പുലരി വെളിച്ചം ഇരുളിനെ വകഞ്ഞു മാറ്റി ഭൂമിയിൽ വ്യാപിച്ചുതുടങ്ങി. മഞ്ഞിൻ കണികകൾ തങ്ങി നിൽക്കുന്ന പുഷ്പലതാതികൾ ഒരു നല്ല ദിവസത്തെ വരവേൽക്കാനായി മെല്ലെയുണരുന്നു.
സമയം പുലർച്ചെ ആറര.
റഷീദിന്റെ മൊബൈലിൽ ജെപിയുടെ കാൾ.
"ഹലോ റഷീദ്, എന്തായി കാര്യങ്ങൾ "
"എല്ലാം വിചാരിച്ചത് പോലെ ഭംഗിയായി നടന്നു "
"വെരി ഗുഡ്, എന്നിട്ട് താനിപ്പോ എവിടെയാ ..?"
"ഞാൻ കീഴടങ്ങി, കസ്റ്റഡിയിൽ ആണ് "
"താനൊന്നുകൊണ്ടും പരിഭ്രമിക്കേണ്ട, സ്റ്റേഷനിൽ മിക്കവരും നമ്മുടെ ആളുകളാണ് നാളെ ഞാനവിടെ എത്താം.. വക്കീലിനെയും കൂട്ടി... "
റഷീദിന് ജെപിയുടെ കാൾ മുഴുവനാക്കാൻ സാധിച്ചില്ല. അവന്റെ കൈയ്യിൽ നിന്ന് മൊബൈൽ വേറൊരാൾ പിടിച്ചുവാങ്ങി.
"ഹലോ ജെപി സാറല്ലേ..."
പരിചിതമല്ലാത്ത ആ സ്വരം ആരുടെതെന്ന് ജെപി ആലോചിച്ചു നിൽക്കെ മറുവശത്തു നിന്നും അയാൾ തുടർന്നു ........
******************************************
തലേന്ന് രാത്രി എട്ടരയ്ക്ക്
"ഞാൻ രണ്ടുമണിക്ക് ഒരു മിസ്സ്ഡ് കാൾ തരാം, തയ്യാറായിരിക്കണം. രണ്ടരക്ക് ഞാൻ ബൈക്കിൽ വീടിനു പുറകിലെ ഇടവഴിയിൽ കാത്തു നിൽക്കും. അത്യാവശ്യം വേണ്ട ഡ്രെസ്സും പഠിക്കാനുള്ള പുസ്തകങ്ങളും ഇപ്പോഴേ എടുത്ത് പാക്ക് ചെയ്തു വെക്കണം. ആഭരണമോ പണമോ ഒന്നും തന്നെ എടുക്കരുത്. പിന്നെ അമ്മയ്ക്ക് ഒരു എഴുത്തെഴുതി വെയ്ക്കണം, പാവം അല്ലെങ്കിൽ പേടിച്ചു പോകും. എന്റെ കൂടെയാണ് വരുന്നത് എന്ന് മാത്രം എഴുതിയാൽ മതി. പോകുന്ന സ്ഥലത്തെ പറ്റി ഒരു സൂചനപോലും ഉണ്ടാവരുത് എഴുത്തിൽ, രേവതിക്ക് മനസ്സിലാകുന്നുണ്ടല്ലോ ഞാൻ പറയുന്നത്..."
"ഉവ്വ് പക്ഷെ എനിക്ക് ആകപ്പാടെ ഒരു വല്ലായ്‌മ, മനസ്സിൽ എന്തോ ദു:സൂചനകൾ വന്ന് നിറയുന്നു.. പേടി തോന്നുന്നു റഷീദിക്ക"
"എന്നെക്കാളും ധൈര്യം നിനക്കായിരുന്നല്ലോ രേവു, ഈ ഒളിച്ചോട്ടം ഏറ്റവും ആഗ്രഹിച്ചതും നീ തന്നെയല്ലേ.. ദേ ഇനി വേറൊന്നും ആലോചിക്കേണ്ട. എന്ത് വന്നാലും നേരിടാൻ ഞാൻ കൂടെയില്ലേ, നമ്മൾ
കുറച്ചു ദിവസത്തേക്ക് ഇവിടെ നിന്ന് മാറി നിൽക്കുന്നു, എല്ലാം ഒന്ന് ശാന്തമാകുമ്പോൾ തിരികെ ഇവിടേക്ക് തന്നെയല്ലേ വരുന്നത്.... അപ്പോൾ എല്ലാം പറഞ്ഞത് പോലെ രണ്ടരയ്ക്ക് ഞാനവിടെ ഉണ്ടാകും"
കുറച്ചു ദിവസത്തേക്ക് ഇവിടെ നിന്ന് മാറി നിൽക്കുന്നു, എല്ലാം ഒന്ന് ശാന്തമാകുമ്പോൾ തിരികെ ഇവിടേക്ക് തന്നെയല്ലേ വരുന്നത്.... അപ്പോൾ എല്ലാം പറഞ്ഞത് പോലെ രണ്ടരയ്ക്ക് ഞാനവിടെ ഉണ്ടാകും"
കാൾ കട്ട് ചെയ്ത ശേഷം റഷീദ് നാലഞ്ച് ജോഡി ഡ്രെസ്സും പിന്നെ അത്യാവശ്യം വേണ്ട ചില സാധനങ്ങളും എടുത്ത് ബാഗിൽ പായ്ക്ക് ചെയ്തു. പുറത്തിറങ്ങി ബുള്ളറ്റിന്റെ ഹെഡ് ലൈറ്റും ടയറുകളും പരിശോധിച്ചു. അനേക ദൂരം യാത്ര ചെയ്യാനുണ്ട്, അതും വിശ്വസിച്ചു കൂടെ വരുന്ന ഒരു പെൺകുട്ടിയേയും കൂട്ടി. പെട്രോൾ ടാങ്ക് വൈകിട്ട് തന്നെ നിറച്ചിരുന്നു. പേഴ്സ് തുറന്ന് അതിലുള്ള തുക വീണ്ടും എണ്ണിനോക്കി, മുപ്പത്തി നാലായിരം രൂപ. പഴ്സ് ഭദ്രമായി തലയിണയുടെ അടിയിൽ തിരുകി. വാച്ചിൽ നോക്കി , സമയം ഒമ്പതാകുന്നു. തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചിട്ട് വന്നപ്പോഴേക്കും ഉമ്മ ചോറ് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
ചോറുണ്ണുമ്പോൾ അടുക്കളയിൽ നിന്ന് ഒരു ഏങ്ങലടി ശബ്ദം. ചെന്ന് നോക്കുമ്പോൾ അടുപ്പിനരികത്ത് ആൾ പുറംതിരിഞ്ഞിരിപ്പുണ്ട്. പിന്നിലൂടെ ചെന്ന് ആ തോളിൽ കൈവെച്ചപ്പോൾ ഞെട്ടിയെഴുന്നേറ്റ് കണ്ണ് തുടച്ചു.
" അയ്യേ.. ഇതെന്താ കരയുന്നോ, കൊള്ളാം. ഒരു നല്ലകാര്യം നടക്കാൻ പോകുമ്പോ കരയുവാ ചെയ്യുന്നേ .. ഇങ്ങു വന്നേ .. ദേ ഈ ചോറ് എനിക്ക് വാരി താ. ..ഇനിയിപ്പോ കുറച്ചു ദിവസം കഴിഞ്ഞാലല്ലേ ഈ കൈയ്യീന്ന് വല്ലതും വാങ്ങി കഴിക്കാൻ പറ്റൂ..."
ചോറ് ഉരുളയാക്കി മകന്റെ വായിൽ വെച്ച് കൊടുക്കുമ്പോഴും ഉമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
"മോനേ വണ്ടി സൂക്ഷിച്ചൊടിക്കണം, രാത്രീല് മോളേം കൂട്ടിയുള്ള ഈ ബൈക്ക് യാത്ര ഒഴിവാക്കാമായിരുന്നു.. നിനക്കൊരു ടാക്സി വിളിക്കായിരുന്നു, എനിക്കൊരു സമാധാനവുമില്ല."
"ഉമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട . പിന്നെ കാറൊക്കെ വിളിച്ചാൽ അത് മറ്റുള്ളവരറിയും. വേണ്ട, എനിക്കെന്റെ ബൈക്കിനെ വിശ്വാസമാ എത്രയോ ദൂരം ഞാനോടിച്ചിട്ടുള്ളതാ."
ഒരു സമാധാനമില്ലാത്തതു പോലെ ഉമ്മ പിന്നെയും തുടർന്നു - "എവിടെയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യാൻ മറക്കരുത്. രേവുനെ നീ പൊന്നുപോലെ നോക്കണേ... ".
ചോറൂണ് കഴിഞ്ഞ് വീണ്ടും റഷീദ് മുറിയിലെത്തി, സർട്ടിഫിക്കറ്റുകൾ വെച്ചിരുന്ന ഫയൽ എടുത്ത് ബാഗിൽ ഭദ്രമായി വെച്ചു. ഉമ്മ ഒരു കവറുമായി വന്നു.
"ഇത് കൂടി അതിലേക്ക് വെച്ചേക്ക്.. നിനക്കൊരു ഷർട്ടും മോൾക്കൊരു സാരിയുമാ.. കല്യാണത്തിന് പുതുവസ്ത്രം ധരിക്കേണ്ടെ? " തൊണ്ട ഇടറുന്നത് മകനറിയാതിരിക്കാൻ പതിഞ്ഞ സ്വരത്തിലാണ് സംസാരിച്ചത്.
ആ കവർ വാങ്ങി വെയ്ക്കുമ്പോൾ റഷീദിനും കണ്ണ് നിറഞ്ഞു.
" ഞങ്ങൾ അധികം വൈകാതെ തിരിച്ചു വരും, ഈ പ്രശ്നങ്ങളെല്ലാം ഒന്നൊതുങ്ങട്ടെ, എന്നിട്ട് നമ്മുടെ മുറ്റത്തൊരു പന്തലിട്ട് നാട്ടുകാരുടെ എല്ലാം മുമ്പിൽ വെച്ച് ഉമ്മയുടെ മുമ്പിൽ വെച്ചുതന്നെയായിരിക്കും ഞങ്ങളുടെ നിക്കാഹ്. ഇതിപ്പോ വേറെ നിവർത്തിയില്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ ഒരു യാത്ര പോകുന്നത്"
അവനുമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു, ഒരു വാഗ്ദാനം നൽകുന്നത് പോലെ.
*************************************
"നീയിത് എത്രാമത്തെ ദോശയാ തിന്നുന്നത് രേവു .. നിനക്കിന്നെന്താ പറ്റിയേ.. അല്ലെങ്കിൽ നേരാം വണ്ണം ഒരു സാധനം കഴിക്കാത്ത നിനക്കിതെവിടെന്നാ ഇന്നിത്ര വിശപ്പ്" ... രേവു അത് കേൾക്കാത്ത ഭാവത്തിൽ അമ്മയുടെ അടുത്ത് ചെന്ന് ചുട്ടുവെച്ചിരുന്ന ദോശ ഒരെണ്ണം കൂടിയെടുത്തു പ്ലേറ്റിലേക്കിട്ടു.
"അതേ.. നാളെ എനിക്കിത് കഴിക്കാൻ പറ്റിയില്ലെങ്കിലോ.. "
അറിയാതെ വന്നുപോയ വാക്കുകൾ അബദ്ധമായല്ലോ എന്നോർത്തവൾ തിടുക്കത്തിൽ പ്ലേറ്റുമായി അടുക്കളയുടെ പുറത്തേക്കിറങ്ങി.
"അതെന്താ ഇന്നോടെ ലോകം അവസാനിക്കാൻ പോകുവാ"
പുറകിൽ നിന്നും അമ്മ വിളിച്ചു ചോദിച്ചു. രേവതി അത് കേൾക്കാത്ത ഭാവത്തിൽ ഭക്ഷണം കഴിച്ചു തീർത്തിട്ട് സ്വന്തം റൂമിലേക്ക് പോയി. റൂമിന്റെ കതക് അകത്തു നിന്ന് ലോക്ക് ചെയ്തതിനു ശേഷം, ഒരു ട്രാവൽ ബാഗെടുത്തു. അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും പാക്ക് ചെയ്തു കൂടെ MA ഫൈനലിയർ പുസ്തകങ്ങളും.
പാക്കിങ് കഴിഞ്ഞപ്പോൾ മേശവലിപ്പിൽ നിന്ന് ഒരു വെള്ള കടലാസ്സെടുത്തു. എഴുതാൻ തുടങ്ങുമ്പോൾ ചെറുതായി കൈ വിറയ്ക്കുന്നുണ്ട്, കണ്ണ് നിറയുന്നു. മനസ്സിൽ ഒരു പ്രാർത്ഥനയോടെ അവൾ തുടങ്ങി.
"സ്നേഹം നിറഞ്ഞ അമ്മയ്ക്ക്,
ഞാനൊരു യാത്ര പോകുന്നു, ഒറ്റയ്ക്കല്ല, എന്റെ കൂടെ എനിക്ക് ഏറ്റവും വിശ്വസ്തനായ ഒരാളും ഉണ്ട്. ഉമ്മയ്ക്ക് ആളെ അറിയാം, റഷീദ്. ഒരുപാടാലോചിച്ചെടുക്കുന്ന ഒരു തീരുമാനമാണ്. ഇത് കൊണ്ട് എനിക്കും അമ്മയ്ക്കും നല്ലതേ വരൂ എന്നുറപ്പുണ്ട്. കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങൾ തിരികെ വരും. അത് വരെ അമ്മ വിഷമിക്കരുത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അറിയിക്കാം. അനുഗ്രഹിക്കണം, എന്ന് സ്വന്തം രേവുട്ടി ". കടലാസ് മടക്കി മേശവലിപ്പിൽ വെച്ചു. കഴുത്തിലും കാതിലും ഉണ്ടായിരുന്ന ആഭരണങ്ങൾ ഊരി അതിനുമുകളിൽ വച്ചു. ഉറങ്ങാതിരിക്കാൻ ഒരു പുസ്തകമെടുത്തു വെറുതെ കണ്ണോടിച്ചു.
********************************************
റഷീദ് ടീവി ചാനലിൽ ഒരു പഴയ സിനിമ കണ്ട്കൊണ്ട് സെറ്റിയിൽ ഇരിക്കുകയായിരുന്നു. ഉമ്മ അവന്റെ മടിയിൽ തലവെച്ചു മയങ്ങുന്നു. സമയം പതിനൊന്നു കഴിഞ്ഞു.. ഫോൺ ബെല്ലടിച്ചു,പരിചയമില്ലാത്ത നമ്പർ.
റഷീദ് അമ്മയെ ഉണർത്താതെ വീടിന് പുറത്തേക്ക് ഇറങ്ങി നിന്ന് കാൾ അറ്റൻഡ് ചെയ്തു.
"റഷീദ്, ഇത് ഞാനാ ജെപി "
"ഇതേതാ സർ ഈ പുതിയ നമ്പർ, എന്തേ ഈ അസമയത്ത് ?"
"എല്ലാം നേരിൽ പറയാം, ഞാൻ റഷീദിന്റെ വീടിനുപുറത്തെ റോഡിലുണ്ട്.. ഒന്നിവിടം വരെ വരണം" എന്തെങ്കിലും അത്യാവശ്യമില്ലാതെ ജെപി ഈ രാത്രിയിൽ വരില്ല. റഷീദ് പുറത്തെ റോഡിലേക്ക് ചെന്നു. ജെപിയുടെ വൈറ്റ് കളർ ബൊലേറോ റോഡ് സൈഡിൽ നിൽക്കുന്നു. ഡ്രൈവിംഗ് സീറ്റിൽ ജെപി- റഷീദിന്റെ രാഷ്ട്രീയ ദ്രോണാചാര്യർ.
അവന്റെ പാർട്ടിയുടെ കണ്ണൂർ ജില്ലയിലെ അനിഷേധ്യ നേതാവ്. വണ്ടിയുടെ അടുത്തെത്തിയപ്പോൾ ജെപി ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. റഷീദ് കയറി ഇരുന്നു. പുറകിൽ ആരോ ഒരാൾ ഇരിക്കുന്നുണ്ട്. ഇരുട്ടായത് മൂലം മുഖം വ്യക്തമല്ല.
ജെപി മെല്ലെ കാര്യത്തിലേക്ക് കടന്നു..
" റഷീദ്, തന്നേക്കൊണ്ട് പാർട്ടിക്ക് ഒരത്യാവശ്യമുണ്ട്. ഈ കാര്യത്തിൽ താനെതിര് പറയില്ല എന്ന വിശ്വാസവുമെനിക്കുണ്ട്. "
റഷീദ് ആകാംഷയോടെ ജെപിയുടെ വാക്കുകൾക്കു കാതോർത്തു. .
"റഷീദിന്റെയും പാർട്ടിയുടെയും ശത്രുവായ പ്രദീപിനെ ഇന്ന് രാത്രി നമ്മൾ ഇല്ലാതാക്കും. അതിന് ആളെയെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. നമ്മുടെ കൊച്ചിയിൽ നിന്നുള്ള ടീം - അവർ അതിനു വേണ്ടി ഇവിടെ എത്തിക്കഴിഞ്ഞു .. റഷീദ് വേണം അവർക്ക് ആളെ കാണിച്ചു കൊടുക്കാൻ. മാത്രമല്ല മറ്റൊരു പ്രധാനപ്പെട്ട സഹായം കൂടി റഷീദ് ചെയ്യണം.."
റഷീദിന് ഉള്ളിൽ ഒരു ഞെട്ടലുണ്ടായി, എങ്കിലും അവൻ മറുത്തൊന്നും പറഞ്ഞില്ല. ജെപി ഒരു മാത്ര നിർത്തി റഷീദിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ തുടർന്നു
" നിങ്ങൾ തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടെന്നുള്ളത് ഈ നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ആരും സംശയിക്കരുത്. അത് കൊണ്ട് റഷീദ് ഒരു ഡമ്മി പ്രതിയായി സ്റ്റേഷനിൽ ഹാജരാകണം.. കൊലപാതകം നടന്ന ഉടനെ പ്രതി കീഴടങ്ങിയാൽ പിന്നെ ഇതിന് വലിയ വാർത്താപ്രാധാന്യം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ ആളുകൾ എല്ലാം മറക്കും.. "
റഷീദിന് താൻ കേൾക്കുന്നത് എന്തെന്ന് ശരിക്കും മനസ്സിലായില്ല. എത്ര നിസ്സാരമായാണ് ഒരു കൊലപാതകത്തെക്കുറിച്ച് ജെപി സംസാരിക്കുന്നത്. മാത്രവുമല്ല പ്രതിയായി സ്റ്റേഷനിൽ കീഴടങ്ങണമത്രേ. അവന്റ ചിന്തകൾ മനസ്സിലായതുപോലെ ജെപി അവനെ സമാധാനപ്പെടുത്തി,
" റഷീദ് ഇതൊക്കെ ഇവിടെ സാധാരണമല്ലേ, തനിക്കെതിരെ പൊലീസിന് ഒരു തെളിവും കണ്ടത്താനാകില്ല. തന്റെ കുറ്റസമ്മതം മാത്രം പോരല്ലോ ശിക്ഷിക്കാൻ.. കൂടി വന്നാൽ ഒരു വർഷം അതിനുള്ളിൽ റഷീദ് പുറത്തിറങ്ങിയിരിക്കും .. ഇത് ജെപിയുടെ വാക്കാണ് "
റഷീദിനറിയാം ജെപി ഈ കാര്യത്തിൽ എത്ര സമർത്ഥനാണ് എന്ന്. ഇത് പോലെത്രയെണ്ണം നിസ്സാരമായി കൈകാര്യം ചെയ്തിരിക്കുന്നു.
"എങ്കിലും പ്രദീപിന്റെ പാർട്ടിക്കാർ നാളെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി കാര്യങ്ങൾ കൈവിട്ടുപോയാൽ എന്ത് ചെയ്യും"
അത് കേട്ട് ജെപി അല്പമുറക്കെ ഒന്ന് ചിരിച്ചു, ബാക്കിലേക്ക് തിരിഞ്ഞ് വണ്ടിയുടെ ക്യാബിൻ ലൈറ്റ് ഓൺ ചെയ്തു . അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. ബാക് സീറ്റിലിരുന്ന വ്യകതിയുടെ മുഖം കണ്ടപ്പോൾ റഷീദിന് വിശ്വസിക്കാനായില്ല. 'കാർത്തികേയൻ' - പ്രദീപിന്റെ പാർട്ടിയുടെ ജില്ലാസെക്രട്ടറി, തങ്ങളുടെ പാർട്ടിയുടെ ഏറ്റവും വലിയ ശത്രു. ഇയാളെങ്ങിനെ ജെപിയോടൊപ്പം?..
കാർത്തികേയൻ സീറ്റിൽ ഒന്നിളകിയിരുന്നു . കുറക്കന്റെത് പോലുള്ള കണ്ണുകളിൽ കുടിലതയുടെ തിരയിളക്കം.
'പേടിക്കേണ്ടടോ, ഞാനും ജെപിയും തമ്മിൽ പകൽ വെളിച്ചത്തിൽ മാത്രമേ കീരിയും പാമ്പും കളിക്കാറുള്ളൂ.. രാത്രിയിൽ ഞങ്ങൾ തമ്മിൽ ഇങ്ങനെ ചില പ്രാക്ടിക്കലായിട്ടുള്ള അന്തർധാരകൾ പണ്ടുമുതലേയുള്ളതാ. പ്രദീപ് കൊല്ലപ്പെട്ടാൽ ഞങ്ങളുടെ പാർട്ടി ഒരു മൂന്നു ദിവസം അല്ലറ ചില്ലറ പ്രകടനങ്ങളും സത്യാഗ്രഹങ്ങളും ഒക്കെ നടത്തും അത് കഴിഞ്ഞാൽ ബാക്കിയെല്ലാം ഞാൻ ഒതുക്കികൊള്ളാം. "
റഷീദിന് ഒന്നും മനസ്സിലായില്ല അവൻ കർത്തികേയനോട് ചോദിച്ചു
"നിങ്ങൾക്ക് എന്താണ് ഈ കാര്യത്തിൽ പ്രയോജനം, പ്രദീപ് നിങ്ങളുടെ പാർട്ടിയുടെ ഏറ്റവും മികച്ച
പ്രവർത്തകനല്ലേ"
പ്രവർത്തകനല്ലേ"
"അതേ, ഞങ്ങളുടെ ഏറ്റവും ധൈര്യശാലിയായ ആത്മാർത്ഥതയുള്ള പ്രവർത്തകനാണ് പ്രദീപ്, പക്ഷെ, പത്തു മുപ്പത് വർഷം കഷ്ടപ്പെട്ട് പാർട്ടിയെ ഇവിടെവരെയെത്തിച്ച മുതിർന്ന നേതാക്കന്മാരെ ചോദ്യം ചെയ്യാൻ മാത്രം അവനിനിയും വളർന്നിട്ടില്ല, അത്രയും താനറിഞ്ഞാൽ മതി. പ്രായോഗിക രാഷ്ട്രീയത്തിൽ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കണം. അല്ലെങ്കിൽ ചിലപ്പോൾ പണി സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ കിട്ടും .. അതൊക്കെ പോട്ടെ തനിക്ക് ഇത് ചെയ്യാൻ കഴിവില്ലെങ്കിൽ പറഞ്ഞേക്ക് ഞാൻ വേറെ ആളെ നോക്കിക്കൊള്ളാം. നിങ്ങൾ തമ്മിൽ പഴ്സണലായിട്ട് ചില പ്രശ്നങ്ങൾ ഉള്ള കാര്യം ജെപി പറഞ്ഞു. ജെപിക്ക് റഷീദിനെ വളരേയേറെ വിശ്വാസമായതു കൊണ്ട് മാത്രമാണ് ഞങ്ങൾ ഇങ്ങനെയൊരു അവസരം തനിക്ക് തരുന്നത്. പ്രതിഫലമായി ഒരു നല്ല തുക തനിക്ക് കിട്ടിയിരിക്കും "
കുറച്ചൊന്നാലോചിച്ച ശേഷം റഷീദ് പറഞ്ഞു..
"ഞാനിന്ന് വരെ ജെപി സാറോ പാർട്ടിയോ പറഞ്ഞതൊന്നും അനുസരിക്കാതിരുന്നിട്ടില്ല..."
"എനിക്കറിയാം കാർത്തികേയൻ, റഷീദ് നമ്മുടെ സ്വന്തം പയ്യനാ.. പോരാത്തതിന് ഇത് അവന്റെ കൂടെ ഒരാവശ്യമാണിപ്പോൾ. റഷീദ് വീട്ടിലേക്ക് ചെല്ലൂ, കുറച്ചു കഴിഞ്ഞു ഞാൻ വിളിക്കാം. മറ്റു കാര്യങ്ങൾ വിശദമായി അപ്പോൾ പറയാം"
റഷീദ് വണ്ടിയിൽ നിന്നിറങ്ങി, ജെപി വണ്ടി സ്റ്റാർട്ട് ചെയ്തു. പോകുമ്പോൾ ജെപിയും കാർത്തികേയനും റഷീദിനു നേരെ കൈവീശി യാത്ര പറഞ്ഞു.
റഷീദ്, രേവതി , പ്രദീപ് ഇവർ മൂവരും അയൽവാസികളും കുഞ്ഞുനാൾ മുതൽ കളികൂട്ടുകാരായിരുന്നു. മുതിർന്നപ്പോൾ റഷീദും പ്രദീപും രണ്ടു വിത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായി. രാഷ്ട്രീയ പാർട്ടികൾ നിലനിൽപിന് വേണ്ടി അണികളിൽ കുത്തിവെയ്ക്കുന്ന സ്പർദ്ധയുടെ വിഷം ഇരുവർക്കുമിടയിലെ സൗഹൃദം ക്രമേണ ഇല്ലാതാക്കി. അവനവൻ വിശ്വസിക്കുന്ന ആശയങ്ങൾക്ക് വേണ്ടി പലപ്പോഴും അവരിരുവരും പരസ്പ്പരം ഏറ്റുമുട്ടി. കുറച്ചു ദിവസം മുമ്പ് ഒരു കൊടിമരം തകർക്കപ്പെട്ട സംഭവത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ കൈയ്യേറ്റം വരെ ഉണ്ടായി. രണ്ടു കാളക്കൂറ്റന്മാരെപ്പോലെ അവർ തെരുവിൽ പോരാടി.
ആളുകൾ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ രണ്ടിലൊരാൾ തീരുംവരെ അത് തുടർന്നേനെ.
"നിനക്കിനി അധികം ആയുസ്സില്ല.. " പ്രദീപ് അന്ന് എല്ലാവരും കേൾക്കെ റഷീദിന് താക്കീത് കൊടുത്തു.
റഷീദിനറിയാം പ്രദീപ് ഒരു കാര്യം വിചാരിച്ചാൽ അത് നടത്താതെ പിന്മാറില്ലെന്ന്. അന്ന് മുതൽ അവൻ കരുതലോടെയാണ് പുറത്തിറങ്ങിയിരുന്നത്.
അത് മാത്രമല്ല, പ്രദീപിന് അറിയാമായിരുന്നു റഷീദും രേവതിയും ചെറുപ്രായം മുതൽ പരസ്പരം ഇഷ്ടപെടുന്നവരാണെന്ന്. റഷീദിന്റെയും രേവതിയുടെയും അമ്മമാർക്കും അറിയാമായിരുന്നു
ഇരുവരുടെയും സ്നേഹത്തിന്റെ ആഴം. അവർക്കതിൽ എതിർപ്പുമുണ്ടായിരുന്നില്ല.
ഇരുവരുടെയും സ്നേഹത്തിന്റെ ആഴം. അവർക്കതിൽ എതിർപ്പുമുണ്ടായിരുന്നില്ല.
റഷീദിനോടുള്ള ശത്രുത മൂലം പ്രദീപ് അവരുടെ പ്രണയത്തെ എതിർത്തു. രേവതിയുടെ അമ്മ പ്രദീപിന്റെ ഒരു അകന്ന ബന്ധു കൂടിയാണ്. അവന്റെ ചില ബാഹ്യ ഇടപെടലുകൾ മൂലം റഷീദും രേവതിയും തമ്മിലുള്ള ബന്ധം ഇരു മതവിഭാങ്ങൾക്കിടയിലെ അഭിമാനപ്രശ്നമായി മാറി. മതമേലാളന്മാർ ഇരു വീട്ടുകാർക്കും അന്ത്യ ശാസനം നൽകിക്കഴിഞ്ഞു. ഗത്യന്തരമില്ലാതെ രേവതിക്ക് അവളുടെ ബന്ധുക്കൾ ദൂരെ നാട്ടിൽ നിന്നും അവളുടെ സമ്മതമില്ലാതെ വിവാഹത്തിന് ഏർപ്പാടുകൾ തുടങ്ങി. ഈ വരുന്ന ഞായറാഴ്ച്ചയാണ് നിശ്ചയം. അതൊഴിവാക്കാനാണ് അവർ ഈ രാത്രിയിൽ ഒരു ഒളിച്ചോട്ടത്തിന് തയ്യാറായികൊണ്ടിരിക്കുന്നത്.
റഷീദ് വീട്ടിലെത്തി , ഉമ്മ സെറ്റിയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ടീവിയിൽ ഏതോ ഒരു പഴയ ചലച്ചിത്ര ഗാനം. . കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും റഷീദിന്റെ ഫോൺ ശബ്ദിച്ചു.. ആദ്യം ജെപി വിളിച്ച നമ്പർ ഡിസ്‌പ്ലേയിൽ തെളിഞ്ഞു. റഷീദ് ഫോൺ അറ്റൻഡ് ചെയ്തു, അതോടൊപ്പം വോയ്‌സ് റെക്കോർഡ് ബട്ടനും അമർത്തി.
"റഷീദ് ജെപിയാണ് "
"പറഞ്ഞോളൂ സർ"
"കാർത്തികയേൻ ഇപ്പോൾ പ്രദീപിനെ വിളിച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യമായി അവരുടെ പാർട്ടി ഓഫീസിലേക്കെത്താൻ പറഞ്ഞിട്ടുണ്ട്. കവലയിൽ നമ്മുടെ ആളുകൾ കാത്തിരിക്കുന്നു. .. നീ ഇപ്പോൾ തന്നെ അവിടെയെത്തണം.. ബാക്കിയെല്ലാം പറഞ്ഞത് പോലെ. അവൻ തീർന്നെന്നറിഞ്ഞാൽ നേരെ സ്റ്റേഷനിൽ പോയി കീഴടങ്ങണം. "
"സാർ എല്ലാം ഞാനേറ്റു ..."
"ഒരു മിനിറ്റ് ഞാൻ ഫോൺ കാർത്തികേയന് കൊടുക്കാം..."
"റഷീദ്.. അവന്റെ ശരീരത്തിൽ ജീവന്റെ ചെറിയൊരംശം പോലും അവശേഷിക്കുന്നില്ല എന്നുറപ്പു വരുത്തണം.. മുറിവേൽപ്പിച്ചു വിട്ടാൽ തേടിയെത്തി കടിക്കുന്ന വിഷപ്പാമ്പാണ് അവൻ "
"തീർച്ചയായും.. ഞാനിപ്പോൾ തന്നെ അവിടേക്കെത്താം.. വേണ്ടത് പോലെ കാര്യങ്ങൾ നടന്നു എന്ന് ഉറപ്പായ ശേഷം തിരിച്ചു വിളിക്കാം"
"വേണ്ട ഇനി റഷീദ് ഞങ്ങളെ വിളിക്കണ്ട.. ഞങ്ങൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയാണ്..പിന്നെ ഇപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നു .. രാവിലെ വീണ്ടും വിളിക്കാം , ആൾ ദി ബെസ്ററ് "..
റഷീദ് വീടിനു പുറത്തിറങ്ങി. കുറച്ചു ദൂരെയുള്ള പ്രദീപിന്റെ വീട്ടിൽ നിന്ന് ഒരു ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദം.
റഷീദ് വേഗം തന്റെ ബുള്ളറ്റ് സ്റ്റാർ്റ്റാക്കി.. രണ്ടു വണ്ടികളും രാത്രിയിലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു പുറപ്പെട്ടു.
***********************************************************
മറുവശത്തുനിന്നു കേട്ട ശബ്ദം ആരുടെതെന്ന് ജെപിക്ക് മനസ്സിലായില്ല, ഒരു പക്ഷെ റഷീദിന്റെ ഫോൺ പോലീസ് സ്റ്റേഷനിൽ ആരെങ്കിലും പിടിച്ചു വാങ്ങിയിരിക്കും. ചോദ്യം വീണ്ടും ആവർത്തിച്ചു.
"ഹലോ ജെപി സാറല്ലേ "
"അതെ.. ആരാണ് സംസാരിക്കുന്നത്"
"ഒരു സംശയം ചോദിച്ചോട്ടെ ..."
"താൻ ആരാണെന്ന് ആദ്യം പറ എന്നിട്ട് മതി സംശയനിവാരണം"
"അല്ല ജെപി സാറെ, മുതിർന്ന ഒരു നേതാവ് ഒരഴിമതി കാണിച്ചു, അത് ചോദ്യം ചെയ്ത പാർട്ടിയുടെ ഒരു വിശ്വസ്ത പ്രവർത്തകനെ എതിർപാർട്ടിക്കാരോടൊപ്പം ചേർന്ന് ചതിച്ചു കൊല്ലുന്നത് ശരിയാണോ "
"ശരിയല്ല,.. പക്ഷെ ഇത് എന്നോട് ചോദിക്കാൻ നീയാരാ.. ആര് ആരെയാ കൊന്നത് ?" ജെപിയ്ക്ക് ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലായി. അയാൾ കർച്ചീഫ് എടുത്ത് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു.
"സമ്മതിച്ചല്ലോ, എങ്കിൽ അടുത്ത ചോദ്യം -
സ്വന്തം വീട്ടിൽ തടിമാടന്മാരായ ആൺമക്കൾ ഉള്ളപ്പോൾ വല്ലോന്റേം കുടംബത്തിലെ യുവാക്കളെ
പ്രലോഭിപ്പിച്ചു ചെയ്യാത്ത കൊലപാതക കുറ്റത്തിന് പ്രതിയാക്കുന്നത് ശരിയാണോ സാറെ.. "
സ്വന്തം വീട്ടിൽ തടിമാടന്മാരായ ആൺമക്കൾ ഉള്ളപ്പോൾ വല്ലോന്റേം കുടംബത്തിലെ യുവാക്കളെ
പ്രലോഭിപ്പിച്ചു ചെയ്യാത്ത കൊലപാതക കുറ്റത്തിന് പ്രതിയാക്കുന്നത് ശരിയാണോ സാറെ.. "
"എന്നെ ശരിയും തെറ്റും പഠിപ്പിക്കാൻ താനാരാടോ... " ജെപ്പിക്ക് കാര്യങ്ങൾ എവിടെയോ കൈവിട്ടു പോയതായി മനസ്സിലായി.
"നിങ്ങൾക്കറിയാവുന്ന ആള് തന്നെ, ജ്യേഷ്ടനെപ്പോലെ വിശ്വസിച്ചു കൂടെ നടന്നവനെ കൊല്ലാൻ കാർത്തികേയനെന്ന രാഷ്ട്രീയ ചാണക്യൻ വീട്ടിൽ നിന്ന് വിളിച്ചിറക്കി നിങ്ങളുടെ കൊട്ടെഷൻ ഗുണ്ടകൾക്ക് മുന്പിലേക്കിട്ടു തന്ന ഒരു പാവം - പേര് പ്രദീപ്. പക്ഷെ നിങ്ങൾക്ക് ഒരു തെറ്റ് പറ്റി, ഈ നെറികെട്ട രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് ഞാനും റഷീദും ഒരുമിച്ച് കളിച്ചുവളർന്ന കൂട്ടുകാരാണെന്ന് നിങ്ങൾ ഓർത്തില്ല. അവൻ എനിക്ക് കൃത്യ സമയത്ത് മുന്നറിയിപ്പ് തന്നു. ആ പിന്നെ ഒരു കാര്യം നിങ്ങളയച്ച ആ കൊച്ചിക്കാര് കൊട്ടെഷൻ ഗുണ്ടകളെ ഇന്നലെ രാത്രി ഞങ്ങളൊന്നെടുത്തു പഞ്ഞിക്കിട്ടു പോലീസിൽ ഏൽപ്പിച്ചു. പിന്നെ ജെപി സാറിനിപ്പോ സൗകര്യമുണ്ടെങ്കിൽ ആ ന്യൂസ് ചാനലേതെങ്കിലും ഒന്ന് കാണ്. ഇന്നലെ രാത്രി എന്നെ കൊല്ലാൻ റഷീദിന് നിങ്ങൾ രണ്ടാളും നിർദ്ദേശം കൊടുക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പൊ ബ്രേക്കിംഗ് ന്യൂസ്.
ഇതോടെ തീർന്നു രണ്ടണ്ണന്മാരുടേം രാഷ്ട്രീയ ഭാവി. അപ്പൊ നമുക്ക് വീണ്ടും കാണാം ... "
ഇതോടെ തീർന്നു രണ്ടണ്ണന്മാരുടേം രാഷ്ട്രീയ ഭാവി. അപ്പൊ നമുക്ക് വീണ്ടും കാണാം ... "
ജെപിയുടെ കണ്ണുകളിൽ ഇരുട്ട് കയറി, മൊബൈൽ വഴുതി താഴെ വീണു..
റഷീദ് ബൈക്ക് സ്റ്റാർട്ട് ചെയ്തു, പുറകിലിരുന്ന് രേവതി പ്രദീപിന് കൈവീശി യാത്ര പറഞ്ഞു. പ്രദീപ് ഇരുവർക്കും ആശംസകൾനേർന്നു കൊണ്ട് പറഞ്ഞു.
- " രേവുട്ടി, നിനക്ക് മുന്നിൽ കീഴടങ്ങിയ ഇവനെ ഇനി നിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ഒരിക്കലും അനുവദിക്കരുത് കേട്ടോ.. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്, ആൾ ദി ബെസ്ററ്.."
വടക്കു നിന്ന് വീശുന്ന ഇളം തെന്നൽ അവരെ തഴുകി കടന്നു പോയി.
By,
Saji M Mathews...
Saji M Mathews...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക