Slider

നിങ്ങളുടെ സ്വപ്നങ്ങളുടെ സ്ഫടിക ജനാലകള്‍ തുറക്കുമ്പോള്‍

0

നിങ്ങളുടെ സ്വപ്നങ്ങളുടെ സ്ഫടിക ജനാലകള്‍ തുറക്കുമ്പോള്‍
*************************************************************************************************************
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആ ബസ്സിലായിരുന്നു.ബസ് മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഒരിടത്തും നിര്‍ത്താതെ ...
ഒരു സുഖകരമായ ഗന്ധം ബസ്സിനുള്ളില്‍ തങ്ങി നില്ക്കുന്നു.അതിനുള്ളില്‍ ,സീറ്റുകളില്‍ മറ്റാരൊക്കെയോ ഇരിപ്പുണ്ട്.പക്ഷെ അവരുടെ രൂപം വ്യക്തമാകുന്നില്ല...ബസ്സിന്റെ വേഗത കൂടുകയോ കുറയുകയോ ചെയ്യുന്നില്ല..ഒരു പ്രാര്‍ത്ഥന പോലെ ബസ് നിശബ്ദമാണ്.
ഞാന്‍ പുറത്തേക്ക് നോക്കി.
നിറങ്ങള്‍ വാരിവിതറിയതു പോലെ പല നിറങ്ങളില്‍ ഉള്ള ഇലകളും പൂക്കളും വിടര്‍ന്നു നില്ക്കുന്ന ഒരു ഭൂമികയുടെ നടുവിലൂടെയാണ്‌ ബസ് സഞ്ചരിക്കുന്നത്.മഴ പെയ്തു നനഞ്ഞു കിടക്കുന്ന വഴി.ആ വഴി തീര്‍ത്തും ശൂന്യമാണ്.
ഈ ബസ്സിനു മാത്രം സഞ്ചരിക്കാന്‍ ഉള്ളതാണ് ഈ വഴി.ഉള്ളില്‍ ഇരുന്നു ആരോ പറയുന്നു.
"ശരിയാണ് .ഇത് ഈ ബസ് മാത്രം പോകുന്ന വഴിയാണ്.." ഒരു കൊച്ചു പെണ്കുട്ടിയുടെ ശബ്ദം.
ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ സീറ്റില്‍ എന്റെ അരികിലായി ഒരു കൊച്ചു പെണ്കുട്ടി വന്നിരുന്നു.അവളുടെ കണ്ണില്‍ തിളക്കമുണ്ട്.അവള്‍ അണിഞ്ഞിരിക്കുന്ന ഫ്രില്‍ വച്ച ഈ മനോഹരമായ ഫ്രോക്കിന്റെ നിറം എന്താണ്..?
ഒരു വെളിപാടില്‍ ഞാന്‍ പുഞ്ചിരിച്ചു.
അവള്‍ എന്നെ നോക്കി ചിരിച്ചു.
"എന്താണ് നിങ്ങള്‍ ചിരിക്കുന്നത്...?നിങ്ങള്‍ ഉണര്‍ന്നു അല്ലെ..."
"എനിക്ക് ഞാന്‍ ആരാണെന്ന്ഓര്‍ക്കാന്‍ കഴിയുന്നില്ല.ഈ ബസിനു ഡ്രൈവറുമില്ല.പക്ഷെ എന്റെ ഉള്ളില്‍ അതൊന്നും ഓര്‍ത്തിട്ട് ഒരു ആധിയും തോന്നുന്നില്ല." ഞാന്‍ പറഞ്ഞു.
"ഈ ബസില്‍ ആധി പിടിക്കണ്ട കാര്യമില്ലല്ലോ.."
"ഈ ബസ് എവിടെ വരെയുണ്ട്.."ഞാന്‍ അവളോട്‌ ചോദിച്ചു.
ഗിരിനിരകള്‍ കടന്നു,സമതലങ്ങള്‍ കടന്നു,പുഷ്പ വനങ്ങള്‍ കടന്ന്,ബസ് മുന്നോട്ട് പോവുകയാണ്.
"ഈ ബസ്സിനു തുടക്കവും,അവസാനവുമില്ല.ബസ് സ്റേഷന്‍ ഇല്ല.ഇത് യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.."
അവള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ബസ്സിന്റെ വേഗം കുറഞ്ഞു.ആരോ ഒരാള്‍ ബസ്സില്‍ നിന്ന് എഴുനേല്ക്കാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു.ഞാന്‍ പുറത്തേക്ക് നോക്കി.
കണ്ണെത്താദൂരം പുല്മേടുകള്‍.അവയ്ക്കിടയില്‍ പച്ച മരങ്ങളുടെ ഇടയില്‍ അനേകം വെളുത്ത കൂടാരങ്ങള്‍.വെളുത്ത വസ്ത്രം ധരിച്ച ,പ്രകാശം നിറഞ്ഞ മുഖമുള്ള ചെറുപ്പക്കാര്‍ വഴിയില്‍ ആരെയോ കാത്തു നില്ക്കുന്നു.
ബസ് അവരുടെ അരികില്‍ നിര്‍ത്തുന്നു..ബസ്സില്‍ നിന്നിറങ്ങാന്‍ തുടങ്ങുന്ന ആളുടെ മുഖം ഞാന്‍ ഒരു മാത്ര കണ്ടു.അയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആ ചെറുപ്പക്കാര്‍ അയാളുടെ അരികില്‍ എത്തി എതിരേല്ക്കു ന്നു.
അത് ഒരു വൃദ്ധനായിരുന്നു.
"ഞാന്‍ അയാളെ എവിടെയോ കണ്ടത് പോലെ..ഈ കൂടി നില്ക്കുന്നവര്‍ ആരാ ?" ഞാന്‍ ആ കുട്ടിയോട് അന്വേഷിച്ചു.
"അയാളെ നിങ്ങള്‍ കണ്ടിട്ടുണ്ട്.നിങ്ങളുടെ കഴിഞ്ഞ സ്വപ്നത്തിലെ ആ ബസ് യാത്രയില്‍ അയാള്‍ നിങ്ങള്ക്കൊപ്പം ഉണ്ടായിരുന്നു.ആ ചെറുപ്പക്കാര്‍ അയാളുടെ മക്കളാണ്..
"മക്കളോ.."
"അതെ..കഴിഞ്ഞ സ്വപ്നത്തില്‍ അയാള്‍ ഒരു പാട് ആഗ്രഹിച്ചിരുന്നു..തന്നെ സംരക്ഷിക്കുന്ന മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്..അയാളുടെ ആഗ്രഹങ്ങളാണ് അയാളെ സ്വാഗതം ചെയ്യുന്നത്...ആ പച്ച കുന്നുകള്ക്കി്ടയിലെ വെളുത്ത കൂടാരങ്ങളില്‍ അവര്‍ അയാളെ സ്നേഹിക്കും...മതിയാവോളം.."
ബസ് മുന്നോട്ട് നീങ്ങി...നനുത്ത ചാറ്റല്‍ മഴ പെയ്തു തുടങ്ങി. സ്വപ്നങ്ങള്‍ പോലെ ദൂരെ മഴവില്ലുകള്‍ വിടരുന്നു.
.
"എനിക്ക് എല്ലാം മനസ്സിലായി.ഞാന്‍ ഒരു സ്വപ്നത്തിലാണ് അല്ലെ..."ഞാന്‍ അവളോട്‌ ചോദിച്ചു.
"നിങ്ങള്‍ എപ്പോഴും സ്വപ്നത്തിലാണ്.നിങ്ങളുടെ സ്വപ്‌നങ്ങള്‍ കണ്ണാടി വീടുകള്‍ പോലെയാണ്.അത് അവസാനിക്കുമ്പോള്‍ അവയുടെ സ്ഫടിക ജനാലകള്‍ തുറന്നു നിങ്ങള്‍ അടുത്ത സ്വപ്നത്തിലേക്ക് പറന്നു പോവുന്നു.."അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു.
ബസ് മുന്നോട്ടു നീങ്ങുകയാണ്.
പാതയുടെ അരികില്‍.നിര നിരയായി നില്ക്കു ന്ന പച്ചമരങ്ങളില്‍ ചുറ്റി പിടിച്ചു കയറിയ മഴവില്‍ വര്‍ണ്ണമുള്ള വള്ളികള്‍.അവക്കിടയിലൂടെ ഒരു പറ്റം കിളികള്‍ പറന്നു പോയി.
"സ്വപ്‌നങ്ങള്‍ ഒരുപാട് നീളം തോന്നിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു സെക്കന്ഡില്‍ താഴെ മാത്രമാണ് സ്വപ്‌നങ്ങള്‍ നീണ്ടു നില്ക്കൂ് എന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്..." ഞാന്‍ ആ കുട്ടിയോട് പറഞ്ഞു.
"യാഥാര്ത്ഥ്യം എന്നൊന്നില്ല...എല്ലാം സ്വപ്‌നങ്ങള്‍ മാത്രം..."കുട്ടി പറയുന്നു.
വണ്ടി വീണ്ടും വേഗത കുറഞ്ഞു.മറ്റൊരാള്‍ ഇറങ്ങാന്‍ തുടങ്ങുകയാണ്.അത് ഒരു പെണ്കുട്ടിയാണ്.പാതയുടെ അരികില്‍ ഒരു സംഘം ഭടന്മാര്‍ കാത്തു നില്ക്കുന്നു..ഒരു കറുത്ത കോട്ടക്കുള്ളില്‍ ഉയര്‍ന്നു നില്ക്കു ന്ന കൊട്ടാരം.
പെണ്കുട്ടി ബസ്സില്‍ നിന്നിറങ്ങി..ഭടന്മാര്‍ അവളെ സ്വീകരിച്ചു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു.
"സംരക്ഷണം ഇല്ലാതിരുന്നതിനാല്‍ ഒരുപാട് ദു:ഖം അനുഭവിച്ച ഒരു പെണ്കു്ട്ടിയാണ് അവള്‍...അവള്‍ ഏറ്റവും ആഗ്രഹിച്ചത്‌ സുരക്ഷിതത്വം ആയിരുന്നു..."
എന്റെ അടുത്തിരുന്ന കുട്ടി പറയുന്നു.
"എനിക്ക് നിന്നെ അറിയാം...പക്ഷെ..എങ്ങെനെ എന്ന് ഒരു പിടിയും കിട്ടുന്നില്ല.." ഞാന്‍ അവളോട്‌ പറഞ്ഞു.
"നിന്റെ കഴിഞ്ഞ സ്വപ്നത്തില്‍ ഞാന്‍ നിന്നോടൊപ്പം എത്ര പ്രാവശ്യം ഉണ്ടായിരുന്നു..ഓര്‍ക്കുന്നില്ലേ....നിന്റെ ജോലി നഷ്ടപ്പെട്ടു നീ ആ ഓഫിസില്‍ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങിയപ്പോള്‍,നിന്റെ കാമുകി നീയുമായി തെട്ടിപ്പിരിഞ്ഞപ്പോള്‍,ഒടുവില്‍ ആ ബസ് യാത്രയില്‍ നീ നാട് വിടാന്‍ തുടങ്ങിയപ്പോള്‍....ഒക്കെ ഞാന്‍ കൂടെ ഉണ്ടായിരുന്നു..."
ഞാന്‍ മനസ്സിലാകാതെ അവളെ നോക്കി.അവള്‍ വീണ്ടും ചിരിക്കുന്നു...
"ആ സ്വപ്നത്തിനു മുന്പ് നീ കണ്ട ഒരു പാട് സ്വപ്നങ്ങളിലെ നല്ല ഓര്‍മ്മകളാണ് ഞാന്‍..നിന്നെ എപ്പോഴും ഞാന്‍ അനുയാത്ര ചെയ്യുന്നു.."
അവള്‍ പറയുന്നു.പുറത്തു മഴ പെയ്യുന്നു.തണുത്ത നൂലുകള്‍ പോലെ.
വണ്ടി വീണ്ടും വേഗത കുറയ്ക്കുകയാണ്.ഇപ്പോള്‍ വിജനമായ ഒരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നില്‍ക്കുകയാണ്.
മറ്റൊരു പെണ്കുട്ടി ബസ്സില്‍ നിന്ന് ഇറങ്ങി.അവളെക്കാത്ത് ആരും നില്ക്കുന്നില്ല.
"അവള്‍ തിരിച്ചു പോവുകയാണ്.പഴയ സ്വപ്നത്തിലേക്ക്...ഒപ്പം നീയും.അവള്ക്ക് ഒപ്പം കാത്തു നില്‍ക്കേണ്ടത് നീയാണ് "..
എന്റെ അരികിലിരുന്ന കുട്ടി പറയുന്നു.
ഞാന്‍ ബസ്സില്‍ നിന്നിറങ്ങി.
വെളുത്ത മഴയുടെ തണുത്ത കണ്ണാടി മാലകള്‍ പൊഴിയുന്നു.അവക്കിടയിലൂടെ .അവള്‍ എന്നെ നോക്കുന്നു.
"നമ്മള്‍ മുന്പ് കണ്ടിട്ടുണ്ട്.."അവള്‍ പറയുന്നു
.
"ശരിയാണ്.."ഞാന്‍ പറയുന്നു.
കഴിഞ്ഞ സ്വപ്നത്തിലായിരിക്കാം.ഞാന്‍ ഉള്ളില്‍ ചിന്തിക്കുന്നു.
ദൂരെ ഒരു തീവണ്ടിയുടെ ശബ്ദം കേട്ടു.ഞാന്‍ കണ്ണ് പതുക്കെ വലിച്ചു തുറന്നു..
>>
ഒരു പുകമറ പോലെ അമ്മയുടെ കരയുന്ന മുഖം..പിന്നെ ചില കൂട്ടുകാരുടെ...
"ബോധം തെളിഞ്ഞു സമാധാനമായി..."ആരോ പറയുന്നു.ഏതോ ആശുപത്രിയുടെ കാഷ്വാലിറ്റിയിലാണ് ഞാന്‍.
"ഒരു വൃദ്ധനും പെണ്കുട്ടിയും ആശുപത്രിയില്‍ കൊണ്ട് വന്നതിനു ശേഷം മരിച്ചു..ബാക്കിയുള്ളവരുടെ കാര്യം പറയാറായിട്ടില്ല." മറ്റാരോ പറയുന്നു.
ആരോ എന്നെ ചാരി ഇരുത്തുന്നു.തൊട്ടപ്പുറത്തെ ബെഡ്ഡില്‍ ഒരു പെണ്കു്ട്ടി കിടക്കുന്നു.അവളുടെ ചുറ്റിനും ആളുണ്ട്.
അവളുടെ മുഖം എനിക്ക് പരിചിതമാണ്.എവിടെ വച്ചു എന്ന് ഓര്‍മ്മ കിട്ടുന്നില്ല.
"നിന്റെ ഒപ്പം അപകടത്തില്‍ പെട്ട കുട്ടിയാ മോനെ അതും..മോന്‍ ഉറങ്ങിക്കോ.."അമ്മയുടെ സ്വരം.
ഞാന്‍ കണ്ണുകള്‍ അടച്ചു..ആശുപത്രിയുടെ പുറത്തു മഴ പെയ്യുന്നത് ഞാന്‍ അറിയുന്നു. പക്ഷെ ഞാന്‍ എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുകയാണ്.സ്ഫടിക ജനാലകള്‍..സ്ഫടിക ജനാലകള്‍ തുറക്കുന്ന കാര്യം ആരാണ് എന്നോട് പറഞ്ഞത് ?
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo