ശരണത്രയം
കഥ
കഥ
കല്യാണത്തിന്റെ ഈവന്റ് മാനേജ്മെന്റെ പാക്കേജില്‍ പത്തുദിവസത്തെ ഹണിമൂണും അടങ്ങിയിരുന്നു. സിങ്കപൂരിലേയ്ക്കും തിരിച്ചും വിമാന ടിക്കറ്റ് ,ഒമ്പതു രാത്രിയും പത്തു പകലും ഹോട്ടല്‍ താമസം, വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് ഗതാഗതസൗകര്യം, അങ്ങനെ ആകര്‍ഷകമായ പലതും പാക്കേജില്‍ അടങ്ങിയിരുന്നു.
പതിനൊന്നാം ദിവസം ഫ്ലാറ്റില്‍ തിരിച്ചെത്തി വിശ്രമിക്കുമ്പോള്‍ മൊബെയിലില്‍ പാക്കേജ് ഏജന്റിന്റെ ആകാംക്ഷാഭരിതമായ അന്വേഷണങ്ങള്‍ തെളിഞ്ഞുമിന്നി.
We hope you enjoyed our wedding package. How would you like to rate us ? Satisfactory ,good ,very good, excellent . ...
Very good .
Fine Thank you.
ഒരു പക്ഷെ, നിങ്ങള്‍ക്കു താത്പര്യമുണ്ടായേക്കാവുന്ന ഞങ്ങളുടെ മറ്റു ചില പാക്കേജുകളെ പറ്റി ഞങ്ങള്‍ നിങ്ങളോടു പറയാം. നിങ്ങളുടെ കുറച്ചു സമയം ഞങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാവുമോ ?
നന്ദി . വളരെ നന്ദി .
സര്‍, നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും മുഴുവന്‍ ജീവിതവും സുരക്ഷിതമാക്കാനുതകുന്ന പല പാക്കേജുകളും ഞങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ വിപണിയില്‍ ഒരു ഹരമായിരിക്കുന്ന Assisted life പാക്കേജിനെ പറ്റി നിങ്ങള്‍ തീര്‍ച്ചയായും കേട്ടിരിക്കും. ജീവിതം മുഴുവന്‍ ഒരു ഹണിമൂണ്‍ പോലെ ആസ്വാദ്യമാക്കുക എന്ന സങ്കല്‍പ്പമാണ് ഈ പദ്ധതിയിലൂടെ ഞങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
വിവാഹിതരായ നിങ്ങളുടെ parental anxietyയ്ക്ക് ഞങ്ങള്‍ വിഭാവനം ചെയ്ത സൊലൂഷന്‍ നിങ്ങള്‍ക്ക് ഇഷ്പ്പെടാതിരിക്കില്ല. ഗര്‍ഭകാലം, പ്രസവം, പ്രസവരക്ഷ, കുട്ടയുടെ ഡേ ഏന്റ് നെെറ്റ് കെയര്‍,ബോര്‍ഡിങ്ങ് സ്കൂള്‍, ഉന്നതവിദ്യാഭ്യാസം , പ്ലേസ്മെന്റ്, തുടങ്ങിയ നിങ്ങളുടെ കുട്ടിയുടെ എല്ലാ ജീവിതഘട്ടങ്ങളും സുരക്ഷിതമാക്കുന്ന ഒരു പാക്കേജ് ആണ് ഇത്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം-- നിങ്ങളുടെ പുരുഷബീജവും സ്ത്രീയുടെ അണ്ഡവും Happy Motherhood Assisted Reproductive centre ല്‍ നിക്ഷേപിക്കുക . നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കൂട്ടി പിറക്കുകയും വളരുകയും ചെയ്യും.ഗര്‍ഭവും ശിശു പരിപാലനവും കുട്ടികളുടെ വിദ്യാഭ്യാസവും നിങ്ങളുടെ കാരീറിനെ ബാധിക്കില്ല, എന്നത് എത്ര രസകരമായ അവസ്ഥയാണ് ,അല്ലെ? കാരീറിന്റെ ഉയരങ്ങളിലേയ്ക്ക് നിങ്ങളെ പിടിച്ചുയര്‍ത്താന്‍ നീട്ടുന്ന ഞങ്ങളുടെ സഹായഹസ്തം ഒരു ജീവകാരുണ്യപ്രവര്‍ത്തനമാണ്. വരൂ.
ഈ പാക്കേജിന്റെ ബോണസ്സായി നിങ്ങളുടെ വാര്‍ദ്ധക്യകാലം സന്തോഷഭരിതമാക്കുന്നതിനുതകുന്ന Assisted living and Assisted termination എന്ന സഹായഹസ്ത പദ്ധതിയും ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യത്തിന് ഊന്നുവടി, മരണവേദനയില്‍ നിന്ന് മുക്തി ,അനായാസേനമരണം...മക്കളുടെ ശുഷ്കാന്തിയോടെ ഞങ്ങള്‍ നിങ്ങളുടെ ജീവിതവും മരണവും ഏറ്റെടുക്കുന്നു.
Assisted birth , Assisted living , Assisted death-- all at affordable price ! ഞങ്ങളുടെ ഈ ശരണത്രയം നിങ്ങള്‍ക്ക് നിരസിക്കാനാവില്ല.
Early bird offer പാഴാക്കരുതേ !
സന്ദേശം വായിചുകൊണ്ടിരുന്ന നവദമ്പതികള്‍ ആനന്ദപുളകിതരായി.. അരയില്‍ കെെയ്ചുറ്റിപ്പിണച്ചിരുന്ന അവര്‍ ഒന്നുകൂടി കൂടിപ്പിണഞ്ഞിരുന്നു.'
''അയാളെ വിളിക്കൂ, ഇന്നു തന്നെ നമുക്ക് ഈ പോളിസിയെടുക്കണം. പ്രാരാബ്ധങ്ങളില്ലാത്ത സ്വതന്ത്രജീവിതം! ഹായ്, എന്തൊരു രസം !'' അവള്‍ മൊഴിഞ്ഞു. അരയിലെ കെട്ടിപ്പിടുത്തം ഒരിക്കിളിയായി കുളിരുകോരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കിടപ്പുമുറിയിലേയ്ക്ക് അപ്രത്യക്ഷരായി. ഇനിയങ്ങോട്ട് എന്നും ഹണിമൂണ്‍ !
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക