Slider

മരിക്കുന്ന ഓർമ്മകൾ

0
മരിക്കുന്ന ഓർമ്മകൾ
"എന്ത് പറ്റിയെടീ?"ഒരു കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കയറി വന്ന എന്നോട് ഭർത്താവിന്റെ ചോദ്യം.
"അടിച്ചു"
"ആരടിച്ചു? മുഖത്ത് മുഴുവൻ നീരാണല്ലോ?”
"ഒരു പേഷ്യന്റ്."
" രോഗിയോ? എന്ത് കുരുത്തക്കേടാടീ നീ കാട്ടിയേ?”
"ഞാൻ ഒരു കുരുത്തക്കേടും കാട്ടിയില്ല. അയാൾക്ക് ഡിമൻഷ്യയാ ചേട്ടാ. അയാളെന്തിനാ അടിച്ചേന്ന് അയാൾക്കും എനിക്കും അറിഞ്ഞു കൂടാ”
'’ഹോ എന്തൊരു അടിയാടീ അടിച്ചത്.സാരമില്ല, എന്റേന്ന് കിട്ടേണ്ടത് ഒരെണ്ണം അവൻ തന്നൂന്ന് കൂട്ടിയാ മതി”
മുകളിൽ നക്ഷത്രമെണ്ണി നിൽക്കുന്നതു കൊണ്ടും വായ അധികം തുറക്കാൻ പറ്റാത്തതു കൊണ്ടും എന്തോ പറയാൻ വന്ന ഞാൻ അത് വേണ്ടെന്ന് വച്ചു.
"എന്നാലും എന്തെങ്കിലും കാരണമില്ലാതെ ഓരാളിങ്ങനെ അടിക്കോ? കാര്യം ഡിമൻഷ്യ യാണെങ്കിലും "ഈ മാന്യദ്ദേഹം വിടാനുള്ള ഭാവമില്ല.
"അയാള് അടുത്തുള്ള രോഗിയുടെ ഫോണെടുത്ത് എറിഞ്ഞ് പൊട്ടിക്കാൻ പോണ കണ്ടാണ് ഓടിച്ചെന്ന് തടയാൻ നോക്കിയത് “
" എന്നിട്ട് ?”
" എന്നിട്ടെന്താ, ഇടത്തെ കൈ കൊണ്ട് ഫോണും വീക്കി പൊട്ടിച്ചു. വലത്തെ കൈ കൊണ്ട് എനിക്കിട്ടും പൊട്ടിച്ചു. “
"നിനക്ക് വേദനിക്കുന്നുണ്ടോടീ? “
"ഏയ്.നല്ല സുഖമുണ്ട്.ഒരെണ്ണം വേണോ? നാളെ വേണേൽ അയാളെ വിളിച്ചോണ്ടു വരാം.”
"നീയെന്തിനാടീ എന്നോട് ചൂടാവുന്നേ?വേറെ വല്ലോരുമായിരുന്നെങ്കി അവന്റെ കൈ ഞാൻ ഒടിച്ചേനെ. ഇതിപ്പോ തലയ്ക്ക് വെളിച്ചമില്ലാത്തോണ്ടല്ലേ? വിട്ടുകള.”
ശരിയാണ്. തലയിൽ വെളിച്ചമില്ലാത്തവർ.ആ മനുഷ്യനെ ഞാൻ ഓർത്തു. ഒരു എഴുപത് വയസ്സ് പ്രായം വരും. കെണിയിൽ വീണ എലിയുടെ കണ്ണിലെ ദൈന്യതയാണ് അയാളുടെ കണ്ണുകൾക്കും. മറവിയുടെ കെണിയിലാണ് അയാളും. എല്ലാവരേയും പേടിയാണയാൾക്ക്.ഒരു ഇളം കാറ്റുപോലെ വല്ലപ്പോഴും മാത്രം വന്നു വീഴുന്ന വെളിച്ചത്തിന്റെ ഒരു തുണ്ട്. അപ്പോൾ മാത്രം അയാൾ ചിരിക്കും. എന്തോ പറയാൻ വന്ന് പൂർത്തിയാക്കാൻ പറ്റാതെ വിക്കും. എന്നോ മരിച്ചു പോയ സ്വന്തം അമ്മയെ കാണണമെന്ന് വാശി പിടിക്കുന്ന മൂന്നു വയസ്സുകാരനാവും.പിന്നെ ചോക്ലേറ്റുകൾ വാരിവലിച്ച് തിന്നുന്ന അഞ്ചു വയസ്സുകാരൻ. മരിച്ചു തുടങ്ങിയ അയാളുടെ തലച്ചോറിലെ കോശങ്ങൾ അയാളെ അങ്ങോട്ടുമിങ്ങോട്ടും അമ്മാനമാടുകയാണെന്ന് തോന്നും ചിലപ്പോൾ.
നമ്മുടെ നാട്ടിലും ഇതുപോലെ വയസ്സായി ഓർമ്മകൾ നശിച്ച് വീടിന്റെ അകത്തളങ്ങളിൽ അടയ്ക്കപ്പെടുന്നവരുണ്ട്.പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്, വയസ്സായി വട്ടായിപ്പോയി, ചിന്നനെളകി എന്നൊക്കെ.അവരൊക്കെ ഓർമയുടേയും മറവിയുടേയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന കുഞ്ഞുങ്ങളാണ്. ഓർമയിൽ നിന്ന് ഓടിയകന്ന് മറവിയുടെ തുരുത്തിൽ പോയി ഒളിച്ചിരിക്കാൻ വിധിക്കപ്പെട്ടവർ.അവർക്ക് വേണ്ടത് നമ്മുടെ കളിയാക്കലുകളല്ല, കൈത്താങ്ങാണ്. വല്ലപ്പോഴും അവരാഗ്രഹിക്കുമ്പോ അവർക്ക് കിട്ടുന്ന ഒരു ഭക്ഷണം, സങ്കടം വരുമ്പോ ഒരു തലോടൽ, ദേഷ്യം വരുമ്പോ അത് മാറുന്നതു വരെ കാത്തിരിക്കാനുള്ള നമ്മുടെ ഒരു മനസ്സ് ഇത്രയൊക്കെ മതി അവർക്ക്‌.
രണ്ടു ദിവസത്തിനു ശേഷം ജോലിക്ക് ചെന്നപ്പോഴും നമ്മുടെ ആള് അവിടെ ചിരിച്ചോണ്ടിരിപ്പുണ്ട്. ചോക്ലേറ്റ് തിന്നുന്ന തിരക്കിലാണ്. എന്നെക്കണ്ടപ്പോ വേഗം അടുത്തു വന്നു. ഈശ്വരാ ഞാൻ വേഗം എന്റെ രണ്ടു കവിളും പൊത്തിപ്പിടിച്ചു. എന്റെ പോക്കറ്റിൽ എന്തോ ഇട്ട് അയാൾ തിരിഞ്ഞു നടന്നു.
എന്താണാവോ പോക്കറ്റിൽ ഇട്ടത്. ഞാൻ പോക്കറ്റിൽ തപ്പി നോക്കി. അലിഞ്ഞു തുടങ്ങിയ ഒരു ചോക്ലേറ്റ്. ഞാനതെടുത്ത് അയാൾക്ക്‌ തന്നെ കൊണ്ടുപോയിക്കൊടുത്തു. എന്റെ കൈയ്യിൽ നിന്നും അത് വാങ്ങി പൊളിച്ച് വായിലിട്ട് എന്നെ നോക്കി ഒന്നു ചിരിച്ചു.
"താങ്ക്സ് മൈ ഡിയർ"
അയാളാണ് ആ ചോക്ലേറ്റ് എനിക്ക് തന്നതെന്ന് അപ്പോഴേക്കും അയാൾ മറന്നു പോയിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞു. അടി കിട്ടിയതിനേക്കാൾ വലിയ വേദന തോന്നി അപ്പോൾ.
ഓർമ്മകൾ മരിക്കാതിരിക്കട്ടെ ആർക്കും.
✍️ Dinda Jomon.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo