നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീർത്ഥയാത്ര

Image may contain: 1 person, closeup
.........................
രാത്രി ലോകം മുഴുവൻ നിദ്രയിലേക്കാഴ്ന്നു പോവുമ്പോഴാണ് അയാളുടെ അമ്മ ഉറക്കമുണരുക. മനസിനകത്തെയും പുറത്തെയും കനത്തമായ ഇരുട്ട് മടുപ്പുളവാക്കുമ്പോൾ ചിലപ്പോഴൊക്കെ സ്നേഹപൂർവം തന്റെ മകന്റെ പേര് അവർ ഉറക്കെ വിളിക്കും. ഇനി മറ്റു ചിലപ്പോൾ ആരും കാണാതെ ഒളിച്ചു വച്ചിരുന്ന ഒരു പാത്രം കൊണ്ട് കട്ടിലിന്റെ പലകയിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അപ്പുറത്തെ മുറിയിൽ ഉറങ്ങുന്ന മകന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കും. ഉറക്കച്ചടവോടെ തന്റെ അടുത്ത് മകൻ വന്നിരിക്കുമ്പോൾ ഓരോ വയ്യായ്മകൾ പറഞ്ഞ് വെളുക്കുവോളം അവിടെ പിടിച്ചിരുത്തും. ഭയങ്കര പേടി തോന്നുന്ന ചില അവസരങ്ങളിലൊക്കെ അവർ തന്റെ മകന്റെ കൈയിൽ മുറുകെ പിടിക്കും. കുട്ടിക്കാലത്തൊക്കെയും പേടി വരുമ്പോൾ മകൻ തന്റെ കയ്യിൽ മുറുകെ പിടിക്കാറുള്ള ഓർമ്മ നൽകിയ ധൈര്യം അപ്പോൾ ആ വയസായ മുഖത്ത് നിഴലിക്കുന്നതു കാണാം. പലപ്പോഴും കാലത്തിന്റെ കളിയരങ്ങിൽ രംഗങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ചിലർ മാത്രം വിജയിക്കുന്നു. മറ്റു ചിലർ ഒരിക്കലും കര കയറാനാവാത്ത ഇരുൾ നിറഞ്ഞ അഗാധഗർത്തത്തിലേക്ക് വീണു പോവുന്നു.
അവരെ ജീവനേക്കാളേറെ സ്നേഹിക്കുന്ന മകൻ ഒരിക്കൽ പോലും അവരോട് ദേഷ്യപ്പെടുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. വല്ലാതെ ക്ഷീണം തോന്നുന്ന അവസരങ്ങളിൽ അയാൾ തന്റെ ഭാര്യയോടും കുട്ടികളോടും അത് പ്രകടമാക്കുകയും ചെയ്തിരുന്നു. തങ്ങൾ ചെയ്ത കുറ്റം തിരിച്ചറിയാനാവാതെ അപ്പോഴൊക്കെ അവർ അമ്പരപോടെ അയാളെ നോക്കിയിരുന്നു. "കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നത് വല്ലാത്ത അവസ്ഥ തന്നെയാണ് " എന്ന് തന്റെ ഭാര്യ പരിഭവം പറയുമ്പോഴൊക്കെ ഒരു കുറ്റവാളിയേ പോലെ അയാൾ തല കുനിച്ചിരിക്കും.
നടക്കുമെന്നുറപ്പില്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അവർ തന്റെ മകനെ നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ട്. ഒരിക്കൽ തന്റെ ചുക്കിച്ചുളിഞ്ഞ കൈ കാണിച്ച് അവർ പറഞ്ഞു.
" കുട്ടാ നീ ആ ഡോക്ടറോടു പറഞ്ഞ് ഈ തൊലിയിലെ ചുളിവ് മാറാനുള്ള മരുന്ന് വാങ്ങിക്കൊണ്ടു വാ "
പലപ്പോഴായി പല ഡോക്ടർമാരിൽ നിന്നും വാങ്ങി അവരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന മരുന്നുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവരുടെ മകനപ്പോ. പൂർത്തിയാകാത്ത ഒരു കഥ പോലെ ഇനിയും മരുന്നുകൾ അവശേഷിച്ചിരുന്ന ആ കുപ്പികൾക്കിടയിലൂടെ ഓടി പോയ ഒരു പല്ലി അപ്പോൾ ടിക് എന്ന ശബ്ദത്തോടെ താഴേക്ക് വീഴുകയും ഒന്നും സംഭവിക്കാതെ വാതിലിനു പുറകിലെവിടെയോ പോയി മറയുകയും ചെയ്തു.
പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആർക്കും നല്കരുതെന്ന് പണ്ടെങ്ങോ അമ്മ പറഞ്ഞ കാര്യം മനസിലോർത്തു വാർദ്ധക്യം ബാധിച്ച അവരുടെ കൈകളിൽ തലോടിക്കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു അയാൾ.
ചിലപ്പോൾ ചില മൗനങ്ങൾ വാക്കുകളേക്കാൾ മൂർച്ചയുള്ളതാവാറുണ്ട്. രണ്ടു പേരുടെ സംസാരങ്ങൾക്കിടയിലൊളിച്ചിരിക്കുന്ന ചതി ഒരു പക്ഷേ അവരുടെ മൗനങ്ങൾക്കിടയിലുണ്ടാവാറില്ല. മൗനങ്ങൾ എന്നു സത്യസന്ധതയുള്ളവയാണ്. ഒരാൾക്ക് തന്റെ മൗനത്തിനോടെന്നും നീതി പുലർത്താൻ കഴിയുന്നു. അതുപോലെ തന്റെ പ്രിയപ്പെട്ടവരുടെ മൗനത്തിനോടും.....
ഒരു പക്ഷേ അതാവാം അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മ നിദ്രയുടെ തീരങ്ങൾ തേടി പോയത്.
വേറൊരിക്കൽ അർദ്ധരാത്രിയിൽ അമ്മ വിളിക്കുന്നതു കേട് അയാൾ മുറിയിലേക്ക് ചെന്നപ്പോൾ മുറിയിൽ കറങ്ങുന്ന ഫാനിൽ നോക്കിക്കിടക്കുന്ന അമ്മയെയാണ് കണ്ടത്.
അമ്മയുടെ മുടിയിൽ തഴുകിക്കൊണ്ട് ചുണ്ടുകൾ അമ്മയുടെ ചെവിയോടടുപ്പിച്ച് അയാൾ ചോദിച്ചു.
"അമ്മ വിളിച്ചുവോ?"
ക്ഷീണിച്ച മിഴികൾ തുറന്ന് അമ്മ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു.
" അമ്മയ്ക്ക് ഒരു ഉരുള ചോറ് താ മോനേ. വിശന്നിട്ടു വയ്യാത്തതു കൊണ്ടാ."
ഈയിടെയായി എന്നും അത്താഴത്തിന് അമ്മയ്ക്ക് ദോശ കൊടുക്കാറുള്ള കാര്യം അയാളോർത്തു. ചോറാണെങ്കിൽ ഇറക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അമ്മ തന്നെയാണ് ആ ശീലം തുടങ്ങി വച്ചത്. അതിനു ശേഷം ഒരിക്കൽ പോലും അമ്മയോട് ചോറ് വേണോ എന്ന് ചോദിക്കാത്തതിൽ അയാൾക്ക് കുറ്റബോധം തോന്നി. നമ്മുടെ സൗകര്യത്തിനനുസരിച്ച് ചില ചോദ്യങ്ങൾ നമ്മൾ മന:പൂർവം ഒഴിവാക്കാറുണ്ടല്ലോ? ചിലപ്പോഴൊക്കെ സംസാരത്തിൽ നിന്നും, മറ്റു ചിലപ്പോൾ ജീവിതത്തിൽ നിന്നും.....
ദേ ഇപ്പോ കൊണ്ടു വരാം എന്ന് അമ്മയോട് പറഞ്ഞ് മുറിയിൽ ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടുത്താതെ അയാൾ നേരെ അടുക്കളയിലേക്ക് നടന്നു. നിരാശയുടെ പടുകുഴിയിലേക്ക് അയാളെ തള്ളിയിട്ടു കൊണ്ട് അവിടെ കഴുകി കമഴ്ത്തി വച്ചിരുന്ന കഞ്ഞിക്കലം നോക്കി ഇനിയെന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് വക്കുകൾ പൊട്ടിയ ആ പാത്രം അയാളുടെ കണ്ണിൽ പെടുന്നത്. ഒരു കാലത്ത് തന്റെ ജീവിതത്തിലെ പ്രതീക്ഷയുടെ പര്യായമായിരുന്നു ആ പാത്രവും അതിലെ ചുളിഞ്ഞ നോട്ടുകളും എന്ന് മനസിലോർത്തു കൊണ്ട് വെറുതെ ആ പാത്രം തുറന്നു നോക്കവേ അതിൽ ഒരു ചെറിയ പൊതി ഇരിക്കുന്നതു കണ്ടു. ആകാംക്ഷയോടെ അയാളത് തുറന്നു നോക്കി. അയാളുടെ അച്ഛന്റെ ബലിക്ക് വാങ്ങിയ ഉണക്കലരി മിച്ചം വന്നത് അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നതായിരുന്നു അത്. പതിവുപോലെ അന്നും തന്റെ വിഷമത്തിന് പരിഹാരം നൽകിയ ആ പാത്രത്തിനോട് അയാൾക്ക് ബഹുമാനം തോന്നി. ഒരു പാത്രത്തിൽ വെള്ളം അടുപ്പത്ത് വച്ചപ്പോളാണ് വീണ്ടും അമ്മ വിളിച്ചത്.
അയാൾ ചെല്ലുമ്പോ അമ്മ പഴയതു പോലെ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അയാൾ അമ്മയുടെ അടുത്ത് ഇരുന്നിട്ടു പറഞ്ഞു.
" അമ്മേ ചോറ് ഇപ്പോ കൊണ്ടു വരാട്ടോ "
''ആരാ ഇപ്പാ ചോറ് ചോദിച്ചെ? ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനായിരുന്നു."
''എന്താ?"
" ഞാൻ നാളെ ഒന്നമ്പലത്തിൽ പോകും കേട്ടോ. രാമൻ വരാമെന്നു പറഞ്ഞിട്ടുണ്ട് "
''രാമേട്ടനോ? "
" ഉം. രാമൻ തന്നെ. അവൻ പകലേ ഇവിടെ വന്നിരുന്നു. അപ്പോഴാ കൊണ്ടു പോകാമെന്നു പറഞ്ഞത്. കുറേ നാളായി ദേവിയെ ഒന്നു കാണണമെന്നു വിചാരിക്കുന്നു."
അമ്മ ദേവിയുടെ ഏതോ കീർത്തനം ചൊല്ലിത്തുടങ്ങിയപ്പോ അയാൾ മുറിയിൽ നിന്നിറങ്ങി.
അമ്മയുടെ മുറിയിൽ നിന്നു പുറത്തേക്കിറങ്ങവേ ഉത്തരം കിട്ടാത്ത ചോദ്യമായ് തന്റെ ജീവിതത്തിലുടനീളം നിറഞ്ഞു നിന്ന രാമന്റെ മുഖം അയാളുടെ മനസിലേക്കെത്തി.
അയാൾക്ക് ഓർമ്മ വച്ച നാൾ മുതലേ രാമൻ തന്റെ വീട്ടിലുണ്ടായിരുന്നു. രാമൻ ആരാണെന്നുള്ള ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം തന്റെ അമ്മയുടെ പക്കൽ പോലും ഇല്ല എന്നുള്ളത് അയാൾക്ക് അത്ഭുതമായിരുന്നു. ഒരിക്കൽ നാട്ടുകാര് ആരോ ആണ് രാമനെ പറ്റിയുള്ള രഹസ്യം അയാളോട് പറഞ്ഞത്. അതിനു ശേഷം രാമൻ ആരാണെന്ന് ചോദിച്ച് ശല്യം ചെയ്ത അയാളോട് അമ്മ പറഞ്ഞു.
''രാമൻ ആരാണെന്നൊന്നും എനിക്കറിയില്ലെന്റെ കുട്ടാ. നീ ജനിക്കുന്നതിനു മുമ്പേ ഒരിക്കൽ തീർത്ഥാടനത്തിനു പോയ നിന്റെ അച്ഛൻ തിരിച്ചു വന്നപ്പോ കൂടെ രാമനും ഉണ്ടായിരുന്നു. അച്ഛനോട് എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കില്ലാത്തതു കൊണ്ട് ഞാനവനെ ഇവിടെ പാർപ്പിച്ചു. ആദ്യമൊക്കെ അനിഷ്ടമുണ്ടായിരുന്നു എങ്കിലും നാളുകൾ കഴിഞ്ഞപ്പോ അവനിലെ നന്മ തിരിച്ചറിഞ്ഞ ഞാൻ അവനെ സ്നേഹിച്ചു തുടങ്ങി. നീ വേറൊന്നും ചിന്തിക്കണ്ട. അവൻ നമ്മുടെ കുടെയുള്ള ഒരാളാണ്. അത്രമാത്രം മനസിൽ വയ്ക്കു."
അമ്മയുടെ വാക്കുകൾ അയാൾ അക്ഷരംപ്രതി അനുസരിക്കുക തന്നെ ചെയ്തു. അന്നു മുതൽ രാമൻ അയാൾക്ക് രാമേട്ടൻ ആയി .രാമേട്ടാ എന്നായിരുന്നു അയാൾ വിളിച്ചതെങ്കിലും ഒരു ഏട്ടന്റെ സ്ഥാനമല്ലായിരുന്നു അയാളുടെ മനസിൽ രാമനുള്ളത്.
ആരോടും പറയാതെ ജീവിതയാത്ര ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച തന്റെ അച്ഛന്റെ മുഖമായിരുന്നു അയാളുടെ മനസിൽ രാമന്.
എന്നിട്ടും ഇടയ്ക്കെപ്പോഴോ തന്റെ ഓർമ്മയിൽ നിന്ന് അയാൾ രാമന്റെ മുഖം സ്വയം മായ്ച്ചു കളയുകയായിരുന്നു. മായ്ച്ചതോ അതോ കാലത്തിന്റെ വികൃതിയിൽ മായ്ക്കപ്പെട്ടതോ എന്ന് അയാൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു.
അങ്ങനെ ഇരിക്കുമ്പോ രാമന് ഒരു തീർത്ഥാടനം പതിവുണ്ട്. ഒരിക്കൽ തീർത്ഥാടനത്തിനു ഇറങ്ങാൻ നേരം രാമൻ അയാളുടെ അമ്മയോട് പറഞ്ഞു.
" ഉടൻ തന്നെ ഞാൻ തിരിച്ചെത്തും. എന്നിട്ട് ഒരു പാട് സ്ഥലങ്ങളിലേക്ക് നമുക്ക് ഒരുമിച്ച് ഒരു തീർത്ഥയാത്ര പോണം."
പക്ഷേ ഒരിക്കലും പാലിക്കപ്പെടാത്ത ഒരു വാക്കിന്റെ ഭാണ്ഡക്കെട്ടുമായിട്ടായിരുന്നു അന്നയാൾ യാത്ര ചൊല്ലി പോയത്. ഉടൻ തിരിച്ചെത്തുമെന്നു പറഞ്ഞ രാമൻ പിന്നെ മടങ്ങി വന്നില്ല. മരിച്ചോ അതോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവോ എന്ന് ആർക്കും അറിയില്ല. എന്തായാലും രാമൻ മരിച്ചു എന്ന് അയാളുടെ അമ്മ കരുതിയിട്ടില്ല. രാമൻ എന്നെങ്കിലും തിരികെ വരുമെന്നുള്ള പ്രതീക്ഷ തന്നെയായിരുന്നു അൽപ്പം മുമ്പ് പറഞ്ഞ ആ വാചകത്തിൽ നിറഞ്ഞു നിന്നത്.
അരി ഇടാൻ അടുപ്പത്ത് വച്ചിരിക്കുന്ന പാത്രത്തിന്റെ തീ ഓഫ് ചെയ്യണോ എന്ന് ഒരു നിമിഷം അയാൾ സംശയിച്ചു. പെട്ടെന്നുണ്ടായ ഒരുൾ പ്രേരണയിൽ ഗ്യാസ് ഓഫ് ചെയ്യാതെ എടുത്തു വച്ചിരുന്ന അരി കഴുകി അടുപ്പത്തെ പാത്രത്തിൽ തിളച്ചു തുടങ്ങിയ വെള്ളത്തിലേക്കിട്ടിട്ട് അയാൾ അവിടെ തന്നെ ഇരുന്നു.
എവിടെ നിന്നോ അടുക്കളയിലെ ജനലിങ്കലേക്ക് പറന്നു വന്ന ഒരു മിന്നാമിന്നിയെ കണ്ടതും അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. കുറേ നാളുകൾക്കു ശേഷമാണ് ഒരു മിന്നാമിന്നിയെ കാണുന്നത്. കുട്ടിക്കാലത്ത് തന്റെ വീട്ടിൽ ഒരു പാട് മിന്നാമിന്നികൾ പറന്നു വന്നിരുന്ന കാര്യം അയാൾ അപ്പോൾ ഓർമ്മിച്ചു. അതിനെ പിടിച്ച് കൈവെള്ളയിൽ വയ്ക്കുന്നത് അയാളുടെ വിനോദങ്ങളിലൊന്നായിരുന്നു. അങ്ങനെ ഒരു ദിവസം പറന്നു വന്ന മിന്നാമിന്നിയെ പിടിക്കാൻ നോക്കുമ്പോളാണ് അമ്മ അത് പറഞ്ഞത്.
" കുട്ടാ മിന്നാമിന്നിയെ പിടിക്കേണ്ടാട്ടോ. മരിച്ചു പോയവരുടെ ആത്മാക്കൾ നമ്മളെ കാണാനായി വരുന്നതാണ് "
"പിന്നെ അമ്മ നുണ പറയുകയാ. ആത്മാക്കൾ കാക്കകളായല്ലേ വരിക?"
''കാക്കകളായി മാത്രമല്ല ആത്മാക്കൾ വരിക. അവർക്ക് ഏതു രൂപവും സ്വീകരിക്കാൻ പറ്റും. ചിലപ്പോ മിന്നാമിന്നിയായി, ചിലപ്പോ പൂമ്പാറ്റകളായി '..... അങ്ങനെയങ്ങനെ."
അതിനു ശേഷം അയാൾ ഒരിക്കലും മിന്നാമിന്നികളെ പിടിച്ചിട്ടില്ല. മാത്രമല്ല അവയെ കാണുമ്പോൾ ഏതോ ശക്തി തന്നെ വലയം ചെയ്യാറുള്ളതു പോലെയും അയാൾക്ക് തോന്നാറുണ്ട്.
അയാൾ നോക്കി നിൽക്കേ അടുക്കളയിലെ ജനാലയിലെ ഏതോ വിടവിലൂടെ അകത്ത് പ്രവേശിച്ച ആ മിന്നാമിന്നിക്ക് സാധാരണയിലധികം വലിപ്പമുണ്ടായിരുന്നത് അയാളെ അത്ഭുതപ്പെടുത്തി. അമ്മയുടെ മുറിയിൽ നിന്നു അഭൗമമായ ഒരു പ്രകാശം പരക്കുന്നതു കണ്ട് അയാൾ അങ്ങോട്ട് ചെന്നപ്പോഴേക്കും രണ്ട് മിന്നാമിന്നികൾ അകലെ എവിടെയോ ഉള്ള ഒരു തീർത്ഥാടന കേന്ദ്രം ലക്ഷ്യമാക്കി പറന്നു പോയിരുന്നു. സ്വർഗ്ഗത്തിൽ മറ്റൊരാത്മാവപ്പോ ഒരു പുന സമാഗമത്തിനൊരുങ്ങുകയായിരുന്നു.
സമയം കടന്നു പോയത് അയാൾ അറിഞ്ഞില്ല. നേരം പുലർന്നപ്പോ എവിടെ നിന്നോ ഒരു ബലിക്കാക്ക തനിക്കായുള്ള ബലിച്ചോറും പ്രതീക്ഷിച്ച് മുറ്റത്തിനരികിലെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ പറന്നു വന്നിരുന്നത് അയാൾ കണ്ടു.
(അവസാനിച്ചു)
രഞ്ജിനി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot