ചമയങ്ങളേതുമില്ലാതെയായിരുന്നു
ഞാന്‍ നിങ്ങളോടൊപ്പം നടന്നത്.
എന്റെ ഭാവങ്ങള്‍ ഒന്നുപോലും
കളവായിരുന്നുമില്ല
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്
ഒഴുകിയെത്തിയ കലര്പ്പില്ലത്ത
ഉറവകള്‍തന്നെയായിരുന്നു
എന്റെ മിഴികളെ നനച്ചത്
അരങ്ങില്‍ ചുവടുവച്ച കോലങ്ങള്‍
അവരുടെ വായ്ത്താരികൊണ്ട്
എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തി.
പകിട്ടേറിയ ആടയാഭരണങ്ങള്‍ക്കുള്ളില്‍
പിറുപിറുത്തുനിന്ന നിങ്ങളെ
ഞാന്‍ അറിഞ്ഞിരുന്നില്ല
ഈ തെരുവുകള്‍ ഇന്ന്
എന്നെ വീര്‍പ്പുമുട്ടിക്കുന്നു
ചമയങ്ങള്‍ അണിയാത്ത ഞാന്‍
ഇന്നു മൌനിയും എകാകിയുമാണ്
കുടിലതകള്‍ പതിയിരിക്കുന്ന
പെരുവഴികള്‍ എന്നെ
ആശങ്കപ്പെടുത്തുന്നു
ഇരുളില്‍ ചിരിതൂകി നില്‍ക്കുന്ന
വിളക്കുകാലുകള്‍ പോലും
അന്ധകാരത്തിന്റെ അഗാധതയിലേക്കാണ്
വഴി തെളിക്കുന്നത്
പൊയ്മുഖങ്ങള്‍ മൊഴിയുന്ന
മധുരവാക്കുകള്‍ക്കു മറുവാക്കുകള്‍
ഇല്ലാതെ കുഴങ്ങുകയാണ് ഞാന്‍.
കലാത്ത്ടിന്റെ കാല്പാടുകള്‍ പതിഞ്ഞ
വിജനമായ ഈ ഒറ്റയടിപ്പാതയിലൂടെയാണ്
ഇനിയെന്റെ യാത്ര
മണ്ണിനോടും വിണ്ണിനോടും സംവദിച്ചു
നനവുണങ്ങിയ പാഴ്നിലങ്ങള്‍ താണ്ടി
ജീവിതം എന്ന കടങ്കഥയുടെ
പൊരുള്‍ തേടിയുള്ള ഒരു തീര്‍ഥയാത്ര...
By: Nelson Philip pattazhy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക