നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലീവ്

Image may contain: Ajoy Kumar, beard and sunglasses

പണ്ടാണ് ,ശ്യാമയും വീട്ടുകാരും എറണാകുളത്തുള്ള സമയം, ഞാൻ ആ സമയം സാമൽപട്ടിയിൽ ആണ് റെയിൽവേയിൽ ജോലി ചെയ്യാതെ ഇരുന്നത്, ഇടയ്ക്കു ജോലിചെയ്യാൻ എറണാകുളത്തേക്കു വരും ,ഹണിയും മൂണും കൂടി കൈ കോർത്ത്‌ നടക്കുന്ന കാലം ആണെന്നും ഓർക്കണം, ഓർക്കില്ലേ? പ്ളീസ്
അങ്ങനെ ഇരിക്കെ ഒരു തവണ ലീവ് ചോദിച്ചു കിട്ടാഞ്ഞിട്ടും നിരാശൻ ആവാത്ത ഞാൻ പതിവ് പോലെ ആരുമറിയാതെ മുങ്ങി അടുത്ത വണ്ടി പിടിച്ച് എറണാകുളത്ത് വന്നു ,ചന്ദ്രികാ ലോലമായ ഒരു സായന്തനം ആണെന്ന് തോന്നുന്നു അപ്പോൾ എറണാകുളത്ത് ഓടിക്കൊണ്ടിരുന്നത് ,കുളി കഴിഞ്ഞു സുന്ദരൻ ആയ ഞാൻ മുല്ലപ്പൂ കിട്ടാതെ അവിടെ അപ്പൂപ്പന്റെ ഫോട്ടോയിൽ ഇട്ടിരുന്ന ഒരു പഴയ പ്ലാസ്റ്റിക് മുല്ലപ്പൂ മാലയിൽ പെർഫ്യൂം അടിച്ച് അതും കയ്യിൽ ചുറ്റി നടന്നു
നേരം ഏഴു മണി കഴിഞ്ഞിട്ടും ആ വൃത്തികെട്ട ക്ലോക്ക് പതുക്കെ എഴരയിലെക്കു സഞ്ചരിക്കുന്നത് കണ്ട ഞാൻ ദേഷ്യത്തിൽ ശ്യാമയുടെ അച്ഛൻ കാണാതെ ഒൻപതു മണിയിലേക്ക് സൂചി തിരിച്ചു വെച്ച് അതിന്റെ അഹങ്കാരം തീർത്തു, അല്പനേരത്തിനകം, മണി ഒൻപതായേ , ഞാൻ കിടക്കാൻ പോണേ എന്ന് ഒരു കാര്യവും ഇല്ലാതെ അലറി വിളിച്ച ശേഷം കിടപ്പ് മുറിയിൽ പോയി അക്ഷമനായി ഉലാത്താൻ തുടങ്ങി
അൽപ നേരത്തിനകം വേറെ നിവൃത്തി ഇല്ലാതെയാവും ശ്യാമ മന്ദം മന്ദം അകത്തേക്ക് വന്നു, സാമൽപട്ടിയിൽ എന്തൊക്കെ ഉണ്ട് വിശേഷം ച്യാട്ടാ എന്ന് ചോദിച്ച ശ്യാമയെ ഉത്തരം പറയാതെ ഞാൻ തൂക്കി കറക്കി എടുത്തു കട്ടിലിലേക്ക് എറിഞ്ഞു ,എന്നിട്ട് ബാലൻ കെ നായരെ പോലെ അട്ടഹസിച്ചു,പിന്നെ പണ്ട് കണ്ട ഏതോ സിനിമയിലെ പോലെ ആ മുല്ലപ്പൂ മാല ആഞ്ഞു മണപ്പിച്ചു, അതിലെ പൊടി മുഴുവൻ മൂക്കിൽ കയറി പോയി പത്തു മിനിറ്റ് മുട്ടിൽ കൈ കുത്തി നിന്ന് തുമ്മി, സുഖമായി എണീറ്റോടാൻ സമയം ഉണ്ടായിരുന്നിട്ടും അത്രയും നേരവും ശ്യാമ കട്ടിലിൽ ഇരുന്ന് , ദുഷ്ട്ടാ, എന്നെ വിടൂ എന്നെ ഒന്നും ചെയ്യല്ലേ,അയ്യോ അമ്മെ, എന്നൊക്കെ വെറുതേ വിളിച്ചു കൊണ്ടിരുന്നു, പഴയ മലയാളം സിനിമകൾ ഞങ്ങൾ രണ്ടു പേരും ധാരാളം കണ്ടിരുന്നല്ലോ അന്നൊക്കെ
തുമ്മൽ നിന്ന് കിട്ടിയ ഗ്യാപ്പിൽ ഞാൻ സ്വിമ്മിംഗ് പൂളിൽ എന്ന പോലെ ആ പഴയ മരക്കട്ടിലിലേക്ക് ഡൈവ് ചെയ്തു ,ഒരു മിനിറ്റ് കഴിഞ്ഞില്ല ,ക്രീക്ക് പ്രാക്ക് ധും എന്ന ഭീകര ശബ്ദത്തോടെ വലത്തേ കാൽ ഒടിഞ്ഞ് കട്ടിൽ മൂക്ക് കുത്തി ,ഞാൻ അതി വേഗം ഉരുണ്ട് ചുമരിൽ പോയി ഇടിച്ചു നിന്നു, കൃത്യം അഞ്ചു സെക്കണ്ട് കഴിഞ്ഞപ്പോൾ ശ്യാമയും പുറകെ ഉരുണ്ടു വന്നു. കൂടെ തലയിണയും പുതപ്പും
ഞാൻ ആ മൊസൈക്ക് തറയിൽ മലർന്നു കിടന്നു കൊണ്ട് ചോദിച്ചു, ആക്ച്വലി ഇപ്പോൾ എന്താണ് സംഭവിച്ചത്? നമ്മൾ എങ്ങനെ ഇവിടെ വന്നു?
ഒന്നും അറിഞ്ഞൂടാ അല്ലെ, മഹാപാപീ ....എന്നെ അങ്ങ് കൊല്ലുന്നതല്ലായിരുന്നോ ഇതിലും ഭേദം ...
ധും ധും ധും എന്തോ ശബ്ദം കേൾക്കുന്നു
ഞാൻ പറഞ്ഞു എന്റെ കുഴപ്പമല്ല, നോക്കൂ ഭൂമി കുലുക്കം ആണ്, കേട്ടില്ലേ ശബ്ദം
ഭൂമി കുലുക്കം,...കുന്തം...അച്ഛനും അമ്മയും ഒക്കെ ഈ ശബ്ദം കേട്ട് ഓടി വരുന്നതാ, നിങ്ങൾ തന്നെ മറുപടി പറഞ്ഞോണം ,വൃത്തി കെട്ട മനുഷ്യൻ
വൃത്തി കെട്ട മനുഷ്യനോ ,ഞാൻ എന്ത് ചെയ്തു, വൃത്തികെട്ട കട്ടിൽ എന്ന് വേണ്ടേ ശ്യാമേ പറയാൻ ? പറയൂ ശ്യാമേ പറയാൻ , പറ, പറയെന്ന്....
ഞാൻ അവിടെ നിലത്തു കിടന്നു കൊണ്ട് ശ്യാമയോട് കൊഞ്ചി
ടക്ക് ടക്ക് ടക്ക് ,ശ്യാമേ, അജോയ്, എന്താണ് ശബ്ദം? ങേ, എന്ത് പറ്റീന്ന്, അച്ഛനും അമ്മയും അലറുന്നു
അയ്യയ്യോ, നീ പോ. ..ഞാൻ ശബ്ദം ഇല്ലാതെ പറഞ്ഞു .
ഞാൻ പോവൂല , നിങ്ങൾ തന്നെ മാനേജ് ചെയ്തോ, ശ്യാമയും ശബ്ദം ഇല്ലാതെ പറഞ്ഞു
നീ പോ പ്ലീസ്...
ഞാൻ പോവൂല പോവൂല പോവൂല
മഹാപാപീ, ഇപ്പൊ എന്തൊന്ന് ചെയ്യും,
ടക്ക് ടക്ക് ടക്ക് ,ശ്യാമേ, അജോയ്, എന്താണ് ശബ്ദം? ങേ, എന്ത് പറ്റീന്ന്,ധും ധും ധും
എല്ലാം കൂടെ ഇടിച്ചു പൊടിച്ചിടും മുൻപ് എന്തെങ്കിലും ചെയ്യുന്നുണ്ടോ ...
അജോയ് ഇവിടെ ഇല്ലല്ലോ , ഞാൻ ജനാർദ്ദനന്റെ ശബ്ദത്തിൽ പറഞ്ഞു
അയ്യയ്യോ, പിന്നെ ഇതാര്? ശ്യാമേ? അകത്താര് ? അജോയ് അല്ലെങ്കിൽ അകത്താര്
എന്നെ നാണം കെടുത്താതെ പോ മനുഷ്യ, പോയി എന്തെങ്കിലും പറ
അച്ഛാ, അമ്മെ.
ഞാൻ വളരെ നിഷ്ക്കളങ്കൻ ആയി ഉറക്കെ വിളിച്ചു
എന്താ, എന്ത് പറ്റി എന്ന് പറ,
അച്ഛാ...ഈ കട്ടിൽ ഇല്ലേ,കട്ടിൽ...അതിന്റെ കാൽ ഇല്ലേ കാൽ...നമ്മടെ ഈ കാലേ, അത് ഇങ്ങനെ ടക്ക് എന്ന് പറഞ്ഞു ഒടിഞ്ഞൂ...ന്നാ...തോന്നണേ ,എന്താന്നറിയില്ല, വെറുതെ അങ്ങ് ഒടിഞ്ഞച്ഛാ, ചീത്ത കാൽ
ഓഹോ ,ചീത്ത കാലോ, അതൊക്കെ പഴയ ഫർണിച്ചർ ആണ്, കേറി നിന്നു തുള്ളാൻ അല്ല,കിടക്കാൻ ഉള്ളതാ...കേട്ടോ...ഇതൊരുമാതിരി..കന്നിനെ കയം കാണിച്ച പോലെ ,ശ്യാമയുടെ അച്ഛൻ പറഞ്ഞു
നിന്റെ അച്ഛന്റെ ....!@#$%%$#@!@ ഞാൻ ശ്യാമയുടെ ചെവിയിൽ പറഞ്ഞു
അച്ഛാ...ഈ അജോയ് ഇതാ...അച്ഛനെ...
പാവം അജോയ് ഇതാ ഉറങ്ങാൻ പോണച്ഛാ ...ഞാൻ ശ്യാമയുടെ വായ്‌ പൊത്തിക്കൊണ്ട് ശ്യാമയുടെ ശബ്ദത്തിൽ പറഞ്ഞു
അങ്ങനെ അന്ന് രാത്രി നിലത്തു കിടന്നുറങ്ങി ഞങ്ങൾ നേരം വെളുപ്പിച്ചു, പിന്നീട് കട്ടിൽ ഒടിയാ ദിനങ്ങൾ ഒരുപാട് കടന്നു പോയി, ഒപ്പം കാലവും, അച്ചു ഭൂജാതനായി , അച്ഛൻ കാലയവനികക്കുള്ളിൽ പോയി മറഞ്ഞു ,ശ്യാമ തിരുവനന്തപുരം വീട്ടിലേക്കു മാറി, ഞാൻ ഡെപ്യൂട്ടെഷൻ കഴിഞ്ഞ് പാലക്കാട്‌ ജോലി ചെയ്യാതിരിക്കാൻ പോയി
അങ്ങനെ ഒരു രാത്രി വീണ്ടും ഞാൻ ലീവിൽ വന്നു,പാലക്കാട്‌ ഒറ്റയ്ക്ക് ചിലവഴിച്ച ഒരു മാസത്തിനു ശേഷം ആയിരുന്നു വരവ് എന്ന് സൗകര്യം ഉണ്ടെങ്കിൽ ഓർക്കാം , ശ്യാമയെ കണ്ടപ്പോൾ പഴയ ബാലൻ കെ നായർ എന്റെ ഉള്ളിൽ ഉണർന്നു,ഞാൻ കുളിച്ചു സുന്ദരൻ ആയി ,അച്ചുവും അമ്മയും കാണാതെ ടോം ആൻഡ്‌ ജെറിയിൽ ടോം പെരുവിരൽ കുത്തി അലമാരക്കും കതകിനും ഒക്കെ പുറകിലേക്ക് ഓടുന്ന പോലെ ഓടി ബെഡ് റൂമിൽ പോയി
കുറെ നേരം അവിടെ വായും നോക്കി ഇരുന്നപ്പോൾ അതാ വരുന്നു ശ്യാമ, ഞാൻ വീണ്ടും ശ്യാമയെ എടുത്തു കട്ടിലിൽ എറിയാൻ നോക്കി ഭാരം കാരണം സ്വയം തെറിച്ചു കട്ടിലിൽ പോയി വീണു,ശേഷം എണീറ്റിരുന്ന്. ഒന്ന് വരുമോ ശ്യാമേ എന്ന് ഭവ്യതയോടെ ചോദിച്ചു,അങ്ങനെ നേരം കടന്നു പോകവേ, അതാ..ക്ലിച്ചങ്ങ് പ്ലിച്ചങ്ങ് ബ്രാങ്ക് എന്ന ശബ്ദത്തോടെ ആ സ്പ്രിംഗ് കട്ടിൽ തകർന്ന് ഞാൻ സമ്മർ സാൾട്ട് അടിച്ചു താഴേക്ക്‌ പോകുന്നു, പുറകെ ശ്യാമയും
മാഹാപാപീ ....വീണ്ടും....ശ്യാമ പറഞ്ഞു....എന്നെ അങ്ങ് കൊല്ല്...ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു
ശ്യാമേ,സമാധാനമായി ഇരിക്കൂ.ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതല്ലേ,,,
എന്ത് ,ഈ കട്ടിൽ തകർക്കുന്നതൊ ? താഴെ എല്ലാരും ഇല്ലേ. ഇപ്പൊ വരും നോക്കിക്കോ
ഹേ ആരും വരില്ല. വരൂ, നമുക്ക് കട്ടിൽ പിടിച്ചു നേരെ ആക്കാം
ധും...ധും...ധും...പഴയ അതെ ശബ്ദം,,ആരൊക്കെയോ പടി കയറി ഓടി വരുന്നു...
ചതിച്ചു, ഞാൻ പറഞ്ഞു, വീണ്ടും എല്ലാം കൂടെ വരണു ...നീ പോ .വേഗം...ഞാൻ ഉറങ്ങി എന്ന് പറ
മിണ്ടരുത്...നിങ്ങൾ എന്താന്ന് വെച്ചാൽ ആയിക്കോ
ടക്ക് ടക്ക് ടക്ക് ,ശ്യാമേ, അജോയ്, എന്താണ് ശബ്ദം? ങേ, എന്ത് പറ്റീന്ന്, അച്ഛാ...
ഓഹോ, എല്ലാരും, ഉണ്ട്,അമ്മയും അച്ചൂം എല്ലാം ,ഇതുങ്ങക്കൊന്നും ഉറക്കവും ഇല്ലേ.
ടക്ക് ടക്ക് ടക്ക് ,ശ്യാമേ, അജോയ്, എന്താണ് ശബ്ദം? ങേ, എന്ത് പറ്റീന്ന്, ...
ഒന്നും പറ്റീല്ല..
അല്ല എന്തോ പറ്റി. ശ്യാമേ, എന്തു പറ്റീന്ന്
ഒന്നും പറ്റീല്ല അമ്മാ
പറ്റി പറ്റി പറ്റി ,പറയു....
നിൽക്കിൻ...ഞാൻ അലറി...ഞാനിതാ വരുന്നു..
അൽപ സമയത്തെ നിശബ്ദതക്കു ശേഷം കാവി മുണ്ട് ഉടുത്ത് രുദ്രാക്ഷവും ഇട്ട് ഞാൻ പുറത്തെക്ക് ഇറങ്ങി.അവിടെ ദേഷ്യത്തിൽ നിന്ന ശ്യാമയുടെ അമ്മയുടെ മുന്നിൽ തൊഴുതു പറഞ്ഞു,
അമ്മെ , പൊറുക്കണം, ആ കട്ടിൽ, അതും തകർന്നു , സംഭവിച്ചു പോയി, ഇനി ഈ കുറ്റം ആവർത്തിക്കാതിരിക്കാൻ ഞാനിതാ പോകുന്നു.മംഗളം ഭവന്തു
പിന്നെ പതുക്കെ നടന്ന് ബാത്ത് റൂം തുറന്ന് അകത്തു കയറി അവിടെ ഇരുന്ന അര ബക്കറ്റ് വെള്ളത്തിൽ കയറി ഇരുന്ന് ജല സമാധി ആയി ,മൂന്നാം ദിവസം പുനർജനിച്ച ശേഷം ഇന്ന് വരെ ഞാൻ കട്ടിലിൽ കിടന്നിട്ടില്ല, ഇരുന്നിട്ടേ ഉള്ളു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot