നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മനനം


രാവിലെ എഴുന്നേൽക്കുമ്പോൾ പതിവായി കിട്ടാറുള്ള ചായ കിട്ടാത്ത ആലസ്യത്തിൽ അവളെ വിളിച്ചു , മറുപടിയൊന്നും കിട്ടാതായപ്പോഴാണ് പിറുപിറുത്തു കൊണ്ട് പുറത്തേക്കിറങ്ങിയത്.... തീൻമുറിയിലെ മേശമേൽ ഇരിക്കുന്ന ചായയെടുത്തു കുടിക്കാൻ നോക്കിയപ്പോഴാണ് കൂടെ ഒരു കത്തും കണ്ടത്...
' പ്രിയപ്പെട്ട ഏട്ടന്,
ഏട്ടന്റെ സങ്കൽപത്തിനോ സ്റ്റാറ്റസിനോ ചേർന്നൊരാളല്ല ഞാൻ...ഒരു കുഞ്ഞിനെ പോലും തരാൻ കഴിയാത്തവളാ ഈ ഞാൻ...എനിക്കൊരിക്കലും അതിനു കഴിയാത്തതു കൊണ്ടു ഞാൻ പോകുന്നു... ഏട്ടന്റെ സങ്കൽപത്തിലും വിദ്യാഭ്യാസത്തിനും യോജിച്ച നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ എന്നാശംസിക്കുന്നു....
എന്ന് കഴുത '

കത്തു മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ...
'കഴുത ' ഞാനവൾക്ക് നൽകിയ പേര്.. ഒരിക്കൽ പോലും ഞാനവളെ കഴുതയെന്നല്ലാതെ വിളിച്ചിട്ടില്ല... അവൾ പോലും അവളുടെ പേര് എന്റെ സ്ഥിരമായ കഴുത വിളി കൊണ്ടു മറന്നു പോയിരിക്കാം..
അവളെന്നെ തോൽപ്പിച്ചു കളഞ്ഞു...
അവളെന്നും അങ്ങനെയാണ്... അവളുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടി എന്റെ ഇഷ്ടങ്ങൾ നിറവേറ്റാറാണ് പതിവ്... അതിനിടയിൽ ഞാൻ അവളുടെ ആഗ്രഹങ്ങൾ എന്താണെന്നു മനസിലാക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം... എന്റെ ഇഷ്ടത്തിനു മാത്രം ഞാൻ വില കല്പ്പിച്ചു.... അവളുടെ ഇഷ്ടങ്ങളെ അറിയാൻ ഞാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല....
ഒരു മനുഷ്യ സ്ത്രീക്ക് നൽകേണ്ട യാതൊരു വിധ പരിഗണനയും ഞാനവൾക്ക് നൽകിയിട്ടില്ല... എന്റെ സന്തോഷങ്ങൾക്ക് കടിഞ്ഞാണിടാൻ വന്ന ഒരു ശത്രുവായി അവളെപ്പഴോ എനിക്ക് മാറി....വിവാഹം കഴിഞ്ഞു അധികമാകുന്നതിനു മുൻപെ തന്നെ അമ്മയുടെ അകാല മരണം , അവളുടെ അപശകുനം കൊണ്ടാണെന്ന ധാരണ എനിക്കവളെ തികച്ചും ഒരു അന്യയാക്കി തീർത്തു...
4 വർഷമായിട്ടും ഒരു കുഞ്ഞു പോലും ജനിക്കാത്തതിന്റെ അമർഷമായിരുന്നു പിന്നീടുള്ള എന്റെ ഓരോ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഞാൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നത്....
വിവാഹത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു നിന്നൊരു ഫോട്ടോ പോലും എടുത്തിട്ടില്ല... കൂട്ടുകാർക്കോ വീട്ടുകാർക്കോ ഒപ്പം മത്സരിച്ചു ഫോട്ടോ എടുക്കുമ്പോൾ അവളെന്നും മാറി നിൽക്കാറാണ് പതിവ്... എന്റെ മനസറിഞ്ഞിട്ടെന്ന പോലെ...
പിഞ്ഞി കീറി പഴകിയ സാരിയുടുത്തു അവൾ നടക്കുമ്പോഴും ഇന്നു വരെ ഞാനവളെ വൃത്തിയായി നടക്കാത്തതിന് കുറ്റപ്പെടുത്തിയതല്ലാതെ ഒരു സാരി പോലും വാങ്ങി കൊടുത്തിട്ടില്ല...
പുതുതായി വാങ്ങിയ ഷർട്ട്‌ അലക്കുകല്ലിൽ അടിച്ചടിച്ചു ബട്ടൻസ് പൊട്ടിച്ചു എന്നു പറഞ്ഞു ശകാരിച്ചതല്ലാതെ , ഞാൻ പോക്കറ്റിൽ മറന്നു വെച്ച പൈസ അവൾ ഭദ്രമായി എടുത്തു വെച്ചതിനു ഒരു പുഞ്ചിരി കൊണ്ട് പോലും ഞാനവൾക്ക് നന്ദി പറഞ്ഞിട്ടില്ല....
വിവാഹത്തിന് ശേഷം അമ്പലത്തിലും വർഷത്തിലോരിക്കൽ അവളുടെ വീട്ടിലും പോകുന്നതല്ലാതെ മറ്റൊരു ലോകം അവൾ കണ്ടിട്ടില്ല... അതിനു ഞാൻ അവസരം കൊടുത്തിട്ടില്ല എന്നു പറയുന്നതാകും ശരി....
കൂട്ടുകാരെയോ വീട്ടുകാരെയോ വിളിക്കാൻ പോലും ഞാനൊരിക്കലും സ്വന്തമായി ഫോണില്ലാത്ത അവൾക്ക് എന്റെ മൊബൈൽ നൽകിയിട്ടില്ല...എന്തെ വിളിക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാൽ അവളെപ്പോഴും ഒഴിഞ്ഞു മാറും... ഞാൻ കൊടുക്കാത്തതു കൊണ്ടാണെന്ന് ആരോടും പരിഭവം പറഞ്ഞിട്ടില്ല....
അമ്മാവന്റെ മകളുടെ കല്യാണത്തിന് പോയി തിരിച്ചു വരുമ്പോൾ ദേഹത്തു ഛർദ്ദിച്ചതിന് അറപ്പോടെ മാറ്റി നിർത്തിയതല്ലാതെ ഒരു ഗുളിക പോലും മേടിച്ചു കൊടുക്കാനുള്ള മനസ് ഞാൻ കാണിച്ചിട്ടില്ല.....
മഴയുള്ള രാത്രിയിൽ കയ്യിൽ ഒരു ടവലുമായി ഉമ്മറത്തു കാത്തു നിൽക്കുന്ന അവളെ ഞാൻ പലപ്പോഴും തൊഴുത്തിൽ നിൽക്കുന്ന കിങ്ങിണി പശുവിന്റെ വയറു നിറഞ്ഞില്ല എന്ന കാരണം പറഞ്ഞു വൈക്കോലെടുക്കാനായി മഴയത്തു പറഞ്ഞു വിടുമ്പോഴും ' ഏട്ടാ എനിക്കു ഇരുട്ട് പേടിയാ .. എന്റെ കൂടെ വരുമോന്ന് ' ഒരിക്കൽ പോലും അവൾ ചോദിച്ചിട്ടില്ല...
മുൻപ് രണ്ടു പ്രാവശ്യം ചോദിച്ചു പരാജയപ്പെട്ടതു കൊണ്ടാകാം അവൾ ഒരിക്കൽ കൂടി ആ ചോദ്യത്തിന് മുതിരാതിരുന്നത്...
എന്റെ ഇഷ്ടവിഭവങ്ങൾ ഭക്ഷണമേശയിൽ ഒന്നൊന്നായി വിളമ്പി വെക്കുമ്പോഴും കറിയിൽ നിന്നും വരുന്ന സ്വാദിനേക്കാൾ സോപ്പോ മുടിയോ പാത്രത്തിൽ പറ്റിപിടിച്ചിരുപ്പുണ്ടോന്ന് നോക്കാനായിരുന്നു എന്നും എനിക്കു തിടുക്കം...
പല രാത്രികളിലും , ഉറക്കം വരാതെയാണോ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൊണ്ടാണോ കട്ടിലിൽ കിടന്നു ഞെളി പിരി കൊള്ളുന്ന അവളെ ചേർത്തു പിടിച്ചു ' എന്താ പറ്റിയതെന്ന് ' സ്നേഹത്തോടെ ചോദിക്കുന്നതിന് പകരം ഉറക്കം നഷ്ടപ്പെടുത്തിയതിലുള്ള സകല ദേഷ്യവും വളരെ ഉച്ചത്തിൽ ഡിജെ വെച്ചു തീർക്കുകയാണ് ചെയ്തിട്ടുള്ളത്...
വിവാഹ വാർഷികത്തിന് ഒരു ചടങ്ങന്ന പോലെ കൂട്ടുകാർക്ക് സൽക്കാരം നൽകിയപ്പോൾ ഞങ്ങളുടെ ആഘോഷത്തിലെ ഒരു കോമാളി മാത്രമായേ ഞാനവളെ കണ്ടിട്ടുള്ളു... അതിനെയെല്ലാം പുഞ്ചിരിയോടെ നേരിടുമ്പോഴും അവളുടെ കണ്ണുകളിലൂടെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ ഞാൻ വക വെച്ചതേയില്ല....
ഉള്ളാകെ വല്ലാത്തൊരു പൊള്ളൽ പോലെ....അവളെ അന്വേഷിക്കാൻ ആരോ ചെവിയിൽ മന്ത്രിക്കുന്നതു പോലെ തോന്നിയിട്ടാണ് അമ്മയുടെ അനുവാദത്തിനായി നിദ്രയിലാണ്ട അമ്മയുടെ അടുക്കലേക്ക് നീങ്ങിയത്...
അമ്മയുടെ അസ്ഥിതറയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഞാനവളെ അനുവദിച്ചിട്ടേയില്ല... പക്ഷെ ഇന്നവസാനമായി വീട് വിട്ടിറങ്ങുമ്പോൾ എന്റെ അമ്മയോട് അവളുടെ സങ്കടങ്ങളെല്ലാം പങ്കുവെച്ചിരിക്കണം... അവിടേക്ക് നീണ്ടു കിടക്കുന്ന കാൽപ്പാടുകളതു പറയാതെ പറയുന്നുണ്ട്... അവളുടെ കണ്ണീരു കൊണ്ടു ആ അസ്ഥി തറ വല്ലാതെ നനഞ്ഞിട്ടുണ്ട്...
അമ്മയുടെ മൗനാനുവാദം വാങ്ങി ബൈക്കെടുത്ത് അവളെ അന്വേഷിച്ചു പോകുമ്പോഴും ഇതുവരെയില്ലാതിരുന്ന സ്നേഹവും ബഹുമാനവുമായിരുന്നു അവളോട്‌.... പാവം.. എല്ലാംകൊണ്ടും സഹിക്കാൻ പറ്റാതെയപ്പോഴായിരിക്കും അവൾ വീട് വിട്ടിറങ്ങിയത്....
തൊട്ടടുത്തായുള്ള റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ കയ്യിലൊരു ബാഗുമായി, കലങ്ങിയ കണ്ണുമായി ഒരു മൂലയിലുണ്ടായിരുന്നു എന്റെ ഭാര്യ..... എന്നെ കണ്ടതും പൊട്ടാനിരുന്ന ബലൂൺ പോലെ അവളുടെ കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു....
ഞങ്ങളുടെ ഇടയിൽ തളം കെട്ടി നിന്ന മൗനത്തിലും കണ്ണുനീരിലുമുണ്ടായിരുന്നു ഒരു ജന്മം മുഴുവൻ പറയാൻ വെച്ചതും ഇനിയൊരു ജന്മം കൂടി പറയാനുള്ളതും...
ഞാനെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയഭാവത്തിൽ നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു..
"നിനക്കാകെ തനിച്ചു പോകാനറിയുന്നത് ഇവിടം വരെയാണെന്ന് എനിക്കറിയായിരുന്നു.... ട്രെയിനിന് കൈനീട്ടി നിൽക്കുന്ന ഏക വ്യക്തിയും നീയായിരിക്കും... കഴുത.. "
ഈ നിമിഷം ഞാൻ വിളിച്ച കഴുത വിളിയിൽ നിറഞ്ഞു തുളുമ്പിയത് ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്യം ആണെന്ന് അവളുടെ മുഖത്തെ സന്തോഷം വിളിച്ചു പറയുന്നുണ്ടായിരുന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot