പിതൃദേവോ ഭവഃ
മുഖപുസ്തകം ഓര്‍മ്മിപ്പിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. പിതൃദിനമാണെത്തുന്നത്.
ഇന്ന് അച്ഛന്റെ ഓര്‍മ്മദിവസം. ഇന്നലെ ഒരിയ്ക്കലെടുത്തു. എള്ളും പൂവും ചന്ദനവും കൂട്ടി പവിത്രമോതിരക്കയ്യാല്‍ ബലിതര്‍പ്പണം നടത്താന്‍ ഇവിടെ സൗകര്യമില്ല. ഓര്‍മ്മകളാലുള്ള തിലോദകം ദേശാന്തരാവസ്ഥകള്‍ക്കപ്പുറത്തുമാവാം.
ഇന്ന് അച്ഛന്റെ ഓര്‍മ്മദിവസം. ഇന്നലെ ഒരിയ്ക്കലെടുത്തു. എള്ളും പൂവും ചന്ദനവും കൂട്ടി പവിത്രമോതിരക്കയ്യാല്‍ ബലിതര്‍പ്പണം നടത്താന്‍ ഇവിടെ സൗകര്യമില്ല. ഓര്‍മ്മകളാലുള്ള തിലോദകം ദേശാന്തരാവസ്ഥകള്‍ക്കപ്പുറത്തുമാവാം.
അച്ഛന്റെ കൈവിരലില്‍ തൂങ്ങിയാണ് നടന്നു തുടങ്ങിയത്. ചുവടുറയ്ക്കുന്നതു വരെ പിടിവിടാതെ ഒപ്പം നടന്നു. സായാഹ്നസവാരികളില്‍ ലളിതമായ മനക്കണക്കുകളിലൂടെ ഗുണനപ്പട്ടികകള്‍ എത്രവേഗം എങ്ങിനെയാണ് ഹൃദിസ്തമാക്കിയതെന്ന് ഇന്നും അത്ഭുതമാണ്. അബാക്കസ്സുകളും അല്‍ഗോരിതങ്ങളും കൂടാതെ തന്നെ ഗണിതശാസ്ത്രത്തിന്റെ അപാരസാദ്ധ്യതകള്‍ ആദ്യം പറഞ്ഞുതന്നതും അച്ഛന്‍ തന്നെ. ഒരു മുന്നറിയിപ്പും തന്നു.. കള്ളക്കണക്കരുത്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ഞാന്‍ ഓര്‍മ്മിപ്പിയ്ക്കുന്നതും അതു തന്നെ.. വീണ്ടും വീണ്ടും പരിശീലിയ്ക്കൂ.. കള്ളത്തരം കണക്കിലരുത്..
പുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്തിയതും അച്ഛന്‍ തന്നെ. ഇതിലും വലിയ സുഹൃത്തുകളുണ്ടാവില്ലെന്നു പറഞ്ഞു ഒരുപാടു പുസ്തകങ്ങള്‍ വാങ്ങിത്തന്നു, വായിച്ചു മനസ്സിലാക്കുന്നു എന്നുറപ്പു വരുത്തി.
ഇഷ്ടമുള്ള വിഷയങ്ങള്‍ എത്രവേണമെങ്കിലും പഠിയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നു. അപ്പോഴും നല്ല മനുഷ്യനാവണമെന്നോര്‍പ്പിച്ചു.
പ്രപഞ്ചശക്തിയെ വണങ്ങാനും, വ്യക്തികളെയും സമൂഹത്തേയും ബഹുമാനിയ്ക്കാനും പഠിപ്പിച്ചു. കുടുംബബന്ധങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് കാണിച്ചുതന്നു. ലളിതമായ ജീവിതചര്യയും സമ്പാദ്യശീലവും പഠിച്ചതും പിതൃമുഖത്തു നിന്നു തന്നെ.
മറ്റൊരു കയ്യോടെന്റെ കൈ ചേര്‍ത്തുവെച്ച്, കണ്ണനെ സാക്ഷിയാക്കി നിറപറയെയും നിലവിളക്കിനെയുഅം മൂന്നുവലം വെപ്പിച്ച് മണ്ഡപത്തില്‍ നിന്നിറങ്ങവേ സന്തോഷാശ്രു നിയന്ത്രിച്ച് അച്ഛന്‍ പറഞ്ഞു.. എപ്പോഴും പിന്‍തുടരുകയല്ല വേണ്ടത്.. ഒപ്പം നടക്കൂ.. ഒന്നിച്ചു നടക്കൂ.. വഴിതെറ്റാതെ പരസ്പരം കാത്ത്.. ഇന്നലെ ഷോപ്പിംഗ് മാളില്‍ ദമാസ് ജ്വല്ലറിയുടെ ഡിസ്പ്ളെ വിന്‍ഡോയില്‍ കണ്ണുകളുടക്കി നിന്നുപോയപ്പോള്‍ വീട്ടുകാരന്‍ മെല്ലെ കാതില്‍ പറഞ്ഞു..ഒപ്പം വരൂ..വഴി മാറിപ്പോവല്ലേ.. ഈശ്വരാ അച്ഛന്‍!
പാചകം എനിയ്ക്കു പ്രിയപ്പെട്ടതാക്കിയതും അച്ഛന്‍ തന്നെ. പരീക്ഷണങ്ങളില്‍ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചു. പ്രവാസജീവിതത്തില്‍ പഠിച്ച പുതിയ വിഭവങ്ങളെല്ലാം അവധിക്കാലത്തുണ്ടാക്കിച്ച് ആസ്വദിച്ച് കഴിച്ചു. ഭക്ഷണത്തെ ആദരിയ്ക്കാനും വെറുതെ കളയാതിരിയ്ക്കാനും പങ്കുവെച്ചു കഴിയ്ക്കുന്നതിലാണ് യഥാര്‍ത്ഥ ആനന്ദം എന്ന് കൊച്ചു മക്കളെയും പഠിപ്പിച്ചു.
ഒടുവിലൊരുനാള്‍ ഞാന്‍ ഓടിയെത്തിയപ്പോള്‍.. എന്റെ മോളുണ്ടാക്കിയ ചമ്മന്തി മാത്രം മതി, ഇത്തിരി കഞ്ഞി കുടിയ്ക്കാനെന്നുകൂടി പറഞ്ഞ്... ശ്വാസം മന്ദഗതിയിലാവുന്നതു വരെ ദൈവനാമം ജപിച്ച്...
മനസ്സിലിരുന്ന് കരയുന്നത് ബലിക്കാക്കയാണോ? അച്ഛന്‍ തീര്‍ത്തുപറയുന്നു..ഏയ് അല്ല.. മണ്‍കലത്തിനടിയിലെ ഇത്തിരി വെള്ളം ചെറിയ കല്ലുകളിട്ടുയര്‍ത്തി ദാഹം തീര്‍ത്ത കുസൃതിക്കാക്കയെ ഓര്‍മ്മയില്ലേ! തെളിഞ്ഞ ചിരിയോടെ അമ്മയും ഏറ്റുപറയുന്നു.. ഈ അച്ഛന്റെ ഒരു കാര്യം..
ജീവിതത്തിലെ കൂട്ടുപാതകളില്‍ കാലിടറുമോ എന്ന സംശയം വരുമ്പോള്‍ ഇപ്പോഴും കൊതിയ്ക്കാറുണ്ട്, അച്ഛന്റെ ചൂണ്ടുവിരലിന്റെ ചൂടും സുരക്ഷിതത്വവും.. അപ്പോഴെല്ലാം ഒരു വഴിവിളക്കായെങ്കിലുമെത്തി അച്ഛന്‍ മന്ത്രിയ്ക്കാറുണ്ട്.. നേര്‍വഴി മാത്രം തിരഞ്ഞെടുക്കൂ.. നിനക്കതിനു കഴിയും..
മുഖപുസ്തകത്തിലിനി ആശംസകള്‍ പെരുകും.. പിതൃദിനമാണെത്തുന്നത്. അച്ഛന്റെ ദിവസം.. അച്ഛന്റെ ഓര്‍മ്മകള്‍ കാവല്‍ നില്‍ക്കുന്ന മക്കളുടേയും..
രാധാസുകുമാരന്‍
16.6.2017
16.6.2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക