
ക്യാമറ തുറക്കുമ്പോൾ മാറി പോകുന്നവർ.
ചിലർ ഫോട്ടോകളിൽ സ്വയം കാണാൻ
ഇഷ്ടപ്പെടാത്തവർ.
ആ, വേണ്ടെന്നു പറഞ്ഞു മുഖം തിരിക്കുന്നവർ.
ഇനിയുമുണ്ട് ചിലർ.
ക്യാമെറക്കണ്ണുകൾക്കു ഒപ്പിയെടുക്കാൻ
പറ്റാത്തവർ.
അടുക്കളയിലെ ആവിക്കുള്ളിൽ,
മസാലമണത്തിനുള്ളിൽ,
കറിക്കഷണങ്ങൾക്ക് മുന്നിൽ,
സിങ്കിലെ പാത്രക്കൂമ്പാരത്തിനു മുന്നിൽ,
തിരക്കായി പോയവർ.
വിയർപ്പു തുടച്ചു,
മുഖം ഒപ്പി,
മുന്നിലേക്ക് വരുമ്പോൾ...
മിക്കവാറും ക്യാമെറക്കാരൻ
കയറിപ്പോയി കാണും.
അല്ലെങ്കിൽ ഒരു പുതിയ അതിഥി..
അതുമല്ലെങ്കിൽ,
'ഇനിയും കഴിക്കാൻ എടുക്കാറായില്ലേ '
എന്ന് ചോദിക്കുന്ന കാരണവർ.
ചിലപ്പോൾ അവരെ കിട്ടും.
ഫോട്ടോയുടെ ഒരു കോണിൽ.
ചിരി ഇത് മതിയോ എന്നോർത്തു.
അല്ലെങ്കിൽ പകുതി മുഖം.
തിരക്ക് പിടിച്ചു ഓടുന്നതിനിടയിൽ
ഒരു നിമിഷം.
അത്രയുമൊക്കെ കാണൂ.
ശ്വാസം നിലച്ചു,
വെള്ള പുതപ്പിക്കുമ്പോൾ
അന്വേഷിക്കും.
ഫോട്ടോയുണ്ടോ.
തപ്പി പോകും..
പൂപ്പൽ പിടിച്ച ആൽബങ്ങളിൽ...
ബ്ലാക്ക് ആൻഡ് വൈറ്റിൽ
ഒരു ഫോട്ടോ കാണും.
വേറൊന്നും കാണാൻ കൊള്ളുന്നത്
ഇല്ലെന്നു കണ്ട്
ഇത് മതിയെന്ന് പറയും.
അങ്ങനെയങ്ങനെ..
അവസാനത്തെ ഫോട്ടോയിൽ
ഏതോ പ്രായത്തിൽ
ചിരിച്ചിരിക്കും, ചിലർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക