ഞാൻ എഴുതുന്ന ഒരുപാടു കഥകളിൽ എൻ്റെ കസിൻ്റെ കടയിൽ ഞാൻ പോയിരുന്നപ്പോൾ ഉള്ള സംഭവങ്ങൾ ആണ്. ഇതും അവിടെ വെച്ച് നടന്ന ഒരു സംഭവമാണ്. ഒരിക്കൽ ഞാൻ കടയിൽ ഇരുന്ന സമയത്ത്, അവിടെത്തെ ഒരു സ്റ്റാഫ് ലതിക ചേച്ചി അവിടെയൊക്കെ തൂത്തിട്ട് അകത്തേക്ക് വന്നപ്പോൾ കയ്യിൽ രണ്ടു പ്ലാസ്റ്റിക് കുപ്പി ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കൗതുകത്തോടെ 'ഇത് എവിടന്നാണ് എടുത്തുകൊണ്ട് വന്നത് ചേച്ചി..' എന്ന് ചോദിച്ചതും, ചേച്ചി ഒരു വിഷമ ഭാവത്തിൽ 'ഞാൻ ഇത് ഒരുടുത്തിന്നും എടുത്തതല്ല പ്രവീൺ. ഇത് അപ്പുറത്തെ കടക്കാരോട് അവിടെ മുട്ടായി ഇട്ടു വെയ്ക്കുന്ന കുപ്പി ഒഴിഞ്ഞാൽ എനിക്ക് തരണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഞാൻ തൂത്തു കഴിഞ്ഞു ചവർ കളയാൻ പോയിട്ട് വന്നപ്പോൾ അവർ എന്നെ വിളിച്ചു തന്നതാണ്. ഞാൻ അങ്ങനെ ആരോടും ചോദിക്കാതെ ഒന്നും ഒരിടത്തു നിന്നും എടുക്കില്ല പ്രവീൺ.' എന്ന് പറഞ്ഞു അകത്തേക്ക് പോയി.
അന്ന് വീട്ടിലേക്ക് മടങ്ങവേ എൻ്റെ മനസ്സിൽ മുഴുവൻ ചേച്ചിയുടെ ഉത്തരം ആയിരുന്നു. ചേച്ചി തൂത്തു കഴിഞ്ഞു ചവർ തട്ടാൻ പുറകിൽ പോയപ്പോൾ ആ വിളപ്പിൽ കിടന്ന കുപ്പി എന്തോ എടുത്തുകൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചോദിച്ചത്. ഇനി ചേച്ചി വിചാരിച്ചു കാണുമോ ഞാൻ ചേച്ചി അത് എവിടുന്നെങ്കിലും മോഷ്ടിച്ച് കൊണ്ട് വന്നു എന്ന് കരുതിയാണ് ചോദിച്ചത് എന്ന് ഓർത്തു എന്തോ മനസ്സിൽ ഒരു വിഷമം ആയിരുന്നു. ചേച്ചിയുടെ ഭർത്താവ് ആ അടുത്തിടെയാണ് മരണപെട്ടത്. ഒമ്പത് വയസ്സായ മോനെയും ആറു വയസ്സായ മോളെയും കൊണ്ട് ആ ഇടയ്ക്കാണ് ചേച്ചി വാടക വീട്ടിലേക്ക് മാറിയത്. ആ കടയിൽ ഇന്നർ ഗാർമെണ്ട് വരുന്ന കൊച്ചു കുപ്പികൾ പോലും കറി മസാലയും ഉപ്പും ഒക്കെ ഇട്ടു വെയ്ക്കാൻ. ചേച്ചി ഞങ്ങളോട് ചോദിച്ചു എടുത്തുകൊണ്ടു പോകുമായിരുന്നു. വീണ്ടും ജീവിതം ആദ്യം മുതൽ പിടിച്ചു കൊണ്ട് വരാൻ അവർ കഷ്ടപ്പെടുന്ന കാര്യമൊക്കെ ഞങ്ങൾക്ക് അറിയാമായിരുന്നു.
അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു. അന്ന് ഉച്ചവരെയെ കടയുള്ളു.ഞായറാഴ്ച തിരക്കു കുറവുള്ള ദിവസം ആയതുകൊണ്ട് രണ്ട് സ്റ്റാഫ് മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. അന്ന് എൻ്റെ മറ്റൊരു കസിൻ്റെ വിവാഹം ആയതുകൊണ്ട് ഞാൻ കടയിൽ പോകണ്ട എന്ന് കരുതിയിരുന്നതാണെങ്കിലും എന്തോ ചേച്ചിയെ കണ്ടിട്ട് പോയില്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല എന്ന് എനിക്ക് തോന്നി. ഞാൻ കടയിൽ ചെന്ന ഉടൻ മറ്റൊരു സ്റ്റാഫ് ആയ രാജൻ മാമനോട് ചായ വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ചേച്ചിയെ നോക്കാതെ ബില്ല് അടിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടു തന്നെ ചേച്ചിയോട് പറഞ്ഞു, ' ചേച്ചിയെ ഓർത്ത് എനിക്ക് ഭയങ്കര അഭിമാനമാണ്, കാരണം എത്ര ബുദ്ധിമുട്ടിയാണ് ചേച്ചി ജോലി ചെയ്തു കുട്ടികളെ നോക്കുന്നതെന്നും, അവർക്ക് വേണ്ട വിദ്യാഭ്യാസം നല്ല സ്‌കൂളിൽ ശരി ആക്കി കൊടുക്കുന്നതെന്നും എനിക്ക് അറിയാം. ചേച്ചി ഈ കഷ്ടപ്പെട്ടതൊക്കെ വളർന്നു വരുമ്പോൾ പിള്ളേരോട് പറയണം. അവർ വളർന്നു വരുമ്പോൾ അവർ അറിയണം എന്തൊരു സൂപ്പർ അമ്മയാണ് അവരുടെ എന്ന്. ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു അനിയനെ പോലെ എന്നോട് ചോദിക്കണം ചേച്ചി.' ഇടയ്ക്കു ഞാൻ കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുത്ത് ചേച്ചിയെ നോക്കിയപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു. 'ഞാൻ അനിയനായെ പ്രവീണിനെ കണ്ടിട്ടുള്ള. എപ്പോഴും..' എന്ന് മറുപടി പറഞ്ഞു ചേച്ചി അവരുടെ കണ്ണീർ തുടച്ചു. അപ്പോഴേക്കും ചായയുമായി രാജൻ മാമൻ മടങ്ങി വന്നു.
ഞാൻ വണ്ടിയിൽ ചെന്ന് അതിൽ വെച്ചിരുന്ന ഒരു കവർ എടുത്തുകൊണ്ടു വന്നു. അതിൽ അനിയത്തിയുടെ കല്യാണത്തിന് ആരൊക്കെയോ ഗിഫ്റ്റ് തന്ന കപ്പും സോസറും, ഗ്ലാസ് സെറ്റും, ഡിന്നർ സെറ്റും, മസാല ഇട്ടു വെയ്ക്കുന്ന കുപ്പിയുടെ സെറ്റും, വീട്ടിൽ തൂക്കുന്ന ഫ്രെയിമും ഒക്കെ ആയിരുന്നു. അത് ഞാൻ ചേച്ചിയെ ഏല്പിച്ചിട്ട്, 'ഇന്നലെ ചേച്ചി ആ പ്ലാസ്റ്റിക് കുപ്പി അപ്പുറത്തെ ചവർ ഇടുന്ന വളപ്പിൽ നിന്ന് എടുത്തു കൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ 'ഇതെവിടാന്നാണ് എടുത്തു കൊണ്ട് വന്നത് ചേച്ചി' എന്ന് ചോദിച്ചത്. എൻ്റെ ചേച്ചി അങ്ങനെ വഴിയിൽ കിടക്കുന്ന സാധനം ഉപയോഗിക്കണ്ട എന്ന് കരുതിയാണ് ഇതെല്ലം കൊണ്ട് വന്നത്.' എന്ന് പറഞ്ഞു ഞാൻ ചേച്ചിയെ കള്ളി എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്ന അറിയിക്കണം എന്ന എൻ്റെ ഉദ്ദേശ്യം, പറയാതെ പറഞ്ഞു നൈസ് ആയി സാധിച്ചെടുത്തു. ചേച്ചി കണ്ണീരു നിറഞ്ഞ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഞാൻ മനഃസമാധാനത്തോടെ കസിൻ്റെ കല്യണത്തിനും പോയി.
ഞാൻ ഓവർ റീയാക്ട് ചെയ്തതതായി ഒരുപാട് പേർക്ക് തോന്നാം. ഞാൻ അവരെ കള്ളി എന്ന് വിളിച്ചതായി അവർ ചിന്തിച്ചിട്ടുണ്ടാകില്ല എന്ന് എനിക്ക് വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ ഒരു നിമിഷത്തെക്കെങ്കിലും ചേച്ചി ഒരു കള്ളം ചെയ്തതായി ഞാൻ വിചാരിച്ചു എന്ന് അവർ കരുതിയെങ്കിൽ, അത് തിരുത്തേണ്ടത് എൻ്റെ കടമയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ കാഴ്ചപ്പാടിൽ ലോകത്തിലെ ഏറ്റവും ബലം ഉള്ള മനുഷ്യൻ എന്ന് പറയുന്നത് മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തെ ഉയർത്താൻ കഴിവുള്ള ആളാണ്. അപ്പോൾ എൻ്റെ അറിയാതെയുള്ള ഒരു വാക്ക് കാരണം ചേച്ചിയുടെ ആത്മാഭിമാനത്തിന് ഒരു ക്ഷതം ഏറ്റുവെങ്കിൽ, ഞാൻ ഒരു ബലമില്ലാത്ത ആളായി എനിക്ക് തന്നെ തോന്നും. എനിക്ക് അങ്ങനെ തോന്നേണ്ട.
അതുകൊണ്ട് അപ്പുകുട്ടൻ പോയി ഓവർ ആക്കി. ചിലർക്ക് ശരി ആവും. ചിലർക്ക് ശരി ആവൂല. എനിക്ക് ശരിയാക്കിയില്ലെങ്കിൽ തീരെ ശരി ആവൂല. അതുകൊണ്ടു ഞാൻ പോയി അങ്ങ് ശരി ആക്കി.
- പ്രവീൺ പി ഗോപിനാഥ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക