നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ പറഞ്ഞ കഥ

Image may contain: 1 person, smiling, beard, selfie and closeup
--------------
മഴ ആർത്തു പെയ്യുകയാണ് , വടക്ക് കരിമ്പൻ മലയിൽ കാറ്റു വീശുന്നതിന്റെ ഹൂങ്കാര ശബ്ദം അന്തരീക്ഷത്തിൽ വിളറി നടന്നു.
പളളിയുടെ ഉമ്മറത്ത് കലക്കുവെളളം കെട്ടികിടന്നു .ആനവാതിലുകീഴെ ചുമരു ചാരി ജോസ് ഇരുന്നു, അവന്റെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു .
അവന്റെ ആലീസിനെ ഇന്നു രാവിലെ മഴയെടുത്തു . കരയറിയാതെ പരന്നു കിടന്ന മുവാറ്റുപുഴയാറിന്റെ ചതുപ്പുകളിലെവിടെയോ ആണ് അവളുടെ ശവം ചീർത്തു പൊന്തിയത് .
"അവളുടെ കുഴിയിൽ ഒരു പിടി മണ്ണിടാൻ പോലും നിക്ക് പറ്റീല്ലച്ചോ "
അവൻ ഏങ്ങി , കലങ്ങി മറിഞ്ഞ് കരകവിഞ്ഞ ബാവലിപ്പുഴ നാട്ടുകാർക്ക് മറ്റു ദേശത്തേക്കുളള യാത്ര പോലും മുടക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ആലീസിനെ ഞാൻ അവസാനം കണ്ടത് അവൾക്ക് ജോസിൽ നിന്ന് വിവാഹമോചനം കിട്ടിയ അന്നായിരുന്നു അത് .
അന്ന് സന്ധ്യാകുർബാന കഴിഞ്ഞ് പളളിമേടയിലേക്ക് നടക്കുമ്പോഴാണ് ഇലഞ്ഞിമരച്ചുവട്ടിൽ ആലീസ് നിന്നത് , ആളൊഴിഞ്ഞ പളളിമുറ്റത്ത് ഏകാകിയായ പക്ഷിയെപ്പോലെ അവൾ നിൽക്കുന്നു .
"അച്ചോ എല്ലാം തീർന്നു "
അവൾ അന്ന് തല കുനിച്ചു പിടിച്ചാണ് സംസാരിച്ചത്, ഞാനൊന്നു തിരിച്ചു പറഞ്ഞില്ല .
അവർ ഒരിക്കലും പിരിയരുതെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു പക്ഷെ കർത്താവ് നിനച്ചതിലപ്പുറം ഒന്നും നടക്കില്ലല്ലോ .
"ഞാൻ ഇന്ന് തന്നെ നാട്ടിലേക്ക് പോവാ , അച്ചനെ ഒന്നു കാണാൻ നിന്നതാ"
ദൈവത്തിനു സ്തുതി പറഞ്ഞ് അവൾ പളളിപടിക്കെട്ടുകൾ ഇറങ്ങി നടന്നു ,
ഒരു പക്ഷേ കോടതി ആ വിവാഹമോചനം രണ്ടു ദിവസം കൂടി നീട്ടിയിരുന്നെങ്കിൽ ഈ പെരുമഴക്കാലത്തിൻ്റെ രൗദ്രതയിൽ അവൾ വീണു പോവില്ലായിരുന്നു .
കരിമൂടിയ മാനത്തുനിന്ന് മഴ പിന്നെയും പാഞ്ഞു വന്നു .
"അച്ചനറിയോ അവളെ ഞാൻ ആദ്യം കാണുന്നതും ഇതു പോലൊരു മഴക്കാലത്താണ്"
ജോസ് കരച്ചിലിനിടയിലും പറഞ്ഞു കൊണ്ടിരുന്നു
പാറി വീഴുന്ന മഴത്തുളളികൾക്കൊപ്പം കാളിയാർ കുന്നിറങ്ങുന്ന ദാവണിക്കാരി ആലീസിനെ കണ്ടാണ് അവൻ മോഹിച്ചു തുടങ്ങുന്നത്
"അച്ചോ അന്നവൾക്ക് ചിരിക്കാൻ മാത്രമേ അറിയാർന്ന് "
ജോസ് മുഖം പൊത്തി കരഞ്ഞു
അവൾ മരിച്ചിരിക്കുന്നു ,
ജോസിന്റെ ഏങ്ങൽ ഇടക്കിടെ ഉയർന്നു വന്നു .
"അച്ചോ അവളെന്തിനാ എന്നെ കളഞ്ഞിട്ട് പോയതെന്നറിയോ"
ജോസ് ചോദിക്കുന്നതിനു മുന്നെ തന്നെ ഞാൻ ഏറെ കാലം ഈ ചോദ്യത്തിന് സ്വയം ഉത്തരം തിരഞ്ഞിട്ടുണ്ട് . അവരെന്തിനാണ് പിരിയുന്നത്.
"എനിക്കും അറിയാൻ മേലച്ചോ "
കർത്താവെ ഞാനെന്താണവനോട് പറയേണ്ടത് , ഒരിക്കൽ കുബസാര കൂടിനു പുറത്ത് മുട്ടു കുത്തി നിന്ന് ആലീസ് പറഞ്ഞു
" അച്ചോ പണ്ടത്തെപ്പോലെ എനിക്ക് ഭർത്താവിനെ സ്നേഹിക്കാൻ കഴിയില്ല എന്തോ അഭിനയം പോലെയാ എല്ലാം "
തലയിൽ മൂടിയ സാരിത്തുമ്പുകൊണ്ട് അവൾ അന്ന് മിഴികൾ മറച്ചിരുന്നു .
"ആലീസേ നീ ഏറ്റു പറേണത് വികാരിയോടല്ല കാർത്താവിനോടാ അത് മറന്നേക്കല്ലേ "
അവളതിന് മറുപടി ഒന്നു പറഞ്ഞില്ല ,
"ഞാൻ ഇറങ്ങാച്ചോ" ജോസ് കൈലി മുണ്ട് വാരി പിടിച്ച് പടികളിറങ്ങി, അവന്റെ കണ്ണുകളിൽ നോക്കാൻ ഞാൻ മടിച്ചു .
പടിഞ്ഞാറൻ കാറ്റിന് താളം പിടിച്ച് മഴത്തുളളികൾ അപ്പോഴും ചിതറി വീണു .
"എനിക്കു തരാതെ അവളെ കർത്താവെടുത്തത്തച്ചോ അവളുടെ ചിരി കണ്ടിരിക്കാലോ "
മുറ്റത്തെ വെളളകെട്ടിലൂടെ ജോസ് നടന്നു മറഞ്ഞു .
ഞാനൊന്നു പറയാതെ ആൾത്താരയിലേക്ക് നോക്കി നിന്നു . അവിടുത്തെ മങ്ങിയ വെളിച്ചത്തിൽ മുൾക്കിരീടം ചൂടി , രക്തം വാർന്ന് കർത്താവ് വേദനിച്ചു കിടന്നു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot