Slider

ഒരാൾ മാത്രം ബാക്കിയുണ്ട്

0
Image may contain: 1 person, smiling, beard, selfie and closeup

************************
കേശവേട്ടൻ,
ഞാനാ പോലീസുകാരനെ അങ്ങനെ വിളിക്കുന്നു.
എനിക്കറിയുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ പേരാണ് കേശവേട്ടൻ.
ആ പേരുതന്നെ എന്റെ കഥയിലെ പോലീസുകാരനും വേണം എന്നത് എനിക്ക് നിർബദ്ധമുണ്ടായിരുന്നു , കാരണം ഇത് ഒരു കഥക്കുമപ്പുറം നിഷ്കളങ്കതയുടെ നേർ വായനമാത്രമാണ്.
പത്തു ദിവസം മാത്രം പെൻഷനു ബാക്കി നിൽക്കെ കേശവേട്ടന് ഇന്ന് ഇങ്ങനെയെരു ഡ്യൂട്ടി വന്നു പെട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഒരു വിമ്മിഷ്ട്ടം കടന്നുകൂടി . വേറൊരു നിവിർത്തിയും ഇല്ലാത്തതുകൊണ്ടാണ് എസ് ഐ കേശവേട്ടനെ തന്നെ ഈ ജോലിക്ക് അയച്ചത്. രാത്രി ഡ്യൂട്ടിക്ക് ഏഴുമണിക്ക് സുദേവൻ വരുന്ന വരെയാണ് ഈ ഇരുപതുകാരിയുടെ ശവത്തിന് കാവൽ പണി .
കേശവേട്ടൻ ശവത്തിന്റെ അൽപ്പം ദൂരെ ഒരു മതിലിൽ ഇടതു കാൽ ചവിട്ടി ചാരി നിന്നു . അവളുടെ കഴുത്തിലെ വലിയ മുറിവിൽ നിന്ന് പുറത്തേക്ക് ഒഴുകിപടർന്ന രക്തം റോഡിൽ കട്ടപിടിച്ചു കറുത്തിരുന്നു .
റോഡരികിലെ വലിയ ഒറ്റാൽ മരത്തിന്റെ ചില്ലകൾക്കിടയിലുടെ അരിച്ചിറങ്ങുന്ന പോക്കുവെയിൽ ആ പെൺകുട്ടിയുടെ മുഖത്തിന് തെളിച്ചം പരത്തി,
കാമുകനാൽ കൊല്ലപ്പെട്ട കുട്ടി , അവർ എന്തിനാണ് അധികമാരും ഉപയോഗിക്കാത്ത ഈ റോഡിലേക്ക് ഇറങ്ങി വന്നത് .
ഒരു പക്ഷേ അവനിൽ നിന്ന് ഒരു ചുംബനമോ സ്നേഹത്തോടെ ഒരു തലോടലോ പ്രതീക്ഷിച്ചായിരിക്കാം പക്ഷേ ....
മരിക്കുന്നതിന് മുൻപ് അവൾ രക്ഷപ്പെടാൻ വേണ്ടി അൽപ്പദൂരം ഓടിയെന്നു തോന്നുന്നു . അവളുടെ ഒരു കാലിൽ നിന്ന് ചെരുപ്പ് നൂറു മീറ്റർ അകലെ വീണു കിടപ്പുണ്ട് .
അവളുടെ മുഖത്തെ ചന്ദനകുറിയുടെ പകുതി അപ്പോഴും മായാതെ നിന്നിരുന്നു. അവസാനമായി പറയാൻ മറന്ന എന്തോ ഒന്ന് അവളുടെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ടെന്ന് കേശവേട്ടന് തോന്നി, ആരോടായിരിക്കും അത് ....
തന്റെ നീതുവിന്റെ പ്രായമുള്ള പെൺകുട്ടി; കേശവേട്ടൻ യാഥാർച്ചികമായി വാച്ചിൽ നോക്കി ആറുമണിയാവുന്നു ഇരുൾ പരന്നു വരുന്നു നീതു വന്നിട്ടുണ്ടാവും വിളിച്ചു നോക്കണോ ഒന്ന് .
ചിന്തകൾ കാടുകയറിതുടങ്ങുന്നു അയാൾ ശവത്തിന്റെ മുഖം ഒന്നുക്കൂടെ തിരിഞ്ഞു നോക്കി അതെ നീതുവിന്റെ അതേമുഖമുളള , ആ കുട്ടിത്തമുളള ഈ കുട്ടി എവിടെയുളളതാണാവോ .
കൊലനടന്നിട്ട് മൂന്നുമണിക്കൂറിലേറെയായി ഇതുവരെ ആരും എത്തിയിട്ടില്ല. കൂട്ടമായി പറന്നകലുന്ന പറവകളുടെ കറുത്ത നിഴൽ
പെൺകുട്ടിയുടെ മുഖത്ത് ഇടക്കിടക്ക് ഇരുൾ പരത്തി
കേശവേട്ടൻ ഫോണെടുത്ത് മകളെ വിളിച്ചു
"നീ എവിടെയാ" ..
"വീട്ടിൽ എന്താ അച്ഛാ".......
"ഒന്നുല്ല. ..ശരി."
ഫോൺ വച്ചു ഈ കുട്ടിയേ ആരും എന്താ വിളിച്ചു നോക്കാത്തത് ഇവൾക്കും അച്ഛനുണ്ടാവില്ലേ, തന്നെപോലെ അയാളും വിളിച്ചു നോക്കേണ്ടതല്ലേ?
നല്ല മഞ്ഞുവീഴ്ച്ചയുളള സമയമാണ് ബദ്ധുക്കൾ ആരും എത്തിയില്ലെങ്കിൽ .....
എസ് പി വരുമ്പോൾ രാത്രി പത്തുമണിയെങ്കില്ലും ആവും അതുവരെ ഈ മഞ്ഞത്ത് തെളിവെടുപ്പ് കഴിയാതെ ഒന്നു മൂടിവെക്കാൻ പോലും കഴിയില്ല ..
കേശവേട്ടൻ കുറച്ചു കൂടെ ശവത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു . ചുറ്റുംപാടും ആളുകൾ ഇടക്കിടക്ക് വന്നുപോയി കൊണ്ടിരുന്നു അവർക്ക് ഇത് കാഴ്ച്ച മാത്രമാണ് അരങ്ങിന്റെ മിടിപ്പറിയാതെ കാഴ്ച്ചകാണുന്നവർ.
അവളുടെ ചുവന്ന കുർത്തയുടെ അടിവശം നന്നായി മുകളിലേക്ക് കയറികിടക്കുന്നു പൊക്കിൾക്കുഴിയും അടിവയറും നന്നായി പുറത്ത് കാണുന്നുണ്ട് , നീതുവിന്റെ വസ്ത്രധാരണവും ഇങ്ങനെ തന്നെയാണ് താനെപ്പോഴും വഴക്കുപറയും
"നമ്മുടെ വീടല്ലേ അച്ഛാ "
അവളുടെ മറുപടിയാണ്
അല്ല കുട്ടി നമ്മുടെ വീടിനുപുറത്ത് ഒരു ലോകമുണ്ട് അവിടെ നമ്മുടെ ചെറിയ തെറ്റിന്റെ ശരികളില്ല ,ഉപദേശത്തിന്റെ വാൽസല്യമില്ല എല്ലാം ശിക്ഷകൾ മാത്രമാണ് .
കേശവേട്ടന്റെ നെഞ്ചിൽ വാക്കുകൾ തത്തി നിന്നു . ഇതൊന്നും നീതുവിനോട് മുന്നെ പറഞ്ഞു കൊടുത്തിട്ടില്ല . ഇപ്പോൾ ഈ പേരറിയാത്ത, ജീവനില്ലാത്ത നിഷ്കളങ്കതയുടെ മുന്നിൽ വെച്ച് മനസ്സിൽ പറയുന്നു ഇപ്പോ അതിനുമാത്രമേ ഈ അച്ഛനു കഴിയു.
"കേശവേട്ടാ".
വിളിയൊച്ച സുദേവനാണ് അവൻ കുറച്ച് നേരത്തെ വന്നിരിക്കുന്നു , എനി അവന്റെ ഡ്യൂട്ടിയാണ് അവൻ അടുത്ത് വന്ന് തോളിൽ പിടിച്ചു .
"എന്തേ വല്ലാണ്ട് മനസ്സ് മടുത്തോ സാരല്ല പത്തു ദിവസം കൂടല്ലേ , പെട്ടെന്ന് പോക്കോ നീതു ഒറ്റക്കല്ലേ വീട്ടിൽ "
കേശവേട്ടന്റെ ഉളളിൽ തീ വീണു അതെ അവൾ ഒറ്റക്കാണല്ലോ പീന്നെ തിരിഞ്ഞു നോക്കിയില്ല തൊപ്പിയും ലാത്തിയും എടുത്തു പുറത്തേക്ക് നടന്നു സുദേവൻ നാട്ടുകാരെ അകറ്റി നിർത്തികൊണ്ടിരുന്നു.
"സുദേവാ".
നടക്കുന്നതിനിടയിൽ കേശവേട്ടൻ തിരിഞ്ഞു നിന്ന് വിളിച്ചു അയാൾ അടുത്തേക്ക് നടന്നു വന്നു
"നേക്കണേടാ. ന്റെ മോൾടെ പ്രായാ, നല്ല മഞ്ഞുണ്ട് "..
കേശവേട്ടൻ ചരിഞ്ഞു നിന്ന് ശവത്തിന്റെ മുഖത്തേക്ക് ഒന്നു കൂടെ കണ്ണെറിഞ്ഞു , ആരോ കത്തിച്ചു വെച്ച ഇലക്ട്രിക്ക് ലാമ്പിന്റെ വെളിച്ചത്തിൽ ആ മുഖം കാണുന്നുണ്ട് .
അതെ ആ ചുണ്ടുകളിൽ എന്തോ പറയാൻ ബാക്കിയുണ്ട് . പറയാൻ കഴിയാതെ പോയ ആ വാക്കെന്തായിരിക്കും ,
കേശവേട്ടൻ തിരിഞ്ഞു നടന്നു അമ്പത്തഞ്ചുവയസ്സിലെ അനാരോഗ്യം അയാളുടെ നടത്തത്തിന് അഭംഗി വരുത്തിയിരുന്നു .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo