...
അപ്പോഴും അവൻ കുഞ്ഞല്ലേ എന്നാണ് അച്ചൻ പറഞ്ഞത്.അവനേം അമ്മയേം തന്നെ ഏൽപ്പിക്കാനായിരുന്നു അച്ചനു തിടുക്കം.....
അച്ചൻ മരിച്ചയുടനെ അച്ചന്റെ സ്വത്തിൽ ഞാനവകാശം ചോദിച്ചാലേന്ന് പേടിച്ച് ഇളയമ്മ എല്ലാം അപ്പുവിന്റെ പേരിലാക്കി.....
അവൻ പല ലഹരിക്കും അടിമയാണെന്ന് പലപ്പോഴും പലരും പറഞ്ഞ് ഞാനറിഞ്ഞിരുന്നു...
അച്ചൻ മരിച്ച് കുറച്ച് ദിവസം അവിടെ നിന്നപ്പോൾ അതിനെ കുറച്ച് അവനോട് ചോദിച്ചപ്പോൾ താനെന്റെ കാര്യത്തിൽ എടപെടണ്ട എന്നാണ് അവൻ പറഞ്ഞത്....
അന്ന് അവിടുന്ന് പോന്നേ പിന്നെ അങ്ങോട്ട് പോയിട്ടില്ല....
ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ എതോ പെണ്ണിനെ വിളിച്ചെറക്കി കൊണ്ടുവന്നെന്ന് പിന്നീടാരോ പറഞ്ഞ് കേട്ടു......
അച്ചച്ചൻ മരിച്ച് കഴിഞ്ഞപ്പോൾ തനിക്കൂടെ എന്തെങ്കിലും പറ്റിയാ എന്റെ കുഞ്ഞ് ഒറ്റപ്പെട്ട് പോവുമെന്ന് പറഞ്ഞ് അച്ചമ്മ അകന്ന ബന്ധത്തിലുള്ള അഭിയെ കണ്ടെത്തിയപ്പോഴും കല്യാണത്തിനുമൊക്കെ അവരെ വിളിച്ചെങ്കിലും രണ്ടു പേരും വന്നില്ല....
അഭിയെ പ്രസവത്തിന് കൊണ്ടുപോയ സമയത്താണ് അച്ചമ്മ പെട്ടെന്ന് പ്രഷറുകൂടി ആശുപത്രീ ലായതും മരിച്ചതുമൊക്കെ... അന്ന് അന്യരെ പോലെ ഒന്ന് വന്നിട്ട് പോയി.....
അന്നും ബന്ധുക്കളാരോ പറഞ്ഞ് കേട്ടു അപ്പു എന്നും കുടിച്ച് വന്ന് ബഹളമാണെന്നും പലപ്പോഴും ഇളയമ്മയെ ഉപദ്രവിക്കാറുണ്ടെന്നും...
ഒന്നും ചോദിക്കാൻ പോയില്ല... വെറുതെ അവരുടെ കാര്യത്തിൽ എന്തിനാ എടപെടുന്നേ എന്ന് തന്നെ ചിന്തിച്ചു.....
കുളി കഴിഞ്ഞ് പുറത്തെറങ്ങിയപ്പോഴേക്കും അഭി ഭക്ഷണമെടുത്തു വച്ചിട്ടുണ്ട്... അത് കഴിച്ച് ഒരുങ്ങി എറങ്ങിയപ്പഴും അവള് പഴയ പോലെ പണി തിരക്കിൽ...
എന്റഭീ നീ എന്നെ വലിച്ചെണീപ്പിച്ച് ഒരുക്കീട്ട് നീ ഇതുവരെ ഒരുങ്ങീല്ലേ???
അതോ ഇനി വേണ്ടാന്ന് തീരുമാനിച്ചോ???....
അതിന് ഞാൻ വരുന്നില്ലല്ലോ...
അച്ചുവേട്ടൻ ഒറ്റക്കാ പോണേ.....
എന്നിട്ട് നീ നേരത്തെ ഇങ്ങനല്ലല്ലോ പറഞ്ഞെ.. നമുക്ക് പോയി കൊണ്ട് വരാന്നല്ലെ...?
അതേയ് ഞാനാലോചിച്ചപ്പോ ഞാനൂടെ വന്നാ അച്ചുവേട്ടന്റെ മനസ്സിൽ ഇത്തിരി കോംപ്ലക് സൊക്കെ ഉണ്ടാവും....
നിങ്ങളമ്മേം മോനും മാത്രമാവുമ്പോ ആ പ്രശ്നമൊന്നൂണ്ടാവില്ല....
പിന്നെ ഞാനീ വീടൊക്കെ ഒന്നു വൃത്തിയാക്കട്ടെ... നമ്മളൊറ്റക്ക് നിക്കുന്ന പോലാണോ അമ്മ വരുമ്പോ????
പിന്നെ... "അമ്മ"....
ഒന്നു പോയേ അഭീ ...നിനക്ക് വേണ്ടി മാത്രാ ഞാനിപ്പ പോണേ...
അങ്ങനെ പറയല്ലെ അച്ചുവേട്ടാ.. നമുക്ക് വേണ്ടി......നമ്മുടെ മോൾക്കു വേണ്ടി.... അച്ചുവേട്ടന് കിട്ടാത്ത സ്നേഹം അവരിനി നമ്മുടെ മോൾക്ക് കൊടുത്തോളും...
നല്ല കുട്ടിയായിട്ട് ചെല്ല്......
വർഷങ്ങൾക് ശേഷമാണ് അങ്ങോട്ട് കയറി ചെല്ലുന്നത്.
വണ്ടി റോട്ടിൽ നിർത്തി വീട്ടിലേക്ക് നടന്ന് ചെന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു...
അടുത്ത വീട്ടിലേചേച്ചി മതിലരികിൽ നിന്ന് വിളിച്ചു..
അച്ചൂട്ടാ... ഇളയമ്മ ഇവിടെയാ...
അപ്പൂം ഭാര്യേം രാവിലെ വീടുപൂട്ടി എങ്ങോട്ടോ പോയി.. ഇങ്ങോട്ട് വാ....
അങ്ങോട്ട് കേറിച്ചെന്നപ്പോൾ തന്നെ കണ്ടു മുഷിഞ്ഞ വേഷത്തിൽ അവശയായത് പോലെ ഒരു കസേരയിൽ ഇരിക്കുന്ന ഇളയമ്മയെ..
ആ രൂപത്തിൽ കണ്ടപ്പോൾ മനസ്സിലെ ദേഷ്യമൊക്കെ ഉരുകി പോയതുപോലെ...
ഒന്നും പറയാൻ തോന്നിയില്ല... കുറെ നേരത്തെ നിശബ്ദതക്കൊടുവിൽ ഇളയമ്മ എണീക്ക് പോവാം എന്ന് പറഞ്ഞപ്പോ ഒന്ന് ഞെട്ടിയ പോലെ തലയുയർത്തി എന്നെ ദയനീയമായി നോക്കി....
അടുത്ത് ചെന്ന് കസേരയിൽ നിന്നും പിടിച്ചെണീപ്പിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് ചാഞ്ഞു....
ചെയ്തു പോയ എല്ലാ തെറ്റുകൾക്കും പരിഹാരമെന്നോണം എന്റെ കാൽപാദം അവരുടെ കണ്ണീരിനാൽ നനയുന്നുണ്ടായിരുന്നു......
Rinna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക