Slider

ദിവ്യ ഗർഭം

1
ദിവ്യ ഗർഭം
അമ്മേ ........ അമ്മേ .........
ഗൗരിയുടെ ഉച്ചത്തിൽ ഉള്ള ആ കരച്ചിൽ ഇപ്പോൾ ഏഴു വയസ്സുകാരി നന്ദൂട്ടിയ്ക്കും ശീലമായിരിക്കുന്നു .... ഭാനുമ്മേ , ചെറിയമ്മേടെ അസുഖം എന്താ ? അതോ ,ചെറിയമ്മയ്ക്ക് മനസ്സിന് സുഖല്ല്യ ,അതെങ്ങനെയാ മനസ്സിന് സുഖല്ലാതെ ആവണ് ,നന്ദൂട്ട്യ നിനക്ക് സ്ക്കൂളിൽ പോകണ്ടേ , വല്യ വല്യ കാര്യങ്ങൾ അന്വേഷിക്കാണ്ട് നീ കുളിക്കാൻ വന്നേ .....
നശിച്ച ആ ഓർമ്മകളുടെ കയത്തിലേക്ക് വീണുപോകാതെ മനസ്സിനെ പിടിച്ചു നിർത്താൻ , ചോദ്യങ്ങളിൽ നിന്നെല്ലാം ഓടിയൊളിക്കാറാണ് പതിവ് ....

പാത്രം കഴുകി കൊണ്ടിരിക്കുമ്പോഴാണ് കോളിങ്ങ് ബെൽ ശബ്ദിച്ചത് ... പത്രത്തിന്റെ പൈസ കൊടുക്കാറായി .പത്രവും കേബിൾ ക്കാരനും അല്ലാതെ ആരും പ്രവേശിക്കാത്ത വീട് ,ആരുമായി ബന്ധം പുലർത്താത്ത വീട്ടുകാർ ... വർഷങ്ങൾ തനിക്ക് വളരെയധികം മാറ്റങ്ങൾ സമ്മാനിച്ചിരിക്കുന്നു, ഭാനു ഓർത്തു ....
പൈസയെടുത്ത് വാതിൽ തുറന്നപ്പോൾ .........
നന്ദൻ ..
നന്ദൻ ......
വാതിലിനു പുറത്ത് ഒരിക്കൽ തന്റെ എല്ലാമെല്ലാമായിരുന്ന നന്ദൻ ..
ഞെട്ടലിൽ നിന്നും വിമുക്തയാവാതെ, അവിടുന്ന് ഒരടി അനങ്ങാൻ സാധിക്കാതെ ,ഒരക്ഷരം സംസാരിക്കാൻ സാധിക്കാതെ മരവിച്ച അവസ്ഥയിൽ താൻ നിന്നു
എന്തിനായിരുന്നു ഭാനു നീ ,എന്നോട് പറയാതെ നാട്ടിൽ നിന്നും പോയത് ...
എത്ര വർഷമായി ഞാൻ നിന്നെ അന്വേഷിച്ച് അലയുന്നു ... നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ ????
നീ വളരെയധികം മാറിയിരിക്കുന്നു ഭാനു ,പണ്ടത്തെ എന്റെ ഭാനു ഇങ്ങനെയായിരുന്നില്ല ...
തന്നെ കെട്ടിപ്പിടിച്ചു കൊണ്ട് നന്ദൻ കരഞ്ഞു ... ഒരു നിമിഷം ഗൗരിയുടെ അലർച്ച തന്നെ സ്വബോധത്തിൽ എത്തിച്ചു ... നന്ദനിൽ നിന്നും ഒഴിഞ്ഞ് മാറിനിന്നു ....
അതെ നന്ദാ ഞാൻ വളരെ മാറി .... പണ്ടത്തെ ഭാനു വല്ല ..
എന്നെ ഇങ്ങനെയാക്കിയത് നന്ദനാണ് ..
ഞാനോ ....
അതെ നന്ദാ ...
അച്ഛൻ മരിച്ചതിനു ശേഷം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത് .... ഞാനും അനിയത്തിയും അമ്മയും ... എന്നേക്കാൾ പത്തു വയസ്സു താഴെയുള്ള ഗൗരിയായിരുന്നു എന്റെയും അമ്മയുടേയും ഏറ്റവും വലിയ സന്തോഷം .. അവൾക്ക് രണ്ടമ്മമാരാണെന്നാണ് അവൾ പറയുക .....
നമ്മുടെ പ്രണയം ,നന്ദന് നല്ല ഒരു ജോലി കിട്ടിയിട്ട് പറയാം എന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ ... നന്ദന് ഗൾഫിൽ നല്ലൊരു ജോലി കിട്ടി എന്ന വാർത്ത എന്നെ വളരെയധികം സന്തോഷിപ്പിച്ചു ... പോകുന്നതിന്റെ തലേ രാത്രി എന്നെ കാണണമെന്ന് നന്ദൻ വാശി പിടിച്ചപ്പോൾ ,ഇനി കുറെ നാൾ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എനിക്കും എതിരു പറയാൻ പറ്റിയില്ല.
പിറ്റേന്ന് ഗൗരിയ്ക്കു എക്സാം ആയതു കൊണ്ട് അവൾ വൈകിയാണുറുങ്ങുക എന്ന് പറഞ്ഞപ്പോൾ നന്ദന്റെ സുഹൃത്തിന്റെ ഉപദേശപ്രകാരം സ്ലീപിങ്ങ് പിൽസ് പാലിൽ കലക്കി കൊടുത്തതും ഈ പാപിയുടെ കൈ കൊണ്ടാണ് ...
സുഹൃത്തിനെ കാവൽ നിർത്തി നമ്മൾ അന്ന് ഒരു പാട് സംസാരിച്ചു അല്ലേ നന്ദാ ... നമ്മുടെ പ്രണയത്തെക്കുറിച്ച് ,സ്വപ്നങ്ങളെക്കുറിച്ച് ,വിവാഹത്തെക്കുറിച്ച് മണിക്കൂറുകൾ പോയതറിഞ്ഞില്ല അല്ലേ ... ഒടുവിൽ പിരിയുമ്പോൾ നെറുകയിൽ ഒരു ചുംബനം തന്നിട്ട് നന്ദൻ പറഞ്ഞു കാത്തിരിക്കണം എന്ന് ....കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു നന്ദാ .... എത്ര കാലം വേണമെങ്കിലും ....
നിന്നോട് യാത്ര പറഞ്ഞ് മുറിയിലേക്കു ചെല്ലുമ്പോൾ ഞാൻ കണ്ടത് നിന്റെ സുഹൃത്ത് എന്റെ മുറിയിൽ നിന്നും ഇറങ്ങി ഓടുന്നതാണ് ... എന്റെ അനിയത്തിയെ അവൻ ...... ഞാൻ തന്നെ എന്റെ കൈ കൊണ്ട് കലക്കി കൊടുത്ത ഉറക്കമരുന്ന് അവളുടെ ,അല്ല ഞങ്ങളുടെ ജീവിതങ്ങൾ തകർക്കുമെന്ന് ഒരിക്കലും അറിഞ്ഞില്ല ..
ഒന്നുമറിയാതെ അവൾ അപ്പോഴും മയങ്ങുകയായിരുന്നു
അപമാനഭാരം കൊണ്ടൊ ,കുറ്റബോധം കൊണ്ടോ ഞാനാരോടും ഒന്നും പറഞ്ഞില്ല .
ആ നടുക്കത്തിൽ നിന്നും ഞാൻ മോചിതയായി വരുമ്പോഴാണ് , ആ സത്യം അറിഞ്ഞത് .വയറു വേദനയായി അനിയത്തിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയ അമ്മ വീട്ടിലെത്തിയത് കരഞ്ഞ് കൊണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച് അനിയത്തിയെ ഒരു പാട് ഉപദ്രവിച്ചപ്പോഴും ,ഒന്നുമറിയാതെ ആ പാവം നിലവിളിച്ചപ്പോഴും ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ....
ഞാനായിരുന്നു അമ്മേ തെറ്റുകാരി എന്ന് .....
മാതാവിനു ഉണ്ണിയേശു ഉണ്ടായതു പോലെ എനിക്കും ദിവ്യ ഗർഭം ആകും അമ്മേ എന്ന് നിഷ്കളങ്കമായി പറഞ്ഞപ്പോൾ അമ്മ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു .പിറ്റേന്ന് രാവിലെ എല്ലാം പറയാനായി ധൈര്യം സംഭരിച്ച് ചെന്നപ്പോൾ ,അമ്മ എണീറ്റിരുന്നില്ല ,ഗൗരിയെ ചേർത്ത് പിടിച്ച് ഉറങ്ങുകയായിരുന്ന അമ്മയെ ആദ്യം ഉണർത്താൻ തോന്നിയില്ല .കുറ്റബോധം കൊണ്ട് മനസ്സ് പൊട്ടി പോകും എന്നായപ്പോൾ അമ്മയെ വിളിച്ചു .... അമ്മ ഒരിക്കലും ഉണരാത്ത ദീർഘമായ ഉറക്കത്തിലേക്ക് പോയിരുന്നു നന്ദാ ....
ആ പാവത്തിന് ഇത്രയും ദു:ഖം സഹിക്കാൻ ഉള്ള ശേഷി ഇല്ലായിരുന്നു .... ആ മരവിച്ച കൈകൾ അപ്പോഴും ഗൗരിയെ ചേർത്ത് പിടിച്ചിരുന്നു.
അന്ന് തൊട്ട് ഗൗരി ഇങ്ങനെയാണ് ..... അമ്മയുടെ മൃതദേഹത്തിൽ നിന്നും ബലം പ്രയോഗിച്ചാണ് ഗൗരിയെ മാറ്റിയത് ...
എല്ലാവരുടേയും ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം ഒറ്റപ്പെടുത്താനും ,കുറ്റപ്പെടുത്താനും തുടങ്ങിയപ്പോൾ ,ജീവിതമവസാനിപ്പിക്കാൻ തിരുമാനിച്ചതാണ് .പക്ഷെ ഞാൻ സ്വയം എനിക്കു വിധിച്ച ശിക്ഷയാണ് നീറി, നീറിയുള്ള ഈ ഒറ്റപ്പെട്ട ജീവിതം ....
എന്റെ നന്ദൂട്ടിയാണ് എന്നെ പഴയ ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത് . നന്ദാ എന്റെ മോൾക്ക് ഞാനിട്ടിരിക്കുന്നത് നിന്റെ പേരാണ് .......
ഭാനൂ ...
ഞാൻ ,ഞാനൊന്നും അറിഞ്ഞിരുന്നില്ല ....
ഞാനുണ്ട് ഭാനൂ ഇനി .... സന്തോഷമായാലും, ദു:ഖമായാലും ഇനി നീ തന്നെയല്ല ... ഞാനുണ്ട്.. നമുക്ക് ഒരുമിച്ച് അനുഭവിക്കാം ....
വേണ്ട നന്ദാ .... ഗൗരിയും നന്ദയും മാത്രമുള്ള ലോകമാണ് ഇനിയെന്റേത് ..... വേറെയാരും, ആരും വേണ്ട .....
നന്ദനു പോകാം ... ഇനി വരരുത് .....
ഞാൻ പഴയ ഭാനുവല്ല ...... ആവാനും പറ്റില്ല ...
വീണ്ടും നന്ദൂട്ടിയുടെ ,ഗൗരിയുടെ ഒച്ച പാടുകളുടെ ലോകത്തേക്ക് ഭാനു തിരിച്ചു നടന്നു......
രേരു
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo