Slider

നീര്‍ക്കുമിള

0

"കോൺവെന്റ് സ്റ്റോപ്പ് ആയാൽ ഒന്ന് പറയണം, ഈ പ്രദേശത്ത് ആദ്യമായാണ് "
''ശരി മാഡം, സമാധാനമായി ഇരുന്നോളൂ, ഞാൻ അവിടെ എത്താറായാൽ പറയാം "
പത്തുമണി ആവുന്നേ ഉള്ളൂ. മാർച്ച് മാസത്തിൽ തന്നെ ഏപ്രിൽ മെയ് മാസങ്ങളിലേതുപോലെ ചൂട് തുടങ്ങി. ഇങ്ങിനെ പോയാൽ അടുത്ത രണ്ട് മാസം എങ്ങിനെയാവും നാട്ടിൽ കഴിച്ചുകൂട്ടുക എന്ന് ചിന്തിക്കാൻകൂടി വയ്യ.
കാലത്തായതിനാലാവും ബസ്സിൽ അധികം യാത്രക്കാരില്ല. പുറത്തെ ചൂട് കാറ്റ് മുഖത്തേക്കടി‍ക്കാന്‍ തുടങ്ങിയപ്പോള്‍ ജനാലയുടെ അടുത്തു നിന്നും നടുഭാഗത്തേക്ക് മാറി ഇരുന്നു.
"മമ്മാ, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് എന്നെങ്കിലും പറയൂ " വിഷ്ണുവിന് ക്ഷമ കെട്ടിരിക്കുന്നു.
വിഷ്ണുവിനോട് ഒരിടം വരെ പോകാനുണ്ട്, കൂടെ വരാൻ പറ്റുമോ എന്നേ ചോദിച്ചിരുന്നുള്ളൂ. എന്നെ ഒറ്റയ്ക്ക് വിടാനുള്ള പേടി കാരണം മറുത്തൊന്നും പറയാതെ കൂടെ പോരുകയായിരുന്നു.
"മോനേ, ഇരുപത്തിയഞ്ച് വർഷം മുൻപ് നിന്റെ മുത്തച്ഛൻ ഡെൽഹിയിൽ ജോലി ചെയ്യുന്ന കാലം, ഞങ്ങളുടെ അയൽപക്കത്ത് ഒരു ശ്യാം മേനോന്‍ താമസിച്ചിരുന്നു. ഒരിക്കല്‍ ലീവിന് നാട്ടിൽ പോയ ശ്യാം പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല. അയാളുടെ വീട്ടിലേക്കാണ് നാം ഇപ്പോൾ പോകുന്നത്, എന്താണുണ്ടായതെന്നു അറിയണം ".
" ഇത്രയും കാലം കഴിഞ്ഞിട്ടും ആ അങ്കിളിനെ കാണാൻ പോകണമെങ്കിൽ എന്തെങ്കിലും കാരണം കാണും. ഒന്നുകൂടി വിശദമായി പറയൂ മമ്മാ ...."
" പറയാം, ഞാൻ ഡെൽഹി യൂണിവേഴ്സിറ്റിയിൽ രാംജാസ് കോളേജിൽ ബി.എ ഇക്കണോമിക്സ് ഹോണേഴ്സിന് അവസാന വർഷത്തിന് പഠിക്കുന്ന കാലം. അക്കാലത്ത് 94 ശതമാനം മാർക്ക് വാങ്ങിയിട്ടാണ് എനിക്ക് ആ കോളേജിൽ പ്രവേശനം കിട്ടിയത്. അപ്പോള്‍ നിനക്കൂഹിക്കാം ഞാന്‍ എത്ര മിടുക്കി ആയിരുന്നെന്ന്.
അപ്പോഴാണ് ഞങ്ങളുടെ അയൽപക്കത്ത് ശ്യാം താമസിക്കാൻ വരുന്നത്. കേരളത്തിൽ നിന്നും ഒന്നാം ക്ലാസില്‍ ബിരുദം പാസ്സായി , ബാങ്ക് ടെസ്റ്റ്‌ എഴുതി ബാങ്കിൽ പ്രൊബേഷനറി ഓഫീസറായി നേരിട്ട് നിയമനം ലഭിച്ചതാണ്.
ശ്യാമിനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ഒത്ത ഉയരം, എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം, ആര്‍ക്കും വീണ്ടുമൊന്ന് കാണാന്‍ തോന്നുന്ന പ്രകൃതം, എല്ലാത്തിലുമുപരി യാതൊരു ദുശ്ശീലങ്ങളുമില്ല.
മലയാളിയായതിനാൽ അച്ഛന് ശ്യാമിനെ വളരെ ഇഷ്ടമായിരുന്നു. വളരെ പെട്ടെന്ന് ശ്യാം ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി മാറി.
എനിക്ക് സ്വതവേ കേരളത്തിൽ നിന്നും വന്ന മലയാളി ചെറുപ്പക്കാരെ ഇഷ്ടമല്ലായിരുന്നു, പൊതുവെ ഒരു വായ്നോക്കികളാണെന്ന് ഞാൻ അച്ഛനോട് പറയാറുണ്ട്. പക്ഷേ ശ്യാം അവരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത സമയത്തൊന്നും ശ്യാം വീട്ടിൽ വരില്ല. വാക്കിലോ, നോക്കിലോ ഒരിക്കൽ പോലും ശ്യാം മോശമായി പറയുകയോ, പെരുമാറുകയോ ചെയ്തിട്ടില്ല.
ആ കൊല്ലം വിഷുവിന് കൂടെ കോളേജിൽ പഠിച്ചിരുന്ന വളരെ അടുത്ത രണ്ടു കൂട്ടുകാരികളെ ക്ഷണിച്ചിരുന്നു. ശ്യാമിനേയും വിളിച്ചിരുന്നു. സദ്യയൊരുക്കാൻ ശ്യാം അമ്മയെ സഹായിക്കുന്നുണ്ടായിരുന്നു. ഹിന്ദി അറിയില്ലെങ്കിലും ശ്യാം എന്റെ കൂട്ടുകാരോട് മലയാളച്ചുവയുള്ള ഇംഗ്ലീഷിൽ സംസാരിച്ചു. അവർ അത് കേട്ട് ചിരിച്ചു കളിയാക്കി. പക്ഷെ ശ്യാമിന് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.
ജോലിയിൽ പ്രവേശിച്ച് ഒരു വർഷം തികഞ്ഞപ്പോൾ ശ്യാം അവധിയെടുത്ത് നാട്ടിൽ പോയി. തിരിച്ചു വന്നാൽ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. പക്ഷെ ലീവ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ശ്യാം തിരിച്ച് ജോലിയിൽ പ്രവേശിച്ചില്ല. ബാങ്കിൽ നിന്നും അയച്ച നോട്ടീസുകൾ കൈപ്പറ്റാൻ ആളില്ലാതെ തിരിച്ചു വന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും ആരും എടുത്തില്ല. അന്നാണെങ്കിൽ ഇന്നത്തെ പോലെ മൊബയിൽ പ്രചാരത്തിൽ വന്നിട്ടുണ്ടായിരുന്നില്ല.
നാലഞ്ച് മാസങ്ങൾക്ക് ശേഷം അച്ഛൻ നാട്ടിൽ പോയപ്പോൾ ശ്യാമിന്റെ വീട്ടിൽ പോയി. ശ്യാം ആരോടും പറയാതെ പോയതിൽ അച്ഛന് വളരെ ദേഷ്യമുണ്ടായിരുന്നു. കണ്ട് രണ്ട് വാക്ക് പറയണം എന്ന് പറഞ്ഞ് തന്നെയാണ് പോയത്.. പക്ഷേ അവിടെയെത്തിയപ്പോളാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം അറിഞ്ഞത്. ശ്യാമിന്റെ അച്ഛന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലായിരുന്നു. നാല് മാസത്തെ ചികിത്സക്ക് ശേഷം ഒരു വശം തളർന്ന അച്ഛനെ കുറച്ച് ദിവസം മുൻപാണ് വീട്ടിൽ കൊണ്ടുവന്നത്. അതു കൊണ്ടാണ് ബാങ്കിൽ നിന്നും ശ്യാമിന് അയച്ച കത്തുകൾ കൈപ്പറ്റാതെ മടങ്ങിയത്‌. അച്ഛന്റെ അസുഖം അറിയിച്ച് വീട്ടിൽ നിന്നും ബാങ്കിലേക്കയച്ച ടെലിഗ്രാമുകളും ശ്യാം കൈപ്പറ്റിയിരുന്നില്ല.
അവരോട് ആ സമയത്ത് ശ്യാമിനെപ്പറ്റി പറയാനുള്ള അവസ്ഥയിലല്ലായിരുന്നു അച്ഛൻ. തിരിച്ചു പോരാൻ നിൽക്കുമ്പോൾ ശ്യാമിന്റെ ചെറിയച്ഛൻ അവിടെ വന്നു. അച്ഛൻ അദ്ദേഹത്തോട് ശ്യാമിന്റെ തിരോധാനത്തെപ്പറ്റി പറഞ്ഞു. അദ്ദേഹം പറഞ്ഞാണ് അച്ഛന്‍ അറിയുന്നത് ശ്യാമിന് വേണ്ടി ശ്യാമിന്റെ അച്ഛനും അമ്മയും ബന്ധത്തിൽപ്പെട്ട ഒരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്നുവെന്ന്. പക്ഷെ ശ്യാം ഡെൽഹിയിൽ ഒരു കുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആ കുട്ടിയെത്തന്നെ വിവാഹം കഴിക്കണമെന്നും നിര്‍ബന്ധം പിടിച്ചുവത്രേ. ഒന്നാമത് അന്യനാട്ടിൽ വളർന്ന കുട്ടി , പിന്നെ തികച്ചും വ്യതസ്തമായ ജീവിതപശ്ചാത്തലം, അച്ഛനും അമ്മയും അതിനോട് ഒട്ടുംതന്നെ യോജിക്കാന്‍ കഴിയില്ല എന്ന് തീര്‍ത്തു പറഞ്ഞു. ആ ദേഷ്യത്തില്‍ ശ്യാം വീടുവിട്ടിറങ്ങി. അതിന്റെ പ്രത്യാഘാതം ആവാം അച്ഛന് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമത്രേ.
ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഒരു പരാതി എഴുതിക്കൊടുത്തു. പിന്നെപട്ടാളത്തിലായിരുന്ന ചെറിയച്ഛന്‍ തന്റെ പരിചയം ഉപയോഗിച്ച് അന്വേഷണം തുടങ്ങി. .
അച്ഛൻ തിരിച്ച് ഡെൽഹിയിൽ എത്തിയപ്പോൾ എന്നോട് ആദ്യം ചോദിച്ചത് അങ്ങിനെ ഒരു കുട്ടി ആരാണെന്നറിയുമോ എന്നായിരുന്നു. ആ കുട്ടി ഡെൽഹിയിൽ ജനിച്ചു വളർന്ന മലയാളി പെൺകുട്ടി ആണോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
പിന്നീട് അച്ഛന് കൽക്കട്ടയിലേക്ക് മാറ്റം ആയി. എന്റെ വിവാഹം കഴിഞ്ഞു ഞാൻ നിന്റെ ഡാഡിയുടെ കൂടെ ഗൾഫിൽ സ്ഥിരതാമസമാക്കി. ജോലിയിൽ നിന്നും വിരമിച്ചശേഷം അച്ഛനും അമ്മയും കൽക്കത്തയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വന്നു. കാലക്രമേണ ശ്യാം ഞങ്ങളുടെ എല്ലാം മനസ്സിൽ നിന്നും, ഓർമ്മകളിൽ നിന്നും ഇല്ലാതായി.
"മമ്മാ, ഇരുപത്തിനാല് കൊല്ലം കഴിഞ്ഞ് ഇപ്പോ പെട്ടെന്നെന്താ അമ്മയ്ക്ക് ഈ അങ്കിളിനെ ഓർമ്മ വന്നത്. "
അച്ഛൻ മരിച്ച ശേഷം ഞാനും അമ്മയും കൂടി അച്ഛന്റെ മുറിയൊക്കെ ഒതുക്കി. അച്ഛന്റെ പഴയ ടെലിഫോൺ ഡയറി വെറുതെ മറിച്ച് നോക്കുമ്പോഴാണ് ശ്യാമിന്റെ വീട്ടഡ്രസ്സ് കണ്ണിൽപ്പെട്ടത്. അതിലുണ്ടായിരുന്ന ഫോൺ നമ്പറില്‍ വിളിച്ചു നോക്കി, ഇപ്പോൾ ആ നമ്പർ നിലവിലില്ല എന്ന സന്ദേശമാണ് കിട്ടിയത്. ശ്യാമിനെപ്പറ്റി അറിയാൻ എന്തോ ഒരു മോഹം തോന്നി. നീയ് കൂടെ ഉണ്ടെങ്കിൽ വൈകുംന്ന് പേടിക്കണ്ടല്ലോ.
"അടുത്ത സ്റ്റോപ്പ് കോൺവെന്റ് ആണ്" കണ്ടക്ടർ ഓർമ്മപ്പെടുത്തി.
സ്റ്റോപ്പിൽ ഇറങ്ങി ഒരു സ്റ്റാൻഡിൽ ഉള്ള ഓട്ടോക്കാരനോട് വഴി ചോദിച്ചു. അധികം ദൂരമില്ല പക്ഷേ വെയിലിന് ശക്തി കൂടിയിരിക്കുന്നു, ഓട്ടോയിൽ തന്നെ പോയി.
'' ഇന്ന് ഞാറായ്ച്ച ആയോണ്ട് ശ്യാമേട്ടൻ വീട്ടിലുണ്ടാവും" ഓട്ടോക്കാരൻ പറഞ്ഞു.
ആവൂ. സമാധാനം ശ്യാം ജീവനോടെ ഉണ്ടല്ലോ. മനസ്സിൽ വിചാരിച്ചു.
"ശൃമേട്ടന് ഒരു കാല് ഇല്ല്യാത്തോണ്ട് അധികം പുറത്തൊന്നും പോവാറില്ല "
"കാലില്ലെന്നോ? കാലുണ്ടായിരുന്നുലോ..."
"പണ്ട് ഇണ്ടാർന്നൂ, പിന്നെ ഒരീസം ട്രെയിനീന്ന് വീണ് കാല് മുറിഞ്ഞുപോയി. ജീവൻ തിരിച്ച് കിട്ടീതന്നെ ഭാഗ്യം. അത് കഴിഞ്ഞ്ട്ട് പ്പോ പത്തിരുപത്തഞ്ച് കൊല്ലായിണ്ടാവും"
അപ്പോഴേക്കും ഓട്ടോ ഒരു പഴയ തറവാടിന്റെ മുൻപിൽ എത്തി, അയാൾ തന്നെ ഓടിപ്പോയി കോളിംങ്ങ് ബെൽ അമർത്തി.
ഒരു പഴയ തറവാട്. മുൻവശം പുതുക്കിപ്പണിത് കോൺക്രീറ്റ് ആക്കിയിരിക്കുന്നു. വീടിന് മുൻവശത്ത് ആസ്ബറ്റോസ് ഷീറ്റ് ഇട്ട് അതിന് ഗ്രിൽ ഇട്ട് ഇരുന്നു സംസാരിക്കാന്‍ ഉള്ള പോലെ മതില്‍ കെട്ടിയിട്ടുണ്ട്. വളരെ ഭംഗിയായി പരിപാലിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൂന്തോട്ടം, അതില്‍ നിറയെ റോസാപ്പൂക്കള്‍. അതിന്റെ നടുവില്‍ ഒരു ചെറിയ താമരക്കുളം അതിൽ നിറയെ താമരമൊട്ടുകളുണ്ട്.
കുറച്ച് നല്ലതുപോലെ പ്രായം ചെന്ന ഒരു സ്ത്രീ വാതിൽ തുറന്നു.
"ആരാ ഗോപ്യേത്?"
"ശ്യാമേട്ടനെ കാണാൻ വന്നോരാ, ഞാൻ ഇങ്ങ്ട് കൊണ്ടാക്കി "
ഞാൻ പേഴ്സ് തുറന്ന് വാടക കൊടുക്കാൻ നോക്കി.
"ഏയ്, തൊന്നും വേണ്ട ചേച്ച്യേ. ഈ വണ്ടി ശ്യാമേട്ടൻ വാങ്ങിത്തന്നതാ., ഞാൻ പോട്ടെ അമ്മേ ...''
ഞാൻ എന്തെങ്കിലും പറയും മുൻപ് യാത്ര പറഞ്ഞ് അയാൾ ഓട്ടോയെടുത്ത് പോയി.
"ഇങ്ങിനെയും ഉണ്ടാവുമോ മമ്മാ, നമ്മുടെ നാട്ടില്‍ ആണെങ്കില്‍ അമ്പത് രൂപ കുറഞ്ഞത് വാങ്ങിയേനെ." വിഷ്ണുവിന് വിശ്വാസം വന്നില്ല.
"മോനെ, അതാണ്‌ നാട്ടിന്‍പുറത്തിന്റെ നന്മ" ഞാന്‍ പറഞ്ഞു കൊടുത്തു
"ആരാ മനസ്സിലായില്ല്യ..." ശ്യാമിന്റെ അമ്മ ചോദിച്ചു
"ഞാൻ രാധിക, ഡെൽഹിയിൽ പണ്ട് ഞങ്ങളുടെ അയല്പക്കത്തായിരുന്നു ശ്യാം താമസിച്ചിരുന്നത്. ശ്യാമിനെ കാണാൻ വന്നതാണ്. ഇതെന്റെ മകൻ, വിഷ്ണു "
"വരൂ അകത്തിരിക്കാം. " അമ്മ അകത്തേക്ക് വിളിച്ചിരുത്തി.
"ശ്യാം ഇപ്പോൾ വരും, ചെറിയച്ഛന്റെ വീട്ടിൽ പോയതാണ്. അവൻ പറഞ്ഞ് നിങ്ങളെയൊക്കെ നല്ലപോലെ അറിയാം. മോളുടെ അച്ഛൻ ഒരിക്കൽ വന്നിരുന്നു ശ്യാമിന്റെ അച്ഛന് സ്ട്രോക്ക് വന്ന സമയത്ത്."
" ശ്യാമിന്റെ അച്ഛൻ......?"
"ഇല്ല, അദ്ദേഹം പോയിട്ടിപ്പോൾ പതിനഞ്ച് കൊല്ലമായി. "
" മോൾടെ അച്ഛനും അമ്മക്കും സുഖം തന്നെയോ?" ശ്യാമിന്റെ അമ്മ ചോദിച്ചു.
"അച്ഛൻ കഴിഞ്ഞ മാസം മരിച്ചു.. അമ്മ വീട്ടിലുണ്ട് "
"ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുക്കാം ... "
"അമ്മ ഇരിക്കൂ, ശ്യാം വരട്ടെ എന്നിട്ട് മതി .. '
പറഞ്ഞു തീരും മുൻപ് പുറത്ത് കാറിന്റെ ശബ്ദം കേട്ടു . ഞാൻ നോക്കുമ്പോൾ ശ്യാമിനെ ഇറക്കി കാർ സൈഡിലേക്ക് ഡ്രൈവർ മാറ്റുന്നുണ്ടായിരുന്നു.
ശ്യാമിനെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി. ഇടതു കൈയ്യില്‍ ഊന്നുവടി. പതുക്കെ പതുക്കെ കൃതിമക്കാൽ മടക്കാതെ ശ്യാം അകത്തേക്ക് വന്നു. ശ്യാമിന് യാതൊരു മാറ്റവും ഇല്ല.
എന്നെക്കണ്ടതും മനസ്സിലാകാത്ത പോലെ നിന്നു... പിന്നെ സംശയത്തോടെ ശ്യാം ചോദിച്ചു. "രാധിക...''
അതെയെന്ന് ഞാൻ തലയാട്ടിയപ്പോൾ ശ്യാം വീണ്ടും പറഞ്ഞു.
"നീയ്യാകെ മാറിപ്പോയി. തടിച്ചു. പണ്ട് നിന്റെ അമ്മയെ കാണും പോലെത്തന്നെയായി. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഇതാരാ മോനാണോ?"
" അതേ വിഷ്ണു, മുത്ത മകനാണ് "
"ഹല്ലോ വിഷ്ണു, ഞാൻ ശ്യാം , എന്നെപ്പറ്റി അമ്മ പറഞ്ഞില്ലേ ... "
"ഹലോ അങ്കിൾ, മമ്മാ പറഞ്ഞിരുന്നു."
"ഭാര്യയെവിടെ ?" ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.
'' അവൾ കാറ് ഗാരേജില്‍ ഇട്ട് വരും, ഷീ ഈസ് മൈ ഡ്രൈവർ, യു നോ " ചിരിച്ചു കൊണ്ട് ശ്യാം പറഞ്ഞു.
"ചന്ദ്രേട്ടൻ എന്ത് പറയുന്നു ?"
"കഴിഞ്ഞ മാസം മുത്തച്ഛൻ മരിച്ചു.. " വിഷ്ണു പറഞ്ഞു.
"ചന്ദ്രേട്ടനെ എന്നെങ്കിലും കാണണംന്ന് വല്ലാതെ മോഹിച്ചിരുന്നു. അപകടം പറ്റി രണ്ടു വർഷം കഴിഞ്ഞ് ഞാൻ ഡെൽഹിയിൽ പോയിരുന്നു. ആദ്യം നിങ്ങൾ താമസിച്ചിരുന്ന സ്ഥലത്താണ് പോയത് അപ്പോഴാണ് നിങ്ങൾ എല്ലാം വിറ്റ് പോയ വിവരം അറിഞ്ഞത്. എന്റെ കയ്യിൽ നിങ്ങളുടെ യാതൊരു നമ്പറുകളും ഇല്ലായിരുന്നു" അതു പറയുമ്പോൾ ശ്യാമിന്റെ കണ്ഠം ഇടറി.
എനിക്കും സങ്കടം സഹിക്കാനായില്ല. ഞാൻ കുനിഞ്ഞിരുന്ന് കണ്ണു തുടച്ചു.
അപ്പോഴെക്കും ശ്യാമിന്റെ ഭാര്യ അങ്ങോട്ട് വന്നു.
"ഇതാണ് എന്റെ ഭാര്യ, ശാരദ" ശ്യാം ചിരിച്ചുകൊണ്ട് ഭാര്യയെ പരിചയപ്പെടുത്തി പിന്നെ ശാരദക്ക് എന്നെയും പരിചയപ്പെടുത്തി.
"ശാരദേ, ഇതാണ് ഞാൻ പറയാറില്ലേ രാധിക, ചന്ദ്രേട്ടന്റെ മകൾ, ഡെൽഹിയിൽ ... "
" നിങ്ങളെയൊക്കെപ്പറ്റി ഏട്ടൻ എപ്പോഴും പറയും. ചേച്ചിയുടെ കൂട്ടുകാരി ആയിരുന്നില്ലേ ഭാനു.. " എന്റെ ഉത്തരത്തിന് നിൽക്കാതെ ശാരദ ചായ ഇടാനായി അടുക്കളയിലേക്ക് പോയി.
"രാധികക്കോർമ്മേണ്ടോ, പണ്ടൊരു വിഷുവിന് നിങ്ങളുടെ വീട്ടിൽ വച്ച് നീ എന്നെ പരിചയപ്പെടുത്തിയ ഭാനു. അവളെപ്പറ്റിയാണ് ശാരദ പറഞ്ഞത്. "
പറഞ്ഞ് തീരുമ്പോഴേക്കും ശ്യാമിന്റെ ഫോൺ അടിച്ചു. ഇതാ വരുന്നു എന്ന് പറഞ്ഞ് ശ്യാം ഫോൺ എടുക്കാൻ പോയി.
"മമ്മാ ഇനി ആരാണ് ഈ ഭാനു?" വിഷ്ണുവിന് അറിയാൻ ധൃതിയായി.
"എന്റെ കോളേജിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഭാനുമതി മിശ്ര എന്ന ഭാനു. ഡെൽഹിയിൽ ഐ പി എസ് ദമ്പതികളുടെ ഏക മകൾ. ഏറ്റവും പോഷായ ഗ്രേറ്റർ കൈലാസിൽ വീട്. അന്ന് കാലത്ത് കോളേജിൽ വരാനും പോകാനും കാറും ഡ്രൈവറും. ഡെൽഹി പബ്ളിക് സ്കൂളിൽ നിന്നും 98.5 ശതമാനം മാർക്ക് വാങ്ങി വിജയിച്ച് രാംജാസിൽ എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. ഭാനു വെളുത്ത്, മെലിഞ്ഞു ഒരു സുന്ദരിയായിരുന്നു."
അപ്പോഴെക്കും ശ്യാം തിരിച്ചു വന്നു.
"സോറി ചെറിയച്ഛന്റെ ഫോൺ ആയിരുന്നു, ഒരു പേപ്പർ ഞാൻ അവിടെ വെച്ച് മറന്നിരുന്നു. അതു പറയാൻ വിളിച്ചതാണ്."
"ഞാൻ പറഞ്ഞു വന്നത് ഭാനുവിനേക്കുറിച്ചായിരുന്നു. ഓര്‍മ്മയുണ്ടോ അന്ന് വിഷുവിന് വീട്ടില്‍ വെച്ചു നീ ഞങ്ങളെ പരിചയപ്പെടുത്തിയത് ? അന്ന് ഒറ്റ നോട്ടത്തിലേ എനിക്ക് അവളെ വളരെ ഇഷ്ടമായി. പിന്നീട് ഒരു ദിവസം കഴിഞ്ഞ് ആകസ്മികമായി ഞങ്ങള്‍ ഇന്ത്യ ഗേറ്റില്‍ വെച്ചു കണ്ടു. അന്ന് അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം ഞാന്‍ കണ്ടു, ഒരു ധൈര്യത്തിനു ഞാന്‍ എന്റെ ഇഷ്ടം തുറന്നുപറഞ്ഞു. നിങ്ങളടക്കം മറ്റാരുറിയാതെ ആരുമറിയാതെ ഞങ്ങള്‍ അടുത്തു. പല തവണ നിന്നോട് പറയണമെന്ന് വിചാരിച്ചതാണ്, പക്ഷെ പറ്റിയില്ല.
അമ്മയുടെയും അച്ഛന്റെയും അനുവാദത്തോടെ ഭാനുവിനെ വിവാഹം ചെയ്യണമെന്ന് വിചാരിച്ചാണ് നാട്ടിലേക്ക് വന്നത്. പക്ഷെ ഇവിടെ വന്നപ്പോള്‍ ആണ് എനിക്കുവേണ്ടി മുറപ്പെണ്ണായ ശാരദയുമായി വിവാഹം പറഞ്ഞുറപ്പിച്ച് വെച്ചിരിക്കുന്ന കാര്യം അറിഞ്ഞത്. അന്യഭാഷക്കാരിയായ ഭാനുവിനെ ഞാന്‍ വിവാഹം ചെയ്യുന്നത് അവർ ശക്തമായി എതിര്‍ത്തു , പ്രത്യേകിച്ച് ഒരു പണക്കാരിയും പരിഷ്കാരിയുമായതിനാൽ.
കെട്ടുകയാണെങ്കിൽ ഭാനുവിനെ എന്ന് വാശി പിടിച്ച് വീട്ടില്‍ നിന്നും വഴക്കിട്ടിറങ്ങിയ ഞാൻ ഒരു ഏജന്റ് ബ്ലാക്കില്‍ തയ്യാറാക്കി തന്ന ടിക്കറ്റിൽ ആണ് യാത്ര തിരിച്ചത്. അത് മറ്റാരുടെയോ പേരിൽ ആയിരുന്നു. വണ്ടി ആന്ധ്രയിലൂടെ കടന്നുപോകുമ്പോള്‍ രാത്രി കിടക്കാൻ പോകും മുൻപ് പല്ലു തേയ്ക്കുകയായിരുന്നു. പെട്ടെന്ന് ആരോ പിറകിലൂടെ വന്ന് എന്റെ പേര്‍സ്‌ തട്ടിയെടുത്തു. അയാളെ ഓടുന്നതിൽ നിന്നും തടയാന്‍ ശ്രമിച്ചപ്പോൾ അയാൾ എന്നെ ബലമായി പുറത്തേക്ക് തള്ളിയിട്ടു.
പിന്നെ ഓർമ്മ വരുമ്പോൾ എന്റെ ഇടതുകാൽ നഷ്ടപ്പെട്ടിരുന്നു.. ചെറിയച്ഛൻ പറഞ്ഞാണറിഞ്ഞത് അദ്ദേഹം റെയിൽവേ പോലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തി എന്നെ ആന്ധ്രയിലെ ഒരു പാലിയേറ്റിവ് കെയർ ഹോമിൽ നിന്നും കണ്ടെത്തിയതത്രേ. ഓർമ്മ മുഴുവനായും തിരിച്ചു വരാൻ പിന്നെയും സമയമെടുത്തൂ മെഡിക്കൽ റിപ്പോർട്ടിന്റെ കാണിച്ച് ബാങ്കിൽ വീണ്ടും ജോലിയില്‍ കയറിക്കൂടി.
ഡല്‍ഹിയില്‍ നിന്നും പോന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഞാനും ചെറിയച്ഛനും കൂടി ഭാനുവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. ഗാർഡ് പറഞ്ഞാണറിഞ്ഞത് ഒരു കൊല്ലം മുൻപ് അവൾ അമേരിക്കയിലുള്ള അവളുടെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കിയെന്ന്.
ഈ പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഒരു നീര്‍ക്കുമിള മാത്രമാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് എന്റെ ഒരു കാല്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. ചേരേണ്ടതേ ചേരൂ എന്ന് അച്ഛനും അമ്മയും പറഞ്ഞതിന്റെ പൊരുൾ അപ്പോളാണ് മനസ്സിലായത്.
ഞാൻ തിരിച്ചു നാട്ടിൽ വന്നു. ഇനി ഒരു വിവാഹം വേണ്ട എന്ന് കരുതി ഇരിക്കുമ്പോളാണ് ശാരദ എന്നോട് അവളെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചത്. ഒരു പക്ഷേ ഞാൻ തിരിച്ചറിയാതെ പോയ സ്നേഹം തിരിച്ചറിയാത്തതിന്റെ ശിക്ഷയാവും എനിക്ക് പറ്റിയ അപകടം. ഇപ്പോൾ ഇരുപത്തിമൂന്ന് കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. രണ്ട് മക്കൾ മകന്‍ എഞ്ചിനിയറിംങ്ങിന് പഠിക്കുന്നു. മകള്‍ പ്ലസ്‌ടൂവിനും. രണ്ടു പേരും ഹോസ്റ്റലിൽ ആണ്, ഇവിടെ ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം.
"ഭാനു ഏട്ടനെ തേച്ചിട്ട് പോയി, അല്ലെ ഏട്ടാ .."
ട്രേയിൽ നിന്നും ചായക്കപ്പ്‌ രാധികക്ക് കൊടുക്കുമ്പോൾ ചിരിച്ചുകൊണ്ട് ശാരദ പറഞ്ഞു.
"രാധികേ, ഇവിടെ ഇരുന്ന്‌ ഇവളുടെ മുടിഞ്ഞ പ്രാർത്ഥന ആയിരുന്നില്ലേ പിന്നെങ്ങിനെ ഭാനുവിന്റെ മനസ്സ് മാറാതിരിക്കും " ശ്യാമും ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.
"അതുപോട്ടെ , ഞാൻ നിന്നേപ്പറ്റി ഒന്നും ചോദിച്ചില്ല " ശ്യാം എന്നോട് ചോദിച്ചു
"ശ്യാം പോയി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അച്ഛന് കൽക്കത്തയിലേക്ക് മാറ്റമായി. ഒരു കൊല്ലത്തിനുള്ളിൽ എന്റെ വിവാഹവും കഴിഞ്ഞു.
അവിടെ നിന്ന് ജോലിയിൽ നിന്നും വിരമിച്ചപ്പോൾ അച്ഛനും അമ്മയും
നാട്ടില്‍ വന്നു സ്ഥിരതാമസമാക്കി."
" കുടുംബം.... ?"
" ഭർത്താവ് രവി ഗൾഫിലാണ്. രണ്ട് മക്കൾ. മകനും മകളും . ഇവനാ മൂത്തത്. താഴെ വിദ്യ,. അവൾക്ക് പതിനെട്ട് വയസ്സായി. ഞാന്‍ ഇപ്പോള്‍ നാട്ടില്‍ തന്നെ ആണ്, ഇവരുടെ പഠിത്തവും പിന്നെ അമ്മയും ഒറ്റക്കല്ലേ. "
"അവരേം കൂടി കൊണ്ട് വരായിരുന്നില്ലേ.." ശ്യാം ചോദിച്ചു. .
"ഇപ്പോ ശ്യാമിനെ അന്വോഷിച്ച് വന്നതല്ലേ. അടുത്ത മാസം രവിയേട്ടൻ വരും അപ്പോൾ എല്ലാവരുംകൂടി വീണ്ടും വരാം "
ശാരദയൊരുക്കിയ വിഭവസമൃദ്ധമായ ഊണ് കഴിച്ചു. പിന്നെ കുറേ നേരം അവരുടെ കൂടെ ഇരുന്ന് പഴയ കഥകൾ അയവിറക്കി സമയം പോയതറിഞ്ഞില്ല.
ഇറങ്ങാൻ സമയമായെന്ന് വിഷ്ണു ഓർമ്മപ്പെടുത്തി.
"രാധികേ, ബസ്റ്റോപ്പില്‍ ഞാന്‍ വരുന്നില്ല, ശാരദ വിടും, കാറില്‍ വലിഞ്ഞു കയറണ്ടേ ഞാൻ .."
"വേണ്ട ശ്യാം, ഞാന്‍ ശാരദയുടെ കൂടെ പോയ്ക്കോളാം"
യാത്ര പറഞ്ഞിറങ്ങുമ്പോൾ ശ്യാമിന്റെ അമ്മ പറഞ്ഞു
" ഭർത്താവ് വന്ന് തിരിച്ച് പോണെന്ന് മുൻപ് മക്കളേം അമ്മേയും കൂട്ടി എന്തായാലും വരണം ട്ടോ. "
ശരിയെന്ന് അമ്മക്ക് വാക്കു കൊടുത്ത് പുറത്ത് വന്നപ്പോഴേക്കും ശാരദ കാർ ഗാരേജില്‍ നിന്നും എടുത്തിരുന്നു. പോകുന്ന വഴി ശാരദ പറഞ്ഞു.
"ചേച്ചിക്കറിയോ, ശ്യാമേട്ടൻ പറഞ്ഞത് സത്യാ, എന്റെ പ്രാർത്ഥനയുടെ കാരണംന്ന്യാ ശ്യാമേട്ടനെ എനിക്ക് തിരിച്ച് കിട്ട്യേ. ഞാൻ ഓർമ്മവെച്ച നാൾ തൊട്ട് ഊണിലും ഉറക്കത്തിലും ശ്യാമേട്ടനെ സ്വപ്നം കണ്ടോണ്ടാ ജീവിച്ചേ. എന്റെ സ്നേഹം ശ്യാമേട്ടൻ തിരിച്ചറിഞ്ഞില്ല. കാല് നഷ്ടപ്പെട്ട ശ്യാമേട്ടനെ മറന്നുകളയാനാണ് എന്റെ വീട്ടുകാർ വരെ പറഞ്ഞത്. പക്ഷേ എനിക്കാവില്ല്യായിരുന്നു . എന്റെ പ്രാർത്ഥന ദൈവം കേട്ടു, ശ്യാമേട്ടനെ ജീവനോടെ കിട്ടീലോ. ആ സ്നേഹമാണ് സൈക്കിൾ ഓടിക്കാൻ പോലും പേടിയായിരുന്ന എനിക്ക് ഇപ്പോൾ കാറോടിക്കാൻ ഉള്ള ശക്തിയായത്."
ബസ്സ് കാത്ത് നിൽക്കുമ്പോൾ കോൺവെന്റിന്റെ മതിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് ശാരദ പറഞ്ഞു "ചേച്ചി ആ മതിലിൽ എഴുതിയ ബൈബിൾ വചനം വായിച്ചുവോ. അതാണ് എന്റെ ജീവിതത്തിലെ സത്യം ."
"ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ."
യാത്ര പറയുമ്പോൾ ശാരദയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, എന്റെയും, ഒരനുജത്തിയേ പിരിയും പോലെ.
******
ഗിരി ബി വാരിയര്‍
16 മാര്‍ച്ച്‌ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo