Slider

ഒമാൻ എയറിലെ പെണ്ണുകാണൽ

0
Image may contain: 1 person, smiling

അന്നേ ദിവസം പുലർച്ചെ രണ്ടരമണിയോടെ മസ്‌കറ്റിലെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അറബിക്കടലിന്റെ റാണിയെ ലക്ഷ്യമാക്കി പറന്നുയർന്ന ഒമാൻ എയറിന്റെ "കന്നുകാലി ക്ലാസ്സിലെ " (ശശി തരൂരിന്റെ ഭാഷയിൽ)ഒരു ജനലരികിലുള്ള സീറ്റിലിരുന്ന അവന്റെ മനസ്സ് വിമാനവേഗതയേക്കാൾ സ്പീഡിൽ നാട്ടിലേക്ക് പറക്കുകയായിരുന്നു........
വിമാനം ആദ്യഗിയറിട്ട് നീങ്ങി തുടങ്ങിയപ്പോഴേക്കും ആരംഭിച്ച "ആകാശ സുന്ദരിമാരുടെ " കഥകളിയും അതിന് അനുബന്ധമായി കോക്ക്പിറ്റിൽ നിന്നുമുയർന്നു കേട്ട അറബിയിലും ഇംഗ്ലീഷിലുമുള്ള നിർദേശങ്ങളും അവസാനിച്ചതോടെ വയറിനു കുറുകെ വലിച്ചു കെട്ടിയ സുരക്ഷാ ബെൽറ്റ് അഴിച്ചു
മാറ്റി തൊട്ടടുത്തിരുന്നവരെ നോക്കി ഓരോ കുന്നംകുളം സ്മൈലി സമ്മാനിച്ച് സീറ്റിലേക്ക് തലചായ്ച്ചിരുന്നു,
കണ്ണടക്കുമ്പോഴേക്കും മനസ്സിൽ നിറഞ്ഞത് മണിക്കൂറുകൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന പരസ്പരമുള്ള ആദ്യത്തെ കൂടികാഴ്ച്ചയുടെ സാങ്കൽപ്പിക രംഗങ്ങളായിരുന്നു.........
സുക്കർമാമന്റെ തറവാട്ടിലെ വിശാലമായ
അന്തപുരത്തിലൂടെ അലഞ്ഞുതിരിഞ്ഞ നിമിഷങ്ങളിൽ എപ്പോഴോ കണ്ടുമുട്ടുകയും,
ആ കണ്ടുമുട്ടൽ പരിചയത്തിലേക്കും,പിന്നീടത് പരസ്പരം കാണാതെ പ്രണയത്തിലേക്കും വഴിമാറിയതിന്റെ ,ബാക്കിപത്രമായി ഓളെ
ജീവിതത്തിലേക്ക് കൂടെകൂട്ടാനുള്ള യാത്രയാണല്ലോ ഓന്റെത്....
അന്നത്തെ പകലിന്റെ അവസാനയാമങ്ങളിലെപ്പോഴോ സംഭവിക്കാൻ പോകുന്ന ഔദ്യോഗിക പെണ്ണുകാണൽ ചടങ്ങിന്റെ സാങ്കൽപ്പിക ദൃശ്യങ്ങൾ മിഴിവോടെ തെളിഞ്ഞു അവന്റെ മനസ്സിൽ....
മറ്റേതൊരു ടിപ്പിക്കൽ പെണ്ണ്കാണൽ ചടങ്ങിലേതും പോലെ , പെണ്ണിന്റെ ഒന്നിലധികം കാർന്നൊൻമാരുടെ വൈവ ചോദ്യങ്ങളും ,കത്തിയടികളും സഹിച്ചു അവളുടെ അന്നനട താളത്തിലുള്ള ആഗമനത്തിനായി കൂട്ടുകാരനൊപ്പം കാത്തിരിക്കുന്ന അവൻ....
അപ്പോഴേക്കും സിവിൽസർവീസ് പരീക്ഷയിലേ വൈവയെ അനുസ്മരിപ്പിക്കും വിധം ഏതോ കാർന്നോരുടെചോദ്യമുയർന്നു..
"ഏത് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് ? "
ഇതൊന്നും ഓൾ ഇതുവരെ ഇവരോട് പറഞ്ഞിട്ടില്ലേ ,എന്തോന്നിത് ,
എന്നൊക്കെ മനസ്സിൽ പറഞ്ഞു "അൽ ഹാ " ജോലി ചെയ്യുന്ന കമ്പനിയുടെ പേര് പറഞ്ഞു പൂർത്തിയാക്കും മുന്നേ മറ്റൊരു ശബ്ദമുയർന്നു കേട്ടു...
"ഡോൾഫിൻ ഇന്റർനാഷണലിലാണ് "
ഇത് ഏതവനാണ് ഇടക്ക് കയറി കുമ്മനടിക്കുന്നത് എന്ന ചിന്തയോടെ കണ്ണ് തുറക്കുമ്പോഴേക്കും ,
" ഡോൾഫിനിൽ മ്മടെ ഗഡികൾ ജോലിചെയ്യുന്നുണ്ട് ട്ടാ "
മറ്റൊരു ശബ്ദം കൂടി ഉയർന്നതോടെയാണ് താൻ ഇരിക്കുന്നത് ഓളുടെ വീട്ടിലെ സ്വീകരണമുറിയിലല്ല ,ഒമാൻ എയറിൽ ആണെന്ന യാഥാർഥ്യം അവനിൽ ഓർമ്മപ്പെടുത്തൽ പോലെ ഓടിയെത്തിയത്....
"സ്വസ്ഥമായിട്ട് ഒന്ന് പെണ്ണ്കാണാനും സമ്മതിക്കില്ല നാറികൾ "
അടുത്തിരുന്ന് സംസാരിക്കുന്നവരെ മനസ്സിൽ പഴിച്ചു വീണ്ടും ദൃശ്യങ്ങളിലേക്ക് ....
അവളിപ്പോൾ ചായയുമായി വരും അപ്പോൾ എന്ത് ചോദിക്കും ? ചോദിക്കാനും പറയാനുമുള്ളതെല്ലാം ഇത്രയും നാളിനുള്ളിൽ ചോദിച്ചു കഴിഞ്ഞു...
ഔപചാരികതയുടെ ആവരണം അണിഞ്ഞു നീ " പേരെന്ത് " എന്ന് തന്നെ നീ ചോദിക്ക്...
കൂട്ടിനു വന്ന കൂട്ടുകാരൻ ബലമേകി കൂടെയുണ്ട്....
അതാ അങ്ങനെ കാത്തിരിപ്പിന് അവസാനമേകി അവൾ കടന്നുവരുന്നു...
കയ്യിൽ ചായയും,ചുണ്ടിൽ പുഞ്ചിരിയുമായി വരുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവനെ കൂട്ടുകാരൻ ഒരു നോണ്ടലിലുടെ പിന്തിരിപ്പിച്ചു...
" എടാ ശവി ,ഇങ്ങനെ ചാള കണ്ട പൂച്ചയെ പോലെ നോക്കാതെടാ ,എന്നാണ് ആ ഞോണ്ടലിന്റെ അർത്ഥം "
ചായ മേശപ്പുറത്ത് വെച്ച് റിവേഴ്‌സ് ഗിയറിട്ട് രണ്ടു ചുവട് പിന്നോട്ട് നടന്ന് മുറിയുടെ ഓരം ചേർന്ന് നിന്ന ഓളെ നോക്കി ഓൻ ...
"പേ ... പേരെന്താണ് "
മറുപടിയായി അവളുടെ കുയിൽനാദം കാത്തിരുന്ന അവനെ തേടി ,എം.എം ഹസ്സൻ സ്റ്റൈൽ ശബ്ദമുയർന്നു....
"ശശിദേവ് എന്നാണ് പേര് , ശശി എന്നാണ് എല്ലാരും വിളിക്കുക ,അതിരിക്കട്ടെ നിങ്ങളുടെ പേരെന്ത് ? "
തൊട്ടടുത്തിരുന്ന് മുപ്പത്തിരണ്ട് പല്ലും പുറത്തുകാട്ടി ചിരിക്കുന്ന ശശിയെ നോക്കി , നീയല്ലേ ഞാനാണ് ശശിയെന്ന് മനസ്സിൽ ചൊല്ലി ,പെണ്ണുകാണൽ ചടങ്ങിന്റെ സാങ്കൽപ്പിക ദൃശ്യവത്കരണം അവസാനിപ്പിച്ച്, അവൻ ഫ്‌ളൈറ്റിൽ നിന്ന് ഓസിന് കിട്ടിയ "ബാർലി " വെള്ളവും മോന്തി ,ഭക്ഷണവും കഴിച്ചു ഒർജിനൽ ഉറക്കത്തിലേക്ക് കടന്നു...
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo