Slider

പ്ലസ് വൺ

0


അത്യാവശ്യം തിരക്കുള്ള ഒരു ഹോമിയോഡോക്ടർ ആയിരുന്നു ശ്രീലക്ഷ്മി.

ഭർത്താവ് വിദേശത്തായതിനാൽ ജോലിക്കൊപ്പം തന്നെ പ്രായമായ അച്ഛനമ്മമാരുടെ ഉത്തരവാദിത്തവും വീട്ടുകാര്യങ്ങളും ഒരേയൊരു മകന്റെ വിദ്യാഭ്യാസചുമതലകളും എല്ലാം ശ്രീലക്ഷ്മിയുടെ ചുമലിൽ ആയിരുന്നു...

പാഠങ്ങളെല്ലാം പഠിച്ചെടുക്കാൻ മിടുക്കുണ്ടെങ്കിലും പരീക്ഷയിൽ മാർക്ക്‌ വാങ്ങാനുള്ള കഴിവ് മകന് അല്പം കുറവായിരുന്നു..

ഒരു ശരാശരിക്ക് മുകളിൽ മാത്രം മാർക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായപ്പോൾ മകൻ തന്റെ പ്രതീക്ഷക്കൊപ്പം എത്താത്ത നിരാശ ഉണ്ടായിരുന്നു ശ്രീലക്ഷ്മിക്ക്....

അല്പം സ്ട്രിക്ട് ഉള്ള ഒരു സ്കൂളിൽ ഇനി മകനെ പഠിപ്പിക്കണം എന്ന് തോന്നിയത് കൊണ്ടും... ഓരോ വർഷത്തെയും ഫുൾ എ പ്ലസ്സിന്റെയും നൂറു ശതമാനം വിജയത്തിന്റെയും മഹാമഹ ആഘോഷം കണ്ടു വ്യാമോഹിച്ചുമാണ് ശ്രീലക്ഷ്മി മകനെ പ്ലസ് വണ്ണിന് ആ പുതിയ സ്കൂളിലേക്ക് മാറ്റിയത്..

ഓപ്പണിങ് ഡേയിലെ പ്രസംഗ പരിപാടിയിൽ സ്കൂൾ ഭാരവാഹികളെല്ലാം സ്കൂളിനെ പുകഴ്ത്തുന്നത് കേട്ട് പുളകം കൊണ്ടാണ് എല്ലാ അമ്മമാരെയും പോലെ ശ്രീലക്ഷ്മിയും വീട്ടിൽ എത്തിയത്...

അല്പം കൂടുതൽ പൈസ പോയാലും മകനു ഇത്രയും നല്ല സ്കൂളിൽ തന്നെ പഠിക്കാൻ ഭാഗ്യം കിട്ടിയല്ലോ എന്നോർത്ത് അവൾ ഒരുപാട് സന്തോഷിച്ചു...

രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞു. അവൾ പഴയ പോലെ ജോലി തിരക്കിലും വീട്ടു കാര്യങ്ങളിലും വ്യാപൃതയായി..

തുടക്കത്തിലെ ഒന്നോ രണ്ടോ ക്ലാസ്സ്‌ടെസ്റ്റുകളിൽ മകൻ ക്ലാസ്സിൽ മിടുക്കനായി മാർക്ക്‌ വാങ്ങിയിരുന്നു....

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞ് റിസൾട്ട്‌ വന്നപ്പോൾ മാർക്ക്‌ കുറഞ്ഞു... ചില വിഷയങ്ങളിൽ ശരാശരിയും ചിലതിൽ അതിനേക്കാൾ കുറവും എന്നാൽ മുൻപെങ്ങും ഇല്ലാത്ത വിധം കെമിസ്ട്രിയിൽ വെറും പാസ്സ്‌മാർക്കും..

ഓരോ മാർക്ക്‌ അറിയുമ്പോഴും പ്രവീൺ അമ്മയോട് വന്നു പറയുമായിരുന്നു.. കുറവുള്ള മാർക്കുകൾ പറയുമ്പോൾ അവൻ സോറി പറഞ്ഞും അമ്മയെ കെട്ടിപ്പിടിച്ചും "അടുത്ത പരീക്ഷക്ക് ഞാൻ ഫുൾ വാങ്ങാം അമ്മേ.." എന്ന് സമാധാനിപ്പിച്ചും കൊണ്ടിരുന്നു..

അന്ന് ക്ലിനിക്കിലെ തിരക്കുകൾക്കിടയിൽ മോന്റെ സ്കൂളിലെ ഓപ്പൺഹൗസിനു പോയി അവൾ പെട്ടെന്നു തിരിച്ചു പോന്നു..

അതിനു ശേഷം മകനിൽ ചില ആരോഗ്യപ്രശ്നങ്ങളൊക്കെ കണ്ടുതുടങ്ങി..

ശരീരം മെലിയുക, ഭക്ഷണം കഴിക്കാൻ താല്പര്യക്കുറവ്, ഗ്യാസ് പ്രോബ്ലംസ്, വയറുവേദന ഇങ്ങനെയൊക്കെ... രാവിലെ സ്കൂളിൽ പോകാൻ യൂണിഫോം ഇട്ടു കഴിഞ്ഞതിന് ശേഷമാവും "വയറു വേദനിക്കുന്നേ..." എന്നും പറഞ്ഞു കരയുന്നത്.. പിന്നെ പനിയും വിറയലും തുടങ്ങും...

മിക്ക ദിവസങ്ങളിലും ഇതൊരു പതിവായപ്പോൾ സാധാരണ കൊടുക്കുന്ന ഹോമിയോമരുന്നുകൾ ഒന്നും ഏൽക്കാതെയായി..

കൂടുതൽ ചെക്കപ്പിന് വേണ്ടി ഒരു അലോപ്പതി ഡോക്ടറെ കാണിച്ചു.. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ബ്ലഡ്ടെസ്റ്റ് ഉൾപ്പെടെ ഒരുപാട് ടെസ്റ്റുകൾ ചെയ്തു..

റിസൾട്ട് എല്ലാം നോർമൽ ആയതിനാൽ കുട്ടിക്ക് മെന്റലി എന്തെങ്കിലും സ്‌ട്രെസ് ഉണ്ടാവാം, അത്കൊണ്ട് ഒരു കൗൺസിലിങ് കൊടുക്കുന്നത് നന്നായിരിക്കും എന്ന അഭിപ്രായത്തിൽ അവർ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു...

മകന്റെ അസ്വസ്ഥതകൾ തുടർന്നു കൊണ്ടിരുന്നു..
അമ്മയും മകനും എന്നതിനേക്കാളുമുപരി സുഹൃത്തുക്കളെ പോലെ അവർ ജീവിക്കുന്നതിനാൽ തന്റെ മകന് ഒരു കൗൺസിലറുടെ സഹായം ആവശ്യമുണ്ടെന്നു ശ്രീലക്ഷ്മിക്ക് തോന്നിയില്ല..

സെക്കന്റ്‌ ടേം എക്സാമിന്റെ ഓപ്പൺഹൌസിനു എല്ലാ അധ്യാപകരെയും വിശദമായി ഒന്ന് കണ്ടു സംസാരിക്കണം എന്ന് കരുതിയാണ് ശ്രീലക്ഷ്മി സ്കൂളിൽ പോയത്..

ആദ്യം ക്ലാസ്സ്‌ ടീച്ചറെ കണ്ടു.. അവർ നല്ല മര്യാദയിൽ പെരുമാറി... "പ്രവീൺ നല്ല കുട്ടിയാണ്, നല്ല അനുസരണയും ബഹുമാനവുമാണ്, ഇവിടെ വരുന്ന മറ്റു കുട്ടികളെ അപേക്ഷിച്ച് അവന് ചീത്ത സ്വഭാവങ്ങൾ ഒന്നും തന്നെ ഇല്ല, ക്ലാസ്സിൽ മിടുക്കനാണ് പക്ഷേ അത് പരീക്ഷാപേപ്പറിൽ കാണുന്നില്ല.. ശരിയായിക്കോളും.." ആ ടീച്ചറുടെ വാക്കുകളിൽ നിന്നും കിട്ടിയ പ്രതീക്ഷയോടെയും പ്രത്യാശയോടെയും ആണ് ടീച്ചേർസ് റൂമിനടുത്തേക്ക് നടന്നത്..

കെമിസ്ട്രി ടീച്ചർ എന്ന് മകൻ ചൂണ്ടികാണിച്ചു കൊടുത്ത ആ സ്ത്രീയുടെ അരികിലേക്ക് നടന്ന് "പ്രവീണിന്റെ അമ്മയാണെ"ന്ന് സ്വയം പരിചയപ്പെടുത്തിപ്പോൾ.. അവർ ശ്രീലക്ഷ്മിക്ക് നേരെ ആക്രോശിച്ചടുത്തു...

"നാണമില്ലേ നിങ്ങൾക്ക്.. ഇത്രയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഇത്രയും ഒരു മോശം കുട്ടി വേറെ ഉണ്ടാവില്ല.. മന്ദബുദ്ധി... എത്ര പഠിപ്പിച്ചാലും പരീക്ഷക്ക് അവന്റെയൊരു പാസ്സ്‌മാർക്കും കൊണ്ട് വരും... ഇവൻ ഇവിടെ തോറ്റു കിടക്കും.. നോക്കിക്കോ... "
പ്രവീൺ പേടിയോടെ അമ്മയുടെ കൈകളിൽ കെട്ടിപ്പിടിച്ചു നിന്നു.

അപ്പോഴാണ് തന്റെ മകന്റെ അസ്വസ്ഥതകൾക്കുള്ള കാരണം അവൾക്ക് മനസ്സിലായത്..

അവനെ മറ്റു കുട്ടികൾക്കും പേരെന്റ്സിനും മുന്നിൽ വളരെ താഴ്ത്തിക്കെട്ടി സംസാരിച്ചപ്പോൾ മര്യാദയോടെ ശ്രീലക്ഷ്മി പ്രതികരിച്ചു...

"എന്റെ മോൻ അത്രയ്ക്ക് മോശം ഒന്നുമല്ല, അവന്റെ അറിവും കഴിവുകളും ഒക്കെ എനിക്ക് നന്നായറിയാം. ഈയൊരു എക്സാമിന്റെ മാർക്ക് മാത്രം വെച്ച് ടീച്ചർ അവനെ ഇത്രക്ക് മോശമായി കാണരുത്.. ഇപ്പോൾ കുറച്ചു ദിവസമായിട്ട് അവന് ഒട്ടും സുഖമില്ലായിരുന്നു.."

അത് പറഞ്ഞവസാനിപ്പിക്കും മുൻപേ ആ ടീച്ചർ അവളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഒരു വന്യമൃഗത്തിന്റെ രൗദ്ര്യഭാവത്തോടെ അലറുകയായിരുന്നു... "സുഖമില്ലാത്ത നിങ്ങളുടെ മകനെ ഇവിടെയല്ല കൊണ്ടുവന്നിടേണ്ടത്.. വല്ല ആശുപത്രിയിലും കൊണ്ടിട്..."

വാക്കുകൾ കിട്ടാതെ സ്തംഭിച്ചു നിന്ന ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കുടുകുടാ ഒഴുകാൻ തുടങ്ങി..

കയ്യിലുള്ള കർച്ചീഫ് കൊണ്ട് മുഖം പൊത്തി നിൽക്കുമ്പോൾ മകൻ വേദനയോടെ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

അതിനിടയ്ക്ക് വരാന്തയിലൂടെ നടന്നു പോയിരുന്ന രണ്ടുമൂന്ന് ടീച്ചർമാർ "പ്രവീണിന്റെ അമ്മ.. " എന്നും പറഞ്ഞ് പുച്ഛഭാവത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു..

ഒരു പേരെന്റായിരുന്നിട്ട് കൂടി അവരുടെ തന്നോടുള്ള പെരുമാറ്റം അവളെ അത്രക്ക് തളർത്തി.. ..
നെഞ്ച് പിളർന്ന വേദനയോടെ അവിടെനിന്നും തിരിച്ചു നടക്കുമ്പോൾ മറ്റൊരു ടീച്ചർ വന്ന് അവളെ ചേർത്തു പിടിച്ച് പറഞ്ഞു... "കരയണ്ട ഡോക്ടർ.. ഞാൻ അവന്റെ മാത്സ് ടീച്ചർ ആണ്.. അവൻ അത്ര മോശം കുട്ടിയൊന്നും അല്ല.. മിടുക്കനായി വളരും... "

തേങ്ങലിനൊപ്പം വഴുതി കളിച്ചതല്ലാതെ വാക്കുകൾ പുറത്തേക്ക് വരാതിരുന്നതിനാൽ നിശബ്ദയായി തിരികെ നടന്നു...

ദിവസങ്ങളെടുത്തു മനസ്സിനെ കൈപ്പിടിയിലാക്കുവാൻ...

ആ കെമിസ്ട്രി ടീച്ചറിനെ കുറിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ എൺപതും തൊണ്ണൂറും ശതമാനം മാർക്ക് വാങ്ങുന്ന പഠിപ്പിസ്റ് കുട്ടികളുടെ കണ്ണിലുണ്ണി ടീച്ചർ ആണ് അവരെന്നു മനസ്സിലായി...

അതിനേക്കാൾ കുറവു മാർക്ക് വാങ്ങുന്ന കുട്ടികളെ അവർ മറ്റു കുട്ടികൾക്ക് മുന്നിൽ ഇട്ട് പരമാവധി അവഹേളിക്കുന്നതും നാണം കെടുത്തുന്നതും അവർ പഠിച്ച ചൈൽഡ് സൈക്കോളജിക്ക് പാടെ എതിരാണെങ്കിലും... കുട്ടികൾക്ക് സ്വയം നാണക്കേട് തോന്നിയിട്ടെങ്കിലും പഠിക്കട്ടെ എന്ന ഒരു നെഗറ്റീവ് തോട്ട് അതിലുണ്ടെന്ന് കരുതി ആശ്വസിക്കാം..

പക്ഷേ, കുട്ടികളുടെ മാതാപിതാക്കളോട് കാണിക്കുന്ന ഈ ഹരാസ്സ്മെന്റ് എന്തിനു വേണ്ടിയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാതെ മനസ്സിലൊരു ചോദ്യചിഹ്നമായി അവശേഷിച്ചു...

അധ്യാപകരായ മാതാപിതാക്കളുടെ മകൾ എന്നതിലുപരി ഒരുപാട് നല്ലവരായ അധ്യാപകരുടെ ശിഷ്യയായിരുന്നു ശ്രീലക്ഷ്മി...

തന്നെ ഇതുവരെ പഠിപ്പിച്ച സകല അധ്യാപകരെയും തനിക്ക് പരിചയമുള്ള മുഴുവൻ അധ്യാപകരെയും ഓരോന്നായി അവൾ ഓർത്തെടുത്തു... പക്ഷേ ഇത്പോലെ ഒരനുഭവം.. കേട്ട് പരിചയം പോലും ഇല്ലായിരുന്നു ഈ കാലം വരെ...

അധ്യാപകർ എന്നാൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ജീവിത കാലഘട്ടത്തിലെ ഏറ്റവും നല്ല റോൾ മോഡൽ ആണ്... എൽ. കെ. ജി കാലം മുതൽ തന്നെ കുട്ടികൾ അവർക്കിഷ്ടപെട്ട അധ്യാപകരെ അനുകരിച്ചു തുടങ്ങും...

ഓരോ അധ്യാപകരും തനിക്ക് മുൻപിൽ ഇരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അറിയുന്നവനായിരിക്കും... അവരുടെ പ്രശ്നങ്ങളും കുറവുകളും ചിലപ്പോൾ മാതാപിതാക്കളെക്കാൾ മുൻപേ അറിയുന്നത് അധ്യാപകരായിരിക്കും... പരിഹാരം നിർദ്ദേശിച്ച് മാതാപിതാക്കളെ ഉപദേശിക്കുന്നവരായിരിക്കും അവർ...

അത്രക്കും വിശിഷ്ടമായ ഒരു പദവിക്ക് കളങ്കം ചാർത്തുന്ന ആ രസതന്ത്രകാരിയുടെ ക്ലാസ്സിൽ മകൻ വീണ്ടും തുടരണമെങ്കിൽ ഇതിനൊരു തീരുമാനം ആവണം എന്ന് ശ്രീലക്ഷ്മി മനസ്സിലുറച്ചു...

ഒരു ദിവസം സ്കൂളിൽ പോയി പ്രിൻസിപ്പളിനെ കണ്ടു സംസാരിച്ചു... കുട്ടികളോട് ഒട്ടും ഉത്തരവാദിത്തം ഇല്ലാത്ത രീതിയിൽ അയാൾ കുറെ ന്യായങ്ങൾ നിരത്തി...

"ഈ സ്കൂളിന്റെ ഉന്നമനമാണ് ഇവിടത്തെ ടീച്ചേഴ്‌സിന്റെ ലക്ഷ്യം.. അതിനു വേണ്ടി എന്ത് നിലപാടെടുക്കാനും മാനേജ്മെന്റ് അവർക്ക് മുഴുവൻ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്... ഈ സ്കൂളിന്റെ ആത്യന്തിക ആവശ്യമെന്നത് ഇവിടുത്തെ നൂറു ശതമാനം വിജയം നിലനിർത്തി കൊണ്ട് പോവുക എന്നത് മാത്രമാണ്... മറ്റു സെന്റിമെന്റ്സുകൾ ഒന്നും ഞങ്ങൾ ചിന്തിക്കാറില്ല... നിങ്ങൾക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ നിങ്ങളുടെ മകന്റെ ടിസി നൽകാം... അവൻ ഇവിടെ പഠിക്കണം എന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവും ഇല്ല..."

അവിടെ പിന്നെ തന്റെ ന്യായങ്ങൾക്കും മാനുഷികപരിഗണനക്കും പ്രസക്തി ഇല്ലെന്ന് കണ്ട ശ്രീലക്ഷ്മി അവിടെ നിന്ന് എണീറ്റ് നടന്നു...

തിരികെ വണ്ടിയിൽ കയറുമ്പോൾ ചിന്തിക്കുകയായിരുന്നു... തന്റെ മകന്റെ മാനസിക തകർച്ചയിൽ അവരുടെ നൂറു ശതമാനം നഷ്ടപ്പെടും എന്ന് ആധി പിടിച്ച ആ ടീച്ചറുടെ മനോവ്യപാരം ദുഷ്ടത പ്രാപിച്ചപ്പോൾ വീണ്ടും വീണ്ടും കുഞ്ഞിനെ അവർ തകർക്കുകയാണെന്ന് ഒരു അധ്യാപിക ആയിരുന്നിട്ട് കൂടി അവർ ഓർക്കാതിരുന്നതെന്തേ?

അവിടന്നിറങ്ങി ശ്രീലക്ഷ്മി നേരെ പോയത് പോലിസ് സ്റ്റേഷനിലേക്കാണ്... തനിക്കും തന്റെ മോനും നേരിട്ട മാനഹാനി ഒരു കടലാസിലെ പരാതിയായി മാറുമ്പോൾ പ്രിൻസിപ്പളിന്റെ ഓരോ വാക്കുകളും മറക്കാതെ അതിൽ ചേർത്തിരുന്നു...

ദിവസങ്ങൾക്കു ശേഷം... അന്ന് അടുത്ത് വന്ന് സമാധാനിപ്പിച്ച മാത്സ് ടീച്ചർ ശ്രീലക്ഷ്മിയെ കാണാൻ ക്ലിനിക്കിൽ വന്നു...

"സ്കൂളിന്റെ വിജയശതമാനം കുറഞ്ഞാൽ അത് ടീച്ചേഴ്സിന്റെ സാലറിയെ ബാധിക്കുമെന്നും അതുകൊണ്ടാണ് അന്ന് അവർ അങ്ങനെ പെരുമാറിയതെന്നും കേസ് പിൻവലിക്കണം" എന്നും പറയാൻ.

ശ്രീലക്ഷ്മി അവരെ നോക്കി ഒന്നു സൗമ്യമായി ചിരിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല....

അവൾക്ക് അവളുടെ മകനേക്കാൾ വലുതായി തോന്നിയില്ല ആ രോദനം...

കുഞ്ഞുങ്ങളെക്കാൾ സ്കൂളിന്റെ വിജയ ശതമാനം വില കല്പ്പിക്കുന്നവർ ഒരു ദയയും അർഹിക്കുന്നില്ല എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു..

ഇനിയും ഒന്നര വർഷങ്ങൾ തന്റെ മോന് അവിടെ സമാധാനത്തോടെ പഠിക്കണമെങ്കിൽ അങ്ങിനെയൊരു കേസിന്റെ പിൻബലം അത്യാവശ്യമാണെന്ന് ശ്രീലക്ഷ്മിക്ക് അറിയാമായിരുന്നതിനാൽ...

ഉറച്ച മനസ്സോടെ... മാറ്റമില്ലാത്ത തീരുമാനത്തോടെ.. ചിരിക്കുന്ന മുഖത്തോടെ... അവൾ

തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ പ്രശ്നങ്ങളിലേക്ക് ചെവിയോർത്തു...

-----------------------------

ഷാഫിയ ഷംസുദ്ദീൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo