നിങ്ങള് സ്കൂൾ വാർഷികപരിപാടികൾ കണ്ടിട്ടുണ്ടോ? സ്റ്റേജിന്റെ മുന്നിൽ ഇരുന്നു കാണുന്ന പോലെ അല്ല അവ കാണേണ്ടത് ...പങ്കെടുക്കുന്ന അനുഭവം അതീവ വ്യത്യസ്തം ആണ് ... അതും കുറച്ച് കുട്ടികൾ മാത്രം ഉള്ള ചെറിയ സ്കൂൾ ആവണം ..
അവശ്യം വേണ്ടത്:
നല്ല കട്ടി കണ്ണാടി വച്ച ഗൗരവം ഉള്ള പ്രിൻസിപ്പൽ - ഒന്ന്
നല്ല നാട്യ ഭാവം ഉള്ള പക്ഷേ സലിം കുമാർ രീതിയിൽ ഒരേ സ്റ്റെപ് വീണ്ടും വീണ്ടും ഇടുന്ന പ്രധാന ഡാൻസ്ടീച്ചർ - ഒന്ന്
കണക്കും സയൻസും പഠിപ്പിക്കാൻ വന്നു പ്രിൻസിപ്പലിനെ പേടിച്ച് ഡാൻസ്, നാടകം ഒക്കെ പിള്ളേരെ പഠിപ്പിക്കേണ്ട അവസ്ഥയിൽ യാതൊരു കലാ ബോധവും ഇല്ലാത്ത സാദാ ടീച്ചർമാർ-നാലഞ്ച് എണ്ണം ഒരു പണിയും അറിഞ്ഞു കൂടാത്ത മുട്ടയിൽ നിന്നും വിരിയാത്ത പിള്ളേർ _ ആവശ്യാനുസരണം ( എണ്ണം ഭാഗ്യം പോലെ ഇരിക്കും.. )
ഞാൻ നാലാം ക്ലാസ്സ് വരെ പഠിച്ചത് ഒരു ചെറിയ സ്കൂളിൽ ആയിരുന്നു.. വീടിന് അടുത്ത് തന്നെ ഒരു വലിയ വീട്ടിൽ ആണ് ഇൗ സ്കൂൾ . ഒരു പാട് വലിയ മുറികൾ,വിസ്താരമുള്ള ഹാളുകൾ ഒക്കെ ഉള്ള ഒരു രണ്ടു നില കെട്ടിടം .. മുറ്റത്ത് കളിക്കാൻ ഒരു ചെറിയ കളിസ്ഥലം .. അവിടെ ഊഞ്ഞാൽ, സ്ലൈഡ് ഒക്കെ ഉണ്ട് .. ഓരോ മുറിയും ഓരോ ക്ലാസ്സ് മുറി ആയിരുന്നു.. പഠിപ്പിക്കാൻ ഹെഡ്മിസ്ട്രസ്സ് പിന്നെ നാലോ അഞ്ചോ അധ്യാപകരും ..ഞങ്ങടെ എല്ലാവരുടെയും " മാഡം " ആയ ഹെഡ്മിസ്ട്രസ്സ് ആ സ്കൂളിന്റെ ഉടമസ്ഥയും ആണ്..
ഇങ്ങനെ ശാന്ത സുന്ദരമായി നടന്നു കൊണ്ടിരിക്കുന്ന സ്കൂൾ ഒന്ന് ഉണരുന്നത് ഡിസംബർ കഴിയുമ്പോൾ ആണ്.. മാർച്ച് ആവുമ്പോൾ സ്കൂൾ ഡേ വരും..അതിനുള്ള തയ്യാറെടുപ്പുകൾ ആണ് പിന്നെ.. ഉച്ച വരെ ആണ് പഠിപ്പ്,പിന്നെ താഴത്തെ നിലയിൽ ഉള്ള ഹാളിൽ നൃത്ത നൃത്യങ്ങൾ ആണ്.. വളരെ ഗൗരവം ഉള്ള പരിപാടിയാണ് അത്. ഇപ്പൊ ഏതു സ്കൂൾ വാർഷികത്തിന് പോയാലും സിനിമ പാട്ട് തന്നെ ആയിരിക്കുമല്ലോ .. ഒരു പാട്ട് യൂട്യൂബ് നോക്കി പഠിക്കുക, സ്റ്റേജിൽ കേറി കളിക്കുക...തീർന്നു...
നമ്മൾ അങ്ങനെ ഉള്ള ടീം അല്ല. മാഡം നല്ല എഴുത്തുകാരി കൂടെ ആയിരുന്നു.. സ്വന്തമായി ഗാനരചന ചെയ്തു അതിനു സംഗീതം നൽകി അതിന്റെ സംവിധാനം ചെയ്ത് ആണ് രംഗത്ത് ഇറക്കുന്നത്.. ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈൽ.. പരിപാടി നടത്തുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ വിക്ടോറിയ ജൂബിലി ഹാളിൽ.. അതും കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി ഉൾപ്പടെ ചീഫ് ഗസ്റ്റ് ആയി വന്ന ഓർമ ഉണ്ട് . അവിടെ ഹരിശ്രീ കുറിച്ചു കലാ രംഗത്ത് തിളങ്ങി നിൽക്കുന്ന രാജശ്രീ വാര്യർ പോലെ ഉള്ള പല താരങ്ങളും ഉണ്ട് .. അങ്ങനെ ഉള്ള അരങ്ങുകളിൽ തകർത്ത (അക്ഷരാർത്ഥത്തിൽ അല്ല)ഒരു കലാകാരിയാണ് ഇപ്പൊൾ നിങ്ങളോട് സംസാരിക്കുന്നത് ..
പരിപാടിക്ക് തൊട്ടു മുൻപുള്ള ശനി ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് ആണ്.. ഗായകരും ഓർക്കെസ്ത്രക്കരും ഒക്കെ എത്തും. അവരെ ഒക്കെ കാണുക തന്നെ ഒരു രസം ആണ്.. വലിയ മാല , മിനുങ്ങുന്ന സാരി ഒക്കെ ധരിച്ച് ആണ് പ്രധാന പാട്ടുകാരി വരുക, എന്തൊക്കെ വാദ്യ ഉപകരണങ്ങൾ ഉണ്ട് എങ്കിലും യവനികയിലെ ഭരത് ഗോപി യേ ഓർമിപ്പിക്കുന്ന രൂപ ഭാവങ്ങൾ ഉള്ള ഒരുതബലിസ്റ്റ് ആയിരുന്നു അവരിൽ പ്രധാനി. പുള്ളി തബല വായിക്കുന്ന അതേ താളത്തിൽ തലയും ഇളക്കി രസിച്ചു ആണ് വായന.
എല്ലാ വർഷവും ഞാൻ സ്കൂൾ ഡേയുടെ ഭാഗം ആയിരുന്നു...ആദ്യ കാലത്ത് കൃഷ്ണ ലീലയിൽ ഏതോ ഒരു ഗോപിക, ശാകുന്തളം ബാലെയിൽ മാൻ കുട്ടി, സംഘ ഗാനത്തിൽ ഏറ്റവും പുറകിലെ അംഗം എന്നീ മേഖലകളിൽ ഞാൻ കരുത്ത് തെളിയിച്ചു. മാൻ കുട്ടി ആയി രണ്ട് ചാട്ടം ഇടത്തോട്ട് , രണ്ട് ചാട്ടം വലത്തോട്ട്, ചിൻ അപ് , ചിൻ ഡൗൺ ഒക്കെ ആണ് ചെയ്യേണ്ടത്.. മുനി കന്യക അടുത്ത് എത്തുമ്പോൾ മുഖം ഒന്ന് ഉയർത്തി നോക്കണം ... ബാക്കി എല്ലാം നേരത്തെ പറഞ്ഞത് തന്നെ..
പിന്നീടുള്ള വർഷങ്ങളിൽ , അതായത് രണ്ടിലും മൂന്നിലും ഒക്കെ എത്തിയപ്പോൾ എനിക്ക് പ്രധാന വേഷങ്ങൾ തന്നു തുടങ്ങി.. ഗോപികയിൽ നിന്ന് രാധയിലേക്കും കൃഷ്ണനിലേക്കും ഒക്കെ പ്രൊമോഷൻ കിട്ടി. നമ്മൾ ആണേൽ പിന്നെ മഞ്ജു വാര്യർ ലെവലിൽ ആയി നടപ്പ് ..സ്കൂൾ ഡെ കഴിഞ്ഞാലും എല്ലാവരും തിരിച്ചറിയും..ഉർവശി തീയേറ്റർ ഇലെ പ്രധാന നടി അല്ലേ നമ്മൾ..
നാലാം ക്ലാസ്സ് ആയി .. അവിടത്തെ ഏറ്റവും സീനിയർ ബാച്ച് ആണല്ലോ.. ഇത്തവണ പ്രാക്ടീസ് ഒക്കെ തുടങ്ങിയപ്പോൾ ആ ഗമയിൽ ആണ് നമ്മുടെ നടപ്പ്.. മാഡം ആണേൽ എന്തൊക്കെയോ പുതിയ ഐറ്റംസ് അവതരിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പ്. ഒരു നാടകം , കഥാ പ്രസംഗം ഒക്കെ ആദ്യമായി പ്ലാനിൽ ഉണ്ട്.. പരിപാടിക്ക് അധികം ദിവസവും ഇല്ല ..
കഥാ പ്രസംഗം നടത്താൻ ഒരു കുട്ടിയെ വേണം.. അവരൊക്കെ കൂടി ആലോചിച്ച് എന്നെ തിരഞ്ഞെടുത്തു. എന്റെ സംഗീത വാസന അറിയാവുന്ന കൊണ്ട് പാട്ട്പാടാൻ ഒരു കുട്ടിയെ കൂടെ ഏർപ്പാടാക്കി .. ഞാൻ കൂടെ പാടിയാൽ മതി.. കഥയും പ്രസംഗവും ഞാൻ തന്നെ ...വൈകുന്നേരം അമ്മയോട് മാഡം പറയുന്ന കേട്ടു, " നന്നായി വാചകം അടിച്ചൊളും.. പിന്നെ സ്റ്റേജിൽ കേറിയാൽ പേടി ഒന്നും തീരെ ഇല്ല" ..എന്ന് ( പരിഭാഷ ഇങ്ങനെ... ക്ലാസ്സിൽ ഇരുന്നു സംസാരം ആണ് എപ്പോഴും.. പിന്നെ നാണോം മാനോം ഒക്കെ കുറവാണ്)
സാധാരണ ഉള്ള ബാലെ, ഡാൻസുകൾ , മറ്റു പരിപാടികൾ ഒക്കെ കൂടാതെ ആണല്ലോ പുതിയ ഇനം വന്നത്..അതിനാൽ ഒരു കഥ തിരഞ്ഞെടുത്ത് ഞങ്ങളെ പഠിപ്പിക്കാൻ അടുത്ത കാലത്ത് വന്നു ചേർന്ന ഒരു ചെറുപ്പക്കാരി ടീച്ചറിനെ ഏൽപ്പിച്ചു. അവരിൽ ഉള്ള വിശ്വാസം കാരണവും പരിപാടിയുടെ അവസാന റിഹേഴ്സൽ തുടങ്ങിയ കാരണവും മാഡം പൂർണമായി ഇതിൽ ഇടപ്പെട്ടിരുന്നില്ല.
ഞങ്ങളും ടീച്ചറും കൂടി ഒരു ചെറിയ മുറിയിൽ ആണ് പ്രാക്ടീസ്...കഥയുടെ പേര് "മേരിക്കുട്ടിയുടെ കദന കഥ"... മൊത്തത്തിൽ നാലോ അഞ്ചോ രംഗങ്ങൾ ആണ് ഉള്ളത്.. ഞാൻ ആത്മാർത്ഥമായി കഥാ നായികയുടെ രൂപവും നാടും ഒക്കെ വർണിക്കും.. "അതാ അങ്ങോട്ട് നോക്കൂ.. പച്ച പട്ട് വിരിച്ച ഗ്രാമം " എന്നൊക്കെ ..ആദ്യത്തെ ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ ഇതിന്റെ ടെക്നിക് പിടികിട്ടി ....ഒരു സാംബശിവൻ ഒക്കെ ആയ ഫീൽ ..ഓരോ രംഗവും കഴിഞ്ഞു എന്റെ കൂട്ടുകാരി നല്ല മനോഹരമായി ഓരോ പാട്ടും പാടും... സുരേഷ് ഗോപിയുടെ കൂടെ ജഗതി ശ്രീകുമാർ പോലെ .." അമ്മെ ഗംഗേ ...മന്ദാകിനി.. " ട്യൂണിൽ... ഞാൻ പാടുന്ന പോലെ അഭിനയിക്കും ...അത് കഴിയുമ്പോൾ ഞാൻ മൈക്കിലൂടെ പറയും.." രംഗം ഒന്ന് അവസാനിച്ചു.. അടുത്ത രംഗവുമായി ഞങൾ ഇൗ നൃത്തത്തിന് ശേഷം എത്തും..അത് വരെ കാത്തിരിക്കൂ സഹൃദയരായ നാട്ടുകാരെ" ... കൂട്ടുകാരുടെ ഇടയിൽ നമ്മൾ രണ്ടു പേരും ഞെളിഞ്ഞു നടക്കും.. പുതിയ കലാരൂപം പഠിച്ചെടുത്ത ഗമയിൽ ...
അങ്ങനെ പരിപാടിയുടെ തലേന്ന് ആയി.. ഇനി തബല മാമൻ ഒക്കെ വന്നു കൂടെ കൂടണം.... ടീച്ചർ നു ഇപ്പൊ ചെറിയ വെപ്രാളം ഒക്കെ ഉള്ള പോലെ തോന്നുന്നുണ്ട്.. ഒരു പക്ഷെ ഇത്ര വലിയ പരിപാടി ഒക്കെ ആദ്യം ആവും കാണുന്നത് എന്ന് ഞാനും കൂട്ടുകാരിയും പറഞ്ഞു ചിരിച്ചു..
പരിപാടിയുടെ തലേന്ന് വാദ്യ മേളത്തിന്റെ കൂടെ ആണ് മാഡം ഇൗ കഥ മുഴുവനായി കേൾക്കുന്നത് എന്ന് മുഖ ഭാവത്തിൽ നിന്ന് തോന്നി. സാധാരണ കാണുന്ന സംതൃപ്തി കാണുന്നില്ല.. സാംബശിവൻ പോരാ എന്നുണ്ടോ ??എന്തായാലും ഒന്നും പറഞ്ഞില്ല.. ഞാൻ വളരെ ആവേശത്തോടെ കഥ പറഞ്ഞു തീർത്തു... മാഡം അപ്പോഴും ഗൗരവത്തിൽ തന്നെ ... എന്തോ ആലോചനയിൽ ആണ് ..
പരിപാടിയുടെ ദിവസം ആയി.. ഞാൻ കഥ മുഴുവൻ കാണാതെ പഠിച്ചു കഴിഞ്ഞു. കൂട്ടുകാരിയുടെ കൂടെ പല തവണ പറഞ്ഞു ചില മിനുക്ക് പണികളും നടത്തി കഴിഞ്ഞു .. നല്ല പള പള മിന്നുന്ന ഉടുപ്പ് ഒക്കെ ഇട്ട് അടിപൊളി ആയി ഞങൾ സ്റ്റേജിൽ കയറി.. ഓരോ രംഗത്തും പ്രതീക്ഷിച്ചതിലും കൂടുതൽ പ്രോത്സാഹനം കാണികളിൽ നിന്നും കിട്ടി കൊണ്ടിരുന്നു... ഇനി രണ്ട് രംഗം കൂടിയേ പറയാൻ ഉള്ളൂ... അപ്പോഴേക്കും മാഡം എന്റെ അടുത്ത് വന്നു.. എന്നിട്ട് പറഞ്ഞു, അവസാന രംഗം നമ്മൾ പറയുന്നില്ല..അടുത്ത രംഗം കഴിഞ്ഞ്ഇങ്ങനെ പറയണം.. "സഹൃദയരെ, ഇനി ഒരു ഇടവേള.. ഇൗ കഥ ഇവിടെ നിർത്തുന്നു..ഇൗ കഥയുടെ ബാക്കി ഭാഗം പറയാൻ ഞങൾ ഒരു വർഷത്തിനു ശേഷം വരും...എല്ലാവരും കാത്തിരിക്കണം കേട്ടോ ". ഞെട്ടലോടെ ഞാൻ അത് കേട്ടു.. എന്റെ പേടി ഇൗഒരു വരി എങ്ങിനെ പറയും എന്നായിരുന്നു.. ഇത് വരെ ഉള്ളത് പഠിച്ച പാട് എനിക്കല്ലേ അറിയൂ .. ആകെ വിയർത്തു വന്നു.. എന്ത് ചെയ്യാം ?? പറഞ്ഞേ പറ്റൂ... ആദ്യമായി എനിക്ക് ചീഞ്ഞ മുട്ട , തക്കാളി തുടങ്ങിയവ സമ്മാനം ആയി കിട്ടും എന്ന് തോന്നി... ആരോടും ചോദിക്കാനും ഉള്ള സമയം അല്ല... ഒരു ധൈര്യത്തിന് സ്റ്റേജിൽ കയറി .. പാട്ടിന് ശേഷം പുതിയ അറിയിപ്പ് നടത്തി.... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആദ്യമായി റിഹേഴ്സൽ ഇല്ലാതെ സ്റ്റേജിൽ കയറി പറഞ്ഞ ഒരേ ഒരു വാചകം അതാവും.. ഒരു നിമിഷത്തെ മൗനം.. ഒന്നും സംഭവിച്ചില്ല... അഭിനന്ദിക്കാൻ വന്ന കുറെ പേര് ചോദിച്ചു.. കുട്ടികൾ കഥ മറന്നു പോയി അല്ലേ ?
പിന്നീട് കുറെ നാള് കഴിഞ്ഞാണ് കാര്യം മനസിലായത്... നമ്മുടെ മേരിക്കുട്ടി ആടി പാടി സന്തോഷിച്ച് നടന്ന ഒരു കുട്ടി ആയിരുന്നു അത്രെ.. പെട്ടന്ന് ഒരു യുവാവ് പ്രത്യക്ഷപ്പെടുന്നു.. പിന്നെ പ്രേമം ആയി.. പൈങ്കിളി ആയി..തന്റേത അല്ലാത്ത കാരണത്താൽ മേരിക്കുട്ടി മോശക്കാരി ആയി എന്നാണ് കഥ ...അവസാനം കഥ മൊത്തം കദന കഥ ആയി ...ഇപ്പോഴത്തെ സീരിയൽ പോലെ ആയി എന്ന് പറഞ്ഞാല് മതിയല്ലോ. തിരക്ക് കാരണം ആരും തന്നെ നേരത്തെ കേൾക്കുകയും ചെയ്തില്ല..കഥ ഇങ്ങനെ അവസാനിക്കുന്നത് എന്തായാലും അധ്യാപകർക്ക് ആർക്കും ഇഷ്ടമായില്ല ... പ്രത്യേകിച്ച് മുട്ടയിൽ നിന്നും വിരിയാത്ത കുഞ്ഞുങ്ങൾ പറയുന്ന കഥ... കഥ മാറ്റി എഴുതാൻ സമയം ഇല്ലാത്ത കൊണ്ട് അവർ കണ്ട് പിടിച്ച വഴിയാണ് ഒരു വർഷത്തെ ഇടവേള..
അങ്ങനെ ഒൻപതാം വയസ്സിൽ കഥാ പ്രാസംഗിക ആവാനുള്ള സ്വപ്നം പൊലിഞ്ഞു.. എന്നെ ബുക്ക് ചെയ്യാൻ തയ്യാറായി വന്ന എല്ലാ ഫാൻസ് നും കഥ മുഴുവൻ കേൾക്കാൻ കഴിയാതെ വിഷമിച്ച് പോയ കാണികൾക്കും പിന്നെ സാംസ്കാരിക കേരളത്തിനും ഇൗ വൈകിയ വേളയിൽ എന്റെ പേരിലും എന്റെ കൂട്ടുകാരിയുടെ പേരിലും മേരിക്കുട്ടിയുടെ പേരിലും മാപ്പ് ചോദിക്കുന്നു ....
വെളിപാട്:.. ബാഹുബലി ഒരു വർഷത്തെ ഇടവേള കഴിഞ്ഞ് ഇറക്കാൻ ഉള്ള ഐഡിയ ഞങൾ ആണ് കൊടുത്തത്... ശെരിക്കും രാജ മൗലിക്കും അറിഞ്ഞു കൂടായിരുന്നു... "കട്ടപ്പ എന്തിനാ കൊന്നെ " ന്ന്....
ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക