അഞ്ചു മിനിറ്റ് വൈകി ഇറങ്ങിയ പെൺകുട്ടി
*******************************************************************
ആ ഗ്രാമത്തിലെ പള്ളിയുടെ പായല്‍ പിടിച്ച ചുവന്ന പടിക്കെട്ടുകൾക്ക് അരികില്‍ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ പേര് ആനി എന്നാണ്.മഞ്ഞചുരിദാറും ചെറിയ പൂക്കള്‍ ഉള്ള ഷാളും ധരിച്ച ഒരു സാധാരണ പെൺകുട്ടി.ചെറിയ വട്ടമുഖത്തിനു ഇരുനിറം.മെലിഞ്ഞ ശരീരം..“പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സ് “ എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് കൂട് അവള്‍ നെഞ്ചോട് അടുക്കിപിടിച്ചിരിക്കുന്നു.അതിനുള്ളില്‍ ഒരു ഫയലില്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്.ഒപ്പം ഒരു ചെറിയ ഹാന്‍ഡ് ബാഗും.പിഞ്ഞിത്തുടങ്ങിയ ബാഗും ,മുഷിഞ്ഞ പ്ലാസ്റ്റിക് കവറും,പായല്‍ ചുവന്ന പടിക്കെട്ടുകളും നോക്കി വിഷാദത്തിന്റെ പാടകെട്ടിയ ഒരു ആകാശം ആ നാട്ടിൻപുറത്തെ ബസ്സ്റ്റോപ്പിന് മുകളില്‍ തൂങ്ങി നിന്നു.
*******************************************************************
ആ ഗ്രാമത്തിലെ പള്ളിയുടെ പായല്‍ പിടിച്ച ചുവന്ന പടിക്കെട്ടുകൾക്ക് അരികില്‍ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ പേര് ആനി എന്നാണ്.മഞ്ഞചുരിദാറും ചെറിയ പൂക്കള്‍ ഉള്ള ഷാളും ധരിച്ച ഒരു സാധാരണ പെൺകുട്ടി.ചെറിയ വട്ടമുഖത്തിനു ഇരുനിറം.മെലിഞ്ഞ ശരീരം..“പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സ് “ എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് കൂട് അവള്‍ നെഞ്ചോട് അടുക്കിപിടിച്ചിരിക്കുന്നു.അതിനുള്ളില്‍ ഒരു ഫയലില്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്.ഒപ്പം ഒരു ചെറിയ ഹാന്‍ഡ് ബാഗും.പിഞ്ഞിത്തുടങ്ങിയ ബാഗും ,മുഷിഞ്ഞ പ്ലാസ്റ്റിക് കവറും,പായല്‍ ചുവന്ന പടിക്കെട്ടുകളും നോക്കി വിഷാദത്തിന്റെ പാടകെട്ടിയ ഒരു ആകാശം ആ നാട്ടിൻപുറത്തെ ബസ്സ്റ്റോപ്പിന് മുകളില്‍ തൂങ്ങി നിന്നു.
അവള്‍ ഇടക്കിടക്ക് ബസ് വരുന്നുണ്ടോ എന്ന് റോഡിലേക്ക് എത്തി നോക്കുന്നുണ്ട്.അഞ്ചു മിനിട്ട് വൈകിയാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങിയത്.അതിനു അവള്‍ സ്വയം ശപിച്ചു.വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ആനിയെ സംബന്ധിച്ച് ഇന്ന്.പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ ഒരു ആശുപത്രിയില്‍ ക്ലാര്‍ക്ക് ജോലിയുടെ അഭിമുഖത്തിനു അവളെ ക്ഷണിച്ചിട്ടുണ്ട്.കൃത്യം ഒന്‍പതര ആവുമ്പോള്‍ ഓഫീസില്‍ എത്തണം.കൃത്യ സമയത്ത് തന്നെ അവിടെ എത്തണം എന്ന് പള്ളിയിലെ വികാരിയച്ചന്‍ അവളോട് പറഞ്ഞിരുന്നു.അദ്ദേഹം അവള്ക്ക് വേണ്ടി ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ചിരുന്നു.പക്ഷെ അത് പോലെ റെക്കമേന്റെഷന്‍ ഉള്ള മറ്റു പലരും അവിടെ ഉണ്ടാകും.ഏറ്റവും ആദ്യം വരുന്നവരെ ആയിരിക്കും ആദ്യം അഭിമുഖത്തിനു വിളിക്കുക.താമസിച്ചു ചെല്ലുന്നത് ചിന്തിക്കാന്‍ പോലും ആകില്ല.
അവള്‍ വീണ്ടും വീണ്ടും റോഡിലേക്ക് നോക്കി.മഴക്കാറ് വീണു ഒരു മൂടല്‍ എല്ലായിടത്തും പരന്നിരിക്കുന്നു.അഞ്ചു മിനിറ്റു മുന്പാണ് ഇറങ്ങിയത് എങ്കില്‍ അവള്‍ക്ക് സെയിന്റ് ജോര്‍ജ് ബസ് കിട്ടിയേനെ.തിരക്ക് കുറവുള്ള അതില്‍ ഇരുന്നു പോകാമായിരുന്നു.ഒപ്പം വൈകാതെ അഭിമുഖത്തിനു എത്തുകയും ചെയ്യാമായിരുന്നു.ഇനി അടുത്ത ബസ് വരാന്‍ പത്തു മിനിറ്റ് എടുക്കും.അത് ഒരു എറണാകുളം ബസ്സാണ്.വല്ലാത്ത തിരക്കാണ് ആ ബസ്സില്‍.ഇടിച്ചു കുത്തി പതിനഞ്ചു മിനിട്ട് ആ ബസ്സില്‍ നിന്നതിനു ശേഷം ഇറങ്ങുമ്പോ ഒരു പരുവം ആയിട്ടുണ്ടാവും.അത് ഒരു പക്ഷെ അവളുടെ അഭിമുഖത്തിലേ വിജയ സാധ്യത തന്നെ നഷ്ടപെടുത്തിയെക്കാം.
ഒരഞ്ചു മിനിറ്റ് കിട്ടിയിരുന്നെങ്കില്‍.
അവള്‍ നേരത്തെ ഒരുങ്ങിയതാണ്.ആ സമയമാണ് മഴ ചാറാന്‍ തുടങ്ങിയത്.അയയില്‍ തൂക്കിയിട്ട റബ്ബര്‍ ഷീറ്റ് എടുത്തു ഇറയത്തു വയ്ക്കാന്‍ ആണ് അഞ്ചു മിനിറ്റു വൈകിയത്.അവള്‍ കൈ മണപ്പിച്ചു.ഇപ്പഴും ഉളളംകയ്യില്‍ റബ്ബര്‍ ഷീറ്റിന്റെ മണം.
ഒരു കരച്ചില്‍ അവളുടെ ഉള്ളില്‍ നിന്നും അലച്ചു വന്നു.കാരണം ആ മണം അവളുടെ അപ്പന്റെ മണമാണ്.അവളുടെ അപ്പന്‍ മരിച്ചിട്ട് ഇന്ന് മൂന്ന് ദിവസമേ ആയിട്ടുള്ളൂ.
ഒരു ഹോണടി കേട്ടു.എറണാകുളം ബസ് വരുന്നുണ്ട്.അവള്‍ കൈ കാണിച്ചു അകത്തു കയറി.
സൂചികുത്താന്‍ ഇടമില്ല.തിങ്ങിഞെരുങ്ങി അവള്‍ വണ്ടിയുടെ മുന്നില്‍ കയറി.മുന്‍ വശം വരെ ആണുങ്ങള്‍ നില്‍ക്കുന്നു.അവള്‍ വല്ല വിധേനയും മുകളിലെ കമ്പിയില്‍ പിടിമുറുക്കി.
ബസ് മുൻപോട്ട് എടുത്തതും മഴ ആര്‍ത്തു വന്നു.ആളുകള്‍ ഷട്ടറുകള്‍ താഴ്ത്തി.
അവള്‍ ഒരു കൈ കൊണ്ട് പ്ലാസ്റ്റിക് കവറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ചുളിവു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചു.ഒരേ ഒരു അഞ്ചു മിനിട്ട് ഈ പ്രധാനപ്പെട്ട ദിവസം തന്നെ വൈകിയതില്‍ അവള്‍ സ്വയം ശപിച്ചു.
അപ്പന്‍ ഉണ്ടായിരുന്നെകില്‍ താന്‍ അഞ്ചു മിനിറ്റ് വൈകില്ലായിരുന്നു എന്ന് ആനി ഓര്‍ത്തു .ഉടനെ തന്നെ അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അഭിമുഖത്തിനു തനിക്ക് പോകേണ്ടി വരില്ലായിരുന്നു എന്നും അവള്‍ ചിന്തിച്ചു.ഒരു വര്‍ഷം കൂടി ബി.എഡ് പഠിച്ചു അവള്‍ അദ്ധ്യാപിക ആവാനായിരുന്നു അവളുടെ അപ്പന്‍റെ ആഗ്രഹം.ആനിക്കും അത് തന്നെ ആയിരുന്നു ഇഷ്ടം.
ഒന്നര ഏക്കര്‍ സ്ഥലമാണ് ആനിയുടെ കുടുംബത്തിനു ഉള്ളത്.അപ്പന്‍ ദേവസിയെ കൂടാതെ വലിയമ്മച്ചിയും, അവളുടെ അമ്മയും ഒരു അനിയനും കൂടെയാണ് കുടുംബത്തില്‍ ഉള്ളത്.അപ്പന് റബ്ബര്‍ വെട്ടായിരുന്നു.റബ്ബറിനു വിലയിടിഞ്ഞത് കൊണ്ട് പറമ്പില്‍ ഒരു കോഴി ഫാം കൂടി തുടങ്ങാന്‍ ദേവസി പ്ലാന്‍ ചെയ്തു.അതിനിടെയാണ് പനി പിടിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടും ,ഒപ്പം കോഴികള്‍ വരുന്നതിനു മുന്‍പേ ഫാം തയ്യാര്‍ ആക്കാന്‍ ഉള്ള ഉത്കണ്ഠയും കൂടി ആയപ്പോള്‍ ദേവസി പനിയുടെ കാര്യം മറന്നു.കോഴികള്‍ എത്തുന്നതിനു മുന്‍പ് .ഡെങ്കി പനി വഷളായി ദേവസി മരിച്ചു.
ബസ്സിനുള്ളില്‍ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി.ആളുകളുടെ വിയര്‍പ്പിന്റെയും പൗഡറിന്റെയും കൂടിക്കലർന്ന വാട.ബസ്സിലെ സ്പീക്കറുകളില്‍ കൂടി ഏതോ തമിഴ് തട്ടുപൊളിപ്പന്‍ ഗാനം കേള്‍ക്കുന്നുണ്ടായിരുന്നു.
അവള്‍ക്ക് അത് അസഹനീയമായി തോന്നി.അവര്‍ ആ ശബ്ദം കുറെ നേരം നിര്‍ത്തിയിരുന്നുവെങ്കില്‍.....
പുറകില്‍ നില്‍ക്കുന്നവരുടെ എല്ലാം ഭാരം തന്‍റെ മേലേക്ക് വീഴുന്നത് പോലെ അവള്ക്ക് തോന്നി.അവള്‍ വാച്ചിലേക്ക് പാളി നോക്കി.താന്‍ അഭിമുഖത്തിനു താമസിക്കും.അഞ്ചു മിനിട്ട് മുന്‍പായിരുന്നെകില്‍ ,മറ്റേ ബസ്സില്‍ സീറ്റില്‍ ഇരുന്നു തിരക്കും ഇടിയും കൊള്ളാതെ പോകാമായിരുന്നു.
പെട്ടെന്നാണ് അതുണ്ടായത്.തീപ്പൊള്ളല്‍ ഏറ്റത് പോലെ അവള്‍ ഞെട്ടി വിറച്ചു.
പുറകില്‍ നില്‍ക്കുന്നയാളുടെ കൈ തന്‍റെ ഇടുപ്പില്‍ പിടിത്തമിട്ടിരിക്കുന്നു.പിടിച്ചമര്‍ത്തിയതിനു ശേഷം ആ വിരലുകള്‍ പിന്‍വലിഞ്ഞു.
തലയ്ക്കു മുകളിലൂടെ ശരീരത്തിലേക്ക് ഒരു കുട്ട നിറയെ പുഴുക്കളെ ആരോ വര്‍ഷിച്ചത് പോലെ അവള്ക്ക് തോന്നി.
എന്ത് ചെയ്യണം.??
താന്‍ ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു.തിരിഞ്ഞു നിന്നു അയാളുമായി വഴക്കുണ്ടാക്കിയാല്‍...
ഒരു പക്ഷെ അയാള്‍ മനപ്പൂര്‍വം പിടിച്ചതായിരിക്കില്ല.ബസ്സിലെ തിരക്കിനിടയില്‍ ഒരു പക്ഷെ അറിയാതെ...
അവളുടെ മനസ്സില്‍ കാരണം ഒന്നുമില്ലാതെ അപ്പന്റെ പരസ്പ്പരം കൂട്ടിപ്പിടിച്ച കൈകള്‍ ഓര്‍മ്മ വന്നു.പെട്ടിയില്‍ കിടത്തിരിയിരിക്കുന്ന അപ്പന്റെ ശരീരം.കൈകള്‍ കൂട്ടിപ്പിണച്ചു വിരലുകള്‍ക്കിടയില്‍ ഒരു കൊന്ത ആരോ അണിയിക്കുന്നു.
തന്‍റെ ചെറിയ സ്വപ്‌നങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് അപ്പന്‍ ജീവിതത്തോട് യാത്ര പറയുന്ന നിമിഷങ്ങള്‍...
അത് ഓര്‍മ്മിക്കുന്നതിനിടയില്‍ വീണ്ടും അവളുടെ ശരീരത്തില്‍ ആ വിരലുകളുടെ പിടിത്തം വീണു.പുഴുക്കുത്ത് ഏറ്റത് പോലെ ആനി വീണ്ടും പിടഞ്ഞു.ഇത്തവണ ആ പിടിത്തത്തിന്റെ ദൈര്‍ഘ്യം ആദ്യത്തേതിനേക്കാള്‍ എറിയതായിരുന്നു.
കഴുത്തിന് പിറകില്‍ അയാളുടെ ചൂടുള്ള ശ്വാസം.അതിനു മദ്യത്തിന്റെയും ബീഡിയുടെയും അവിഞ്ഞ ഗന്ധം.
അവളുടെ കണ്ണ് നിറഞ്ഞു.ഒപ്പം മുകളിലെ കമ്പിയില്‍ പിടിച്ച വിരലുകള്‍ വിയര്‍പ്പില്‍ നനഞു.അപരിചിതരായ ആളുകളുടെ ഇടയില്‍ തിങ്ങി ഞെരുങ്ങുകയാണ് അവള്‍.
ഒരഞ്ചു മിനിട്ട് നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍.
വീണ്ടും ആ കൈവിരലുകള്‍ അവളുടെ ശരീരത്തില്‍ തൊടുന്നു.
അവള്‍ അപ്പോള്‍ ആ കാഴ്ച ഓര്‍മ്മിച്ചു .ഒരിക്കല്‍ പ്ലസ്ടൂവിനു പഠിക്കുമ്പോള്‍ അവള്‍ ഇത് പോലെ ഒരു ബസ്സില്‍ പോവുകയായിരുന്നു.തിരക്കേറിയ ബസ്സില്‍ തന്നെക്കാള്‍ മുതിര്‍ന്ന ഒരു യുവതിയെ പിന്നില്‍ നില്‍ക്കുന്ന യാത്രക്കാരന്‍ ഉപദ്രവിക്കുന്നത് അവള്‍ കണ്ടു.പക്ഷെ ആ സ്ത്രീ പ്രതികരിച്ചില്ല.
അവള്‍ക്ക് നല്ല ദേഷ്യം തോന്നിയിരുന്നു.അപ്പോള്‍.
അവര്‍ എന്തിനായിരിക്കും അന്ന് യാത്ര ചെയ്തിട്ടുണ്ടാവുക..?
അവര്‍ എങ്ങോട്ടായിരിക്കും യാത്ര ചെയ്തത്?
അവര്‍ എങ്ങോട്ടായിരിക്കും യാത്ര ചെയ്തത്?
വൈകിയാല്‍ ,ജീവിതത്തിലെ ഏതെങ്കിലും വലിയ നഷ്ടം നേരിടേണ്ടി വരും എന്ന് ഭയന്നു തന്നെ പോലെ യാത്ര ചെയ്ത ഒരു സാധാരണക്കാരിയായിരിക്കും അവര്‍.. അസുഖം വഷളായ തന്‍റെ കുഞ്ഞിനു മരുന്ന് വാങ്ങാനോ അല്ലെങ്കില്‍ ഏതെങ്കിലും തുണിക്കടയില്‍ താമസിച്ചു ചെന്നാല്‍ ഉള്ള ജോലി കൂടി നഷ്ടപെടും എന്ന് ഭയന്ന ഒരു സെയില്‍സ് ജീവനക്കാരിയോ അതുമല്ലെങ്കില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന തന്‍റെ കെട്ടിയവനെ കാണാന്‍ പോകുന്ന ഭാര്യയോ ?
വണ്ടി ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്നു.ആരോ ഷട്ടര്‍ ഉയര്‍ത്തുന്നു .പുറത്തു മഴ നിര്‍ത്താതെ പെയ്യുന്നു.മഴയുടെ വെളുപ്പിന് അപ്പുറം ,ബസ്സ് സ്റ്റോപ്പിലെ മുറുക്കാന്‍ കടയുടെ അടഞ്ഞു കിടക്കുന്ന തട്ടിയില്‍ ഒരു സിനിമാ പോസ്റ്റര്‍.വാളേന്തി നില്‍ക്കുന്ന ദേവസേനയുടെ മുഖം മഴയില്‍ മങ്ങുന്നു.
ആളുകള്‍ തിക്കിത്തിരക്കി കയറുന്നു.ഇപ്പോള്‍ ആ കൈ പിന്‍വാങ്ങിയിരിക്കുന്നു...
ബസ് മുന്നോട്ടു നീങ്ങുകയാണ്.
ഈ യാത്ര ഇപ്പോള്‍ തീരും.ഉടനെ.ഇനി ഒരു പത്തു മിനിറ്റ് കൂടി സഹിച്ചാല്‍ താന്‍ പട്ടണത്തില്‍ എത്തും.അല്പം വൈകിയാണെങ്കിലും താന്‍ അഭിമുഖത്തിനു ഹാജരാകും.അച്ചന്‍ വിളിച്ചു പറഞ്ഞത് കൊണ്ട് ആ ജോലി കിട്ടാതിരിക്കില്ല.
രാവിലെ അവള്‍ കുറച്ചു കുട്ടികള്ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്.ഈ ജോലി കിട്ടിയാല്‍ ട്യൂഷനും ഒപ്പം ഒരു അധികവരുമാനം ആകും.അപ്പന്‍ പോയത് കൊണ്ട് ഇനി റബ്ബര്‍ വെട്ടാന്‍ ആരുമില്ല.അനിയനെ പഠിപ്പിക്കണം.തന്‍റെ വിവാഹത്തിനും അനിയന്റെ പഠനത്തിനും ഉള്ള തുക കണ്ടെത്തണം.അമ്മയും കൂടി സഹായിക്കും.അങ്ങിനെയാണെങ്കില്‍ കോഴിഫാം നടത്താന്‍ കഴിയും.കോഴിയെ വളര്‍ത്തി കൊടുത്താല്‍ മതി.മറ്റ് ബാധ്യതകള്‍ ഒന്നുമില്ല.പക്ഷെ നൈനംദിന ചെലവുകള്‍ നടന്നു പോകനമെങ്കില്‍ ഈ ജോലി കൂടിയേ തീരു...
വീണ്ടും അവളുടെ ശരീരത്തില്‍ ആ കൈ പിടുത്തമിട്ടു.അവള്‍ കുതറി.അപ്പോള്‍ പെട്ടെന്ന് ആ കൈ പിന്‍വാങ്ങി..
അവള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഇനി ഒരിക്കലും അവള്‍ക്ക് ഈ സാഹചര്യത്തെ നേരിടേണ്ടി വരില്ല.ഇത് ഒരിക്കല്‍ മാത്രം ഉള്ള അനുഭവമാണ്.ചില വേദനിപ്പിക്കുന്ന ഇടങ്ങള്‍ ഒരിക്കല്‍ മാത്രം അനുഭവിച്ചാല്‍ മതി...
ഇരുണ്ടു കിടന്ന ആശുപത്രിയുടെ ഇടനാഴിയില്‍ അപ്പന്‍റെ ശവം ഡ്രെസ് ചെയ്തു കിട്ടുന്നത് വരെ കാത്തിരിക്കുമ്പോള്‍ മനസ്സില്‍ വന്നത് അവള്‍ ഓര്‍മ്മിച്ചു .ഈ നിമിഷവും കടന്നു പോകും.ഈ വേദനയും താന്‍ മറക്കും.ഇത് ...ഇത് ഒരിക്കല്‍ മാത്രമാണ്.
ഒരു സ്കൂട്ടറില്‍ തനിച്ചു താന്‍ പോകുന്നത് അവള്‍ സ്വപ്നം കണ്ടു.ഒറ്റക്ക്.ആരുടേയും വിരലുകളുടെ ശല്യമില്ലാതെ ഈ ബസിനെ മറികടന്നു ഓടിച്ചു പോകുന്ന ഒരു സ്വപ്നം അവള്‍ മനസ്സില്‍ വരച്ചു.
അവള്‍ മുകളിലത്തെ കമ്പിയിലേക്ക് പാളി നോക്കി.ഓരോ തരം കൈത്തണ്ടകള്‍ ആ കമ്പില്‍ പിടി മുറുക്കിയിരിക്കുന്നു.അവയില്‍ വെളുത്തു തുടിച്ചു നീല ഞരമ്പുകള്‍ തെളിഞ്ഞ സുന്ദരമായ കൈത്തണ്ടകള്‍ ഉണ്ട്,കുപ്പി വള അണിഞ്ഞവയുണ്ട്,വില കൂടിയ സ്വര്‍ണ്ണ വളകളും ,വാച്ചുകളും അണിഞ്ഞവയുണ്ട്.കൂട്ടത്തില്‍ ഏറ്റവും മോശം തന്‍റെ കൈത്തണ്ടയാണ് എന്ന് അവള്‍ക്ക് തോന്നി.അവര്‍ ഈ കൈത്തണ്ടകള്‍ അഭിമുഖത്തിനു പരിഗണിച്ചാല്‍ ,താന്‍ ജയിക്കുമോ.. ?ഇരുണ്ട നിറമുള്ള ,ശൂന്യമായ ഒരു സാധാരണ കൈത്തണ്ടയാണ് തന്‍റെ..
പക്ഷെ എല്ലാ കൈത്തണ്ടകളും ചുറ്റി പിടിച്ചിരിക്കുന്ന ആ സ്റ്റീല്‍ കമ്പിയില്‍ അവളുടെ കണ്ണുടക്കി.ആശ്രയം..ഈശ്വരന്‍..
ദൈവമേ ഈ യാത്ര പെട്ടെന്ന് തീര്‍ക്കണേ....അഞ്ചു മിനിട്ട് വൈകിയതിനു എന്നോട് ക്ഷമിക്കണേ..
വണ്ടി നഗരത്തില്‍ എത്തി.ഇനി ഒരു രണ്ടു മിനിറ്റ് കൂടി.ബസ്സില്‍ ആളുകള്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ തിക്കുമുട്ടല്‍ ആരംഭിച്ചിരികുന്നു.ചിലര്‍ക്ക് തങ്ങള്‍ ഇറങ്ങുന്നതിനു മുന്പ് ബസ് പോകുമോ എന്ന പേടി.നില്‍ക്കുന്ന ചിലര്‍ക്ക് ഇരിക്കുന്നവരുടെ സീറ്റ് കിട്ടുമോ എന്ന ആധി.അതിനിടയില്‍ ആ കൈ വീണ്ടും അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചു...ഇത്തവണ ആ പിടുത്തത്തിനു ബലം കൂടുതലാണ്.ഏറ്റവും ഒടുവിലത്തെ അവസരം പരമാവധി ആസ്വദിക്കാന്‍ ഉള്ള ദുര.
കൂര്‍ത്ത മുള്ളുകള്‍ക്കിടയില്‍ ശരീരം തറക്കപ്പെട്ടത് പോലെ അവള്‍ പിടഞ്ഞു.
ഒരഞ്ചു മിനിട്ടു.ഒരേ ഒരു അഞ്ചു മിനിറ്റ് വൈകിയതിന്റെ ശിക്ഷയാണ് അവള്‍ അനുഭവിക്കുന്നത്.
ബസ് നിന്നു.അവള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയി.
അവളുടെ പുറകില്‍ നിന്ന മനുഷ്യന്‍ അവള്‍ക്ക് മുന്‍പേ ചവിട്ടുപടിയിലെത്തി.ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ മുഖം തിരിച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു.
നിറഞ്ഞ കണ്ണിലൂടെ ആ ചിരി അവള്‍ കണ്ടു.അത് ഒരു മിന്നായം പോലെ,ഒരേ ഒരു നിമിഷം നീണ്ടു നിന്ന ,മറ്റാരുടെയും ശ്രദ്ധയില്പെടാഞ്ഞ ചിരി ആയിരുന്നു അത്.
ലോകത്തിലെ എല്ലാ വഷളതയും ആ ചിരിയില്‍ നിറഞ്ഞത് പോലെ ആനിക്ക് തോന്നി.ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു.താന്‍ എന്ന് പെണ്ണിന്റെ ജന്മം എത്ര നിസ്സാരമായ ,ഒരു കൃമിയുടെ പോലും വിലയില്ലാത്ത ഒന്നാണ് എന്ന് ആ വൃത്തിക്കെട്ട ചിരി അവളെ ഓര്‍മ്മിപ്പിച്ചു..
ആ നിമിഷം ജീവിതത്തിനോട് അടക്കി വച്ച മുഴുവന്‍ പകയും അവളുടെ ഉള്ളില്‍ ഒരു സ്ഫോടനമായി.ഒരു കുതിക്ക് അവള്‍ ബസ്സിന്റെ ചവിട്ടുപടിയിലെത്തി അയാളുടെ പുറംനോക്കി ആഞ്ഞു ചവിട്ടി.അയാള്‍ തെറിച്ചു ദൂരെ റോഡിന്റെ നടുക്ക് വീണു.എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പാഞ്ഞു വന്ന ടിപ്പറിന്റെ ചക്രങ്ങള്‍ അയാളുടെ കഴുത്തിന് മുകളിലൂടെ കയറിയിറങ്ങി.
ആ നിമിഷം എല്ലാം നിശ്ചലമായി.ബസ്സും അതിലെ യാത്രക്കാരും അവരുടെ അമ്പരന്ന മുഖങ്ങളും,നിരത്തിലൂടെ പായുന്ന വാഹനങ്ങളും ,വഴിയാത്രക്കാരും,അയാളുടെ ശരീരത്തില്‍ നിന്നു കുതിച്ചൊഴുകുന്ന രക്തവും എല്ലാം ചലനരഹിതമായി .ഒരു നിശ്ചലദ്രശ്യം പോലെ.
ആ നിശ്ചലതയില്‍ അവള്‍ മാത്രം ചലിച്ചു.സ്ഫടികതുല്യമായ ,ശൂന്യത നിറഞ്ഞ മിഴികള്‍ കൊണ്ട് ആരെയും നോക്കാതെ അവള്‍ അയാളുടെ ശരീരം മുറിച്ചു കടന്നു തിടുക്കത്തില്‍ നടന്നു.ഇറങ്ങാന്‍ അഞ്ചു മിനിറ്റു വൈകിയത് കൊണ്ട് അവള്‍ വളരെ തിടുക്കത്തിലാണ് നടക്കുന്നത്.ഈ അഭിമുഖം അവള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
(അവസാനിച്ചു)
Anish

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക