Slider

സൈനബ (കഥ) ജോബി കൈയ്യൂന്നി.

0
Image may contain: 1 person, standing, sunglasses and outdoor

ഊഹിക്കാവുന്നതിൽ വെച്ച് ഏറ്റവും സങ്കീർണവും ദുഷ്കരവുമായത്, സ്ത്രീത്വത്തിന്റെ വിചാരധാരകളാണെന്ന്, ഒരിക്കൽ മോഹനേട്ടൻ ഒരു ചെറുമയക്കത്തിനിടയിൽ ആരോടെന്നില്ലാതെ പുലമ്പുന്നത് ഞാൻ കേട്ടിട്ടുണ്ട്. സ്വാതന്ത്രത്തിന്റെ പുതിയൊരു പുലരി സ്വപ്നം കണ്ടുറങ്ങുന്നവൾ, കൂടെയുറങ്ങുന്ന ഭർത്താവിന്റെ കഴുത്തിന് പാകമായൊരു കുരുക്ക് എന്നെങ്കിലുമൊരിക്കൽ തയ്യാറാക്കി വയ്ക്കാതിരിക്കില്ലന്ന് അയാൾ ഉറപ്പിച്ചു പറയും. പെണ്ണിന്റെ മനോഹരമെന്ന് തോന്നിക്കുന്ന പുഞ്ചിരിക്കുള്ളിൽ അവളൊരു ചതി സൂക്ഷിച്ചു വയ്ക്കുമെന്നും, അത് തിരിച്ചറിയുക എളുപ്പമല്ലന്നും, അത് കൊണ്ട് മനസ്സറിഞ്ഞ് ഒരു പെണ്ണിനെയും സ്നേഹിച്ചു കൂടെന്നും മോഹനേട്ടൻ പലപ്പോഴുമെന്നെ ഉപദേശിച്ചിട്ടുമുണ്ട്.
എങ്കിലുമെനിക്കറിയാം,
സൈനബ, അവളുടെ ഭർത്താവിന്റെ മരണം എപ്പോഴെങ്കിലുമൊരിക്കൽ ആഗ്രഹിച്ചു പോയിരിക്കാം. പക്ഷേ, എന്നെ ചതിച്ചിട്ടില്ല!
ഞാനാണ് ഓടിയൊളിച്ചു കളഞ്ഞത്. എന്നിലെ സദാചാരബോധത്തിന്റെ അൽപ്പത്തരമാണ് അതിന് പ്രേരിപ്പിച്ചത്.
കൗമാരത്തിൽ നിന്നും യുവത്വത്തിലേക്കുള്ള പ്രായത്തിന്റെ പ്രയാണത്തിനിടയിൽ, അച്ഛനും അമ്മയും കൂടെയില്ലാത്ത രാത്രികൾ ഇരുട്ടി വെളുക്കുക സ്വാതന്ത്രത്തിന്റെ വെളിച്ചത്തിലേക്കാണ്. അത്തരം പ്രഭാതങ്ങളിൽ ലോഡ്ജിന്റെ മൂന്നാം നിലയിലെ കുടുസുമുറിക്ക് വെളിയിലുള്ള വരാന്തയിലേക്ക്, കൂടെ താമസിക്കുന്ന മോഹനേട്ടനെ ഉണർത്താതെ എഴുന്നേറ്റ് പോയി ഒരു വള്ളികസേരയിൽ, കൈവരിക്ക് മുകളിൽ കാലുകൾ കയറ്റി വച്ചിരുന്ന് ഒരു ഗോൾഡ് ഫ്ളേക്കിന്റെ വെളുത്ത പുകയുടെ രുചിയും മണവും ആവോളമാസ്വദിക്കുക പതിവായി മാറിയിരുന്നു എനിക്ക്.
താഴത്തെ കാട് പിടിച്ചു കിടക്കുന്ന കൊച്ച് പുരയിടത്തിന് നടുവിലെ കറുത്ത പ്ളാസ്റ്റിക്ക് മേൽക്കൂരയുള്ള ഒറ്റമുറി വീട്ടിലേക്ക് ഒരു ഓട്ടോയിൽ വന്നിറങ്ങിയ പർദ്ദ ധരിച്ച യുവതിയെയും അവരുടെ എളിയിലെ കുഞ്ഞിനേയും ഞാൻ ശ്രദ്ദിക്കുന്നത്, ആ ഇരിപ്പ് ശീലം തുടങ്ങിയതിന്റെ മൂന്നാം ദിനത്തിലായിരുന്നു.
തൊട്ടടുത്ത ദിവസവും, പിന്നീട് പതിവായും ഓട്ടോയും പർദ്ദയും കുഞ്ഞും കൃത്യ സമയങ്ങളിൽ താഴെ പ്രത്യക്ഷപെട്ട് കൊണ്ടിരുന്നപ്പോൾ, അടക്കിവയ്ക്കാൻ കഴിയാതിരുന്ന ഒരു ആകാംഷയുടെ പ്രേരണയാൽ ഞാനെന്റെ മുറിയിലേക്കോടി ചെന്ന് മോഹനേട്ടന്നെ തട്ടിയുണർത്തി.
"മോഹനേട്ടാ... ഒന്നെണീറ്റേ
അതാരാ താഴത്തെ വീട്ടിലേക്ക് എന്നും കാലത്ത് ഓട്ടോയിൽ വന്നിറങ്ങുന്ന ആ പർദ്ദയിട്ട പെണ്ണ്? "
ഒരു ദുസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത് പോലെ, എന്നെ ഭയപ്പെടുത്തും വിധം കണ്ണുകൾ മിഴിച്ച് മോഹനേട്ടൻ ഉണർന്നിരുന്നു. ഞാൻ ചോദ്യമാവർത്തിച്ചപ്പോൾ എന്റെ ആശ്ചര്യഭാവത്തെ തെല്ലും ഗൗനിക്കാത്ത നിസംഗതയോടെ മോഹനേട്ടൻ പറഞ്ഞു.
"ഓഹ്.. അത് !
അത് സൈനബയായിരിക്കും"
"സൈനബയോ? അതാരാ? അവർക്കെന്താ പണി? അവരെവിടെയാ എന്നും രാവിലെയിങ്ങനെ പോയി വരുന്നത്? "
പൂർണമായും ഉറക്കമുണരാതിരുന്ന മോഹനേട്ടന് നേരെ പിന്നെ ചോദ്യങ്ങളുടെ ശരവർഷമാണ് ഞാൻ നടത്തിയത്.
"ആരും തുണയില്ലാത്തൊരു പെണ്ണിന് എന്ത് വീട്? എന്ത് ജോലി? പിന്നെ ജീവിത മാർഗങ്ങൾ അവർ സ്വയം കണ്ടെത്തുമല്ലോ... അത് രാത്രിയാവാം പകലാകാം. എനിക്ക് ബാങ്ക്... നിനക്ക് മരുന്നു കച്ചവടം... സൈനബക്ക് രാത്രിയിൽ കൂട്ട് കിടപ്പ്. അത്രേ ഉള്ളു.
നീ കിടന്നുറങ്ങിയാട്ടെ"
തെല്ലൊരു നീരസത്തോടെ മോഹനേട്ടൻ പറഞ്ഞു നിറുത്തി.
'കൂട്ടുകിടപ്പ്!'
അങ്ങനെ തന്നെയാണയാൾ പറഞ്ഞത്. എന്ന് വച്ചാൽ, മുഖം മാത്രം മറയ്ക്കാത്ത അവളുടെ കറുത്ത വസ്ത്രത്തിനകത്ത് ഞാൻ പ്രതീക്ഷിച്ച ആ സുന്ദരമായ ശരീരം പണം മുടക്കുന്നവന് വിൽക്കാൻ വച്ചിരിക്കുന്നുവെന്ന്!
ഗൗരവത്തിന്റെ ഒരു നേർത്ത ആവരണം പോലുമില്ലാതെ മോഹനേട്ടൻ എനിക്ക് തന്ന മറുപടി എന്റെ ആകാംഷക്ക് തെല്ലൊരു ശമനം പോലുമുണ്ടാക്കിയില്ല. സൈനബയെ കുറിച്ച് കൂടുതലറിയാതെ എനിക്ക് ശ്വാസം മുട്ടുമെന്ന ഘട്ടത്തിൽ, ഞാൻ വീണ്ടും മോഹനേട്ടനെ തട്ടിയുണർത്തി.
"നേരം വെളുത്തു മോഹനേട്ടാ.. നമുക്ക് നടക്കാൻ പോവ്വാം"
എന്നും കാലത്ത്, പയ്യാമ്പലത്തേക്ക് ഞങ്ങൾ നടത്താറുള്ള പ്രഭാതസവാരിക്ക് ലോഡ്ജിന്റെ പുറത്തേയ്ക്കിറങ്ങവേ, ഞാൻ സൈനബയുടെ വീട്ടിലേക്ക് നോക്കി. പ്രഭാതഭക്ഷണമുണ്ടാക്കുവാനുള്ള അടുപ്പ് കൂട്ടിയതാവാം. ആ വീടിന്റെ മേൽക്കൂരയുടെ വശങ്ങളിലൂടെ പുകയുയരുന്നുണ്ടായിരുന്നു. തുടക്കത്തിലെ മൗനം മെല്ലെ മടുപ്പിന്റെ കിതപ്പിന് മാത്രം വഴി മാറാറുള്ള ഞങ്ങളുടെ പ്രഭാത യാത്ര അന്ന് സൈനബയുടെ പേരിൽ വാചാലമായിരുന്നു. എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മോഹനേട്ടൻ അയാൾക്കറിയാവുന്ന സൈനബയുടെ കഥ പറഞ്ഞു.
"വയനാട്ടിലെവിടെയോ ആണ് അവളുടെ വീട് ......."
കാസർഗോടോ മറ്റോ ഉള്ള ഒരു രാജൻ സൈനബയുടെ വീടിനടുത്ത് മരക്കച്ചവടത്തിന് പോയതാണത്രേ . കടുത്ത ദാരിദ്രത്തിൽ കഴിഞ്ഞിരുന്ന സൈനബയുടെ ഉപ്പ, രാജന്റെ സഹായിയായി കൂടെ കൂടി. ക്രമേണ സൈനബയുടെ വീട്ടിൽ നിത്യസന്ദർശകനായിത്തീർന്ന രാജൻ, അവളുടെ മുൻപിൽ അവതരിപ്പിച്ച പ്രണയ പരവശതയിൽ വിശ്വസിച്ച് , അതിന്റെ തീവ്രതയോട് മുഖം തിരിക്കാനാവാതെ വീട് വിട്ടിറങ്ങി, ഒരു ആൺകുട്ടിയുടെ അമ്മയായതിനു ശേഷം വിധവയാക്കപ്പെടുകയും ഒടുവിൽ തെരുവിലേക്കിറങ്ങേണ്ടിയും വന്നു സൈനബക്ക്.
അത്ര മാത്രമേ മോഹനേട്ടറിയൂ.
" ഇനിയുമറിയണമെങ്കിൽ അവളോട് തന്നെ ചോദിക്കണം"
എന്റെ എല്ലാ അന്വേഷണങ്ങളും ഇനി സൈനബയിലേ ചെന്നവസാനിക്കാവൂ എന്ന് അന്നത്തെ നടത്തത്തിനവസാനം ഞാനുറപ്പിച്ചിരുന്നു. നേരിട്ട് അവളുടെ വീട്ടിലേക്ക് കയറിച്ചെന്ന് "സൈനബാ, നിനക്കെന്താണ് സംഭവിച്ച"തെന്ന് ഒന്നുറക്കെ ചോദിക്കാൻ ഞാനാഗ്രഹിച്ചു.
പയ്യാമ്പലത്ത് നിന്ന് മടങ്ങവെ, സവോയ് ബാറിൽ കയറിയിറങ്ങി വരാറുള്ള മോഹനേട്ടനെ വെളിയിലെന്നും കാത്തിരിക്കാറുള്ളതിന്റെയും ഒരുമിച്ചൊരു മുറിയിൽ താമസിക്കുന്നതിന്റെയും സ്വാതന്ത്രത്തിലും, മദ്യപിച്ച് കഴിഞ്ഞാൽ മോഹനേട്ടൻ പ്രകടിപ്പിക്കാറുള്ള അമിത വാൽസല്യത്തിലും വിശ്വസിച്ച് ഞാൻ ചോദ്യങ്ങളാവർത്തിച്ചു കൊണ്ടിരുന്നു.
" നമുക്ക് ചോദിച്ചാലോ മോഹനേട്ടാ
നിങ്ങളോട് അവള് മിണ്ടാറുണ്ടോ?
എന്നെ ഒന്നു പരിചയപ്പെടുത്താമോ?"
"ഇന്ന് വേണ്ട നാളെയാവട്ടെ. ആദ്യമായൊരു വീട്ടിൽ മദ്യപിച്ച് കയറിച്ചെല്ലുന്നത് ശരിയല്ല ''
ഞാനൊരിക്കലും പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല അത്. എന്റെ ആഗ്രഹം മോഹനേട്ടൻ പുച്ഛിച്ചു തള്ളിക്കളയുമെന്നാണ് ഞാൻ കരുതിയത്. ഇരുട്ടിന്റെ മറവിൽ 'കൂട്ടുകിടപ്പിന്' പോകാറുള്ള സൈനബയെ ഞാനെന്തിനാണ് പരിചയപ്പെടുന്നതെന്നോ, അവളുടെ കഥയറിയാൻ എനിക്കെന്താണിത്ര ആകാംക്ഷയെന്നോ മോഹനേട്ടൻ ചോദിച്ചില്ല.
അതങ്ങനെയാണ്.
മോഹനേട്ടൻ ചോദ്യങ്ങളൊരുപാടൊന്നും ഉന്നയിക്കാറില്ല . ഉത്തരങ്ങൾ പക്ഷേ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യും.
പിറ്റേന്ന്, ഞാനൊന്ന് ഓർമ്മിപ്പിക്കുക പോലും ചെയ്യാതെ മോഹനേട്ടൻ വാക്ക് പാലിച്ചു. സവോയ് ബാറിനു മുന്നിലൂടെ തിരിച്ച് നടക്കുമ്പോൾ അയാൾ വഴി മാറി പോവാത്തത് കണ്ട് ഞാൻ ചോദിച്ചു
"ഇന്ന് കേറുന്നില്ലേ?"
"നമുക്കിന്ന് സൈനബയുടെ വീട്ടിൽ പോകേണ്ടേ?
നിനക്ക് പരിചയപ്പെടേണ്ടേ?"
ഞാനയാളെ കെട്ടിപ്പിടിച്ച് ആ വെളുത്ത കഷണ്ടി തലയിലൊരു ഉമ്മ വെച്ചു.
"നിങ്ങളൊരു സംഭവാണ്‌ മോഹനേട്ടാ..."
ലോഡ്ജിനു മുന്നിലെ വീതി കുറഞ്ഞ ടാറിട്ട റോഡിൽ നിന്നും തിരിഞ്ഞ്, രണ്ട് വശത്തും മതിലുകളുള്ള, ഒരു കൊച്ച് ഇടവഴി കടന്ന് വേണം ആ പുരയിടത്തിലെത്താൻ . ആ ഇടവഴിയുടെ രണ്ട് വശത്തും എന്റെ കണ്ണുകൾക്കും മീതേ നിന്ന മതിലുകളായിരുന്നു.
അതിലൊന്ന് ഞങ്ങൾ താമസിച്ച ലോഡ്ജിന്റെ പുതിയതായി വെള്ളഛായം പൂശിയ ചുറ്റുമതിൽ.മറ്റേത് , പൊളിഞ്ഞു വീഴാറായ ഒരു ഓടിട്ട കെട്ടിടത്തിന്റെ ഭിത്തി. ഇടവഴിയിൽ അവിടവിടെയായി പൊട്ടിയ ഓടിൻ കഷണങ്ങൾ ചിതറിക്കിടന്നു. ഓടിട്ട കെട്ടിടത്തിന്റെ ഭിത്തിയിലൂടെ വെള്ളം ചോർന്നിറങ്ങി കട്ടിയുള്ള പച്ചപ്പായൽ വളർന്ന് നിറഞ്ഞിരുന്നു. ആ പായലിന് മീതേ കൈയ്യോടിച്ച് നടന്ന എന്റെ ഉള്ളംകൈ അതിന്റെ മാർദ്ദവ മേനിയെ അന്ന് മുതൽ പ്രണയിച്ച് തുടങ്ങി!
ആ പുരയിടത്തിന് ചുറ്റും ഏതോ കാലത്ത് നിർമ്മിക്കപ്പെടുകയും പൊട്ടിപ്പൊളിഞ്ഞ് പോവുകയും ചെയ്ത കൽഭിത്തിയുടെ, ഒരാൾക്ക് മാത്രം കടന്നു പോകാവുന്ന വിടവിലൂടെ ഞങ്ങൾ കടന്ന് വരുന്നത് കണ്ട് വീടിന് പുറത്തേക്കിറങ്ങിയ സൈനബ, മോഹനേട്ടനെ നോക്കി ചിരിച്ചു. തെല്ലൊരു സംശയ ഭാവത്തിൽ എന്നെയൊന്ന് നോക്കുകയും , ഉടൻ തന്നെ ആ നോട്ടം പിൻവലിക്കുകയും ചെയ്തു.
"ങ്ങ്ളെന്താ ഈടെ?"
"ഇവന് നിന്നെയൊന്ന് പരിചയപ്പെടണം പോലും. നിന്റെ നാട്ടുകാരനാ. ഓരാഴ്ച്ചയെ ആയുള്ളൂ വന്നിട്ട്"
" എന്നേയ്? എന്തിന്?"
എന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് സൈനബ ചോദിച്ചു. എന്റെ നേർക്ക് പാലരുവി കണക്കെ ഒഴുകി വന്ന ആ പുഞ്ചിരി പകർന്ന അനുഭൂതിയിൽ ഞാനൊന്ന് കണ്ണുകളടച്ച് തുറന്നു. അത്രയും വശ്യമായൊരു ചിരി ഞാനത് വരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഇത്രയും സുന്ദരമായൊരു മുഖമാണ് അവളുടെ കറുത്ത വസ്ത്രത്തിനുള്ളിൽ മറച്ച് വെച്ചതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു.
ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചുദിച്ചു നിന്ന ഒരു തെളിഞ്ഞ ആകാശം, അല്ലെങ്കിൽ പതിനായിരം പൂക്കൾ ഒരുമിച്ച് വിടർന്ന് നിന്ന ഒരു പൂന്തോപ്പ് , അതുമല്ലെങ്കിൽ എഴുപതിനായിരം നിറങ്ങൾ ചാലിച്ചെഴുതിയ ഒരു മഴവില്ല്. ഇവയൊന്ന് പോലും അവളുടെ മുഖം കണ്ട എന്റെ കണ്ണുകളെ ഇനി മേലിൽ ആശ്ചര്യപ്പെടുത്തുകയില്ല.
പുരുഷന്റെ ബുദ്ധിയിലെവിടെയോ ഉറങ്ങി കിടക്കുന്ന പ്രണയത്തിന്റെ അതിഭ്രമത്തെ, തട്ടിയുണർത്തുന്ന ഹോർമോണുകൾ അതിന്റെ പ്രവർത്തനം തുടങ്ങുന്ന പക്ഷം അവന്റെ കണ്ണുകൾക്ക്, താൻ ജീവിക്കുന്ന ലോകത്തെ ഏറ്റവും ആനന്ദകരമായ കാഴ്ച്ചയാവും ഒരു പെണ്ണിന്റെ മുഖം.
എന്റെ കണ്ണുകൾക്ക് സൈനബയുടെതെന്ന പോലെ !
ആ മുഖത്ത് നിന്ന് കണ്ണുകൾ പിൻവലിക്കാതെ നിന്ന എന്നിൽ നിന്ന് അവളൊരു മറുപടി പ്രതീക്ഷിച്ചിരിക്കില്ല. അൽപ്പം പഴകിയ ഇളം ചുവപ്പ് നിറത്തിലുള്ളൊരു ചുരിദാർ ധരിച്ചിരുന്ന സൈനബ, തലയിൽ നിന്ന് ഊർന്ന് പോയ തട്ടം മുന്നോട്ട് വലിച്ചിട്ട് കൊണ്ട് ഞങ്ങളെ അകത്തേക്കിരിക്കാൻ ക്ഷണിച്ചു.
കാലപ്പഴക്കം മങ്ങലേൽപ്പിച്ച ചാരനിറത്തിലുള്ളൊരു ഭിത്തി കൊണ്ട് മറയ്ക്കപ്പെട്ടതും ഒട്ടനേകം ചെറു ഗർത്തങ്ങൾ നിറഞ്ഞ സിമന്റ് നിലവുമുള്ള ഒറ്റമുറി മാത്രമായിരുന്നു, ആ വീടിനകത്തുണ്ടായിരുന്നതെങ്കിലും ഐശ്യര്യം തുളുമ്പുന്ന , വൃത്തിയുള്ളൊരു കുടിയിരുപ്പായിരുന്നു സൈനബയുടേത്. ഒരു വശത്ത് ചേർത്തിട്ടിരുന്ന കട്ടിലിൽ , രണ്ട് വയസ് മാത്രം പ്രായം തോന്നിക്കുന്ന ആൺകട്ടി, ഇടയ്ക്കിടെ മുഖത്ത് മാറി മറയുന്ന ഭാവമാറ്റങ്ങളുമായി ഉറക്കത്തിലായിരുന്നു.
ആകെയുണ്ടായിരുന്ന കസേരയിൽ മോഹനേട്ടൻ ഇരുന്നു. കുഞ്ഞുറങ്ങി കിടന്ന കട്ടിലിന്റെ അരികു ചേർന്ന് ഞാനും.
പിന്നിലെ വാതിലിനോട് ചേർന്ന് കൂട്ടിയ അടുപ്പിലാണ് സൈനബ ഞങ്ങൾക്ക് ചായയുണ്ടാക്കി തന്നത്. പുകയുന്ന അടുപ് ഊതിക്കത്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന അവളുടെ കണ്ണുകളിൽ പുകയുണ്ടാക്കിയ കണ്ണുനീർ തങ്ങി നിന്നു. കട്ടിലിലിരുന്നു ഞാനവളുടെ മുഖം കണ്ടു കൊണ്ടേയിരുന്നു.
അവൾ കൺമുമ്പിൽ ഇല്ലാതാകുമ്പോൾ വീണ്ടും വീണ്ടും കാണാൻ ഞാനാ മുഖം മനസ്സിനുള്ളിൽ പതിച്ചിടാനാണ് ശ്രമിച്ചത്.അന്നവൾ അധികമൊന്നും സംസാരിച്ചില്ല. ഞങ്ങളും .
എന്നാൽ, ആ ആദ്യ സന്ദർശനത്തിന് ശേഷം, മോഹനേട്ടനോടൊപ്പമില്ലാതെ, സൈനബയുടെ വീട്ടിലെ നീല നിറത്തിലുള്ള കസേരയിലിരുന്ന് , അവളുടെ ശബ്ദം ഞാനാവോളം കേട്ടു . തട്ടത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന ആ സുന്ദരമായ മുഖം ഞാനാവോളം കണ്ടു. ഞാൻ കേൾക്കാനാഗ്രഹിച്ച കഥ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ശബ്ദത്തിൽ എന്റെ കാതുകളെ ത്രസിപ്പിച്ചും, വേദനിപ്പിച്ചും, ചിലപ്പോഴൊക്കെ ചിരിച്ചു രസിപ്പിച്ചും അവൾ പറഞ്ഞു കൊണ്ടിരുന്നു.
സൈനബയെ കൂട്ടിക്കൊണ്ട് പോകാൻ വൈകുന്നേരം വരാറുള്ള ഓട്ടോക്കാരൻ ചന്ദ്രൻ അവളുടെ രാജേട്ടന്റെ ഇളയച്ഛനാണ് . കാസർഗോഡ് തൃക്കരിപ്പൂരിനടുത്ത് ഉദിനൂർ എന്ന സ്ഥലത്തായിരുന്നു രാജേട്ടന്റെ വീട്. അവിടെ നിന്നും പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാഞ , വീട് വിട്ടിറങ്ങി, കണ്ണൂർ ബസ്റ്റാന്റിൽ എത്തിയപ്പോൾ യാദൃശ്ചികമായി കണ്ടതാണ് ചന്ദ്രനെ . അയാളാണ് അവൾക്ക് താമസിക്കാൻ ആ വീടും, ആദ്യ ദിനങ്ങളിൽ ചിലവിന് പണവും മറ്റും ശരിയാക്കി കൊടുത്തത്.
"ഇളയച്ഛനൊരു പാവ്വാ. ഉദിനൂരാർക്കും അയാളെ കണ്ടു കൂടാർന്നു. അയ്യാക്കും രണ്ട് പെൺകുട്ടികളാ. അവരെ തന്നെ പോറ്റാൻ പാടു പെടുമ്പൊഴാ ഞാനും കൂടെ ...''
രാത്രിയിൽ അയാൾക്കൊപ്പം തെരുവിലേക്ക്, പണം മുടക്കുന്നവന്റെ ആർത്തി മാറ്റാനിറങ്ങിപ്പുറപ്പെട്ടു തുടങ്ങിയ ആ നിമിഷത്തെപ്പറ്റി അവൾ പറയാതെ പറഞ്ഞു.
അവളുടെ കണ്ണുകളിൽ നിന്ന് തുളുമ്പി വീണ കണ്ണുനീർ , അടുപ്പിലെ പുകയുയോ സ്വന്തം ദുരനുഭവങ്ങളുടേയോ നീറ്റലുകൊണ്ടാണെന്ന് പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞതില്ല.
"എന്റെ മുലപ്പാലിന് വലിയ രുചിയാണ് പോലും. ചെറുപ്പത്തിൽ അമ്മിഞ്ഞപാല് വേണ്ടുവോളം കുടിച്ചിറക്കിയവന്മാർക്ക് , അതിന്റെ മധുരം ഓർമ്മ കാണില്ലല്ലോ"
ശരിയാണ്. എനിക്കും ഓർമ്മയില്ല. നമേറ്റവും ആർത്തിയോടെ കഴിച്ചിട്ടുള്ള മുലപ്പാലിന്റെ രുചി ഒരിക്കൽ പോലുമൊന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.
" ചെക്കനെന്താ ആലോചിക്കണെ?
എന്താ ? നിനക്ക് വേണോ?"
ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. മനസ്സിൽ മുളച്ച് പൊന്തിയ പ്രണയം ആ ചോദ്യത്തിന് മറുപടി പറയാനാകാത്ത വിധം ആകാശം മുട്ടെ വളർന്ന് പടർന്നിരുന്നു.
പിന്നീടൊരു ദിവസം, വൈകീട്ട് നേരത്തെ എത്തി ലോഡ്ജിന്റെ റിസപ്ഷനിൽ ബാഗ് വച്ച്, പോകാനൊരുങ്ങുമ്പോൾ കുഞ്ഞിക്കാ ചോദിച്ചു,
" അനക്കിപ്പം ആ തേവിടിച്ചിയെ എന്നും കാണാതെ ഉറക്കം വരില്ലന്നായിലേ?"
അയാളെ കണ്ടതും ഒന്ന് പുഞ്ചിരിക്കാനാഞ്ഞ എന്റെ മുഖം കറുത്തിരുണ്ടു. കണ്ണുകൾ ചുവന്നു. വാക്കുകൾ പുറത്ത് വരാതെ ചുണ്ടുകൾ വിറച്ചു. അന്ന് വരെ എന്നെ കാണാത്തൊരു ഭാവത്തിൽ കണ്ട കുഞ്ഞിക്കാ, താനൊരു തമാശ പറഞ്ഞതാണെന്നും പറഞ്ഞ് കൺവെട്ടത്ത് നിന്നും മാറി കളഞ്ഞു. പിന്നീടൊരിക്കലും ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്ന ആ മനുഷ്യൻ ഞാൻ കേൾക്കെ സൈനബയെ കുറ്റം പറഞ്ഞിട്ടില്ല. പറയാനൊരിക്കലും ആരെയും ഞാൻ അനുവദിച്ചതുമില്ല.
സൈനബയുടെ വീട്ടിലെ കട്ടിലിൽ അവളുടെ കുഞ്ഞിനെയും മടിയിൽ വച്ചിരിക്കവെ, എന്നത്തേതും പോലെ സൈനബ എന്റെടുത്ത് വന്നിരുന്നു. കുഞ്ഞിക്കായുടെ വാക്കുകൾ സൃഷ്ട്ടിച്ച മനംപിരട്ടൽ മാറാഞ്ഞത് കൊണ്ട് അന്ന് ഞാനവളോട് ചോദിച്ചു.
" സൈനബാ... നിനക്ക് ഈ വൈകീട്ടുള്ള പോക്ക് നിറുത്തി കൂടെ? "
അവൾ പതിയെ ഒന്ന് ചിരിച്ചെന്ന് വരുത്തി, തട്ടം ചെവിക്ക് പിന്നിലേക്ക് വകഞ്ഞു വച്ചു. പിന്നെ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി വച്ച് കുറച്ച് നേരം ഏങ്ങലടിച്ചു. അതല്ലാതെ അവൾക്ക് മറ്റൊരു മറുപടി ഉണ്ടായിരുന്നില്ല.
ഉറക്കം നഷ്ട്ടപെട്ട നീണ്ട രാത്രികളിൽ പലപ്പോഴും എന്റെ ചിന്തകളിൽ സൈനബ വന്നു പൊയ്കൊണ്ടിരുന്നു. ഇരുട്ടും, പിന്നെ ഓട്ടോറിക്ഷയുടെ മുരളലും എന്നിൽ ഭയത്തിന്റെ കോരിത്തരിപ്പുകളുണ്ടാക്കി. ഈ നിമിഷം അവൾ ആർക്കൊപ്പം ശയിക്കുകയായിരിക്കുമെന്ന ചോദ്യങ്ങൾ മനസ്സിൽ ആഴത്തിലുള്ള മുറിവുകളേൽപ്പിച്ചു. ഒന്നുറങ്ങിപ്പോയാൽ, ഏതോ ഒരു വികൃത രൂപിയുടെ കൂർത്ത ദംഷ്ട്രകളിൽ അവളുടെ മുലക്കണ്ണുകൾ മുറിവേറ്റ് ചോരയൊലിക്കുന്നത് കണ്ട് വിയർത്ത് കുളിച്ചു.
ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന ഹൃദയവേദന വരുത്തി വച്ച വിനാശമാണെന്ന് മോഹനേട്ടൻ പരാതിപെട്ടു. ഏതെങ്കിലുമൊരു രാത്രിയിൽ എന്റെ സർവ്വ സാമഗ്രികളുമെടുത്ത് ഇവിടെ നിന്ന് ഞാനൊളിച്ചോടേണ്ടി വരുമെന്ന് അയാൾ ആകുലപെട്ടു. പോകുന്നുവെങ്കിൽ അത് സൈനബയോടൊപ്പമായിരിക്കുമെന്ന് മോഹനേട്ടനോട് ഉറപ്പിച്ചു പറഞ്ഞുവെങ്കിലും അക്കാര്യത്തിൽ പൂർണമായൊരുറപ്പ് എനിക്കുണ്ടായിരുന്നില്ല.
ഒരു ഇരുപത്തിയാറു വയസ്സുകാരന്, അവനെക്കാൾ പ്രായവും, കൂടെയൊരു കുഞ്ഞുമുള്ളൊരു പെണ്ണുമായി അവന്റെ ഗ്രാമത്തിലേക്കും വീട്ടിലേക്കും കടന്ന് ചെല്ലാനുള്ള ധൈര്യം എത്ര സംഭരിച്ചിട്ടും വേണ്ടുവോളമായില്ല എന്നത് മാത്രമായിരുന്നില്ല ആ ഉറപ്പില്ലായ്മയുടെ കാരണം. താത്കാലികമായൊരു പ്രണയ വികാരത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ചെയ്തു പോയേക്കാവുന്ന കാര്യങ്ങൾ പിന്നീട് തിരുത്തേണ്ടി വരാൻ നിർബദ്ധിതമാകുന്ന മണ്ടത്തരങ്ങളായിരിക്കുമെന്ന് മോഹനേട്ടൻ വലിയ ആത്മവിശ്വാസത്തോടെ ആവർത്തിച്ച് പറഞ്ഞപ്പോളും എന്റെ ആത്മധൈര്യത്തിന് അൽപ്പം കുറവ് സംഭവിച്ചിരുന്നു.
ഞാൻ ജനിച്ച അന്നു മുതൽ അപ്പനുമമ്മയും എന്നോടൊപ്പം താലോലിച്ച് വളർത്തിയ സ്വപ്നങ്ങളുടെ കൊട്ടാരമാണ് തകർത്ത് തരിപ്പണമാക്കാൻ പോകുന്നതെന്ന പരമ്പരാഗത തിരിച്ചറിവുകൾ എന്റെ ധൈര്യത്തിന്റെ മുനയൊടിച്ചു കളഞ്ഞു. പിന്നെ രാത്രികളിൽ അവളോടൊപ്പം ശയിച്ചവർ നിരനിരയായി എനിക്ക് മുന്നിൽ വന്നു നിന്ന് പല്ലിളിച്ച് കാണിക്കുന്ന ആ വൃത്തികെട്ട സ്വപ്നവും!
ആ രാത്രിയിൽ ഏതോ ഒരുവന്റെ കിടക്കയിൽ സൈനബ ഉറങ്ങാതിരുന്ന പാതിരാത്രിക്കും ശേഷം കാരണങ്ങളൊന്നുമില്ലതെ, അവളൊന്ന് ഞെട്ടി തരിച്ചിരിക്കും. എടുത്ത തീരുമാനത്തിന് മാറ്റമുണ്ടാവാതിരിക്കാൻ, ഞാനെന്റെ ലാപ്ടോപ്പ് തുറന്ന് മാനേജരുടെ ഇ മെയിൽ വിലാസത്തിലേക്ക് എന്റെ രാജിക്കത്ത് ടൈപ്പ് ചെയ്തയച്ചത് അപ്പോഴാണ്.
കാലത്ത് മുതൽ അളവ് പാത്രങ്ങളെ ഗൗനിക്കാതെ, അവയുടെ എണ്ണമെടുക്കാതെ നടത്താറുള്ള മദ്യപാനത്തിന്റെ ലഹരിയിൽ മോഹനേട്ടൻ തളർന്നുറങ്ങുകയായിരുന്നു. അയാളെ ഉണർത്താതെ, ഞാനെന്റെ ബാഗുകൾ ഒരു യാത്രക്ക് സജ്ജമാക്കി വച്ചതും ആ രാത്രി തന്നെ.
അതിരാവിലെ ഓട്ടോയും പർദ്ദയും കുഞ്ഞും താഴെ പ്രത്യക്ഷപ്പെടുന്നതിനും മുൻപേ ലോഡ്ജിന്റെ മൂന്നാം നിലയിലെ വരാന്തയിൽ, അവളുടെ കണ്ണുകൾ എന്നെ തിരയുന്നതിന്നും മുൻപേ ബാഗുകളുമെടുത്ത് ഇറങ്ങാനാണ് കരുതിയത്. അതിന് വേണ്ടിയാണ് മോഹനേട്ടനെ വിളിച്ചുണർത്തിയതും. ഒട്ടും പ്രതീക്ഷിക്കാത്തൊരു നേരത്ത് കുളിച്ച് ഉടുപ്പിട്ട് തയ്യാറായി നിൽക്കുന്ന എന്നെ കണ്ട് അയാൾ തെല്ലൊന്ന് ആശ്ചര്യപെട്ടു.
" എന്താടാ... നിനക്കിന്ന് നേരത്തെ ജോലിക്ക് പോണോ?"
" അല്ല മോഹനേട്ടാ.. ഞാൻ പോവ്വാണ്. എനിക്കിത് താങ്ങാൻ വയ്യ"
" ഈ വെളുപ്പാം കാലത്തോ?"
അവളോട് പറയാതെ പോകരുത്. സൈനബ നെറിയുള്ളവളാ"
ആദ്യമായിട്ടാണ് മോഹനേട്ടൻ ഒരു പെണ്ണിനെ പുകഴ്ത്തുന്നത് ഞാൻ കേട്ടത്. കേൾക്കാനാഗ്രഹിച്ചത് തന്നെയായിരുന്നു അത്. പുകയുന്ന സിഗരറ്റ് കയ്യിലില്ലാതെ വരാന്തയിലെ വള്ളി കസേരയിൽ ഞാനന്നവളെ കാത്തിരുന്നു. അവളുടെ വീട്ടിനകത്തേക്ക് കയറുമ്പോൾ മനസ്സിനുള്ളിൽ നിറഞ്ഞു വിങ്ങിയ കുറ്റബോധം മറയ്ക്കാൻ ഞാൻ നന്നേ പ്രയാസപെട്ടു.
" ഇന്നെനിക്ക് ചായ വേണ്ട സൈനബാ "
''അതെന്താ? എന്താ പറ്റ്യേ?"
''ഒന്നൂല.. ചായ വേണ്ട"
''എന്താ നിനക്ക്? എന്താ വല്ലാത്തൊരു വിഷമം? "
കട്ടിലിൽ എന്റെ അരികത്തിരുന്ന് കൊണ്ട് സൈനബ ചോദിച്ചു.
''ഒന്നൂല്ല സൈനബ. എനിക്കിന്ന് നിന്റെ മടിയിലൊന്ന് കിടക്കണം''
അവൾ "വരൂ'' വെന്ന് കൈകൾ നീട്ടി. ആ കിടപ്പിൽ ലോകമവസാനിക്കട്ടെയെന്ന് ഞാനാശിച്ചു. ആ കാഴ്ച്ചകളും, ആ സുഗന്ധവും ആ ശബ്ദങ്ങളും മായാതിരിക്കണമേയെന്ന് ഞാൻ പ്രാർത്ഥിച്ചു. ഇരുപത്തിയാറ് വർഷങ്ങൾക്കപ്പുറം ഞാൻ വീണ്ടുമൊരു കൊച്ച് കുഞ്ഞായി പരിണമിച്ചു കഴിഞ്ഞിരുന്നു. ആ കൊച്ച് സ്വർഗത്തിൽ നിന്ന് തിരിച്ച് പോരുമ്പോൾ, മുലപ്പാലിന്റെ സമാനതകളില്ലാത്ത രുചിയും മണവും, ഇനിയൊരിക്കലും മറക്കാനാവാത്ത വിധം ഞാനറിഞ്ഞിരുന്നു.
അപ്പോഴും, എന്റെ നെറ്റിയിലേക്ക് അടർന്നു വീണ കണ്ണുനീർ തുള്ളികളുടെ അർത്ഥമെന്തെന്ന് എനിക്കൂഹിക്കാൻ കഴിഞ്ഞില്ല.
ഞാനിനി ഒരിക്കലും തിരിച്ച് വരില്ലന്ന് അവൾ അറിഞ്ഞിരുന്നോ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo