ചുള്ളിക്കമ്പുകള്‍ ഉണങ്ങിയടര്‍ന്നകന്ന് രൂപഭംഗി നഷ്ടപ്പെട്ട കൂട്ടില്‍ അമ്മക്കിളി തനിച്ചിരുന്നു കുറുകി. ആകെ അലങ്കോലമായിരിയ്ക്കുന്നു. അവള്‍ക്ക് വിഷമം തോന്നി. ഇന്നലെ കുഞ്ഞിക്കിളികളാരും കൂട്ടില്‍ തിരിച്ചെത്തിയില്ല. ഈയൊരു ദിവസം അനിവാര്യമെന്നറിയാം. പറക്കമുറ്റിയ കിളിക്കുഞ്ഞുങ്ങളെ കൂട്ടിലിടാനാവുമോ? എന്നാലും. രാത്രി വൈകിയും നക്ഷത്രവെട്ടത്തില്‍ കണ്ണുതുറന്നുറങ്ങാതിരുന്നപ്പോള്‍ ആണ്‍കിളി ഓര്‍മ്മിപ്പിച്ചതാണ്.. സമയമായി, കൂടുപേക്ഷിച്ചു പോകാം. നാളെ തന്നെ.. അല്പം മുമ്പ് പറന്നകലും മുമ്പ് കൊക്കുരുമ്മി വീണ്ടും പറഞ്ഞു.. പോകാം.. നമ്മുടെ സഹയോഗം ഇത്രവരെ മാത്രം.. അങ്ങു ദൂരെ മലഞ്ചെരുവിലേതോ ചില്ലയില്‍ മറ്റൊരു കൂട്ടില്‍.. മറ്റൊരു ജീവിതം.. പോകൂ.. പ്രകൃതിനിയമം തെറ്റിക്കാന്‍ നമുക്കാവില്ല.. നീയും പറന്നകലുക തന്നെ വേണം.. ആകാശകലങ്ങളില്‍ ഒരു പൊട്ടു പോലെ ആണ്‍കിളി മായുന്നതു നിര്‍വ്വികാരയായി നോക്കിയിരിയ്ക്കേ അമ്മക്കിളിയോര്‍ത്തു.. പ്രകൃതിനിയമോ? പ്രകൃതി തന്നെ അമ്മയെന്നിരിയ്ക്കെ ആ സ്നേഹത്തിനും നിയമമോ? അവള്‍ ചിറകു കുടഞ്ഞു കൂനിപ്പിടിച്ചിരുന്നു.
വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഓരോ ചുള്ളിക്കമ്പുകളും ഇലകളും ശേഖരിച്ചത്. ആണ്‍കിളിയുടെ കരവിരുതും കൂടിച്ചേര്‍ന്നപ്പോളാണ് കൂടൊരുങ്ങിയത്. പിന്നെയൊരു തപസ്സായിരുന്നു. ജീവന്റെ , സ്നേഹത്തിന്റെ കണികയൊളിപ്പിച്ച മുട്ടകള്‍ക്കു മേല്‍ പ്രതീക്ഷയുടെ, പ്രാര്‍ത്ഥനയുടെ ചൂടേകി.. കാത്തിരിപ്പിന്റെ ദിനങ്ങള്‍.. എത്ര കരുതലോടെയായിരുന്നു ആണ്‍കിളി കാവല്‍ നിന്നത്! പഴുത്ത പഴങ്ങള്‍ കൊത്തി കൊക്കില്‍ വെച്ചുതന്നതോര്‍ത്തപ്പോള്‍ അമ്മക്കിളിയ്ക്ക് ചെറുചിരി വന്നു. തോടു പിളര്‍ന്ന് ചുണ്ടു പിളുര്‍ത്തിക്കരഞ്ഞ് ഓരോരുത്തരായാണ് അവര്‍ വിരിഞ്ഞിറങ്ങിയത്.. കണ്ണു തുറന്നിട്ടും ചിറകിനടിയില്‍ ഒളിയ്ക്കാനായിരുന്നു അവര്‍ക്കിഷ്ടം. ഏവര്‍ക്കും ഭക്ഷണമെത്തിയ്ക്കാന്‍, കൊക്കില്‍വെച്ചു തീറ്റിയ്ക്കാന്‍ ആണ്‍കിളിയെത്ര ശ്രമപ്പെട്ടു. കാണക്കാണെയാണ് അവര്‍ വളര്‍ന്നത്. എന്തൊരു ബഹളവും വഴക്കും. ഉറക്കെ ശബ്ദമുണ്ടാക്കല്ലെ മക്കളെ എന്നു പറഞ്ഞു തോറ്റു.. ബഹളം കേട്ട് കൂട്ടിലേയ്ക്കെത്തിനോക്കാന്‍ വന്ന കാക്കച്ചിയെ കൊത്തിയോടിച്ചപ്പോള്‍ കൊക്കു മുറിഞ്ഞ നൊമ്പരമോര്‍ത്ത് കിളിയൊന്നു നടുങ്ങി. മരത്തിന്റെ കീഴിലെ പൊത്തില്‍ പാമ്പുണ്ടാവുമോ എന്നോര്‍ത്ത് എന്താശങ്കയായിരുന്നു. ഇളയവന്‍ കുട്ടിക്കുറുമ്പനായിരുന്നു. അവനെപ്പോഴും വിശപ്പാണ്. കീ..കീ.. എന്ന് കരഞ്ഞ് വഴക്കിട്ട് ചിറകുപറ്റിയിരിയ്ക്കും. കൂടിനു പുറത്തേയ്ക്ക് തലയിട്ട് ലോകം കാണലായി പിന്നെ. എത്ര വേഗമാണവര്‍ വളര്‍ന്നത്! ഒരുനാള്‍ തികച്ചും സ്വാഭാവികമെന്നവണ്ണം ആണ്‍കിളിയ്ക്കൊപ്പം ഒരാള്‍ മെല്ല ചിറകു വിരിച്ചു പുറത്തിറങ്ങി. അല്പം പറന്ന് സന്തോഷത്തോടെ തിരിച്ചു വന്നു. അടുത്തയാളും അതുതന്നെ ചെയ്തു. കുട്ടിക്കുറുമ്പന്‍ മടിയനായിരുന്നു. കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് അവനെ തള്ളിയിടേണ്ടിവന്നു. ഒരുനിമിഷം നിശ്ചലനായി അവന്‍ താഴോട്ടു പതിയ്ക്കുന്നതു ചങ്കിടിപ്പോടെയാണ് നോക്കിയത്. അടുത്ത നിമിഷം ചിറകുകള്‍ വീശിപ്പറന്നുയരുന്ന അവനെ അഭിമാനത്തോടെയാണ് നോക്കിനിന്നത്. ദിവസങ്ങള്‍ അധികം നീങ്ങിയില്ല. കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്കു സ്ഥലം തികയുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു. കുറമ്പനപ്പോഴും ചിറകിനടിയിലേയ്ക്ക് നീങ്ങിവരും.. അമ്മക്കിളി ചുറ്റും നോക്കി.. പോകാതെ വയ്യ..
പിന്നെയും മനസ്സു മടിയ്ക്കുന്നു.. അറിയാ ദൂരങ്ങളിലെപ്പോഴെങ്കിലും ദിശ മറന്ന കുഞ്ഞിച്ചിറകുകള്‍ കൂട്ടിലേയ്ക്കുള്ള വഴിയോര്‍ത്താല്‍... അമ്മച്ചിറകിനടിയില്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ കുട്ടിക്കുറുമ്പനൊരു മോഹം തോന്നിയാല്‍.. അമ്മക്കിളി തീര്‍ച്ചപ്പെടുത്തി.. ഇത്തിരിനാള്‍ കൂടി കാത്തിരിയ്ക്കാം..
കൂട്ടില്‍ നിന്നു പുറത്തിറങ്ങി അടുത്തുള്ള കിണറ്റിന്‍ കരയില്‍ ചിരട്ടയിലുണ്ടായിരുന്ന വെള്ളം കുടിച്ചപ്പോള്‍ അമ്മക്കിളിയ്ക്കൊരുന്‍മേഷം തോന്നി. കുറച്ചു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു കൂടൊന്നു ബലപ്പെടുത്തി, അകമൊന്നു വൃത്തിയാക്കി. അങ്ങേപ്പറമ്പില്‍ കശുമാങ്ങ പഴുത്തു നില്‍പുണ്ട്, വേലിപ്പടര്‍പ്പില്‍ മുള്ളിന്‍പഴവും.. കുട്ടിക്കുറുമ്പന് രണ്ടും വലിയ കൊതിയാണ്. നേരം ഉച്ചയാവുന്നേയുള്ളു.. അന്തിമയങ്ങാനൊരുപാടു നേരമുണ്ട്. ചിറകു വീര്‍പ്പിച്ച് പതുങ്ങിയിരിയ്ക്കുമ്പോള്‍ അമ്മക്കിളിയൊരു പാട്ടു മൂളി. കാത്തിരിപ്പും പ്രതീക്ഷയും ഇത്ര ഊര്‍ജ്ജദായകമോ? അടുത്തുവരുന്ന കുഞ്ഞിച്ചിറകടികള്‍ക്കു കാതോര്‍ത്ത് അമ്മക്കിളി കൂട്ടില്‍ തനിച്ചിരുന്നു കുറുകി.
രാധാസുകുമാരന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക