Slider

#നോവുപൂക്കൾ

0

"ഉമ്മച്ചീ എനിക്ക് കല്യാണം കഴിക്കണം "
"സബിയതാത്താനെപ്പോലെ മുടിയിൽ പൂവൊക്കെ വെച്ചു സ്റ്റേജിൻമേൽ കേറി നിക്കണം "
"അതിനെന്താ കുഞ്ഞൂസേ നമ്മക്ക് വീട്ടിപ്പോയിട്ട് കല്യാണം കഴിക്കാലോ .. ഉമ്മച്ചി മോൾടെ തലയില് നിറയെ പൂ വെച്ച് തരും . "
"വേണ്ട ... എനിക്കിപ്പ തന്നെ കല്യാണം കഴിക്കണം "
കുഞ്ഞൂസ് വാശി തുടങ്ങി.. വാശി പിടിച്ചാൽ പിന്നെ അവളെ വരുതിയിൽ കിട്ടില്ല .. അടുത്തിരിക്കുന്നവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു .. ചിലർ അവളെ നോക്കി അടക്കിച്ചിരിക്കുന്നുണ്ട് ... വരാൻ ഏറെ കൊതിച്ചൊരു കല്യാണം ആയതുകൊണ്ടാണ് കുഞ്ഞൂസുമായി താൻ വന്നത് .. അല്ലെങ്കിൽ വരില്ലായിരുന്നു ഇതുപോലെ ആളുകൾ കൂടുന്നൊരിടത്തേക്കും ...
തസ്നിയ ചങ്കിൽ ഉണർന്നൊരു നോവിനെ കണ്ണിലേക്കു വഴി കാണിക്കാതെ തിരിച്ചയച്ചു ..
കല്യാണം കഴിഞ്ഞ് വർഷങ്ങളോളം കാത്തിരുന്നാണ് കണ്ണിലുണ്ണിയായി തസ്‌നിയക്കും അഫീഫിനും കുഞ്ഞൂസ് ജനിക്കുന്നത് ..
ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും കണ്ണീരും ....
തസ്നിയ ഗർഭിണിയാണെന്നറിഞ്ഞതോടെ അവരുടെ ജീവിതത്തിൽ പുതിയൊരു വസന്തം തളിരിടുകയായിരുന്നു ..
മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും സാഫല്യമായി അവൾ പിറന്നു ..
പിന്നെ ഉത്സവമായിരുന്നു ..
അഫീഫിന് കുഞ്ഞില്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്നായി .. തസ്നിയയും ആസ്വദിക്കുകയായിരുന്നു ജീവിതത്തിലെ ആ അസുലഭ സുന്ദര മുഹൂർത്തങ്ങൾ ...
ലക്ഷ്യ ബോധം കൈവന്ന അഫീഫ് തന്റെ കുഞ്ഞുമോളെയും നെഞ്ചിൽ പതിച്ചു വെച്ച് പ്രവാസലോകത്തേക്ക് ചേക്കേറി .. അവളെ പഠിപ്പിക്കണം .. അവൾക്കു ലോകത്തിലേറ്റവും സുന്ദരമായ ഉടുപ്പുകൾ അണിയിക്കണം ... അവളുടെ വിവാഹം അതിഗംഭീരമായി തന്നെ കൊണ്ടാടണം ..
കിനാവുകൾ അവളെപ്പറ്റി തന്നെയായി ..
എന്നും ഫോണിലൂടെ അവളുടെ ഓരോ ചലനവും തസ്നിയയുടെ വിവരണത്തിലൂടെ അവൻ നെഞ്ചേറ്റുകയായിരുന്നു .
നാളുകൾ അങ്ങനെ ശാന്തമായി ഒഴുകുമ്പോഴായിരുന്നു ആ ദുരന്തം തസ്നിയയുടെ ജീവിതത്തെ തേടി വന്നത് ..
ജോലിക്കിടയിലുണ്ടായ ഒരപകടം അഫീഫിന്റെ ജീവൻ കവർന്നെടുത്ത വാർത്ത അവളെ ഒന്നാകെ തകർത്തു കളഞ്ഞു .. തന്റെ കുഞ്ഞോമനയെയും മാറോടു ചേർത്തവൾ പൊട്ടി പൊട്ടിക്കരഞ്ഞു ..
ഓരോ നിമിഷവും അഫീഫിന്റെ ഓർമ്മകൾ അവളെ അവൻ പോയ ലോകത്തേക്ക് മാടി വിളിച്ചെങ്കിലും തന്റെ കുഞ്ഞൂസിനെ ഓർത്തവൾ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയായിരുന്നു ..
കുഞ്ഞൂസിനെ തന്നെ ഏൽപ്പിച്ചു പോയതാണ് തന്റെ അഫീഫ് .. തന്റെ കുഞ്ഞൂസ് ഒരു കുറവും അറിയാതെ വളരണം .. സ്വയം പാകപ്പെടുത്തിയെടുത്ത മനസുമായി തസ്നിയ ഉയിർത്തെഴുന്നേറ്റു ..
നാളുകൾ പിന്നെയും കൊഴിയാൻ തുടങ്ങി ..
കുഞ്ഞൂസിന്റെ വളർച്ചയിൽ ചില പാകപ്പിഴവുകൾ തസ്നിയ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു .. ശരീരത്തിനൊപ്പം അവളുടെ മനസെത്തുന്നില്ലേ എന്നൊരു സംശയം തസ്നിയയെ വേട്ടയാടാൻ തുടങ്ങി ..
ഭയന്നതു പോലെ തന്നെ തന്റെ കുഞ്ഞിന് പ്രായത്തിനനുസരിച്ച മാനസിക വളർച്ചയില്ലെന്നറിഞ്ഞ നിമിഷം തനിക്കു ചുറ്റും ലോകമേ ഇല്ലെന്നു തോന്നിപ്പോയി അവൾക്ക് .. പരീക്ഷണങ്ങളുടെ കടൽ തന്റെ മുന്നിൽ രൂപപ്പെടുന്നതവളറിഞ്ഞു ..
താനൊരൊറ്റതുരുത്തിൽ അകപ്പെട്ടിരിക്കുന്നുന്നവല്ലോ എന്നവളുടെ നെഞ്ചകം തേങ്ങി ..
കുഞ്ഞൂസ് ഒന്നും അറിഞ്ഞില്ല .. തന്റെ കുഞ്ഞു ലോകത്തിൽ പുറത്തു നടക്കുന്നതൊന്നും വക വെക്കാതെ അവൾ കുസൃതി കാട്ടി നടന്നു .. കുഞ്ഞു കുറുമ്പുകളും അതിലേറെ വാശികളും തസ്നിയയും പതുക്കെ പരിചയിച്ചു തുടങ്ങി .. കരുതലും സ്നേഹവും മാത്രമാണ് തന്റെ കുഞ്ഞൂസിനുള്ള മരുന്നെന്ന് അവൾ വിശ്വസിച്ചു ...
അവിശ്വസനീയതയുടെ കയത്തിൽ നിന്ന് കര കയറിയതിൽ പിന്നെ തസ്നിയ ഒരിക്കലും കരഞ്ഞില്ല .. കൗമാര പ്രായത്തിലും പിച്ച വെച്ച് നടക്കുന്ന കുഞ്ഞിനെപ്പോലെ അവൾ തന്റെ ഓമനയെ ശുശ്രൂഷിച്ചു ..
മാമു തിന്നാൻ കഥ പറഞ്ഞു കൊടുത്തും
തട്ടി വീഴുമ്പോൾ ഓടി ചെന്നെടുത്തും തന്റെ കുഞ്ഞൂസിന്റെ ഓരോ വാശിക്കും കൂട്ടുനിന്നും കുസൃതികളിൽ പുഞ്ചിരിച്ചും അവളും ആ കുഞ്ഞു ലോകത്തിൽ അലിഞ്ഞു ..
ബന്ധുക്കളുടെ കുത്തുവാക്കുകൾക്കും അയൽവാസികളുടെ ആവലാതികൾക്കും ഒരു മാലാഖയെപ്പോലെ പുഞ്ചിരി തൂകിക്കൊണ്ടവൾ ഒരേ ഉത്തരം നൽകി ..
"അള്ളാഹു ഉണ്ട് എന്റെ കൂടെ .. അവൻ എന്നെ പരീക്ഷിക്കുകയാണ് .. ഞാൻ വിജയിക്കുക തന്നെ ചെയ്യും ..."
പക്ഷെ അപ്പോഴും അവൾ ഉള്ളിൽ നെഞ്ച് പൊട്ടിക്കരയുകയായിരിക്കും ..
"റബ്ബേ എന്നെയും മോളെയും ഒരുമിച്ചേ നീ നിന്റടുത്തേക്ക് വിളിക്കാവൂ "എന്ന് പ്രാർത്ഥനയിൽ കേഴുകയായിരിക്കും ...
കാരണം ചുറ്റുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും തന്റെ മകളെ അവജ്ഞയോടെയും അറപ്പോടെയുമല്ലാതെ നോക്കാറില്ല .. അവരെപ്പോലെ എല്ലാം തികഞ്ഞവളല്ല തന്റെ മകൾ എന്നറിയാമെങ്കിലും ഒരു തരം അവഗണനയാണ് അവർക്ക് .. ഏതു നിമിഷവും താളം തെറ്റാവുന്ന മനസേ തങ്ങൾക്കും ഉള്ളുവെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല .. നിഷ്കളങ്കയായ തന്റെ കുഞ്ഞൂസ് ചെയ്തു കൂട്ടുന്ന പരാക്രമങ്ങളെ അവർ നിഷ്കരുണം ശാസിക്കുന്നു ... അവൾക്കെതിരെ ഒച്ചവെക്കുന്നു .. അവളെ അകറ്റിനിർത്തുന്നു..കളിയാക്കിച്ചിരിക്കുന്നു..
തനിക്കു ശേഷം ആര് തന്റെ മകളെ സംരക്ഷിക്കും അതൊരുത്തരം കിട്ടാത്ത സമസ്യയായി പലപ്പോഴും ഹൃദയത്തിൽ ഉയർന്നു വന്നു ...
"ഇലാഹീ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ നീ "എന്നവൾ കരളുരുകി കരഞ്ഞു ...
"ഉമ്മച്ചീ എനിക്ക് മുല്ലപ്പൂ വെക്കണം ..
ഉമ്മച്ചീ ...
എനിക്ക് തല നിറച്ചും വെക്കണം .."
കുഞ്ഞൂസാണ് .. ഇനിയെന്ത് തിരിച്ചങ്ങോട്ട് പറഞ്ഞാലും അവൾ സ്വീകരിക്കില്ല .. എന്ത് ചെയ്യണമെന്നറിയാതെ തസ്നിയ പകച്ചു നിന്നു ...
"അതിനെന്താ മോളൂ മാമൻ തരാമല്ലോ മോൾക്ക് തല നിറച്ചും വെക്കാനുള്ള മുല്ലപ്പൂ"
അപരിചിത ശബ്ദം കെട്ടിടത്തേയ്ക്ക് തസ്നിയ തിരിഞ്ഞു നോക്കി .. ഒരു മധ്യവയസ്കനാണ് ..
"മോള് വാ മാമന്റെ കൂടെ .."
അയാൾ കുഞ്ഞൂസിന്റെ കൈയും പിടിച്ചു പുറത്തേക്കിറങ്ങി .. ഒന്നും മനസിലാകാതെ പിന്നാലെ തസ്നിയയും ..
കുഞ്ഞൂസ് അനുസരണയോടെ അയാൾക്കൊപ്പം പോകുന്നത് കൊണ്ട് തസ്നിയ ഒന്നും മിണ്ടിയില്ല ..
റോഡരികിലെ പൂക്കടയിൽ നിന്ന് അവൾ ആവശ്യപ്പെട്ടത്രയും പൂക്കൾ വാങ്ങിച്ചു കൊടുത്തു അയാൾ തസ്നിയയെ നോക്കി പുഞ്ചിരിച്ചു ..
കുഞ്ഞൂസ് പൂക്കളും കൈയിൽ വെച്ച് തുള്ളിച്ചാടുന്നു ..
"നിങ്ങൾ ആരാ "
തസ്നിയയുടെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിയോടെ അയാൾ മുന്നിലെ ചായക്കടയിലേക്ക് വിരൽ ചൂണ്ടി ..
അവിടെ ഒരമ്മയും അമ്മയേക്കാൾ വളർന്നെന്നു തോന്നിക്കുന്ന മകനും ഇരുന്നു ചായകുടിക്കുന്നു ... പലഹാരം ശ്രദ്ധയോടെ പൊട്ടിച്ച് അമ്മ മകന്റെ വായിൽ വെച്ച് കൊടുക്കുന്നുണ്ട് ...
"എന്റെ ഭാര്യയും മകനുമാ .. നിങ്ങളുടെ മകളെപ്പോലെയാണവനും .. എന്നാൽ ഞങ്ങളുടെ ലോകം തന്നെ അവനാണ് ..."
തസ്നിയയുടെ കണ്ണുകൾ വളരെ പെട്ടെന്ന് ഈറനായി ...
ഒന്നും മിണ്ടാനാവാതെ നിന്ന അവളോട് അയാൾ പറഞ്ഞു ..
"ഇവരെ നമുക്കൊരുമിച്ചു ഒരു കുടക്കീഴിൽ നിന്ന് വളർത്താം .. ഇവരെപ്പോലെ ഒരുപാടു പേരുള്ള ഒരിടത്ത് .. അതവർക്ക് വലിയ അനുഗ്രഹമായിരിക്കും .. എല്ലാം തികഞ്ഞവരുടെ നോട്ടങ്ങളും പരിഹാസങ്ങളും സഹതാപവും ഇവർക്ക് വേണ്ട .. എല്ലാം മറന്ന് സന്തോഷത്തോടെ മാത്രം അവർ ജീവിക്കട്ടെ ...നമുക്കവർക്ക് കാവൽ നിൽക്കാം ... "
"അങ്ങനെയൊരിടമുണ്ടോ ..?"തസ്നിയ അത്ഭുതപ്പെട്ടു .
"ഉണ്ട് " അദ്ദേഹം തുടർന്നു ..
"ഇവർക്കായി മാത്രമായി സ്പെഷ്യൽ സ്കൂളുകൾ ഉണ്ട് ... എന്റെ മകനും അത്തരമൊരിടത്താണ്.. അവിടത്തെ സാഹചര്യങ്ങൾ അവനിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത് ... നിങ്ങളുടെ മകൾക്കും അത്തരമൊരിടം നല്ലതാണെന്ന് ഞാൻ കരുതുന്നു ..."
തസ്നിയ കണ്ണുകൾ തുടച്ചു ... പ്രതീക്ഷയുടെ പുതു നാളങ്ങൾ ആ മിഴികളിൽ തിളങ്ങി ..കരുണയുടെ മറ്റൊരു ലോകം തങ്ങളെ മാടി വിളിക്കുന്നു ... ചിലപ്പോൾ ഒരു പാട് നോവുപൂക്കൾ അവിടെ വാടാതെ പൂത്തു നിൽപ്പുണ്ടാകും ..അവിടെ തന്റെ ഈ കുഞ്ഞു പൂമ്പാറ്റയും പാറി നടക്കട്ടെ നോവറിയാതെ ...
"അതെ ഞങ്ങളുമുണ്ട് .. ജീവിതത്തിന്റെ വ്യഥയെന്തെന്നറിയാത്ത മക്കളുള്ള ഇടത്തേക്ക് .. അവരെ സ്നേഹിക്കുന്ന മനുഷ്യരുള്ള ഇടത്തേക്ക് ..."
അവൾ തന്റെ കുഞ്ഞൂസിന്റെ കൈകൾ മുറുകെ പിടിച്ചു ...
"ഇത് തലയിൽ വെച്ച് താ ഉമ്മച്ചീ ...കുഞ്ഞൂസിന് കല്യാണം കഴിക്കാനാ "
ഒന്നുമറിയാതെ കുഞ്ഞൂസ് ചിണുങ്ങിക്കൊണ്ടേയിരുന്നു ...!
നസീഹ ഷമീൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo