നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയിലെ രാജകുമാരി - അദ്ധ്യായം 3 🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁 അദ്ധ്യായം 3

കഥയിലെ രാജകുമാരി - അദ്ധ്യായം 3
🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 3
~~~~~~~~~
ശ്രീദേവിയുടെ കുഴിമാടത്തിന്റെ തലക്കൽ സ്ഥാപിച്ചിട്ടുള്ള വിളക്കുതറയിൽ വെച്ച വിളക്കിലെ ദീപനാളത്തിനു അന്ന് പതിവിലും കൂടുതൽ പ്രകാശം ഉണ്ടായിരുന്നു. ആറടി നീളത്തിൽ മണ്ണിൽ കോൺക്രീറ്റ് ഇട്ടു ഉറപ്പിച്ച മാർബിൾ പാളിയിൽ ആലേഖനം ചെയ്തിരിക്കുന്ന ശ്രീദേവിയുടെ ചിരിക്കുന്ന ചിത്രത്തിൽ നോക്കി കൈകൂപ്പി ദിയ നിന്നു.
"ന്റെ മോളേ ദഹിപ്പിക്കരുതെ..... ഞാൻ ഇരിക്കെ എന്റെ മോളേ ചുട്ടെരിക്കരുതേ...." കാതിൽ അമ്മൂമ്മയുടെ കരച്ചിൽ ഇപ്പോൾ കേൾക്കുന്നപോൽ മുഴങ്ങിയപ്പോൾ ദിയ കണ്ണുകൾ അടച്ചു.
കൊച്ചു ദിയ ശ്രീകലയുടെ കാലിൽ കെട്ടിപ്പിടിച്ചു നിൽക്കുകയാണ്. വാതിൽ ചാരിയിട്ട മുറിയിൽ അച്ഛൻ ആകെ ദേഷ്യം പിടിച്ചു നിൽക്കുകയാണ്. അച്ഛന്റെ കൈകളിൽ പിടിച്ചു കെഞ്ചുന്ന അമ്മൂമ്മയും അപ്പൂപ്പനും. മുറിയുടെ മൂലയിൽ കൊച്ചു നിത്യ അരവിന്ദന്റെ കൈകളിൽ ഇരുന്നു പേടിച്ചു കരയുന്നു. അച്ഛൻ ശബ്ദം കുറച്ചു ചീറുകയാണ്.
" ദുർമരണം ആണ്.. കായലിൽ ചാടി ചത്തത്... ദഹിപ്പിക്കണം... ഇപ്പോൾ തന്നെ ചീർത്തു കെട്ടി..... ഇനി മണ്ണിൽ കുഴിച്ചിട്ടു വെറുതെ കൂടുതൽ ചീയിക്കണ്ട.."
"ന്റെ കുട്ടിയല്ലേ ശേഖരാ...., അവൾ ഈ മണ്ണിൽ കിടന്നോട്ടെ... എങ്ങനാടാ ഞങ്ങൾ ജീവിച്ചിരിക്കെ അവളെ കൊള്ളിവെക്കുന്നത്...." അപ്പൂപ്പൻ കരയുകയാണ്. റിട്ടയേർഡ് കേണൽ പി.വാസുദേവൻ മുതിർന്നതിനുശേഷം ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യമായി കരയുകയാവാം.
ഒടുവിൽ അച്ഛൻ വഴങ്ങി... പക്ഷേ നിബന്ധനകൾ വെച്ചുകൊണ്ട്. അടിയന്തിരത്തിനു ശേഷം ഈ വീട്ടിൽ ഒരു നിമിഷം നിൽക്കില്ലത്രേ.. ബാംഗ്ലൂരിൽ സ്ഥിരതാമസം ആക്കുമെന്നു. ദിയയെ പിടിച്ചുവലിച്ചുകൊണ്ടു പോവുമ്പോൾ പിന്നിൽ അമ്മൂമ്മ ബോധം കെട്ടു വീഴുന്നു. എല്ലാം കണ്ട് എന്നാൽ ഒന്നും മനസ്സിലാവാതെ നാലു വയസ്സുകാരി ദിയ കരയുകയാണ്.
"മോളേ... മതി.. വാ വീട്ടിലേക്ക് പോവാം.." തോളിൽ ഒരു കൈത്തലം വീണപ്പോൾ ആണ് ദിയ കണ്ണുതുറന്നത്. അരവിന്ദനും നിത്യയും അവളെ തേടി ഇറങ്ങിയതാണ്.
"വയ്യ ചിറ്റച്ഛാ... വിങ്ങുവാണെന്റെ മനസ്സ്... എനിക്ക് വയ്യ ഇനിയും ഇതിങ്ങനെ നെഞ്ചിലിട്ടു നീറ്റാൻ.. കുഞ്ഞുനാൾ മുതൽ സഹിക്കുവാ..." ദിയ അരവിന്ദനെ കെട്ടിപ്പിടിച്ചു തേങ്ങി.
"എന്താ എന്റെ കുട്ടീടെ സങ്കടം... ? ചിറ്റച്ചനോട് പറയു മോളേ..." അരവിന്ദനും സങ്കടമായി.
ദിയ പെട്ടെന്ന് കണ്ണുകൾ തുടച്ചു. അവളുടെ മനസ്സിൽ എന്തോ ഒരു ആശയക്കുഴപ്പം ഉള്ളതായി അരവിന്ദന് തോന്നി. അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ദിയ ഒന്നും മിണ്ടാതെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു.
അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അരവിന്ദൻ ശ്രീകലയോട് പറഞ്ഞു...
"ശ്രീദേവി ചേച്ചിയുടെ മരണശേഷം ദിയ മോളേ ഇവിടെ നിർത്തിയാൽ മതിയാരുന്നു...."
★★★★★★★★★★★
പിറ്റേന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ദിയ ഉണർന്നത്. ഫോണിലെ ഡിസ്പ്ലേയിൽ തെളിഞ്ഞ രണ്ടു വെള്ളാരംകണ്ണുകളുടെ ചുവടെ "വിവേക് കോളിംഗ്" എന്നുള്ള വാക്കുകൾ കണ്ടപ്പോൾ അവൾ പുതച്ചിരുന്ന പുതപ്പ് മാറ്റി ചാടിയെണീറ്റിരുന്നു.
"ഹലോ... വിവേക്.... സുഖമാണോ....? ദിയ ഒറ്റശ്വാസത്തിൽ ചോദിച്ചു.
"ദിയ....., കാം ഡൗൻ ബേബി... ഇതൊക്കെ ഞാൻ ചോദിക്കേണ്ടത് അല്ലേ.. നീ പറ... നാട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ?" വിവേകിന്റെ ശബ്‌ദം ഒരു കുളിർമഴ പോൽ ദിയയുടെ കാതുകളിൽ പെയ്തിറങ്ങി.
അവനോടു വാതോരാതെ വിശേഷങ്ങൾ പങ്കുവെക്കെ അവൾ സ്വയമറിയാതെ മുഖത്തു ഓരോരോ ഭാവങ്ങൾ വിടർത്തുകയും മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഇടക്ക് ജനൽ അഴികളിൽ തലോടുകയും ചെയ്തുകൊണ്ടിരുന്നു.
സമയം ഒൻപതായിട്ടും ദിയ എഴുന്നേൽക്കാഞ്ഞത് കാരണം അവളെ വിളിക്കാൻ മുറിയിലേക്ക് വന്ന നിത്യ കാണുന്നത് ജനലഴികളിൽ പിടിച്ചു പിന്നോട്ടു ചാഞ്ഞു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടു ഫോൺ ചെയ്യുന്ന ദിയയെ ആണ്. അവൾക്കു ചിരി അടക്കാൻ പറ്റിയില്ല. പിന്നിലെ പൊട്ടിച്ചിരി കേട്ട് ദിയ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ നിത്യ കട്ടിലിൽ ചാഞ്ഞു കിടന്നു ചിരിക്കുകയാണ്.
"ഐ വിൽ കോൾ യൂ ബാക്ക് ഡിയർ... ബൈ..." മറുപുറത്തു നിന്നും വരുന്ന മറുപടിക്ക് കാത്തുനിൽക്കാതെ ദിയ കോൾ കട്ട് ചെയ്ത് ഫോൺ മേശമേൽ വെച്ചു.
"ആരായിരുന്നു ഫോണിൽ... പറയൂ മോളേ.... അമ്പടി കേമത്തി... ബോയ് ഫ്രണ്ട്‌ ആയി അല്ലേ... എന്നിട്ട് എന്നോട് പറഞ്ഞില്ല അല്ലേ.... ദുഷ്ട്ടേ...." നിത്യ ദിയയെ വട്ടംപിടിച്ചു പറഞ്ഞു.
"ഒത്തിരി നാളൊന്നും ആയില്ലെടി പൊട്ടി... ഇത് എല്ലാരോടും പറയാൻ കൂടിയാണ് ഞാൻ ഇങ്ങട് ഓടി വന്നത്..." ദിയ നിത്യയുടെ കവിളിൽ നുള്ളി.
"ഫോട്ടോ കാണിക്ക് ..... ഫോട്ടോ കാണിക്ക്...." നിത്യ കെഞ്ചി.
"നോട്ട് നൗ...." ഒരു കള്ളച്ചിരിയോടെ ദിയ ബാത്റൂമിലേക്കുള്ള വാതിൽ തുറന്നു.
"പേരെങ്കിലും പറയെടി..."
"പേര് പേരക്ക...." കൂടെ ദിയയുടെ പൊട്ടിച്ചിരിയും ബാത്‌റൂമിൽ നിന്നും മുഴങ്ങി.
ദിയയുടെ ഫോൺ എടുത്തു നോക്കിയ നിത്യയെ നോക്കി "എന്റർ യൂർ പാസ്സ്‌വേർഡ്‌" എന്ന അക്ഷരങ്ങൾ കൊഞ്ഞനം കാട്ടി.
"അതേയ്, വേഗം കുളിച്ചൊരുങ്ങി വന്നോളൂ... ഇന്ന് ചക്കംകരി അമ്പലത്തിലെ കൊടിയേറ്റ് ആണ്. മേടത്തിലാണ് ഇവിടെ ഉത്സവം..." ബാത്റൂം ഡോറിലേക്ക് നോക്കി നിത്യ പരിഭവത്തോടെ പറഞ്ഞു.
★★★★★★★★★★★★
ഉച്ചയ്ക്ക് ശേഷം അമ്പലത്തിലെ പ്രസാദമൂട്ടും കഴിച്ചു ഇടവഴികളിലൂടെ മായാതെ നിൽക്കുന്ന നാട്ടിൻപുറനന്മകൾ കണ്ടും ആസ്വദിച്ചും കളിച്ചു ചിരിച്ചു വരികയാണ് രണ്ടു പെൺകുട്ടികൾ.. വല്ലപ്പോഴും വിശേഷ അവസരങ്ങളിൽ സെറ്റും മുണ്ടും ഉടുക്കുന്നതിനാൽ അല്പം ബദ്ധപ്പെട്ടാണവർ നടക്കുന്നത്.
നിത്യക്ക് പിന്നേയും കുറച്ചു പരിചയം ഉണ്ട് സാരിയുടുത്ത്. കോളേജിൽ ഇടക്കിടെ ചില പരിപാടികൾ ഉള്ളപ്പോൾ അവൾ സരിയുടുക്കാറുണ്ട്.
പാവം ദിയ. അവൾ ആളൊഴിഞ്ഞ വഴികളിൽ സെറ്റുമുണ്ട് ഇരു കൈകൾ കൊണ്ടും കണങ്കാലോളം ഉയർത്തിയാണ് നടക്കുന്നത്. നിത്യ കളിയാക്കി ചിരിക്കുന്നുണ്ടെങ്കിലും ദിയ അത് വക വയ്ക്കാതെ നടക്കുകയാണ്.
"നമുക്കീ ഇടവഴി പോവാം.. അപ്പോൾ പാടത്തിന്റെ നടുവിലൂടെയുള്ള വരമ്പേ നടന്നു വീടിന്റെ പിന്നിലെ പറമ്പിൽ എത്താല്ലോ...." ദിയ ഒരു ഇടവഴി തുടങ്ങുന്നിടത്തു നിന്നു ചോദിക്കുകയാണ്.
ഇപ്പോൾ നടക്കുന്ന ഗ്രാവലിട്ട റോഡിലൂടെ നടന്നാൽ പെട്ടെന്ന് വീട്ടിൽ എത്താം. അതിനു പകരം കൊയ്ത്തു കഴിഞ്ഞു ഉണങ്ങിക്കിടക്കുന്ന പാടത്തൂടെ ഇക്കണ്ട വെയിലെല്ലാം പിടിച്ച് അര മണിക്കൂറോളം നടന്നു പോവാനാണ് ദിയ പറയുന്നത്.
ആദ്യം എതിർത്തെങ്കിലും ഒടുവിൽ നിത്യ വഴങ്ങി. പാടത്തിനോട് അടുക്കും തോറും വീടുകളുടെ എണ്ണം കുറഞ്ഞു വന്നു. ഇനി കുറേ ഒഴിഞ്ഞ പറമ്പുകൾ ആണ്. അതിലൊക്കെ നിറയെ കായ്ഫലമുള്ള കേരവൃക്ഷങ്ങളുടെ ഇടയിൽ കപ്പയും പടർത്തിയ പയർ വള്ളികളും ആണ്. ഉണക്ക തേങ്ങാകളും കൊതുമ്പും ഓലയും വീണു കിടക്കുന്ന പറമ്പുകൾ. ചിലതിൽ ഈ ഓലയും മറ്റും ശേഖരിക്കാൻ വന്ന സ്ത്രീകളെയും കാണാം.
പാടത്തിനരുകിൽ ഒരു ഇടിഞ്ഞുതുടങ്ങിയ കെട്ടിടം ഉണ്ട്. പണ്ടത്തെ ഏതോ ഒരു രാജകുടുംബം വസിച്ചിരുന്ന ഒരു കൊട്ടാരം... പണ്ടുകാലത്തെ പ്രതാപം വിളിച്ചോതുന്ന അതിന്റെ പടിപ്പുര ചിതലുകളുടെ വീര്യത്തിനു മുൻപിൽ ഇത് വരെ അടിയറവ് പറഞ്ഞിട്ടില്ല.
നാലു വശത്തേക്കും പരന്നു കിടക്കുന്ന പറമ്പ് നിറയെ കരിയിലകളും ഉണങ്ങിയ മരച്ചില്ലകളും ചിതൽപ്പുറ്റുകളുമാണ്. രുചിയേറും ചക്കയും മാങ്ങയും മറ്റു കായ്കനികളും പക്ഷിമൃഗാധികൾക്ക് വേണ്ടിയെന്ന പോൽ തഴച്ചു വളർന്നു നിൽക്കുന്നു. തീ കത്തിക്കാൻ ഉണക്ക ചുള്ളികൾ തേടി നടക്കുന്ന സ്ത്രീകളാരും ആ പറമ്പിലേക്ക് കയറാറില്ല. ചില താന്തോന്നി ചെക്കന്മാർ അതിരിനോട് ചേർന്നു നിൽക്കുന്ന മാങ്ങയും പേരക്കയും മറ്റും പറിച്ചു തിന്നാറുണ്ട്.
നിത്യക്ക് ഇപ്പോളും ആ കൊട്ടാരവും അതിന്റെ പറമ്പും ഒരു പേടി സ്വപ്നമാണ്. പുതിയ റോഡ് വന്നതിൽ പിന്നെ ആ വഴി അവൾ പോകാറെയില്ല. ആ വഴി പോകേണ്ട ആവശ്യം വന്നാൽത്തന്നെ ആ കൊട്ടാരത്തിന്റെ വശത്തേക്ക് അവൾ നോക്കാറെയില്ല. നോക്കിപ്പോയാൽ തന്നെ മാടിവിളിച്ചുകൊണ്ടു ആ ഉമ്മറത്തു ഒരു വയസ്സൻ തമ്പുരാൻ ഇരിപ്പുണ്ടെന്നോ, നീണ്ട മുടി വിടർത്തിയിട്ടുകൊണ്ടു ഒരു തമ്പുരാട്ടി തന്നെ നോക്കി നിൽപ്പുണ്ടെന്നോ അവൾ ഇന്നും വിശ്വസിക്കുന്നു.
പണ്ട് പാടത്തു കൊയ്യുന്ന സ്ത്രീകൾ സന്ധ്യമയങ്ങിയ ശേഷം ആ വഴി പോയപ്പോൾ ആ കൊട്ടാരത്തിന്റെ ഉള്ളിൽ നിന്നും പറമ്പിലേക്ക് പാറി നടക്കുന്ന തീ ഗോളങ്ങൾ കണ്ടുവെന്നും പാടത്തോട് ചേർന്ന വലിയ കുളത്തിൽ സ്ത്രീകൾ കുളിക്കുന്ന സ്വരം കേട്ടു എന്നുമൊക്കെയുള്ള കഥകൾ തലമുറകൾ കൈമാറി വരുന്നു. എന്തായാലും നാട്ടുകാർ ഒന്നും ആ പറമ്പിലേക്ക് ഇപ്പോഴും കയറാറില്ല. മീൻപിടിക്കാൻ വരുന്ന നാടോടികൾ മാത്രം ഭയമൊന്നും ഇല്ലാതെ ആ കുളത്തിൽ ഇറങ്ങി മുഴുത്ത വരാലിനേയും കാരിയേയും പിടിക്കുകയും പറമ്പിലെ തിന്നാൻ പാകമായുള്ള എല്ലാ ഫലങ്ങളും പറിക്കുകയും ചെയ്യും. ദിയക്കെന്തായാലും നാട്ടിലെ പ്രേതക്കഥകൾ കുട്ടിക്കാലത്തേ മനസ്സിൽ പതിയാത്തത് കൊണ്ട് വലിയ പേടി ഒന്നുമില്ല.
വേനലിലും വറ്റാത്ത ആ കുളത്തിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന താമരയും ആമ്പലും. ആ കുളത്തിനോട് ചേർന്നുള്ള വലിയ വരമ്പിലൂടെ നടന്നു വേണം പാടത്തേക്കിറങ്ങാൻ. കയ്യെത്തും ദൂരത്തുള്ള ഒരു താമര പറിക്കാൻ ദിയ കൈ നീട്ടിയതും നിത്യ തടഞ്ഞു...
"വേണ്ട ദിയ... അത് പറിക്കേണ്ട... ഈ കുളത്തിൽ ഒരു അമ്മ മഹാറാണിയും പിന്നീട് വർഷങ്ങൾ കഴിഞ്ഞു അവരുടെ മകളും മരിച്ചു കിടന്നതാ. ആ രാജകുമാരിയുടേത് അപമൃത്യു ആയിരുന്നു. അതിനു ശേഷമാണ് ഈ രാജകുടുംബം നിലംപൊത്തിയത്. വന്നേ... വേഗം വീടെത്താം...."
പേടിയോടെ പാടത്തേക്ക് ഓടിയിറങ്ങുന്ന നിത്യയുടെ പിന്നാലെ ദിയയും ഒപ്പമെത്തി.
"ഏത് രാജകുമാരി....? നിനക്കെങ്ങനെ ഈ പൊട്ടക്കഥകൾ അറിയാം... ഇതൊക്കെ നുണക്കഥകൾ ആവും നിത്യാ... അങ്ങനെ ആണേൽ ഈ നാടോടികളെ രാജകുമാരി പിടിക്കേണ്ടതല്ലേ.... "
"അല്ല... ഇതിൽ ഒരു രാജകുമാരി കൊല്ലപ്പെട്ടു കിടന്നതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്... അമ്മൂമ്മയ്ക്കറിയാം അവരുടെ കഥ... നീ അമ്മൂമ്മയോട് ചോദിക്ക്..." അതും പറഞ്ഞ് നിത്യ പാടവരമ്പിലൂടെ മുന്നോട്ട് നടന്നു.
നിത്യക്കു പിന്നാലെ നടക്കുമ്പോൾ ദിയയുടെ മനസ്സിൽ മുഖമില്ലാത്ത ഒരു രാജകുമാരി ആയിരുന്നു. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു കുളത്തിൽ മരിച്ചുകിടക്കുന്ന ഒരു രാജകുമാരി.
(തുടരും.....)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot