Slider

വിശ്വാസം രക്ഷിക്കട്ടെ

0

വിശ്വാസം രക്ഷിക്കട്ടെ
സന്ധ്യ മയങ്ങി തുടങ്ങി. ജോലി കൂടുതലുള്ള ദിവസമാണ്. ചിലപ്പോൾ വൈകുമെന്ന് പറഞ്ഞിരുന്നു . അവൻ വരുന്നതു വരെ കാത്തു നിന്നാൽ ഇരുട്ടിപോകും . പോയിട്ട് വേഗം മടങ്ങി വരാം.
വീട് പൂട്ടി കൊണ്ടു നിൽക്കുമ്പോൾ പിറകിൽ അവൻറെ ശബ്ദം .
"അമ്മ എങ്ങോട്ടാ ഈ സന്ധ്യയ്ക്ക്? " ആ ശബ്ദത്തിൽ ഒരു പന്തികേട്. ഇഷ്ടക്കേടോ? ദേഷ്യമോ? .
“അമ്പലത്തിൽ. ഇന്ന് പ്രദോഷം ആണ് ഒന്നു പോയി തൊഴുതിട്ട് വരാം. നട അടച്ചു കാണുമോ എന്തോ?
“നട അടയ്ക്കും. വേഗം പൊയ്ക്കോ. എനിക്ക് ഓർമ്മ വച്ച കാലം മുതൽ അമ്മ അഷ്ടമിയും, ആയില്യവും, പ്രോദോഷവും ഒക്കെ തൊഴാൻ തുടങ്ങിയിട്ട്. എന്നിട്ട് നമ്മുടെ ദോഷം വല്ലതും മാറിയോ ? കൂടിയതല്ലാതെ .
ഇവന് ഇന്ന് എന്തു പറ്റി. .എന്താ ഇങ്ങനെയൊക്കെ പറയാൻ. മറുപടി ഒന്നും പറയാതെ അവൻറെ മുഖത്തു നോക്കി നിന്നതേയുള്ളു.
" വെളിച്ചപ്പാടിന്റെ വേഷം കെട്ടി ഒരു ജന്മം മുഴുവൻ ദൈവങ്ങളുടെ മുന്നിൽ ഉറഞ്ഞു തുള്ളി, നിറഞ്ഞ് ആടിയ അച്ഛൻ, ഒരുനാൾ കാലിടറി ഹോമകുണ്ഠത്തിൽ വീണ് വെന്തു പിടഞ്ഞപ്പോൾ, ഈ ദൈവങ്ങളെല്ലാം എവിടെയായിരുന്നു അമ്മേ? ഒരു കൈത്താങ്ങാകാൻ, ഒന്ന് കൈ പിടിച്ചുയർത്താൻ ഒരു ദൈവത്തേയും കണ്ടില്ലല്ലോ?” അതോ അമ്മയുടെ ഈ ദൈവങ്ങളെല്ലാം അന്ന് ഉറക്കമായിരുന്നോ?
"
"മക്കളെ!" വേദനയോടെ വിളിച്ചു.” എന്നെ ഒന്നും ഓർമ്മിപ്പിക്കരുതേ...”
“അമ്മയെ വേദനിപ്പിക്കാനോ, ഒന്നും ഓർമ്മിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല. ഈ മുറ്റത്ത് എത്തുമ്പോൾ, ഉമ്മറക്കോലായയിലെ ഒഴിഞ്ഞ കസേര കാണുമ്പോൾ , വെന്തു പിടയുന്ന അഛന്റെ രൂപമാണ് മനസ്സിൽ തെളിയുന്നത് . അച്ഛൻ വേദന കൊണ്ട് കരയുന്ന ശബ്ദ്മാണ് കാതിൽ ഇന്നും. ആ ശപിക്കപ്പെട്ട ദിവസം, നഷ്ടപ്പെട്ടതാണ് അന്നു വരെ ഞാൻ വണങ്ങിയ ദൈവങ്ങളിലുള്ള വിശ്വാസം ."
.
അമ്മ കരയല്ലേ! അമ്മയെ നെഞ്ചോടു ചേർത്ത് പിടിച്ച്, ഒട്ടിയ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു. “ അമ്മ പോയ്ക്കോളൂ .അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കട്ടെ.”
“ഞാൻ കൂടെ വരാം അമ്മയ്ക്ക് തുണയായിട്ട് "
രാധാ ജയചന്ദ്രൻ,വൈക്കം
11.03.2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo