Slider

ഓർമ്മയിൽ ഒരു തിരുവാതിര

1

ഓർമ്മയിൽ ഒരു തിരുവാതിര
ദേവൂട്ടീ ........ദീപാരാധന തൊഴുതിട്ട് ഗോപുരനടയിൽ നിവേദ്യം വാങ്ങുവാനായ് പോയ ഏട്ടന്റെ മകൾ ദീപയെ കാത്ത് നിൽക്കുകയായിരുന്നു. അപ്പോഴാണ് ദേവൂട്ടീ….…. എന്ന് ആരോ വിളിക്കുന്നത് പോലെ. പരിചിതമായ ശബ്ദം. ഇവിടെ ഇപ്പോൾ ആരാണാവോ ഇത്ര സ്നേഹത്തോടെ ഇങ്ങനെ വിളിക്കാൻ. തോന്നിയതാവും. എന്നെ അങ്ങനെ വിളിച്ചിരുന്നവരിൽ പലരും അരങ്ങൊഴിഞ്ഞു പോയിക്കഴിഞ്ഞല്ലോ.
ഗോപുരനടയിലെ അരണ്ട വെളിച്ചത്തിൽ നിന്നും കുറച്ചു കൂടി പ്രകാശമുള്ള ഭാഗത്തേക്ക് മാറി നിന്നു. ദീപാരാധന കഴിഞ്ഞുള്ള സമയമായതു കൊണ്ട് സാമാന്യം നല്ല തിരക്കുണ്ട്, തിരക്കിനിടയിലൂടെ മുടന്തി മുടന്തി ഒരാൾ അരികിലേക്ക് വന്നു.
“ദേവൂട്ടീ നീയെന്താ തുറിച്ച് നോക്കുന്നത്. ഞാൻ തന്നെ. നിൻറെ ഹരിയേട്ടൻ.“കാലം കുറേയായല്ലോ നിന്നെ ഇങ്ങോട്ട് കണ്ടിട്ട്. സുഖാല്ലേ നിനക്ക്.”
മറുപടി പറയാതെ ഞാൻ ചോദിച്ചു “നടക്കാൻ ബുദ്ധിമുട്ടു തന്നെ ഇല്ലേ ഹരിയേട്ടാ.”
“ഇല്ല. നല്ല സുഖമല്ലേ ഇങ്ങനെ മുടന്തി, മുടന്തി നടക്കാൻ. കുട്ടികളുടെ വിളി കേൾക്കാനും നല്ല സുഖം ചട്ടുകാലൻ”.
“ഒരു ക്രിത്രിമകാല് വയ്ക്കാമായിരുന്നില്ലേ. ഇങ്ങനെ കഷ്ടപെട്ട് നടക്കാതെ.”
“നിൻറെ ഓർമ്മക്കായ് ഞാൻ ഇങ്ങനെ തന്നെ നടന്നു തീർക്കും ഇ ജന്മം. നീ കാരണമല്ലേ ഞാൻ ഇങ്ങനെയായത്”.
“ഞാൻ എത്ര പറഞ്ഞു അന്ന് വേണ്ടാ, വേണ്ടാ എന്ന്. കേട്ടില്ല അതുകൊണ്ടല്ലേ കാല് ഒടിഞ്ഞത്. എന്നാലും കാണുമ്പോൾ വിഷമമുണ്ട്.”
“നാളെ തിരുവാതിര. ഓർമ്മയുണ്ടോ നിനക്ക് പഴയ തിരുവാതിരക്കാലം "
“ഞാൻ മറക്കുമോ .തിരുവാതിരയും പാതിരാപ്പൂചൂടലും എല്ലാം ഇപ്പോൾ ടീവിയിൽ മാത്രമല്ലേ ഉള്ളൂ ഹരിയേട്ടാ.”
“ഉടനെ മടക്കം ഇല്ലല്ലോ. രണ്ടു മൂന്ന് ദിവസമെങ്കിലും കാണുമോ? ഞാൻ തൊഴുതിട്ട് വരാം”
“ഹരിയേട്ടാ ദീപയെ കാത്തു നിൽക്കുകയാണ് അവൾ വന്നാൽ ഞാൻ പോകും. നാളെ വീട്ടിലേക്ക് വരാം ചെറിയമ്മയെ കാണാൻ. മകൻറെ വിവാഹമാണ്.എല്ലാവരെയും ക്ഷണിക്കാൻ വന്നതാണ്.”.
ഹരിയേട്ടൻ മുടന്തി മുടന്തി പോകുന്നത് നോക്കി നിന്നപ്പോൾ വേദന തോന്നി.
ഹരിയേട്ടൻ ചെറിയമ്മയുടെ മകൻ. എനിക്ക് എൻറെ സ്വന്തം ഏട്ടനേക്കാൾ ഇഷ്ടം. പട്ടാളത്തിൽ ചേരുക എന്നതായിരുന്നു ഹരിയേട്ടൻറെ ജീവിതാഭിലാഷം. പട്ടാളക്കാരനായ അമ്മാവൻ ലീവിന് വരുമ്പോൾ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഹരിയേട്ടൻ കുസൃതിയുടെ ഉസ്താദായിരുന്നു. നാട്ടിലെല്ലാവരും വാനര സംഘം എന്ന് വിളിച്ചിരുന്ന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സെക്രട്ടറി.ഏട്ടനും ഹരിയേട്ടനും അവരുടെ കൂട്ടുകാരായ അയൽപക്കത്തെ ഏട്ടന്മാരും ആണ് അതിൻറെ നടത്തിപ്പുകാർ. പെണ്ണേ നീ കൊച്ചുകുട്ടിയൊന്നുമല്ല ഇങ്ങനെ ഏതുനേരവും ഇവരുടെ പിന്നാലെ നടക്കാൻ എന്ന് അമ്മ വഴക്കു പറയുമെങ്കിലും, അമ്മ കാണാതെ തരം കിട്ടുമ്പോഴൊക്കെ അവരുടെ ഒപ്പം കൂടുമായിരുന്നു.
ഒരു തിരുവാതിര കാലം. അന്ന് അമ്മയും ചെറിയമ്മയും ചുറ്റുവട്ടത്തുള്ള സ്ത്രീകൾ എല്ലാവരും ഒത്തുകൂടി ഞങ്ങളുടെ തറവാട്ടിലാണ് തിരുവാതിരകളിയും പാതിരാപ്പൂചൂടലും എല്ലാം. ആ തിരുവാതിരക്ക് പ്രത്യേകത ഉണ്ടായിരുന്നു. അമ്മാവൻ ലീവിന് വന്നിട്ടുണ്ട് ഒപ്പം കുടുംബവും. കുറെ കാലം കൂടിയാണ് എല്ലാവരും ഒത്തു കൂടുന്നത്. അമ്മാവൻറെ മകൾ ദേവിക സുന്ദരിയാണ്. ഹരിയേട്ടന് അവളോട് കടുത്ത പ്രണയം. ദേവികക്ക് ഹരിയേട്ടനെ കണ്ണെടുത്താൽ കണ്ടുകൂടാ. ജാഡക്കാരിക്ക് ഒരു പണി കൊടുക്കണം എന്ന് പറയുമായിരുന്നു അത് ഇങ്ങനെയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
വേണ്ട വേണ്ടാ ഹരിയേട്ടാ ഇത് പ്രശ്നമാകും എന്ന് പറഞ്ഞിട്ട് വക വെയ്ക്കാതെ രാത്രിയിലെ പാതിരാപ്പൂചൂടൽ ചടങ്ങിനായി ശേഖരിച്ചു വച്ചിരുന്ന ദശപുഷ്പത്തിൻറെ കൂടെ ആരും കാണാതെ ചൊറിയണം ചേർത്ത് വയ്ക്കുന്നത് കണ്ടു നീ അറിഞ്ഞ ഭാവം കാട്ടരുത്.പറഞ്ഞേയ്ക്കാം എന്ന് എന്നെ ഭീഷണിപ്പെടുത്തി.
തിരുവാതിര രാത്രി എല്ലാവരും കുളി കഴിഞ്ഞു പാതിരാപ്പൂചൂടൽ ചടങ്ങിന് ദശപുഷ്പം ചൂടി. പിന്നീട് അവിടെ ഒരു ബഹളമായിരുന്നു. ചൊറിഞ്ഞിട്ട്
ചൊറിച്ചിലോട് ചൊറിച്ചിൽ. പെണ്ണുങ്ങളെല്ലാം ഒരു പരുവമായി. ഞാൻ പൂ ചൂടാതെ ഒഴിഞ്ഞു മാറിയതിന്റെ ഗുട്ടൻസ് അമ്മയ്ക്കും ചെറിയമ്മക്കും മനസ്സിലായി. അവരുടെ വഴക്കും അടിയും സഹിക്കാൻ വയ്യാതെ, ഗത്യന്തരമില്ലാതെ എനിക്ക് ഹരിയേട്ടൻറെ പേര് പറയേണ്ടി വന്നു.
പിന്നെ അവിടെ നടന്നത് തിരുവാതിരക്കളിയല്ല തിരുവാതിര തല്ലായിരുന്നു. പാതിരാപ്പൂ ചൂടലിന്റെ ഭംഗി ആസ്വദിക്കാൻ തൊടിയിലെ മാവിൻ ചുവട്ടിൽ ഒളിച്ചു നിന്ന ഹരിയേട്ടനേയും സംഘത്തിനേയും ഓടിച്ചിട്ടു തല്ലി. എൻറെ അമ്മയും ചെറിയമ്മയും ഉണ്ണിയാർച്ചയെ പോലെ ശരിക്കും അങ്കം വെട്ടുകയായിരുന്നു വാനര സേന നാലുപാടും ചിതറി ഓടി.
ഹരിയേട്ടൻ പാവം ഓടുമ്പോൾ കാൽ തട്ടി വീണത് തൊടിയിലെ പൊട്ടകിണറ്റിൽ. നഷ്ടമായത് പട്ടാളക്കാരൻ ആവാനുള്ള ഹരിയേട്ടൻറെ മോഹം.
രാധാ ജയചന്ദ്രൻ, വൈക്കം
08.01.2017.
1
( Hide )
  1. പാവം ഹരി. ആരും വിചാരിക്കാതെ ചിലത്‌ ജീവിതത്തെയാകെ മാറ്റിമറിക്കും. നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo