Slider

മേൽവിലാസം

0
മേൽവിലാസം
**************
"കേക്കിന്മേൽ പേരെന്താ എഴുതേണ്ടത് മാഡം"
മകന്റെ പിറന്നാളിന്നു വാങ്ങിയ കേക്കില്‍ പേരെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു ബേക്കറിക്കാരൻ.
" അച്ചു "
പേര് അജിത്ത് എന്നാണെങ്കിലും അച്ചു എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് അവന് ഇഷ്ടം.
"എത്രാമത്തെ പിറന്നാളാ മാഡം ?"
"മധുരപ്പതിനെട്ട് " ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
കൌണ്ടറിൽ പണമടച്ച് കേക്ക് കാറിലേക്ക് കൊടുത്തയക്കാൻ പറഞ്ഞ് ഞാൻ കാറിൽ പോയി കണ്ണടച്ചിരുന്നു.
പതിനെട്ടു വര്‍ഷങ്ങള്‍ പതിനെട്ടു ദിവസങ്ങള്‍ പോലെ പോയി. പതിനെട്ടാം പിറന്നാളിന്നു അച്ചു ഒരൊറ്റ സമ്മാനമേ ചോദിച്ചുള്ളൂ, അവന്റെ അച്ഛന്‍ ആരാണെന്നു മാത്രം അറിയണം. അവനോടു ഞാന്‍ എന്ത് പറയും?.
"മാഡം ..."
അപ്പോഴേക്കും ബേക്കറിയിൽ നിന്നും കേക്കുമായി ഒരാള്‍ വന്നു. കേക്ക് വാങ്ങി മുൻസീറ്റിൽ വെച്ച് വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
വീട്ടിലെത്തുമ്പോള്‍ അച്ചു എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
"അമ്മയെന്താ വരാൻ വൈകിയേ, വിളിച്ചിട്ടും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. പേടിച്ചു പോയി."
അപ്പോഴാണ് ശ്രദ്ധിച്ചത് ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു.
"ഞാൻ കേക്ക് വാങ്ങാൻ ജംഗ്ഷനിലെ ബേക്കറിയിൽ ഒന്ന് കയറി."
കാറിന്റെ മുൻസീറ്റിൽ നിന്നും കേക്ക് എടുത്തു അകത്തേക്ക് നടന്നു. എല്ലാ കൊല്ലത്തേയും പോലെ അമ്മയും മകനും മാത്രമായുള്ള മറ്റൊരു പിറന്നാൾ ആഘോഷം.
"അമ്മ എനിക്കൊരു വാക്ക് തന്നിരുന്നു, ഈ കേക്ക് മുറിക്കുന്നത് ആ ചോദ്യത്തിന് ഒരു മറുപടി കിട്ടിയിട്ട് മാത്രം ആയിരിക്കും."
അപ്പോൾ അവൻ മറന്നിട്ടില്ല.
"ഞാൻ ഇപ്പോൾ വല്ല്യ കുട്ടിയായില്ലേ, എനിക്ക് അതൊന്ന് അറിയണം അത്രേള്ളു. അമ്മയെ ഞാന്‍ ഒരിക്കലും വിട്ടുപോവില്ല, ഇത്രയും കാലം ഓരോ അപേക്ഷകള്‍ പൂരിപ്പിക്കുമ്പോളും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അമ്മയുടെ പേരെഴുതി, എല്ലാവരും അച്ഛന്റെ പേർ എഴുതുമ്പോൾ ."
ശരിയാണ്. എന്തിനു ഞാന്‍ അത് പറയാതിരിക്കണം. അച്ചുവിനെ അരികത്തിരുത്തി എന്റെ ഓര്‍മ്മചെപ്പ് അവനു മുന്‍പില്‍ തുറന്നു വെച്ചു. ഞാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അച്ചു എന്റെ കാലില്‍ തലവെച്ച് കിടന്നു, കൊച്ചുകുട്ടിയെപ്പോലെ.
പഴയ കാല ചിന്തകൾ ഒരു സിനിമയിലെന്ന പോലെ മനസ്സിലെ വെള്ളിത്തിരയിൽ വരാൻ തുടങ്ങി.
എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും ഇഷ്ടം തോന്നിയത് വിനുവിനോടാണ്. ആദ്യമായി വിനു എന്നോട് തന്റെ ഇഷ്ടം പറയുന്നത് ഞാൻ ആദ്യവർഷം കോളേജിൽ ചേർന്നപ്പോളാണ്, വിനു അവസാനവര്ഷവും . ഞങ്ങൾ വളരെ അടുത്തു. ഞാനില്ലാത്ത ജീവിതം വിനുവിനും വിനുവില്ലാത്ത ജീവിതം എനിക്കും ചിന്തിക്കാവുന്നതിൽ അപ്പുറത്തായിരുന്നു .
ജോലി കിട്ടിയപ്പോൾ വിനു അച്ഛനെയും. അമ്മയെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണുചോദിച്ചു. ഡാഡിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അങ്ങിനെ വിവാഹം നിശ്ചയിച്ചു .
പക്ഷെ ജീവിതം മാറിമറിഞ്ഞത് തികച്ചും അപ്രതീക്ഷിതമായാണ്.
ഒരു നശിച്ച ശനിയാഴ്ച, കോരിച്ചൊരിയുന്ന മഴയത്ത് ഞാന്‍ നഗരത്തില്‍ പോയി തിരിച്ചു വന്ന് സെന്ററില്‍ ബസ്സിറങ്ങി. ഇരുട്ടാവും മുന്പ് വീടെത്തണമെന്ന് കരുതി മഴ കുറയാന്‍ കാത്തുനില്‍ക്കാതെ വീട്ടിലേക്ക് വേഗം നടന്നു. വിജനമായ അമ്പലവഴി കടന്നു പാടത്തേക്ക് ഇറങ്ങുന്നതിനു മുന്പ് ഒരു കാര്‍ അടുത്ത് വന്നു നിന്നു. കാറിന്റെ ഗ്ലാസ്‌ താഴേയ്ക്കാക്കി. എന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്ന സജുവും, ജോയിയും ആയിരുന്നു അത്. ജോയിയാണ് ഡ്രൈവ് ചെയ്തിരുന്നത്.
എന്തോ പറയാനെന്ന പോലെ സജു കാറിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും കാറിന്റെ ഉള്ളില്‍ നിന്നാരോ പിന്നിലെ ഡോര്‍ തുറന്നു. ഞൊടിയിടയിൽ സജു എന്നെപ്പിടിച്ച് ബലമായി കാറിനുള്ളിലേക്ക് തള്ളിയിട്ട് കോരിച്ചൊരിയുന്ന മഴയിലേക്ക് കാര്‍ ഊളമിട്ടു കുതിച്ചുപാഞ്ഞു. മദ്യത്തിന്റെ രൂക്ഷഗന്ധവും സിഗററ്റിന്റെ പുകയും കാറിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. എന്തോ മണപ്പിച്ചതായി ഓർമ്മയുണ്ട്. കണ്ണുകളിൽ മയക്കം പടരുമ്പോഴാണ് കാറിൽ ഉണ്ടായിരുന്ന മൂന്നാമത്തെയാളെ ഞാൻ ശ്രദ്ധിച്ചത്, കോളേജിലെ മറ്റൊരു സഹപാഠിയായ രാജു.
പിന്നെ ഓർമ്മ വരുമ്പോൾ വഴിയരികിൽ ഒരു പൊന്തക്കാട്ടിൽ കിടക്കുകയായിരുന്നു. എന്റെ ശരീരം മുഴുവൻ നുറുങ്ങുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു. കീറിയ വസ്ത്രങ്ങൾ ശരിയാക്കി പതുക്കെ നടന്ന് മെയിൻ റോഡിൽ കയറി ഒരു വശത്ത് ഇരുന്നു. തല ചുറ്റുന്നുണ്ടായിരുന്നു. രാത്രിയായതിനാൽ ഏതാണ് സ്ഥലമെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
ആ സമയത്താണ് അതിലേ ഒരു കാർ വന്നത്. ദേഹമാസകലം ചെളിയും കീറിയ വസ്ത്രങ്ങളുമായി റോഡിൽ ഇരിക്കുന്ന എന്നെക്കണ്ട് വണ്ടി നിറുത്തി. അയാൾ ഓടി വന്ന് എന്നെ അദ്ദേഹത്തിന്റെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി. എന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. .
എന്നെ കാണാതെ ഡാഡിയും മമ്മിയും ഭയന്ന് നിൽക്കുമ്പോളാണ് അയാളുടെ കാറ് ഞങ്ങളുടെ വീട്ടിന്റെ മുൻപിൽ എത്തിയത്. അയാൾ കാറിൽ നിന്നും ഇറങ്ങി ഓടിപ്പോയി ഡാഡിയോട് എന്തോ സംസാരിച്ച് ഡാഡിയേയും കൂട്ടി കാറിനടുത്തേക്ക് വന്നു. ഞാൻ മെല്ലെ കാർ തുറന്നു വീട്ടിനകത്തേക്ക് പോയി.
കുളിച്ച് കീറിയ വസ്ത്രങ്ങൾ മാറ്റി. ഉണ്ടായ കാര്യങ്ങൾ ഒക്കെ മമ്മിയോട് പറഞ്ഞു, മമ്മി ഡാഡിയോടും.
പിറ്റേന്ന് കാലത്ത് ഡാഡി പറഞ്ഞാണ് അറിഞ്ഞത് എന്നെ വീട്ടിൽ എത്തിച്ചത് ഡാഡി അറിയുന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നുവെന്നും അയാളുടെ പേര് രഘു എന്നാണെന്നും.
കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി ഇത് ആരോടും പറഞ്ഞ് നാണക്കേട് ഉണ്ടാക്കരുതെന്നും ഇങ്ങിനെയൊന്ന് നടന്നതായി ഭാവിക്കാതെ വിനുവിനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാനുമായിരുന്നു ഡാഡിയുടെ ഉപദേശം. ഉപദേശത്തേക്കാള്‍ ആജ്ഞ എന്ന് പറയുന്നതാവും ശരി.
വീട്ടില്‍ എല്ലാം ഡാഡിയുടെ തീരുമാനങ്ങള്‍ ആയിരുന്നു. മമ്മിക്ക് സ്വന്തം കാര്യത്തിനുപോലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അടുക്കളയില്‍ പോലും ഡാഡി എന്ത് ഇഷ്ടപ്പെടുന്നുവോ അത് മാത്രമേ പാകം ചെയ്യുകയുള്ളൂ.
ഡാഡിയുടെ ഉപദേശം കഴിയുമ്പോഴേക്കും രഘു വന്നു. ഡാഡി രഘുവിനോട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു, പക്ഷെ അപ്പോഴാണ് ഡാഡിയ്ക്ക് മനസ്സിലായത് രഘുവിന് ഒന്നും അറിയില്ലായിരുന്നു എന്ന്, അയാൾ കരുതിയിരുന്നത് ഏതോ വാഹനം തട്ടി നിര്‍ത്താതെ ഓടിച്ച് പോയതാണെന്നാണ് ആയിരുന്നു.
ഇത്രയും വലിയൊരു അക്രമം നടന്നിട്ടും പ്രതികരിക്കാതിരിക്കുന്നത്, പ്രത്യേകിച്ചും ആളെ അറിയുന്ന സ്ഥിതിക്ക്, തെറ്റാണെന്നും. പെട്ടെന്ന് തന്നെ ഒരു പരാതി എഴുതിക്കൊടുക്കണമെന്നും മെഡിക്കലും മറ്റും ചെയ്യണമെന്നും പറഞ്ഞു.
രഘു പറഞ്ഞത് ഡാഡിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്നും ഇങ്ങിനെ ഒരു സംഭവം പുറത്തറിഞ്ഞാല്‍ കുടുംബത്തിന്റെ മാനം പോവുമെന്നും പറഞ്ഞു രഘുവിനെ തിരിച്ചയച്ചു.
തിരിച്ചുപോവുമ്പോൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കരുത് എന്ന് ഡാഡി കേൾക്കാതെ രഘു എന്നോട് പറഞ്ഞു.
രഘു പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. വിനുവുമായിട്ട് ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്കാം എന്ന് വിചാരിച്ചു. ഇത്രയും വലിയ ഒരു കാര്യം വിനുവിനോട് പറയാതിരിക്കാൻ പറ്റില്ല. ജീവനെപ്പോലെ സ്നേഹിച്ച വിനു എന്നെ മനസ്സിലാക്കും എന്ന് ഞാൻ വിശ്വസിച്ചു.
പക്ഷേ വിനുവിന്റെ പ്രതികരണം വളരെ നിരാശാജനകമായിരുന്നു. ഒരു സാധാരണക്കാരനായ വിനുവിന് ഇത്തരമൊരു സംഭവം ഉൾക്കൊണ്ട് അതെല്ലാം മറന്ന് ഈ ബന്ധം തന്നെ മുൻപോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇങ്ങിനെയൊരു സാഹചര്യത്തിൽ കൂടെ നിൽക്കുമെന്ന് കരുതിയ വിനു എന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.
വിനുവിനോട് ഇതിനെപ്പറ്റി പറഞ്ഞതിന്നു ഡാഡി എന്നെ കുറെ ശകാരിച്ചു. കേസും കൂട്ടുമായി മുന്‍പോട്ടു പോകാന്‍ ആണ് തീരുമാനമെങ്കില്‍ വീട്ടില്‍ താമസിക്കാം എന്ന ചിന്ത ഉപേക്ഷിക്കാനും പറഞ്ഞു.
നഗരത്തില്‍ താമസിക്കുന്ന ഡാഡിയുടെ സഹോദരിയുടെ അടുത്ത് പോയി അവരോട് ഉണ്ടായ വിവരങ്ങള്‍ ഒക്കെ പറഞ്ഞു. ഞാന്‍ എന്ത് ചെയ്താലും അവര്‍ എന്റെ കൂടെ ഉണ്ടാവും എന്ന ഒരു ഉറപ്പു തന്നു. രഘുവിനെ വിളിച്ച് പരാതി ബോധിപ്പിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങിനെ പരാതി സമര്‍പ്പിച്ച അന്ന് വീട് വിട്ടിറങ്ങി, പിന്നെ താമസം ഡാഡിയുടെ സഹോദരിയുടെ വീട്ടില്‍ ആയി.
എന്റെ പരാതിയിന്മേൽ കേസെടുത്ത് രാജുവിനെയും, സജുവിനെയും, ജോയിയെയും പോലീസ് അറസ്റ്റ് ചെയ്തു രാസപരിശോധനയ്ക്ക് വിധേയരാക്കി ബലാത്സംഗത്തിൽ അവരുടെ പങ്ക് തെളിഞ്ഞു.
ഇതിനിടെ പ്രതിഭാഗം വക്കീൽ ഒരു ഒത്തുതീർപ്പ് നിർദ്ദേശം മുൻപോട്ട് വച്ചു. ഒന്നാം പ്രതിയായ രാജു എന്നെ വിവാഹം കഴിക്കാമെന്നായിരുന്നു അത് അവിടെ വച്ച് തന്നെ ഞാൻ നിരാകരിച്ചു.
ആ സമയത്താണ് ‌ ഞാന്‍ അറിഞ്ഞത് എന്റെ ഉദരത്തില്‍ അവര്‍ ചെയ്ത പാപത്തിന്റെ വിത്ത്‌ മുളച്ചിരിക്കുന്നു എന്ന സത്യം. അതോടുകൂടി കേസിന്റെ കൂടെ ഉള്ള ഓട്ടം മതിയാക്കി.
ഇതിനിടയിൽ പണം വാരിയെറിഞ്ഞു മൂന്ന് പേരും ജാമ്യം നേടി.
രഘു എന്നും ഒരു സഹായമായി കൂടെ നിന്നു. പക്ഷേ എനിക്ക് ഭയമായിരുന്നു ആരെയും വിശ്വസിക്കാൻ. ആരുടെയും സഹായമില്ലാത്ത ജീവിക്കുന്ന എന്നെ രഘുവും മുതലെടുക്കുമോ എന്ന് ഭയന്നു.
ദൈവം കണ്ടറിഞ്ഞു അനുഗ്രഹിച്ചപോലെയാണ് എനിക്ക് പി എസ് സി വഴി സര്‍ക്കാര്‍ നിയമനം ലഭിച്ചത്.
കേസിന്റെ കൂടെ നടക്കാൻ പണവും സമയവും സ്വാധീനവും ഇല്ലാതിരുന്നതിനാൽ കേസ് വഴിമധ്യേ കൈവിട്ടുപോയി. ആ കാലത്ത് മീഡിയ ഇപ്പോഴത്തെപോലെ ശക്തമല്ലാതിരുന്നതിനാൽ കേസ് തേഞ്ഞുമാഞ്ഞു പോയി . പിന്നെയാരും അതിനെപ്പറ്റി ഓർത്തില്ല. ഒരിക്കല്‍ പോലും ഡാഡിയും മമ്മിയും അനുജനും തിരിഞ്ഞു നോക്കിയില്ല.
ഞാന്‍ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ആണ് ദേവകി ചേച്ചിയേയും ഭര്‍ത്താവ് ശങ്കരേട്ടനേയും ആദ്യമായി പരിചയപ്പെടുന്നത്. ദേവകി ചേച്ചി വിരമിച്ചപ്പോൾ ഒഴിഞ്ഞ സീറ്റില്‍ ആണ് ഞാന്‍ പ്രവേശിച്ചത്. എന്റെ കഥകള്‍ എല്ലാം കേട്ടപ്പോള്‍ ചേച്ചിക്ക് വളരെ ദുഃഖം തോന്നി. അവരുടെ വീടിനു സമീപം എനിക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാക്കിത്തന്നതും, പ്രസവം കഴിഞ്ഞ ശേഷം എനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തന്നത് അവരായിരുന്നു. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അവര്‍ അവരായിരുന്നു നിന്നെ നോക്കറുള്ളത്.
ഇതിനിടയിൽ പല പുരുഷന്മാരും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നു. ഭർത്താവില്ലാതെ ജീവിക്കുന്ന ഒരു സ്ത്രീയെ എങ്ങിനെയെക്കെ ചൂഷണം ചെയ്യാൻ സാധിക്കുമോ അതിനെല്ലാം അവർ ശ്രമിച്ചു. വിദേശത്ത് ഭര്‍ത്താവുള്ള സ്ത്രീകളും, വിധവകളും മറ്റും പരപുരുഷബന്ധത്തിനു വീർപ്പുമുട്ടി നില്‍ക്കുന്നവരാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹം തന്നെ നമ്മുക്ക് ചുറ്റും ഉണ്ട്. ചിലർ നിസ്വാർത്ഥമായി സഹായിക്കാൻ വന്നവരാണെങ്കിലും എനിക്കെല്ലാവരെയും ഭയമായിരുന്നു.
എന്റെ ജീവിതം തകർത്തവർ ഇന്ന് നല്ല നിലയിൽ കുടുംബമായി കഴിയുന്നു. അവർ ചെയ്ത തെറ്റിന്ന് ദൈവം അവരെ ശിക്ഷിക്കട്ടെ. എനിക്കും വേണമെങ്കിൽ എല്ലാം മറച്ചുവെച്ച് ആരുടെയെങ്കിലും ഭാര്യയായി സുഖമായി ജീവിക്കാമായിരുന്നു, പക്ഷെ എന്റെ മനസ്സാക്ഷി അതിന് അനുവദിച്ചില്ല. പിന്നെ, അറിയാത്ത ഒരാളെ നീ അച്ഛാ എന്ന് വിളിച്ച് ജീവിക്കുന്നതിലും ഭേദം അച്ഛനില്ലാത്ത കുട്ടിയായി വളരുന്നതാണ് ഞാൻ ഇഷ്ടപ്പെട്ടത്.
"അമ്മക്ക് അവരോട് ദേഷ്യം ഇല്ലേ, കേട്ടിട്ട് എനിക്ക് രക്തം തിളക്കുന്നു. അവരെ വെട്ടിക്കൊല്ലാനുള്ള ദേഷ്യം ഉണ്ട്. " അച്ചു ഇടയില്‍ കയറി പറഞ്ഞു.
" അന്ന് ദേഷ്യം ഉണ്ടായിരുന്നു, ആ ദേഷ്യത്തിനാണ് ഞാൻ കേസിന് പോയത്. പക്ഷേ എന്റെ കൂടെ നിൽക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല, എല്ലാവരും എന്നിൽ നിന്നും അകലുകയായിരുന്നു. എന്റെ നഷ്ടങ്ങളെക്കാൾ വീടിന്റെ അന്തസ്സും നാട്ടുകാരറിഞ്ഞാൽ ഉള്ള മാനക്കേടും ആയിരുന്നു എല്ലാവരുടെയും പ്രശ്നം.
എന്റെ വയറ്റിൽ നീ വളരാൻ തുടങ്ങിയത് മുതൽ ഞാൻ ചിന്തിച്ചത് വളർന്ന് വലുതാവുമ്പോൾ നിന്റെ മേൽവിലാസത്തിൽ ഞാൻ അനുഭവിച്ച പീഡനത്തിന്റെ കറ ഉണ്ടാവരുത് എന്ന് മാത്രം ആയിരുന്നു. അതുകൊണ്ടുതന്നെ പ്രതികാരം ചെയ്യുന്നതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടേയില്ല, അന്നും ഇന്നും. അതൊക്കെ സിനിമയിലെ പറ്റൂ.
ഞാന്‍ സാധാരണ സ്ത്രീ ആണ്. ഇപ്പോള്‍ എനിക്ക് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ, നിന്നെ വളർത്തി ഒരു നല്ല നിലയിലാക്കണം, അത്ര മാത്രം.
എന്റെ ജീവിതം നശിപ്പിച്ച ആ മൂന്നു പേരില്‍ ആരുടെ മകനാണ് നീയെന്നു എനിക്കറിയില്ല, അറിയാൻ ശ്രമിച്ചിട്ടും ഇല്ല. സത്യം പറഞ്ഞാല്‍ നിസ്സഹായായ ഒരു പെണ്ണിനെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയതൊഴിച്ചാല്‍, അവരെ പുരുഷന്മാര്‍ ആയി ഞാന്‍ കണ്ടിട്ടില്ല. അതിലൊരാൾ നിന്റെ അച്ഛനെന്നു പറയുന്നതിനേക്കാൾ അച്ഛനില്ലെന്നു പറയുന്നതല്ലേ നല്ലത് അച്ചൂ.
അച്ചു എന്നെ കെട്ടിപ്പുണര്‍ന്നു എന്നിട്ട് പറഞ്ഞു,
"ശരിയാണ്, ഒരു സ്ത്രീയെ ബലമായി കീഴ്പ്പെടുത്തുന്ന ഒരാളല്ല മറിച്ച് സ്നേഹം കൊണ്ടും പരിചരണം കൊണ്ടും സ്ത്രീയെ കീഴടക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. പുരുഷത്വത്തിന്റെ നിർവചനം അറിയാത്ത ഷണ്ഡന്മാരേക്കാളും , എനിക്ക് സ്ത്രീത്വത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിച്ച ഒരമ്മ മാത്രം മതി, അച്ഛനായും, അമ്മയായും ".
*****
പ്രതികാരം ചെയ്യാൻ പറ്റില്ല എന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും, എല്ലാം അറിഞ്ഞിട്ട് അമ്മക്കുവേണ്ടി എന്തെങ്കിലുമൊന്ന് ചെയ്തില്ലെങ്കിൽ പിന്നെ മറ്റുള്ള പുരുഷന്മാരും ഞാനും തമ്മിൽ എന്ത് വ്യത്യാസം. അമ്മയുടെ സുഹ്യത്തും എനിക്ക് അമ്മാമൻ സ്ഥാനവും നൽകിയ രഘുമാമന്റെ സഹായത്താൽ പണ്ട് കേസ് നടത്തിയിരുന്ന അഡ്വക്കേറ്റിന്റെ ഓഫീസ് കണ്ടുപിടിച്ച് മൂന്ന് പ്രതികളുടെയും വിവരങ്ങൾ ശേഖരിച്ചു.
മൂന്നു പേരുടെയും മേൽവിലാസവും കുടുംബ വിവരങ്ങളും കണ്ടു പിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല, അവർ പഠിച്ച കോളേജിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ഈ വിവരങ്ങൾ എല്ലാവരും പുതുക്കിയിരുന്നു.
മൂന്നു പേരുടെയും പേരിൽ വെവ്വേറെ എഴുതിയ കത്തുകളിലെ ഉള്ളടക്കം ഒന്നു മാത്രം.
"ഒരു സന്തോഷ വാർത്ത അറിയിക്കാനാണ് ഈ കത്തെഴുതുന്നത്, നിങ്ങൾ പ്രസിദ്ധരാവാൻ പോകുന്നു. വർഷങ്ങൾക്കു മുൻപ് എന്റെ അമ്മയുടെ ജീവിതം തകര്‍ത്ത നിങ്ങളും കൂട്ടുകാരും നിയമക്കുരുക്കിൽ നിന്നും അന്ന് വഴുതിരക്ഷപ്പെട്ടു. അമ്മയുടെ വയറ്റിൽ വളരുന്ന എന്റെ ജീവന് സ്വന്തം ജീവിതത്തേക്കാൾ വില കല്പിച്ചതിനാൽ നീതിയുടെ പിന്നാലെ പായാൻ അമ്മയ്ക്ക് പറ്റിയില്ല. ഇന്ന് പത്തൊമ്പത് കൊല്ലം പഴക്കമുള്ള ആ കേസ് അമ്മ വീണ്ടും തുറക്കാൻ തീരുമാനിച്ചു. അന്ന് നിങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ വളരെയധികമുണ്ട് ഇന്ന് നിങ്ങൾക്ക് നഷ്ടപ്പെടാനായി, കാത്തിരിക്കുക.
അജിത്ത് ഊർമ്മിള, S/o ഊർമ്മിള "
ഏതു നിമിഷവും വരാവുന്ന കോടതി നോട്ടീസും, അത് വരുത്തിവെക്കാവുന്ന നാശനഷ്ടങ്ങളും ഓര്‍ത്ത് പേടിച്ചുള്ള ശിഷ്ടജീവിതത്തേക്കാൾ വലിയ എന്ത് ശിക്ഷ ന്യായപീഠത്തിന് അവർക്കായി വിധിക്കാനാവും എന്നോർത്ത് മൂന്നു പേരുടെയും മേൽവിലാസം എഴുതിയ കത്തുകൾ പോസ്റ്റ്ബോക്സിൽ നിക്ഷേപിച്ചു.
Giri B Warrier
04 April 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo