നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരലൊന്നു മുട്ടിയാൽ.. (കഥ)

Image may contain: 1 person, beard

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
രാവിലെ സ്ക്കൂളിൽ പോകുന്നതിനുമുമ്പ് പത്രവായന രാധികടിച്ചറുടെ ശീലമാണ്. കുട്ടികളോട് സ്ഥിരമായി പത്രം വായിക്കുന്നത് ഒരു ശീലമാക്കണമെന്ന് മിക്കപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്. കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും അത് ബാധകമാണ് എന്നപക്ഷക്കാരിയാണ് ടീച്ചർ.
ആദ്യപേജിൽതന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ കൊടുത്തിട്ടുള്ള വാർത്ത വായിച്ച് രാധിക ദൂരേക്ക് മിഴികൾനട്ട് സ്വയംമറന്നതുപോലെ ഇരുന്നു. ചരിത്രം തിരുത്തി എന്നതായിരുന്നു ഹെഡ്ഡിംഗ്.
തിരുത്തപ്പെടേണ്ടതുതന്നെ, നല്ല കാര്യം. പക്ഷേ, ഈ തിരുത്തലിന് ഇത്രയും കാലതാമസം വേണമായിരുന്നുവോ? എത്രയോ പേരുടെ ജീവിതമാണ് തകർന്നു കഴിഞ്ഞത്. വെറും ഒരു പാവകണക്കെ ജീവിതം തള്ളിനീക്കേണ്ടിവന്ന എത്രയോ പേരുണ്ടാകും... തന്നേപ്പോലെ.
ഒരിക്കലും ഓർക്കാതിരിക്കുവാൻ പ്രത്യേകം മുൻകരുതൽ എടുത്തതാണ് വർഷങ്ങൾക്ക് മുമ്പേ. എല്ലാം വെറും ജലരേഖകൾ മാത്രമായി മാറി. എന്നിട്ടും ഇന്ന് ചിന്തകൾ ഭൂതകാലത്തിലേക്ക് ചിറകടിച്ചു പറക്കുവാൻ വെമ്പൽ കൂട്ടുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുവെന്നറിയാം, എങ്കിലും എവിടെയോ ഒരു ചലനം. പതിനെട്ട് വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്.
ആഭയെ കാണുമ്പോഴാണ് താൻ ഒരു പ്ലസ് ടൂ കാരിയുടെ അമ്മയാണെന്ന് ഓർത്തുപോകുക. ജീവിതത്തിലെ വസന്തകാലത്ത് വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു ദളം മാത്രം. അറിഞ്ഞോ അറിയാതെയോ ഒരു കുഞ്ഞിന്റെ അമ്മയായി. അതും ഒരു പെൺകുഞ്ഞ്. പക്ഷേ അവൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരരുത്. അത് തന്റെ വാശി തന്നെയായിരുന്നു. തന്റെ ഗതി അവൾക്ക് വരാതിരിക്കുവാൻ അവളെ ചെറുപ്പം മുതൽക്കേ ബോൾഡാക്കി വളർത്തി. പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നില്ക്കാനാവണം, സ്വയം തിരിച്ചറിവുണ്ടാകണം, സമൂഹത്തിൽ കാണുന്ന നേരും നെറിയും തിരിച്ചറിയണം. ഒരിക്കലും ഒരു ആണിന്റെ അടിമയായി ജീവിതം നശിപ്പിക്കുവാൻ ഇടവരരുത്.
അനുഭവങ്ങൾ തന്നെ പഠിപ്പിച്ച പാഠങ്ങളോരോന്നും ഓരോരോ അവശ്യഘട്ടത്തിൽ താൻ അവൾക്ക് നൽകി. അതുകൊണ്ടുതന്നെ തന്റെ മകളെയോർത്ത് വേവലാതിപ്പെടുവാൻ ഇട വന്നിട്ടില്ല. ഇനി വരികയുമില്ല.
ആഭ സംസാരിച്ചു തുടങ്ങിയ പ്രായത്തിലായിരുന്നു താൻ ഏറ്റവും വിഷമം അനുഭവിച്ചത്. ഇടയ്ക്കിടെ ഒരു മിന്നായംപോലെ കടന്നു വന്നിരുന്ന അച്ഛനെ അവൾ വീടിന്റെ അകത്തളങ്ങളിലെല്ലാം പിച്ചവെച്ചു നടന്ന് അന്വേഷിച്ചു. കാണാതാവുമ്പോൾ വാശിയോടെ കരഞ്ഞു. പതിയെപ്പതിയെ അവൾക്ക് ബുദ്ധിയുറച്ചതോടെ എല്ലാം പറഞ്ഞു മനസ്സിലാക്കേണ്ടതായിവന്നു. അതല്ലാതെ തന്റെ മുന്നിൽ മറ്റൊരു പോംവഴിയുമില്ലായിരുന്നു.
കുഞ്ഞു മനസ്സല്ലേ. എത്രനാൾ ഓരോരോ കള്ളങ്ങൾ പറയും. പറഞ്ഞ കള്ളങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചതോടെ താൻ സ്വയമെടുത്ത തീരുമാനമായിരുന്നു ആഭയോട് എല്ലാം പറയാം എന്നത്. അവളുടെ കുഞ്ഞുമനസ്സിന് അത് എങ്ങനെ ഉൾക്കൊള്ളുവാൻ കഴിയും എന്ന ഭയം തനിക്കും ഉണ്ടായിരുന്നു. പക്ഷേ താൻ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. അതിനു കാരണം കുഞ്ഞുനാൾ മുതൽക്കേ താൻ അവളുടെ അമ്മ മാത്രമല്ല കൂട്ടുകാരുമായിരുന്നു എന്നതാണ്.
എന്തും തുറന്നു പഴയുവാനുള്ള സ്വാതന്ത്ര്യം താൻ അവൾക്ക് നൽകി. അതിനാൽ സ്ക്കൂൾവിട്ട് വീട്ടിലെത്തിയാൽ ആ ദിവസം അതുവരെ കഴിഞ്ഞ എല്ലാ കാര്യങ്ങളും അവൾ തന്നോട് പറഞ്ഞു. അതിലുള്ള തെറ്റും ശരിയും താൻ തിരുത്തിനൽകി.
അച്ഛനില്ല എന്ന തോന്നൽ അവളുടെ മനസ്സിലേക്ക് കടന്നു വരുവാൻ താൻ അനുവദിച്ചില്ല. പകരം താൻ അവൾക്ക് അച്ഛനും അമ്മയുമായി. അച്ഛനെക്കുറിച്ച് പറയുമ്പോൾ തന്റെ ശബ്ദം ഇടറാതിരിക്കുവാൻ കരുതലെടുത്തു.
പക്ഷേ പറയുവാൻ എളുപ്പമുള്ള വാക്ക് താൻ തിരഞ്ഞെടുത്തു. മകളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം അതിന് സഹായകമായി.
'He was a gay...'
അവളുടെ മുഖത്തേക്ക് നോക്കാതെ താൻ പറഞ്ഞു. ആ സമയത്ത് അവളുടെ മുഖഭാവം എന്താണെന്ന് കാണുവാനുള്ള ശക്തി ഇല്ലാതിരുന്നതിനാൽ താനത് നോക്കിയില്ല. അതിനപ്പുറം അവളോ താനോ അന്ന് യാതൊന്നും സംസാരിച്ചില്ല.
പിറ്റേന്ന് രാത്രി ഒരേ കിടക്കയിൽ ഉറങ്ങാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് താൻ ശ്രദ്ധിച്ചു. അവളുടെ മനസ്സിൽ എന്തോ ഉണ്ട്. അല്ലെങ്കിൽ അവൾക്ക് തന്നോടെന്തോ ചോദിക്കുവാനുണ്ട്.
'മോളെന്താ ഉറങ്ങീലേ..?'
മറുപടി പറയാതെ അവൾ എഴുന്നേറ്റു. അടഞ്ഞുകിടന്ന ജനൽപ്പാളികൾ തുറന്നിട്ട് പുറത്തേക്ക് നോക്കിനിന്ന് ആഭ പറഞ്ഞു;
'അമ്മെ..... tell me something about my father...your memories...'
ആഭ മെല്ലെ തിരിഞ്ഞ് അമ്മയെ നോക്കി. രാധിക കിടക്കയിൽനിന്നും എഴുന്നേറ്റു.
'How was your marriage... is it arranged one or... love...?'
രാധിക ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി.
'അല്ല. അച്ഛനുമമ്മയുമെല്ലാം ചേർന്ന് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അന്ന് അമ്മ തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടത്തെ മാനേജർ രാജീവിന്റെ ഏട്ടനായിരുന്നു നിന്റെ അച്ഛൻ. മാനേജർ വളരെ നല്ല സ്വഭാവക്കാരനും സ്നേഹമുള്ള പ്രകൃതവുമായിരുന്നു. ഞാൻ അവിടെ ജോലിക്ക് ചേർന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞ് അദ്ദേഹമാണ് ഈ വിവാഹക്കാര്യം പറഞ്ഞത്. അന്ന് നിന്റെ അച്ഛൻ ഗൾഫിൽ ആണെന്നാണ് പറഞ്ഞത്.
വീട്ടുകാരുമായി ആലോചിക്കണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ഈ വിവാഹം നടന്നത്.
അന്ന് സംസാരത്തിൽ കുറച്ച് സോഫ്റ്റനസ് ഉണ്ടായിരുന്നു എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. രണ്ടു മാസത്തെ ലീവിന് വന്നതായിരുന്നു അച്ഛൻ. ലീവ് കഴിഞ്ഞ് യാത്രപറഞ്ഞ് തിരിച്ചുപോയി... പിന്നെ.....'
രാധിക അല്പം മൗനം അവലംബിച്ചു. ആഭ എല്ലാം കേട്ടുനിന്നു.
'വരുമെന്നു തന്നെയായിരുന്നു അമ്മയുടെ പ്രതീക്ഷ. അതുകൊണ്ട് കാത്തിരുന്നു... ഓരോ ദിനങ്ങളും എണ്ണിയെണ്ണി കാത്തിരുന്നു. നിന്നെ കാണുവാനെങ്കിലും വരുമെന്ന വിശ്വാസത്തോടെ.
രാജീവ് പലയിടത്തും അച്ഛനെ അന്വേഷിച്ചു. പലരോടും ചോദിച്ചു. അങ്ങനെ കുറച്ചു വർഷങ്ങൾക്ക് ശേഷം ആരോ പറഞ്ഞതനുസരിച്ച് രാജീവ് കോഴിക്കോട് പോയി. അവിടെവെച്ച് അന്ന് രാത്രി നിന്റെ അച്ഛനെ കണ്ടു. ബസ്റ്റാൻഡിൽ വേറെ ചില കൂട്ടുകാരോടൊത്ത്. അന്ന് അച്ഛനേയും കൂട്ടിയാണ് രാജീവ് തിരിച്ചു വന്നത്.
അപ്പോഴേക്കും അമ്മയ്ക്ക് ഇവിടുത്തെ സ്ക്കൂളിൽ ടീച്ചറായി ജോലി കിട്ടിയിരുന്നു. അച്ഛൻ വന്ന സന്തോഷം ഇല്ലാതാകരുതെന്നു കരുതി ഞാൻ ഒന്നും ചോദിച്ചില്ല. ഇതുവരെ എവിടെയായിരുന്നു എന്നുപോലും. ഒരാഴ്ച ഞങ്ങൾ ഒരുമിച്ചു...അല്ല നമ്മൾ ഒരുമിച്ചു ജീവിച്ചു.
അടുത്ത ദിവസം ഞാൻ സ്ക്കൂളിൽ നിന്ന് വരുമ്പോൾ അച്ഛൻ വീട്ടിലില്ലായിരുന്നു. നീ എന്റെ അമ്മാമയോടൊപ്പം കളിക്കുന്നു.
അകത്ത് അച്ഛനെ കാണാതായപ്പോൾ ഞാൻ ചോദിച്ചു;
'അമ്മേ...സജീവേട്ടനെവിടെ..?'
'എവിടെയോ പോകാനുണ്ട്, നീ വരുമ്പോൾ പറഞ്ഞാമതി എന്ന് പറഞ്ഞു പോകുന്നതുകണ്ടു'.
'എങ്ങോട്ടാ പോണതെന്നു പറഞ്ഞോ അമ്മെ?'
'അതൊന്നും പറഞ്ഞില്ല. '
ഞാൻ രാജീവിനെ വിളിച്ചു തിരക്കി. രാജീവിനും അറിയില്ലായിരുന്നു.
രാധിക മെല്ലെ വാഷ് ബേസിനടുത്തുപോയി ടാപ്പ് തുറന്ന് മുഖം കഴുകി. അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞത് താൻ കാണാതിരിക്കുവാനാണ് അതെന്ന് ആഭയ്ക്ക് മനസ്സിലായി. അല്പം കഴിഞ്ഞ് രാധിക അലമാര തുറന്ന് പഴയ ഒരു ഡയറി പുറത്തെടുത്തു. അതിനുള്ളിൽനിന്നും ഒരു ഇൻലെന്റ് എടുത്ത് അത് ആഭയ്ക്ക് കൊടുത്തു.
'കുറെ ദിവസം കഴിഞ്ഞ് അച്ഛൻ എഴുതിയതാണ്. നീതന്നെ വായിച്ചുനോക്കൂ.'
ആഭ ആ കത്ത് തുറന്ന് അതിലെ നീലമഷിയിൽ എഴുതിയ വടിവൊത്ത അക്ഷരങ്ങൾ ചേർത്ത് വായിച്ചു.
'രാധികയ്ക്ക്,
ഞാൻ തിരിച്ചു പോകുന്നു. എന്നെ അന്വേഷിച്ച് വരരുത്. എനിക്ക് നിങ്ങളോടൊത്തു ജീവിക്കാൻ കഴിയുന്നില്ല. എന്നോട് ക്ഷമിക്കുക. സ്നേഹമില്ലാഞ്ഞിട്ടല്ല. പക്ഷേ... കഴിയുമെങ്കിൽ മറ്റൊരു ജീവിതം തുടങ്ങുക.... മോളോട് പറയുവാൻ എനിക്ക് വാക്കുകളില്ല...'
ആഭ മുഖത്ത് യാതൊരു ഭാവഭേദവും കൂടാതെ അത് വായിച്ചു മടക്കി.
'But അമ്മയ്ക്ക് എങ്ങനെ മനസ്സിലായി...'
'പിന്നീട് രാജീവ് എല്ലാം തുറന്നു പറഞ്ഞു. എല്ലാം ശരിയാകുമെന്ന് അവർ കരുതി. അതുകൊണ്ടാണ് വിവാഹം കഴിപ്പിച്ചത്... പക്ഷേ..'
ആഭ അമ്മയുടെ അടുത്തേക്ക് ചെന്ന് അമ്മയുടെ കരതലം ചേർത്തുപിടിച്ച് കട്ടിലിൽ വന്നിരുന്നു. അവൾ അമ്മയെ മുറുകെ പുണർന്നു. ഒരു നിമിഷം രണ്ടുപേരും അങ്ങനെയിരുന്നു. ആഭ ചോദിച്ചു;
'അമ്മ വീണ്ടും വിവാഹം കഴിക്കാതിരുന്നത് ഞാൻ കാരണമാണോ?'
രാധിക മകളുടെ മുഖത്ത് തലോടിക്കൊണ്ടു പറഞ്ഞു;
'അല്ല. ഇനി മറ്റൊരാൾ നമ്മുടെ ജീവിതത്തിൽ വേണ്ടെന്നു തോന്നി.'
'അമ്മെ.... still you love him..?'
രാധിക മറുപടിയൊന്നും പറഞ്ഞില്ല. അവൾ പറഞ്ഞു;
'മോളൂ സമയം കുറെയായി.. നമുക്ക് ഉറങ്ങാം..'
'ഉം...'
ഒരുപാട് ചോദ്യങ്ങൾ ആഭയുടെ മനസ്സിൽ ബാക്കിയായിരുന്നു. പക്ഷേ അമ്മയുടെ മനസ്സ് വേദനിക്കരുതെന്ന് കരുതി അവൾ ഒന്നും ചോദിച്ചില്ല.
* * * * * *
'എന്താ ടീച്ചറെ ഇന്ന് സ്ക്കൂളിൽ പോകുന്നില്ലെ..മടിയാണോ? അതോ പത്രം തിന്നുതീർക്കുവാണോ?'
ആഭയുടെ ചോദ്യം കേട്ട് രാധിക ചിന്തകൾക്ക് വിരാമമിട്ടു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ രാധിക എഴുന്നേറ്റു.. കൂടെ ആ പത്രവും കൈയിൽ എടുത്തു. ഈ പത്രം മോള് കാണേണ്ട.. രാധിക ആത്മഗതം ചെയ്തു.
***മണികണ്ഠൻ അണക്കത്തിൽ***
Copyright protected
07/09/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot